പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമന്‍സ് അയച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ വീണ്ടുമൊരു ഗവണ്‍മെന്റ് വരാന്‍ പോകുന്നുവെന്ന ധാരണ പൊതുവിലുണ്ട്. അത് നടക്കാതിരിക്കാനുളള നാടകങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എ.കെ ബാലന്‍ പറഞ്ഞു.

To advertise here,

തങ്ങള്‍ക്ക് ഇ.ഡിയുടെ സമന്‍സ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയതാണ്. സമന്‍സ് വന്നിട്ടും തങ്ങള്‍ക്ക് എതിരേ തുടര്‍നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് പിണറായി വിജയനാണോ ചോദിക്കേണ്ടതെന്നും എ.കെ ബാലന്‍ ചോദിച്ചു.

പേരാമ്പ്രയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് എംഎല്‍എ ആയതുകൊണ്ടോ എംപി ആയതുകൊണ്ടോ ഒരാള്‍ക്ക് നിയമം ഇളവ് നല്‍കുന്നുണ്ടോയെന്നായിരുന്നു എ.കെ ബാലന്റെ മറുചോദ്യം. ഒരു സ്ഥലത്ത് ലോ ആന്‍ഡ് ഓര്‍ഡര്‍ പ്രശ്‌നമുണ്ടായാല്‍ പോലീസ് ഇടപെടും. അതില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ ഇരകളായവര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാം. അതില്‍ ഉചിതമായ തീരുമാനം സര്‍ക്കാരെടുക്കും. ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസുകാര്‍ക്കെതിരേ ശക്തമായ നിലപാട് അങ്ങനെ എടുത്തിട്ടുമുണ്ടെന്ന് എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ആരോപണം ഉന്നയിച്ച വ്യക്തിയെ കൈയോടെ പിടിക്കാന്‍ സാധിച്ചുവെന്നും എ.കെ ബാലന്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ഉപ്പുതിന്നവര്‍ വെള്ളംകുടിക്കുമെന്ന പറഞ്ഞ എ.കെ ബാലന്‍ ഇതില്‍ ഉള്‍പ്പെട്ട എല്ലാവരെയും വേരോടെ പിഴുതെടുത്ത് നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്നും പ്രതികരിച്ചു.