ന്യൂഡൽഹി: ഔദ്യോഗിക കൃത്യനിർവഹണത്തിനായി മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാറില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. 'വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2026'-ൽ യുവാക്കളുമായി സംവദിക്കവേയാണ് അദ്ദേഹം ഈ രഹസ്യം പങ്കുവെച്ചത്. കുടുംബപരമായ ആവശ്യങ്ങൾക്കോ വിദേശ രാജ്യങ്ങളിലെ പ്രതിനിധികളുമായി സംസാരിക്കാനോ വേണ്ടി മാത്രമാണ് അദ്ദേഹം ഫോൺ ഉപയോഗിക്കുന്നത്. സാധാരണക്കാർക്ക് അറിവില്ലാത്ത മറ്റ് അത്യാധുനിക വാർത്താവിനിമയ മാർഗങ്ങളാണ് തന്റെ രഹസ്യ സ്വഭാവമുള്ള ജോലികൾക്കായി ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

To advertise here,

ഇന്ത്യയുടെ അഞ്ചാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ, കേരള കേഡറിൽ നിന്നുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ്. 1968-ൽ സർവീസിൽ പ്രവേശിച്ച അദ്ദേഹം, ധീരതയ്ക്കുള്ള കീർത്തി ചക്ര പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പോലീസ് ഉദ്യോഗസ്ഥനാണ്.  2016-ലെ സർജിക്കൽ സ്ട്രൈക്കുകൾ, 2019-ലെ ബാലകോട്ട് വ്യോമാക്രമണം, ദോക്ലാം അതിർത്തി തർക്കം എന്നിവയിൽ ഇന്ത്യയുടെ നയതന്ത്ര-സുരക്ഷാ നീക്കങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രം ഇദ്ദേഹമായിരുന്നു.

1999-ൽ കാൻഡഹാറിലെ ഐസി-814 വിമാന റാഞ്ചൽ പ്രതിസന്ധി ഘട്ടത്തിൽ ചർച്ച നടത്തിയവരിൽ ഒരാളായിരുന്നു അദ്ദേഹം. 1971 നും 1999 നും ഇടയിൽ അദ്ദേഹം നിരവധി വിമാന റാഞ്ചൽ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. പാകിസ്താനിൽ വർഷങ്ങളോളം രഹസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതിന്റെ അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്.