
ബിഗ് ബോസ് ഹൗസിന്റെ നാലു ചുവരുകൾക്കുള്ളിൽ തന്ത്രങ്ങൾ മെനഞ്ഞ് എതിരാളികളെ വീഴ്ത്തിയ അഖിൽ മാരാർക്ക് പക്ഷേ വിശാലമായ കേരളത്തിലെ രാഷ്ട്രീയ ഭൂമികയിലിറങ്ങിയപ്പോൾ ചുവട് തെറ്റി. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയെന്ന് അവകാശപ്പെടുന്ന അഖിൽ മാരാർ ഇടയ്ക്ക് ബിജെപി അനുഭാവം പുലർത്തുകയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകാനുള്ള ശ്രമങ്ങളും നടത്തിയ ശേഷമാണ് ട്വന്റി20യിൽ ചേർന്നത്. മാസങ്ങൾ പിന്നിടുംമുമ്പേ ട്വന്റി20 വിട്ടിരിക്കുകയാണിപ്പോൾ അഖിൽ.
ബിഗ് ബോസ് വിജയത്തിന് ശേഷം സാമൂഹിക മാധ്യമങ്ങളിലും ചർച്ചകളിലും സജീവമായി നിന്ന അഖിലിന്റെ രാഷ്ട്രീയ പ്രതികരണങ്ങൾ ശ്രദ്ധനേടിയിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിനെ തുടർന്ന് കേസെടുത്തതിലൂടെ മാധ്യമ വാർത്തകളിലും അഖിൽനിറഞ്ഞ് നിന്നിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനുള്ള നീക്കങ്ങളാണ് അഖിൽ ആദ്യം നടത്തിയത്. കൊട്ടാരക്കര സീറ്റ് ലക്ഷ്യംവെച്ചായിരുന്നു നീക്കങ്ങൾ. മത്സരിക്കാനുള്ള സന്നദ്ധത തുറന്ന് പറഞ്ഞ അഖിൽ രമേശ് ചെന്നിത്തല, വി.ഡി. സതീശൻ തുടങ്ങിയ നേതാക്കളുമായി ചർച്ച നടത്തിയതായും വെളിപ്പെടുത്തിയിരുന്നു. എന്നാൽ യു.ഡി.എഫ് ടിക്കറ്റിൽ മത്സരിക്കാനുള്ള നീക്കം ലക്ഷ്യത്തിലെത്തിയില്ല. സിപിഎം വിട്ടെത്തിയ മുൻ എംഎൽഎ ഐഷാ പോറ്റിക്ക് കോൺഗ്രസ് പരിഗണന നൽകിയതോടെ അഖിലിന്റെ മോഹം പൊലിഞ്ഞു.
തുടർന്നാണ് അപ്രതീക്ഷിതമായി സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20യിലേക്ക് അഖിൽ മാരാർ എത്തുന്നത്. തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർഥിയാവുകയും ചെയ്തു. എന്നാൽ കൊട്ടാരക്കര ലക്ഷ്യംവെച്ചാണ് താൻ ട്വന്റി20 ചേർന്നിരുന്നതെന്നും ബിജെപി തൃപ്പൂണിത്തുറയും തനിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും അഖിൽ മാരാർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറ ട്വന്റി 20ക്ക് വിട്ടുകൊടുത്തത് ബിജെപിക്ക് ഉള്ളിൽ പോലും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അഖിൽ മാരാരെ മത്സരിപ്പിക്കാനാണ് ആ സീറ്റ് ട്വന്റി 20ക്ക് നൽകിയതെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാന നിമിഷം അഖിലിനെ തൃക്കാക്കരയിൽ മത്സരിപ്പിക്കുകയും പകരം നടി അഞ്ജലി നായരെ അവിടെ സ്ഥാനാർഥിയാക്കുകയുമായിരുന്നു.
തന്റെ രാഷ്ട്രീയഭാവി തകർക്കാൻ സാബു ജേക്കബ് മനഃപൂർവ്വമാണ് തന്നെ തൃക്കാക്കരയിൽ മത്സരിപ്പിച്ചതെന്നാണ് അദ്ദേഹം ഇപ്പോൾ ആരോപിക്കുന്നത്. തൃക്കാക്കരയിൽ മത്സരിച്ച അഖിൽ മാരാർ 21424 വോട്ടുകൾ നേടി മൂന്നാംസ്ഥാനത്താണ് എത്തിയത്. അതേസമയം മണ്ഡലത്തിൽ 2021നെ അപേക്ഷിച്ച് എൻഡിഎ വോട്ടുവിഹിതം വർധിപ്പിക്കാൻ അദ്ദേഹത്തിനായിരുന്നു.
എന്നാൽ കൊട്ടാരക്കരയിൽ മത്സരിച്ചിരുന്നെങ്കിൽ അമ്പതിനായിരം വോട്ട് നേടാനാകുമെന്നും വിജയിക്കാനാകുമെന്നും പ്രതീക്ഷ ഉണ്ടായിരുന്നുവെന്നാണ് അഖിൽ മാരാർ പറയുന്നത്. കുറഞ്ഞത് രണ്ടാംസ്ഥാനത്തെങ്കിലും എത്താമായിരുന്നു. അതിനാലാണ് ട്വന്റി ട്വന്റിയുടെ ഭാഗമായതെന്നുമാണ് പാർട്ടി വിട്ടശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
Content Highlights: Akhil Marar officially leaves the Twenty20 political party., Claims of being sidelined in the Thrikkakara constituency instead of Kottarakkara., Details on past associations with Youth Congress, BJP, and UDF aspirations., Reflections on his 2021 electoral performance and future political ambitions.
Published: 28 Jul 2026, 03:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented