ആലപ്പുഴ: ഒട്ടേറെ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞിന്റെ അമ്മ സുറുമിയെ ചികിത്സിച്ച ഗൈനക്കോളജിസ്റ്റ് ഡോ. ഷേര്‍ളി. ചികിത്സയുടെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും 32-ാമത്തെ ആഴ്ചവരെ അസ്വാഭാവികമായി ഒന്നും ശ്രദ്ധയില്‍ പെട്ടില്ലെന്നും ഡോ. ഷേര്‍ളി മാതൃഭൂമിയോട് പറഞ്ഞു.
'ഗര്‍ഭകാലത്തിന്റെ എട്ടാമത്തെ ആഴ്ചമുതല്‍ എന്നെയാണ് കാണിച്ചുകൊണ്ടിരുന്നത്. ചികിത്സയുടെ ഭാഗമായി ചെയ്യേണ്ടതായിട്ടുള്ള രക്തപരിശോധനകളും സ്‌കാനിങ്ങുകളും ചെയ്തിട്ടുണ്ടായിരുന്നു. ഇതിലൊന്നും അസ്വാഭാവികതകള്‍ പരാമര്‍ശിച്ചിട്ടില്ലായിരുന്നു. ഫ്‌ളൂയിഡ് കൂടിയപ്പോള്‍ അടിയന്തര ചികിത്സകള്‍ ലഭ്യമാക്കുകയാണ് ചെയ്തത്. സ്‌കാനിങ്ങില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ക്ലിനിക്കലി എനിക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നു. ഫ്‌ളൂയിഡ് ലെവല്‍ കൂടിക്കൂടി വരുന്നത് കണ്ട് ഞാന്‍ ഉടന്‍ തന്നെ അഡ്മിഷന്‍ ആക്കുകയായിരുന്നു. പെട്ടെന്ന് കുഞ്ഞിന് ഹാര്‍ട്ബീറ്റിന്റ അളവ് കുറയുന്നത് കണ്ടപ്പോള്‍ ഇവിടെ സിസേറിയന്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യമായതുകൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.'
ഈ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് ഇല്ല. പുറത്തെ സ്വകാര്യ സ്‌കാനിങ് സെന്ററിലേക്കാണ് റഫര്‍ ചെയ്തത്. പുറത്തുനിന്നു പരിശോധിച്ചാല്‍ കുഞ്ഞിന്റെ വൈകല്യങ്ങള്‍ കണ്ടെത്താന്‍ കഴിയില്ല. സ്‌കാനിങ്ങിലൂടെ മാത്രമേ കിട്ടുകയുള്ളൂ. സ്‌കാനിങ്ങില്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടില്ല. ആകെ കണ്ടത് 32-ാമത്തെ ആഴ്ചയില്‍ ഫ്‌ളൂയിഡിന്റെ അളവ് കൂടിയത് മാത്രമാണ്. 32 ആഴ്ചവരെ എല്ലാം നോര്‍മല്‍ ആയിരുന്നു. ഗൈനക്കോളജിസ്റ്റ് എന്ന നിലയില്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്.''- ഡോ. ഷേര്‍ളി പ്രതികരിച്ചു
ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേര്‍ളി, പുഷ്പ എന്നിവര്‍ക്കെതിരെയും സ്കാനിങ് സെന്ററിലെ രണ്ട് സ്വകാര്യ ഡോക്ടര്‍മാര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്.
അതേസമയം ആസ്റ്ററിലോ അമൃതയിലോ ആണ് തുടര്‍ന്നുള്ള ചികിത്സകള്‍ കുഞ്ഞിന് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും സാധാരണക്കാരനായ ഒരു ടാക്‌സിഡ്രൈവറായ തനിക്ക് ചികിത്സാച്ചെലവുകള്‍ താങ്ങാന്‍ പറ്റുമോ എന്നറിയില്ലെന്നും കുഞ്ഞിന്റെ പിതാവ് പ്രതികരിച്ചു.
''പിഴവ് സംഭിവിച്ചത് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നാണെങ്കില്‍ ഡബ്ല്യുഎംസി ആശുപത്രിയും മിഡാസ് എന്ന സ്‌കാനിങ് സെന്ററും ശങ്കേഴ്‌സ് ലാബും ചേര്‍ന്ന് നീതി നടപ്പാക്കിത്തരണം. ഈ സ്ഥാപനങ്ങള്‍ക്കാണ് കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള ഉത്തരവാദിത്തം. കുഞ്ഞിന്റെ അവസ്ഥ ഗര്‍ഭകാലത്തു തന്നെ മനസ്സിലാക്കിത്തന്ന് മുന്നോട്ടുപോകണോ വേണ്ടയോ എന്ന് മാതാപിതാക്കളോട് പറയാനുള്ള ബാധ്യത അവര്‍ കൈക്കൊണ്ടില്ല. ഗര്‍ഭാവസ്ഥയില്‍ത്തന്നെ കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ ഒരിക്കലും മുന്നോട്ടുപോവില്ലായിരുന്നു. ഇത്രയധികം വൈകല്യങ്ങളോടെ ഭൂമിയിലേക്കുവന്ന ഈ കുഞ്ഞിനെവെച്ച് അനുഭവിക്കുന്നത് എന്താണെന്ന് എനിക്കും എന്റെ ഭാര്യക്കും മാത്രമേ അറിയുള്ളൂ. ഇത്തരം അവസ്ഥകള്‍ കുഞ്ഞിനും രക്ഷിതാക്കള്‍ക്കും വരാതിരിക്കാന്‍ ആരോഗ്യവകുപ്പല്ലേ നോക്കേണ്ടത്. ടെക്‌നോളജി അത്രയും വികസിച്ച നാടല്ലേ. ഇത്രയും അനാസ്ഥ പാടുണ്ടോ? സിസേറിയന്‍ ടേബിളില്‍ വെച്ച് ഡോക്ടര്‍മാര്‍ പറഞ്ഞത് ഈ കുഞ്ഞ് രണ്ടുദിവസത്തിനുള്ളില്‍ മരിച്ചുപോകുമെന്നും പ്രസവം നിര്‍ത്തുന്നുണ്ടോ എന്നുമാണ്. നിര്‍ത്താം എന്ന് ഞാന്‍ പറഞ്ഞു.- '' കുഞ്ഞിന്റെ പിതാവ് മാതൃഭൂമിയോട് പ്രതികരിച്ചു.
കേസന്വേഷണം പ്രത്യേകസംഘം ഏറ്റെടുത്ത് ആലപ്പുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടക്കും. ആരോഗ്യവകുപ്പും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കെതിരേയും ഡോക്ടര്‍മാര്‍ക്കെതിരേയും മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടുണ്ട്. ഗര്‍ഭകാലത്ത് പലതവണ സ്‌കാന്‍ചെയ്തിട്ടും വൈകല്യം സംബന്ധിച്ച സൂചന ഡോക്ടര്‍മാര്‍ നല്‍കിയില്ലെന്നാണു പരാതി.
കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലല്ല. വായ തുറക്കില്ല, കണ്ണ് യഥാസ്ഥാനത്തല്ല. ജനനേന്ദ്രിയം ഉണ്ടെങ്കിലും കാര്യമായ വൈകല്യമുണ്ട്. കൈയും കാലും വളഞ്ഞാണ്. ചെവി കൃത്യസ്ഥാനത്തല്ല. മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും. തുടങ്ങി ഒട്ടേറെ വൈകല്യങ്ങളാണ് കുഞ്ഞിനുള്ളത്.
Content Highlights: alappuzha newborn birth abnormalities reaction of dr. sherly and husband of surumi
Published: 28 Nov 2024, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented