ആലപ്പുഴ: പാർട്ടിയംഗത്വം ഉപേക്ഷിച്ചശേഷം വ്യാഴാഴ്ച മാധ്യമങ്ങളെ കാണാനിരുന്ന മുതിർന്ന സി.പി.എം. നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ അതുപേക്ഷിച്ചു. ഈ സാഹചര്യത്തിൽ അദ്ദേഹം ‘മാതൃഭൂമി’യോടു സംസാരിക്കുന്നു:
*പാർട്ടിക്കെതിരായി ജി. സുധാകരൻ ഒന്നും ചെയ്യില്ലെന്ന് എം.എ. ബേബി പറഞ്ഞല്ലോ?
പാർട്ടിക്കെതിരായി ഞാനൊന്നും ചെയ്തില്ലല്ലോ. മാത്രമല്ല, ഞാൻ വേറൊരു പാർട്ടിയിൽ ചേരുന്നുമില്ല. പാർട്ടി അംഗത്വത്തിൽനിന്ന് ഒഴിവാകുന്നുവെന്നു മാത്രമേയുള്ളൂ. എന്റെ രാഷ്ട്രീയധാരണകളൊന്നും ഇല്ലാതാകുന്നില്ല.
*മത്സരിക്കുന്ന കാര്യത്തിൽ ജി. സുധാകരൻ നിലപാടു പറഞ്ഞാൽ അവരുടെ നിലപാടു പറയാമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പറഞ്ഞിട്ടുണ്ട്. എന്താണ് അഭിപ്രായം?
ഒന്നും പറയാനില്ല. എന്റെ കാലിനു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ അദ്ദേഹം ഒരിക്കൽ കാണാൻ വന്നിരുന്നു. അത്രേയുള്ളൂ.
*പാർട്ടി നേതാക്കൾ ആരെല്ലാം വിളിച്ചു?
ഗോവിന്ദൻ മാഷും ജില്ലാ സെക്രട്ടറി ആർ. നാസറും വിളിച്ചു. പാർട്ടിയംഗത്വം പുതുക്കണമെന്ന് നാസർ ആവശ്യപ്പെട്ടു. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. എന്നെ അപമാനിക്കുന്ന രീതിയിൽ ഒന്നും പറഞ്ഞില്ലെന്നാണ് ഗോവിന്ദൻ മാഷ് പറഞ്ഞത്. എനിക്കിത്ര പ്രാധാന്യമൊന്നും അവർ തരേണ്ട കാര്യമില്ല.
* ആലപ്പുഴ ജില്ലയിൽ വി.എസിനുശേഷം ഏറ്റവും മുതിർന്ന നേതാവല്ലേ താങ്കൾ?
കഴിഞ്ഞ അഞ്ചുവർഷക്കാലം ഞാൻ മുതിർന്നയാളല്ലായിരുന്നോ? ബ്രാഞ്ച് കമ്മിറ്റിയിലെല്ലാം പങ്കെടുത്ത് ശാന്തമായി പ്രവർത്തിക്കുമ്പോൾ ഞാൻ മുതിർന്നയാൾ തന്നെയായിരുന്നില്ലേ? അത്രേയുള്ളൂ കാര്യം.
*എം.എ. ബേബി, പിണറായി വിജയൻ തുടങ്ങിയ മുതിർന്ന നേതാക്കൾ വിളിച്ചാൽ പാർട്ടിയംഗത്വം ഉപേക്ഷിച്ച തീരുമാനം മാറ്റുമോ?
ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞതിൽ കൂടുതലൊന്നുമില്ല. പോസ്റ്റിട്ടതിനുശേഷം മാറ്റിപ്പറയുന്നതു ശരിയല്ല. എനിക്ക് എന്തു പ്രാധാന്യമാണുള്ളത്?
* മുഖ്യമന്ത്രി ശനിയാഴ്ച ജില്ലയിൽ വരുന്നുണ്ടല്ലോ?
കഴിഞ്ഞ സർക്കാരിന്റെ കാലത്തു തുടങ്ങിയ പദ്ധതികളുടെ പൂർത്തീകരണം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം വരുന്നത്. 700 കോടിയുടെ എ.സി. റോഡ്, നൂറുകോടിയുടെ പെരുമ്പളം പാലം, 70 കോടിയുടെ പടഹാരം പാലം എന്നിവ ഉദ്ഘാടനം ചെയ്യുകയാണ്.
*ഏതെങ്കിലും സാഹചര്യത്തിൽ അംഗത്വം പുതുക്കുമോ?
അതിപ്പോൾ ഞാൻ പറയുന്നതു ശരിയല്ലല്ലോ. നമുക്ക് പിന്നീടു സംസാരിക്കാം.
Content Highlights: G. Sudhakaran confirms his decision to leave his CPI(M) party membership., He clarifies that he is not joining any other political party., Dismisses speculation about joining Congress following K.C. Venugopal's comments., Reveals that party leaders M.V. Govindan and R. Nasar contacted him., Stands by his decision mentioned in his earlier Facebook post.
Published: 06 Mar 2026, 06:18 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented