കോഴിക്കോട്: എലത്തൂരിലെ കനത്ത തോൽവിയിൽ മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എൻസിപി കോഴിക്കോട് ജില്ലാ നേതൃയോഗത്തിൽ രൂക്ഷവിമർശനം. ശശീന്ദ്രൻ പങ്കെടുത്ത യോഗത്തിലാണ് അദ്ദേഹത്തിനെതിരെ നേതാക്കൾ ആഞ്ഞടിച്ചത്. എൻസിപിയിൽ അഭിപ്രായഭിന്നത രൂക്ഷമായ പശ്ചാത്തലത്തിൽ, തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനം ചർച്ച ചെയ്യാനുമായാണ് നേതൃയോഗം ചേർന്നത്.

To advertise here,

എലത്തൂരിൽ സ്ഥാനാർഥി നിർണയം പാളിപ്പോയെന്നും മറ്റൊരാൾ മത്സരിച്ചിരുന്നുവെങ്കിൽ മണ്ഡലം കൈവിട്ടുപോകില്ലായിരുന്നുവെന്നും അഭിപ്രായം ഉയർന്നു. മത്സരിക്കരുതെന്ന് പാർട്ടിയും മുന്നണിയും ജനങ്ങളും ആവശ്യപ്പെട്ടിട്ടും ശശീന്ദ്രൻ അതൊന്നും ചെവിക്കൊള്ളാതെ സ്വന്തമായി തീരുമാനമെടുത്തതായും വിമർശനമുണ്ടായി. എലത്തൂരിലെ സ്ഥാനാർഥി നിർണയത്തിൽ തെറ്റുപ്പറ്റിപ്പോയെന്നും വിമർശനങ്ങൾ ഉൾക്കൊള്ളുന്നതായും ശശീന്ദ്രൻ യോഗത്തിൽ ഏറ്റുപറയുകയും ചെയ്തു.

എലത്തൂരിലെ തോൽവിയിൽ തനിക്ക് വീഴ്ച സംഭവിച്ചതായി ശശീന്ദ്രൻ നേരത്തെ മാധ്യമങ്ങളോട് തുറന്നുസമ്മതിച്ചിരുന്നു. തിരുത്തേണ്ട സമയങ്ങളിൽ തിരുത്താനായില്ലെന്നും പരാജയത്തിന്റെ കാരണം ആരുടേയെങ്കിലും തലയിൽ മാത്രം കെട്ടിവെയ്ക്കുന്നത് ശരിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശശീന്ദ്രൻ വാശിപിടിച്ച് എലത്തൂർ സീറ്റിൽ വീണ്ടും മത്സരിച്ചതാണ് തോൽവിക്ക് കാരണമെന്നായിരുന്നു ജില്ലാ കമ്മറ്റിയിലെ ഭൂരിപക്ഷ നിലപാട്. പുതിയ സ്ഥാനാർഥിയെ നിർത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയിൽ നേരത്തെ പ്രമേയവും അവതരിപ്പിച്ചിരുന്നു. എന്നാൽ, മത്സരത്തിൽനിന്ന് പിന്മാറാൻ ശശീന്ദ്രൻ തയ്യാറായില്ല. സിപിഎമ്മിന്റെ ഉറച്ചകോട്ടയെന്ന് അറിയപ്പെട്ട എലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥി വിദ്യ ബാലകൃഷ്ണൻ 12,162 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എ.കെ. ശശീന്ദ്രനെ തോൽപ്പിച്ചാണ് അട്ടിമറിവിജയം നേടിയത്.

വിദ്യ 77,662 വോട്ടുനേടിയപ്പോൾ എ.കെ. ശശീന്ദ്രന് 66,500 വോട്ട് ലഭിച്ചു. യുഡിഎഫ് തരംഗം ആഞ്ഞുവീശിയാലും പിടിച്ചുനിൽക്കാനാവുമെന്ന ആത്മവിശ്വാസത്തിലായിരുന്നു എൽഡിഎഫ്. എന്നാൽ, മണ്ഡല രൂപീകരണ കാലംമുതൽ ഇടതുപക്ഷത്തിന്റെ കരുത്തിൽ എ.കെ. ശശീന്ദ്രൻ ജയിച്ചുവരുന്ന  മണ്ഡലത്തിൽ അപ്രതീക്ഷിതമായുണ്ടായ അട്ടിമറി എൽഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു.