കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് ചർച്ചകൾ പുരോഗമിക്കവേ തൃക്കാക്കര എംഎൽഎ ഉമ തോമസിനും കുന്നത്തുനാട് മണ്ഡലത്തിൽ സ്ഥാനാർഥി സാധ്യത പട്ടികയിലുള്ള വി.പി.സജീന്ദ്രനുമെതിരേ കോൺഗ്രസിൽ പാളയത്തിൽ പട. ഇരു മണ്ഡലങ്ങളിലെയും പ്രദേശിക നേതൃത്വത്തിൽ ഒരു വിഭാഗം ഇവർക്കെതിരേ എഐസിസി്ക്ക് പരാതി നൽകിയതായാണ് വിവരം.
സംഘടനയിലെ പ്രാദേശിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചാണ് കുന്നത്തുനാട് നിന്നുള്ള പ്രദേശിക നേതൃത്വത്തിൽ ഒരു വിഭാഗം എറണാകുളം ഡിസിസിക്കും എഐസിസിയ്ക്കും ഉൾപ്പെടെ പരാതി നൽകിയിരിക്കുന്നത്. മുൻ എംഎൽഎയും സ്ഥാനാർഥി സാധ്യത പട്ടികയിലെ പ്രധാനിയുമായ വി.പി.സജീന്ദ്രന്റെ മണ്ഡലത്തിലെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് പ്രാദേശിക നേതൃത്വത്തിലെ ഒരു വിഭാഗം ഉന്നയിക്കുന്ന പ്രധാന ആരോപണം.
കുന്നത്തുനാട്ടിലെ പ്രശ്‌നങ്ങൾ നേരത്തെ തന്നെ ഡിസിസിയേ അടക്കം അറിയിച്ചിരുന്നു. നേതൃനിരയിലുള്ള പ്രധാനപ്പെട്ട നേതാക്കളുടെ പടലപ്പിണക്കങ്ങൾ പരിഹരിക്കണം. ഇല്ലാതെ മുന്നോട്ട് പോയാൽ ഇവിടെ പാർട്ടിക്ക് കടുത്ത തോൽവി നേരിടേണ്ടി വരും. എന്നാൽ പരിഹാരം കണ്ടെത്തുന്നതിനുള്ള യാതൊരു വിധ ശ്രമങ്ങളും ഉണ്ടാകുന്നില്ല. ട്വന്റി-20യെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പല പഞ്ചായത്തുകളും കോൺഗ്രസിന് നഷ്ടമായി. നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചു വേണം കുന്നത്തുനാട്ടിൽ പാർട്ടി ഇനിയും മുന്നോട്ട് പോകാനുള്ളതെന്നുമാണ് പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്.
ബിജെപിയുമായി ട്വന്റി-20 കൈകോർക്കുന്ന പശ്ചാത്തലത്തിൽ കുന്നത്തുനാട്ടിൽ ഇത്തവണ ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2011, 2016 തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ നിന്ന് ജയിച്ച സജീന്ദ്രൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പി.വി.ശ്രീനിജിനോട് പരാജയപ്പെടുകയായിരുന്നു. ഇവിടെ ഇത്തവണ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ കോൺഗ്രസിന്റെ സ്ഥാനാർഥി പരിഗണനയിലുണ്ട്.
അതേസമയം ജില്ലയിലെ മുതിർന്ന നേതാക്കൾക്ക് ഉൾപ്പെടെ താൽപര്യമുള്ള മണ്ഡലമാണ് കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള തൃക്കാക്കര.
ഇവിടെ ഉമാ തോമസ് എം എൽ എ തന്നെ വീണ്ടും മത്സരിച്ചേക്കുമെന്നാണ് വിവരം. ഇതിനിടെയാണ് തൃക്കാക്കരയിൽ ഉമ തോമസിനെതിരേ ഒരു വിഭാഗം പ്രാദേശിക നേതാക്കൾ പരാതിയുമായി എഐസിസിയെ സമീപിച്ചിരിക്കുന്നത്. ഒരു വിഭാഗം മണ്ഡലം പ്രസിഡന്റുമാർ, ബൂത്ത് ഭാരവാഹികൾ, പോഷകസംഘടനാ ഭാരവാഹികളും പരാതി ഉന്നയിക്കുന്നു. പി.ടി.തോമസിന്റെ വിയോഗത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് തൃക്കാക്കരയിൽ അദ്ദേത്തിന്റെ ഭാര്യ ഉമാ തോമസ് ജയിക്കുന്നത്. പി.ടി.തോമസിന് ലഭിച്ചതിനേക്കാൾ വോട്ടുകൾ നേടിയാണ് ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസ് ജയിച്ചത്. എന്നാൽ എംഎൽഎ എന്ന നിലയിൽ ഉമാ തോമസിന് ശോഭിക്കാൻ കഴിഞ്ഞില്ലെന്നും തൃക്കാക്കരയിൽ എംഎൽഎ ഫണ്ട് ശരിയായ രീതിയിൽ വിനിയോഗിച്ചില്ലെന്നുമാണ് ആരോപണം.
കോൺഗ്രസിന് ഏറ്റവും അടിത്തറയുള്ള മണ്ഡലമെന്നിരിക്കെ അവിടുത്തെ പ്രാദേശിക നേതാക്കളേയും പ്രവർത്തകരേയുമടക്കം കോർത്തിണക്കി തൃക്കാക്കരയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ എംഎൽഎക്ക് പിഴവ് സംഭവിച്ചു എന്ന് ആരോപിക്കപ്പെടുന്നു. കൂടാതെ എറണാകുളം ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ വോട്ട് ചേർക്കൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നപ്പോൾ തൃക്കാക്കരയിൽ മാത്രം ഇക്കാര്യത്തിൽ വലിയ വീഴ്ചയുണ്ടായി എന്ന് ആരോപണവും ഉയരുന്നുണ്ട്. എംഎൽഎയുടെ ആരോഗ്യ പ്രശ്‌നങ്ങളടക്കം ചൂണ്ടിക്കാണിച്ച് അർഹരായ മറ്റ് നേതാക്കളെ ഇവിടെ പരിഗണിക്കണമെന്നാണ് പ്രാദേശിക നേതാക്കളുടെ ആവശ്യം.
കൊച്ചി കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ ദീപ്തി മേരി വർഗീസിനെതിരേയുണ്ടായ കടുംവെട്ട് പാർട്ടിക്ക് വലിയ നാണക്കേടാണ് ജില്ലയിൽ സമ്മാനിച്ചത്. ഇതിന് പിന്നാലെ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി ദീപ്തി മേരി വർഗീസ് രംഗത്തെത്തിയിരുന്നു. തൃക്കാക്കര സീറ്റുമായി ബന്ധപ്പെട്ട് ദീപ്തിയെ പരിഗണിച്ചേക്കുമെന്നതടക്കമുള്ള വിവരങ്ങളുമുണ്ട്. അതേസമയം താൻ സ്ഥാനാർഥിത്വത്തിന് അനർഹയല്ലെന്ന് നേരത്തെ ദീപ്തിയും പ്രതികരിച്ചിരുന്നു.
Content Highlights: Congress faces internal dissent in thrikkakara, kunnathunad constituencies as elections approach.
Published: 04 Feb 2026, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented