എ.ജെ. വിജയൻ
വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിനിടെ അത് കലാപത്തിലേക്ക് പോകുന്ന അസാധാരണ സാഹചര്യമാണുണ്ടായത്. അതില്‍ സമരക്കാരെ തീവ്രവാദികളെന്ന് ആക്ഷേപിച്ച് സര്‍ക്കാര്‍ തന്നെ രംഗത്തുവന്നു. സമരത്തിന് ഗൂഢാലോചന ചെയ്തെന്ന് ആരോപിക്കപ്പെട്ട ആളാണ് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനും തീരമേഖലയുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തുന്നയാളുമായ എ.ജെ. വിജയന്. തുറമുഖ പദ്ധതി നടപ്പിലാക്കാന്‍ നടത്തിയ കള്ളക്കളികളും അതുണ്ടാക്കാന്‍ പോകുന്ന ആഘാതങ്ങളും അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് വിശദീകരിക്കുന്നു.
വിഴിഞ്ഞം പദ്ധതിക്കെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സമരമൊന്നുമുണ്ടായിട്ടില്ല, ഇപ്പോള്‍ പൊടുന്നനെ എന്തിനാണ് സമരം എന്ന ചോദ്യം പൊതു സമൂഹത്തിനുണ്ട്. അതിലൊരു വിശദീകരണം നല്കാനുണ്ടോ?
അങ്ങനെയല്ല, പ്രശ്നബാധിതരായിട്ടുള്ളവര് നിരവധി സമരങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ട്. ഓരോ സ്ഥലത്ത് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അവിടത്തെ ആളുകള്‍ പ്രതികരിക്കും. 2017-ല്‍ വലിയതുറയിലാണ് ആദ്യം പ്രതിഷേധമുണ്ടായത്. അന്നവിടെ ചെറുപ്പക്കാരെല്ലാവരുംകൂടി വലിയ പ്രശ്നമുണ്ടാക്കി. അവര്‍ ആവശ്യപ്പെട്ടത് തങ്ങളെ രക്ഷിക്കാനായി കല്ലിട്ട് കടല്‍ ഭിത്തി കെട്ടണമെന്നാണ്. 2021-ല്‍ ശംഖുമുഖം ഭാഗത്ത് കടല്‍ ക്ഷോഭത്തില്‍ വീടുകള്‍ തകര്‍ന്നു. അതോടെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പദ്ധതിക്കെതിരേ വലിയൊരു ഭീതി വളര്‍ന്നു. ആ സമയത്ത് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുയോജ്യമായ നടപടിയുമുണ്ടാകുന്നില്ല. ഇതോടെ അവര്‍ എയര്‍പോര്‍ട്ട് റോഡ് പിക്കറ്റ് ചെയ്തു. അതിന് നൂറിലേറെ പേര്‍ക്കെതിരെ പോലീസ് പേരുവെച്ചുതന്നെ കേസെടുത്തു. അവരൊക്കെ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. വിഴിഞ്ഞത്ത് 2018, 2019, 2021 വര്‍ഷങ്ങളില്‍ ഈ സ്ഥലത്തെ മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്തിരുന്നു. ആ സമയത്ത് നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. 2021-ല്‍ മൂന്ന് മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. കാരണം മത്സ്യബന്ധനമെന്നത് ആ മേഖലയില്‍ വളരെ അപകടകരമായി മാറിയെന്നാണ് അവര്‍ ചൂണ്ടിക്കാണിച്ചത്. പുലിമുട്ട് ഇട്ടതിനെത്തുടര്ന്നുണ്ടായ ശക്തമായ തിരയില്‍ തട്ടി വള്ളം മറിഞ്ഞാണ് മൂന്നുപേര്‍ മരിച്ചത്.
നിരവധി വള്ളങ്ങള്‍ തകര്‍ന്നു. മേഴ്സിക്കുട്ടിയമ്മയായിരുന്നു അന്ന് ഫിഷറീസ് മന്ത്രി. മന്ത്രിയെ അന്ന് മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. തുറമുഖ നിര്‍മാണം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അവര്‍ പറയുകയും ചെയ്തു. അപ്പോള്‍ ഇങ്ങനെ ഒറ്റപ്പെട്ട സമരങ്ങളും പ്രതിഷേധങ്ങളും പല സമയങ്ങളിലായി നടന്നുകൊണ്ടേയിരുന്നു. 2020-2021 വര്‍ഷങ്ങളില്‍ ഈ സമയത്തൊക്കെ രാജ്യം കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിയിലായിരുന്നു. അപ്പോള്‍ വലിയരീതിയില്‍ ആളെക്കൂട്ടിയുള്ള സമരം അന്ന് സാധ്യമായിരുന്നില്ല എന്നുകൂടി നിങ്ങള്‍ ഓര്‍ക്കണം. അപ്പോള്‍ അതിനെക്കുറിച്ചൊന്നും ആരും ചിന്തിക്കുന്നില്ല. എന്തിനിത്ര വൈകി സമരം ചെയ്യാന്‍ എന്നാണ് ഇപ്പോള്‍ ചോദിക്കുന്നത്.
പദ്ധതി ഇത്രയും പൂര്‍ത്തിയായപ്പോള്‍ തന്നെ ഇങ്ങനെ തിരിച്ചടി ഉണ്ടായെങ്കില്‍ ഇനി ഇതുമായി മുന്നോട്ടുപോകുമ്പോള്‍ ഇതിനേക്കാള്‍ ശക്തമായ പാരിസ്ഥിതിക തിരിച്ചടിയുണ്ടാകും. അതിന് വേണ്ടി സര്‍ക്കാരിനുണ്ടാകുന്ന ചെലവ് ഭീമമായിരിക്കും. മാത്രമല്ല ലഭിക്കുമെന്ന് കരുതുന്ന നേട്ടത്തേക്കാള്‍ വലിയ ചെലവ് അതുമൂലം സംസ്ഥാനത്തിനുണ്ടാകുകയും ചെയ്യും. വല്ലാര്‍പാടം പോലെ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതിയായി വിഴിഞ്ഞം തുറമുഖവും മാറും. ഇതിനെ സ്വപ്ന പദ്ധതിയെന്നൊക്കെയാണ് ആളുകള്‍ വിശേഷിപ്പിക്കുന്നത്. അവര്‍ക്കൊക്കെ നഷ്ടപ്പെടാന്‍ സ്വപ്നം മാത്രമേയുള്ളൂ. വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്ന സംഘടനകള്‍ക്കും വിദഗ്ധര്‍ക്കുമൊക്കെ പദ്ധതി നഷ്ടത്തിലായാല്‍ ഒരു സാമ്പത്തിക നഷ്ടവും വരാനില്ല. അവരുടെ സ്വപ്നങ്ങള്‍ സഫലമാകില്ലെന്നേയുള്ളൂ. പക്ഷേ, തീരത്ത് താമസിക്കുന്നവരുടെ കാര്യം അങ്ങനെയല്ല. അവരുടെ വാസസ്ഥലും ജീവിതവും ഉപജീവനവുമാണ് നഷ്ടപ്പെടുന്നത്. ഇതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം. അതുകൊണ്ട് എന്തുകൊണ്ടാണ് നിങ്ങള്‍ നേരത്തെ സമരം ചെയ്യാതിരുന്നത് എന്നതുപോലുള്ള ചോദ്യങ്ങള്‍ ഇവര്‍ക്കിങ്ങനെയൊക്കെ ചോദിക്കാമെന്ന് മാത്രം.

തുറമുഖം വന്നാല്‍ തീരം നഷ്ടപ്പെടുമെന്ന് പറയുന്നു. അങ്ങനെ സംഭവിക്കുമെന്ന് സമ്മതിച്ചാല്‍ ഈ മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായ സ്ഥലത്ത് പുനരധിവസിപ്പിച്ച് തീരത്തോട് ചേര്‍ന്ന് മത്സ്യബന്ധന യാനങ്ങളും മറ്റും സൂക്ഷിക്കാനുള്ള സംവിധാനവും ചെറിയ മത്സ്യബന്ധന തുറമുഖവും ഒരുക്കിയാല്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലേ?
നോക്കൂ, തീരമുണ്ടെങ്കില്‍ മാത്രമേ തൊഴിലെടുക്കാന്‍ പറ്റൂവെന്ന സാഹചര്യമാണുള്ളത് എന്ന യാഥാര്‍ഥ്യം നിങ്ങള്‍ മനസ്സിലാക്കണം. ബീമാപള്ളി മേഖലയിലൊക്കെ കമ്പവല ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് നടത്തുന്നത്. കരയില്‍നിന്ന് വല വലിച്ച് കയറ്റുന്ന രീതി. ഇതിന് നല്ല രീതിയില്‍ തീരം ആവശ്യമാണ്. അവിടെ ഈ വലിയരീതിയില്‍ കടല്‍ഭിത്തിയൊക്കെ ഉണ്ടാക്കിവെച്ചാല്‍ പിന്നെങ്ങനെ അവര്‍ തൊഴിലെടുക്കും. നിലവില്‍ തീരശോഷണം മൂലം ഇവര്‍ ശംഖുമുഖം മുതല്‍ അങ്ങോട്ട് ബീച്ചുള്ള സ്ഥലവും തേടി വള്ളവും വലയുമായി ലോറിയില്‍ കിലോമീറ്ററുകള്‍ പോയാണ് മീന്‍ പിടിക്കുന്നത്. ഇങ്ങനെ പെരുമാതുറ വരെ പോയാണ് ഇവര്‍ മത്സ്യബന്ധനം നടത്തുന്നതെന്ന കാര്യം ഓര്‍ക്കണം. അപ്പോള്‍ കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കും ഇങ്ങനെ നഷ്ടപ്പെടുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ബീച്ചാണ് ആവശ്യം, അതില്ലാതായാല്‍ ഇവര്‍ക്കൊക്കെ ഈ തൊഴിലില്‍നിന്ന് പിന്മാറാന് നിര്‍ബന്ധിതരാകേണ്ടിവരും. ശരിക്കും ഇങ്ങനെ കുറേപ്പേരുടെ തൊഴിലും സാഹചര്യങ്ങളും ഇല്ലാതാക്കിയാല്‍ മാത്രമേ ഈ കോര്‍പ്പറേറ്റുകള്‍ക്ക് കടലില്‍ നിര്‍ബാധം പ്രവര്‍ത്തിക്കാനാകൂ എന്ന് അവര്‍ക്കും അറിയാം.
മന്ത്രിയുടെ സഹോദരനാണ്. പക്ഷേ, പദ്ധതിക്കെതിരേ സംസാരിച്ചതിന് തീവ്രവാദിയെന്നും രാജ്യദ്രോഹിയെന്നുമൊക്കെ വിളികേള്‍ക്കേണ്ടി വന്നു. സമരത്തിന് അങ്ങനെ എന്തെങ്കിലും ബന്ധമുണ്ടോ? അതിനേപ്പറ്റി പറയാനാകുമോ?
തീവ്രവാദ ബന്ധമുണ്ടെങ്കില്‍, എന്നെയും അതിലാണല്ലോ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നേരത്തെ പിണറായി വിജയനെ പിന്താങ്ങി പറഞ്ഞതൊക്കെ തീവ്രവാദമാണെങ്കില്‍ അത് തീവ്രവാദപ്രവര്‍ത്തനമാണ് എന്നാണ് ഇപ്പോള്‍ പിണറായി പറയുന്നതെങ്കില്‍ എനിക്കെന്താ പറയാന്‍ കഴിയുക. ഞാന്‍ പറയുന്നതൊക്കെ തീവ്രവാദമാണോയെന്ന് നിങ്ങളാണ് വിലയിരുത്തേണ്ടത്. ഈ പദ്ധതി വന്നാലുണ്ടാകുന്ന അപകടങ്ങളെപ്പറ്റി, ദുരന്തങ്ങളെപ്പറ്റി ഞാന്‍ തീവ്രമായി ആദ്യം മുതലേ പറഞ്ഞുകൊണ്ടിരുന്ന ആളാണ്. രാജ്യത്ത് നിലവിലുള്ള നിയമങ്ങളനുസരിച്ചുള്ള മാര്‍ഗങ്ങളില്‍ക്കൂടി മാത്രമേ എന്റെ വാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ. അതിനാണ് ഹരിത ട്രൈബ്യൂണല്‍ അടക്കമുള്ള സംവിധാനങ്ങളില്‍ പോയത്.

ഈയടുത്ത് ഒരു മന്ത്രി സെമിനാറില്‍ പറയുന്നത് കേട്ടു, രാജ്യത്തിനാവശ്യമായ തുറമുഖമാണിത്. രാജ്യത്തിനാവശ്യമായതിനെതിരേ ആരുനിന്നാലും ആരെതിര്‍ത്താലും അവര്‍ രാജ്യത്തിനെയാണ് എതിര്‍ക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം. ഈ പദ്ധതിക്ക് പാരിസ്ഥിതികാനുമതി കൊടുത്തപ്പോള്‍ത്തന്നെ അതില്‍ പറയുന്നുണ്ട്, ആര്‍ക്കെങ്കിലും ഈ പദ്ധതിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ 30 നാള്‍ക്കകം ഹരിത ട്രൈബ്യൂണലില്‍ പരാതി കൊടുക്കണമെന്ന്. അങ്ങനെ പരാതി കൊടുത്താല്‍ അത് രാജ്യദ്രോഹപ്രവര്ത്തനമാണോ? രാജ്യത്ത് നിലവിലുള്ള നിയമസംവിധാനത്തിലൂടെയാണ് ഞാന്‍ പോയത്. അല്ലാതെ രാജ്യദ്രോഹപ്രവര്‍ത്തനം ചെയ്തതായി ഞാന്‍ കരുതുന്നില്ല ഇപ്പോഴും. ചിലര്‍ ആരോപിക്കുന്നത് ഞാന്‍ ഈ പോര്‍ട്ടിനെ എതിര്‍ക്കുന്നത് കൊളംബോയ്ക്കും ചൈനയ്ക്കും വേണ്ടിയാണെന്നാണ്. അങ്ങനെ ചൈനീസ് കമ്പനിയോ ഗവണ്മെന്റോ എനിക്ക് പണം തന്നിട്ടുണ്ടെങ്കില്‍ അത് കണ്ടുപിടിച്ച് തെളിയിക്കേണ്ടത് ഇന്ത്യാ ഗവണ്മെന്റല്ലേ, കേരളം ഭരിക്കുന്നവരുമല്ലേ. ഈ ആരോപണങ്ങളില്‍ വസ്തുതയുണ്ടെങ്കില്‍ അത് തെളിവുസഹിതം പറയുകയല്ലേ വേണ്ടത്. അതിനുപകരം അവരുംകൂടിചേര്ന്ന് വിലകുറഞ്ഞ രാഷ്ട്രീയാരോപണമുന്നയിക്കുന്നത് വിലകുറഞ്ഞ മൗഢ്യമാണ്.
സമരത്തിന് നേതൃത്വം നല്‍കുന്നത് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയാണ്. അതിന് അവര്‍ക്ക് അവരുടെതായ ഒരു സമര സമിതിയുണ്ട്. അതില്‍ വൈദികരും മറ്റ് കമ്മിറ്റി അംഗങ്ങളുമുണ്ട്. അതിലെങ്ങും ഞാനില്ല. അവരുടെ തീരുമാനമെടുക്കുന്ന കമ്മിറ്റികളില്‍ ഔദ്യോഗികമായി ഒരു പങ്കാളിത്തവുമില്ലാത്ത ആളാണ്. ഞാന്‍ പറയുന്നത് ശാസ്ത്രീയമായ കാരണങ്ങളാണ്. അതിനെ ഖണ്ഡിക്കാന്‍ അല്ലെങ്കില്‍ പറയുന്നത് ശരിയല്ല വസ്തുത ഇന്നതാണ് എന്നല്ലേ പറയേണ്ടത്. അങ്ങനെ പറയാന്‍ സാധിക്കാത്തതുകൊണ്ടാണ് എന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നത്. എന്നെ മാത്രമല്ല എന്റെ ഭാര്യയെവരെ ദേശാഭിമാനി പത്രം ആക്ഷേപിച്ചിട്ടുണ്ട്. ഒരു ഇടതുപക്ഷ പാര്‍ട്ടി ചെയ്യാന്‍ പാടില്ലാത്ത അപചയമാണ്. അവരുടെതന്നെ മുന്‍നിലപാടുകള്‍ക്ക് വിരുദ്ധമായി നിലകൊള്ളുന്നതാണ് കാണുന്നത്.

