തിരുവനന്തപുരം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സുരക്ഷയോ, വ്യക്തിവിവരമോ വെളിപ്പെടുത്താതെ പഴവങ്ങാടിയിലെത്തി; കേട്ടറിഞ്ഞ തിരുവനന്തപുരം നേന്ത്രക്കായ ഉപ്പേരിയുടെ സ്വാദറിയാൻ. പഴവങ്ങാടിയിലെ പ്രസിദ്ധമായ മഹാചിപ്സ് എന്ന കടയിൽ കാണാൻ കയറിയ അദ്ദേഹം ആദ്യം ഉപ്പേരി രുചിച്ചു നോക്കി. പിന്നീട് മടക്കയാത്രയിൽ കൊണ്ടുപോകാൻ ഉപ്പേരി വാങ്ങി.

To advertise here,

വി.എസ്.എസ്.സി.യിലെ രഹസ്യ സന്ദർശനവേളയിലാണ് ജനുവരി 23-ന് അദ്ദേഹം പഴവങ്ങാടിയിലെത്തിയതെന്ന് കടയുടമ വി.ശിവകുമാർ ഓർമ്മിക്കുന്നു. രാവിലെ 8.30-ന് കടയിലെത്തിയ അദ്ദേഹം ചിപ്സിന്റെയും മറ്റ് മധുരപലഹാരങ്ങളുടെയും വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് 1000 രൂപയോളം വിലവരുന്ന ചിപ്സ് മാത്രം വാങ്ങി മടങ്ങി. ഈ സമയം പുറത്ത് അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരുടേതുൾപ്പെടെ നാലു വാഹനങ്ങളും ഒരു ആംബുലൻസും കാത്തുകിടപ്പുണ്ടായിരുന്നു. റോഡിൽ ഗതാഗതനിയന്ത്രണവുമേർപ്പെടുത്തിയിരുന്നു. എന്നാൽ, കടയിലുണ്ടായിരുന്ന നാലു ജീവനക്കാർക്ക് അദ്ദേഹത്തെ തിരിച്ചറിയാനായില്ല.

ഇതിനിടെ കടയിൽനിന്ന് മധുരപലഹാരങ്ങൾ വാങ്ങിയിറങ്ങിയ വി.എസ്.എസ്.സി.യിലെ ചില ജീവനക്കാർ അജിത് ഡോവലിനെ തിരിച്ചറിഞ്ഞു. അവർ അദ്ദേഹത്തോട് സ്വയം പരിചയപ്പെടുത്തി. അവരോട് അദ്ദേഹം ഹിന്ദിയിലും ഇംഗ്ലീഷിലുമായി കുശലം പങ്കുവെച്ചു.

അവരിൽ നിന്നാണ് വി.ഐ.പി.യെക്കുറിച്ചുള്ള സൂചന കടയുടമയ്ക്ക് ലഭിച്ചത്. പിന്നീട് സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തിയെ തിരിച്ചറിയാനും കഴിഞ്ഞു.