ആലപ്പുഴ: കടലിൽ മാലിന്യം തള്ളിയ ബജിക്കടയുടമയ്ക്ക് നഗരസഭ 10,000 രൂപ പിഴ ചുമത്തി. ബീച്ചിലെ ബജിക്കടയിലെ മാലിന്യം പരസ്യമായി കടലിൽ തള്ളുന്നത് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. വാട്സാപ്പ് വഴിയും പരാതി കിട്ടി. ഇതേത്തുടർന്നാണ് പിഴയടയ്ക്കാൻ നോട്ടീസ് നൽകിയത്.

To advertise here,

തുറമുഖവകുപ്പിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ മാലിന്യസംസ്കരണ സംവിധാനങ്ങൾ കാര്യക്ഷമമാകാത്തതിനാൽ ബീച്ച് മലിനമാണ്. ഡിസ്പോസിബിൾ പ്ലേറ്റുകളും ഗ്ളാസുകളും ബീച്ചിലെ പലയിടങ്ങളിലും തള്ളുന്നതു പതിവാണ്. മാലിന്യം നീക്കംചെയ്യുന്നതിന് ഡി.ടി.പി.സി.യും സ്വകാര്യ ഏജൻസിയുമായുണ്ടായിരുന്ന കരാർ ഏപ്രിൽ ഒൻപതിന് അവസാനിച്ചിരുന്നു. ഇതോടെയാണ് ബീച്ചിൽ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യമുണ്ടായത്.

മാലിന്യനീക്കം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ തുറമുഖവകുപ്പിനു നോട്ടീസ് നൽകിയിരുന്നു. എന്നാൽ, തുറമുഖവകുപ്പും ഡി.ടി.പി.സി.യും ഈ വിഷയത്തിൽ നിസ്സംഗത പുലർത്തുകയായിരുന്നുവെന്നാണ് നഗരസഭാധികൃതരുടെ ആക്ഷേപം. നഗരസഭാധ്യക്ഷ മോളി ജേക്കബ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ.എം. നൗഫൽ, കൗൺസിലർ അഡ്വ.ആർ.ആർ. ജോഷിരാജ് എന്നിവരുടെ നേതൃത്വത്തിൽ വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തരമായി മാലിന്യം നീക്കംചെയ്യുന്നതിനു നടപടി സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പുനൽകിയതായി നഗരസഭാധികൃതർ അറിയിച്ചു.

പൊതുവിടങ്ങളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ കർശനമായ നടപടി തുടരുമെന്ന് നഗരസഭാ സെക്രട്ടറി എസ്. സനിൽ അറിയിച്ചു.