അമ്പലപ്പുഴ: നെഞ്ചുരുകുന്ന വേദനയോടെയാണ് ജോയല്‍ ഷാജി പ്രിയപ്പെട്ട ആല്‍വിന്‍ ജോര്‍ജിനു യാത്രാമൊഴിയേകിയത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ സഹപാഠികള്‍ക്കപ്പുറമുള്ള ആത്മബന്ധമാണ് ഇരുവര്‍ക്കിടയിലുമുണ്ടായിരുന്നത്.

To advertise here,

രണ്ടുപേരും ഫുട്ബോള്‍ കളിക്കാരാണ്. പാലായിലെ പ്രവേശനപ്പരീക്ഷാ പരിശീലനകേന്ദ്രത്തില്‍ ഇരുവരുമുണ്ടായിരുന്നെങ്കിലും മെഡിക്കല്‍ കോളേജില്‍ ഒരേബാച്ചില്‍ പ്രവേശനം ലഭിച്ചതോടെയാണ് അടുത്തത്. വീടുകളിലേക്ക് ഏറെ ദൂരമില്ലെങ്കിലും അമ്പലപ്പുഴക്കാരന്‍ ജോയലും എടത്വാക്കാരന്‍ ആല്‍വിനും പഠനസൗകര്യാര്‍ഥം കോളേജ് ഹോസ്റ്റലിലായിരുന്നു താമസം. ക്ലാസിലും ഹോസ്റ്റലിലും ഫുട്ബോള്‍ മൈതാനത്തുമായി ഇവരുടെ അടുപ്പം വളര്‍ന്നു. അവധിദിവസങ്ങളില്‍ വീട്ടിലേക്ക് ഒരുമിച്ചായിരുന്നു യാത്ര.

തെക്കോട്ടുള്ള ഏതു ബസ്സില്‍ക്കയറിയാലും ജോയലിന് അമ്പലപ്പുഴയിലിറങ്ങാം. എന്നാല്‍, ആല്‍വിനൊപ്പം യാത്രചെയ്യാന്‍ തിരുവല്ല ബസ്സില്‍ക്കയറും. ജോയല്‍ അമ്പലപ്പുഴയിലിറങ്ങിയാലുടന്‍ ആല്‍വിന്‍ വീട്ടില്‍ വിളിച്ച് അമ്മയോടു വിവരംപറയും. ആല്‍വിന്റെ അമ്മ മിക്കവാറും ഹോസ്റ്റലിലും എത്താറുണ്ടായിരുന്നു. സംഭവദിവസം കൂട്ടുകാര്‍ക്കൊപ്പം സിനിമയ്ക്കുപോകാന്‍ ജോയലും തയ്യാറായിരുന്നെങ്കിലും അച്ഛനമ്മമാര്‍ സമ്മതിക്കാത്തതിനാല്‍ പിന്‍മാറി.

വെള്ളിയാഴ്ച ആല്‍വിന്റെ മൃതദേഹം മോര്‍ച്ചറിയിലെത്തിച്ചപ്പോഴും പൊതുദര്‍ശനത്തിനുവെച്ചപ്പോഴുമെല്ലാം അച്ഛനമ്മമാരെ ആശ്വസിപ്പിക്കാന്‍ ജോയലിന്റെ അച്ഛന്‍ ഷാജി വാണിയപുരയ്ക്കലും അമ്മ റാണിയുമുണ്ടായിരുന്നു. മൃതദേഹം എടത്വായിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം വീട്ടിലെത്തിയ ഉടന്‍ ആല്‍വിന്റെ സഹോദരന്‍ കെല്‍വിന് ജോയലിനെ കാണണമെന്നായി. വൈകാതെ ജോയലും റാണിയും എടത്വായിലെ വീട്ടിലെത്തി. ഹൃദയം തകര്‍ന്ന വേദനയോടെയാണ് ജോയല്‍ സഹപാഠിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്.