ഇന്ത്യയിലേക്ക് വരേണ്ട വലിയ കണ്ടെയ്നറുകള്‍, ഷിപ്പുകള്‍ കൊളംബോയിലേക്കാണ് പോകുന്നതെന്നും അവിടെനിന്ന് ചെറിയ കപ്പലില്‍ ആക്കിയാണ് ഇന്ത്യയിലേക്ക് വരുന്നതെന്നുമാണല്ലോ പറയുന്നത്. അങ്ങനെ ചെയ്യുന്നത് ഇന്ത്യയ്ക്ക് വലിയ നഷ്ടമാണെന്നും പറയുന്നു. അതംഗീകരിച്ചാല്‍, കൊളംബോ തുറമുഖത്തില്‍ മൂന്ന് ടെര്‍മിനലുണ്ട്. അതിലൊന്ന് ചൈനീസ് കമ്പനിയുടെതാണ്. മറ്റൊരു ടെര്‍മിനല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ആര്‍ക്കാണ് കൊടുത്തത് എന്നറിയാമോ? അത് കൊടുത്തത് വിഴിഞ്ഞം തുറമുഖം നടത്തുന്ന അദാനിക്കാണ് എന്ന് എത്രപേര്‍ക്കറിയാം. അപ്പോള്‍ ഇനി വിഴിഞ്ഞം യാഥാര്‍ഥ്യമായാല്‍ കൊളംബോയില്‍ വരുന്ന കപ്പലുകളെ കേരളത്തെ സഹായിക്കാനായി വിഴിഞ്ഞത്തേക്ക് കൊണ്ടുവരുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഇന്ത്യാ ഗവണ്മെന്റ് ആവശ്യപ്പെട്ടതുകൊണ്ടാണ് അദാനിക്ക് കൊളംബോയില്‍ ടെര്‍മിനല്‍ അനുവദിച്ചതെന്ന് ശ്രീലങ്ക തന്നെ പരസ്യമായി പറഞ്ഞതാണ്. ഇന്ത്യയിലെ പല തുറമുഖങ്ങളും അദാനി വാങ്ങിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് അവരുടെതായ താത്പര്യങ്ങളുണ്ട്. അതിന്റെ ഭാഗംകൂടിയാണ് വിഴിഞ്ഞം. അല്ലാതെ പറയുന്ന വാദങ്ങളൊക്കെയും കാപട്യങ്ങളാണ്.
അപ്പോള്‍ വല്ലാര്‍പാടത്തെ ട്രാന്‍ഷിപ്പ് ടെര്‍മിനല്‍ പോലെ വിഴിഞ്ഞം തുറമുഖം നഷ്ടമുണ്ടാക്കുമെന്നാണോ താങ്കള്‍ പറയുന്നത്?
വല്ലാര്പാടത്തിനേക്കാള് നഷ്ടമുണ്ടാക്കുന്ന ഒരു തുറമുഖമായി ഇതുമാറുമെന്നാണ് എന്റെ അഭിപ്രായം. ഇക്കാര്യം ഞാന്‍ ആദ്യം മുതലെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ പദ്ധതി കരാര്‍ ഒപ്പിട്ടുകഴിഞ്ഞപ്പോള്‍ ഇതില്‍ 6000 കോടിയുടെ അഴിമതിയുണ്ടെന്ന് ആരോപിച്ചത് നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ്. അന്ന് പിണറായിയെ പിന്താങ്ങിക്കൊണ്ട് പദ്ധതിക്കെതിരേ വിജിലന്‍സിന് പരാതി കൊടുത്ത ആളാണ് ഞാന്‍. അവരെന്നെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ഇതിനുശേഷം കുറെ കഴിഞ്ഞപ്പോള്‍ കരാറിനെക്കുറിച്ച് സി.എ.ജി. റിപ്പോര്‍ട്ട് വന്നു. പദ്ധതിയില്‍ അടിമുടി ക്രമക്കേട് ഉണ്ടെന്നാണ് അതില്‍ പറഞ്ഞത്. അദാനിക്ക് വലിയ ലാഭവും സംസ്ഥാനത്തിന് നഷ്ടവുമുണ്ടാക്കുന്ന കരാറാണിതെന്നാണ് സി.എ.ജി. റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചത്.
ഇതോടെ അന്നത്തെ സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചു. ഈ കമ്മിഷനില്‍ ഞാനും വാദങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഞാന്‍ പറഞ്ഞതൊക്കെ അന്ന് ദേശാഭിമാനി പത്രം വിശദമായി കൊടുത്തിരുന്നു. ഇതൊരു റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്നുള്പ്പെടെയുള്ളവയായിരുന്നു എന്റെ വാദങ്ങള്‍. പിണറായി വിജയന് പറഞ്ഞത് സ്ഥാപിച്ചെടുക്കാന്‍ പോയ മറ്റൊരു വിജയനാണ് ഞാന്‍. ഇതേ ദേശാഭിമാനി തന്നെയാണ് ഒരാഴ്ചമുന്പ് ഗൂഢാലോചന നടത്തിയ ആള് എന്ന പേരില്‍ എന്റെ ചിത്രമടക്കം പ്രസിദ്ധീകരിച്ചത്.
ഈ വാദങ്ങളൊക്കെ കഴിഞ്ഞ് കമ്മിഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. അതിന്മേല് എന്ത് നടപടി പിന്നീട് വന്ന ഇടത് സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് നമ്മള് അറിയേണ്ടതാണല്ലോ. എന്റെ വാദങ്ങള്‍ ശരിവെച്ചുകൊണ്ടാണ് രാമചന്ദ്രന് നായര്‍ കമ്മിഷന് റിപ്പോര്‍ട്ട് കൊടുത്തത്. റിപ്പോര്‍ട്ട് വാങ്ങി സര്‍ക്കാര്‍ ഭദ്രമായി വെച്ചിരിക്കുകയായിരുന്നു. സി.എ.ജി. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ഒരാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇതോടെ ഈ റിപ്പോര്‍ട്ട് പുറത്തുവന്നു.
അന്ന് പിണറായി വിജയന് അഴിമതിയുണ്ടെന്ന് പറഞ്ഞത് തെളിയിക്കാന്‍ യത്നിച്ചയാളാണ് ഞാന്‍. പിണറായി സര്‍ക്കാര്‍ തന്നെ വിജിലന്‍സ് അന്വേഷണത്തിന് പിന്നെ ഉത്തരവിടേണ്ടി വന്നു. പക്ഷേ, ഈ കേസ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതുകൊണ്ട് അവസാനിപ്പിക്കുന്നുവെന്നാണ് പിന്നെ ലഭിച്ച മറുപടി. 2021 ജനുവരി ഏഴിനാണ് ഈ ഉത്തരവ് വരുന്നത്. വിജിലന്‍സ് അന്വേഷണം നടന്നിട്ട് എന്ത് കണ്ടെത്തിയെന്ന് ആര്‍ക്കെങ്കിലുമറിയാമോ ഇതുവരെ. അന്വേഷണത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ല എന്ന് വ്യക്തം. അഴിമതി ആദ്യം ആരോപിച്ചയാള്‍, അതേപ്പറ്റി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട ആള്, പിണറായി വിജയന് ഇപ്പോള്‍ അതേപ്പറ്റി മിണ്ടാട്ടമില്ല. യു.ഡി.എഫ്. സര്‍ക്കാര്‍ കാണിച്ച അഴിമതിയെ ഇപ്പോഴത്തെ സര്‍ക്കാരും സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുന്നത് അപകടകരമാണ് എന്ന് പറയുന്നുണ്ടല്ലോ. നിലവിലെ കടലാക്രമണവും തീരശോഷണവുമൊന്നും തുറമുഖ നിര്‍മാണം മൂലമല്ലെന്ന് വിദഗ്ധ റിപ്പോര്‍ട്ടുകളുണ്ട്. അപ്പോള്‍ എന്തടിസ്ഥാനത്തിലാണ് ഇതിനെതിരേ നിലപാടെടുക്കുന്നത്?
2010-ല്‍ ഇന്ത്യന്‍ ജേണല്‍ ഓഫ് ജിയോ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടുണ്ട്. ഈ ലേഖനം എഴുതിയിരിക്കുന്ന ആളെയാണ് തുറമുഖം മൂലം തീരശോഷണമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള വിദഗ്ധ സമിതിയുടെ ചെയര്‍മാനാക്കിയത്. എം.ഡി കുടാലെ ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ ഈ വിഷയത്തില്‍ പ്രസക്തമായവയാണ്. തുറമുഖനിര്‍മാണവും അതേത്തുടര്‍ന്ന് തീരത്തുണ്ടാകുന്ന ആഘാതവും അതിനെ സംരക്ഷിക്കാനുള്ള കാര്യങ്ങളുമാണ് ഈ പഠനറിപ്പോര്‍ട്ടില്‍ കുടാലെ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ അതുവരെ നിര്‍മിച്ചിട്ടുള്ള തുറമുഖങ്ങളെല്ലാം പരിശോധിച്ച് അതിന്റ ഉദാഹരണങ്ങളെല്ലാം ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തുറമുഖ നിര്‍മാണത്തിനുള്ള ഡ്രഡ്ജിങ്ങും ബ്രേക്ക് വാട്ടര്‍ നിര്‍മാണവുമൊക്കെ കടലിലെ സ്വാഭാവികമായ മണല്‍ നീക്കങ്ങളെ തടസപ്പെടുത്തും. ഒരുവശത്ത് അതുമൂലം കൂടുതല്‍ മണല്‍ അടിയുകയും മറുവശത്തുനിന്ന് കൂടുതലായി മണല്‍ നഷ്ടപ്പെട്ട് തീരമില്ലാതാകുകയും ചെയ്യുമെന്ന് ഈ പഠനത്തില്‍ വ്യക്തമാക്കുന്നു. ഇത് അനിവാര്യമാണ്. ഇന്ത്യയിലെ ഏത് തുറമുഖ നിര്‍മാണത്തിലും ഈ കാര്യം സംഭവിക്കാമെന്ന് അദ്ദേഹം പറയുന്നു. ഔദ്യോഗിക പദവിയിലിരിക്കേയാണ് അദ്ദേഹം ഇതെഴുതിയത്. ഇപ്പോഴദ്ദേഹം വിരമിച്ചു. അദ്ദേഹത്തെയാണ് സര്‍ക്കാര്‍ പ്രത്യേക സമിതിയുടെ ചെയര്‍മാനാക്കിയിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ ഈ കണ്ടെത്തലിന് വിരുദ്ധമായി മറ്റൊന്ന് വിഴിഞ്ഞത്തിന്റെ കാര്യത്തിലുണ്ടാകുമെന്ന് കരുതുന്നില്ല. തുറമുഖം മൂലമുണ്ടാകുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ മണല്‍ എവിടെയാണോ കൂടുതലായി അടിയുന്നത് അവിടെനിന്ന് അതെടുത്ത് തീരശോഷണമുണ്ടാകുന്ന സ്ഥലത്ത് കൊണ്ടിടണം. അത് എല്ലാക്കാലവും ചെയ്തുകൊണ്ടേയിരിക്കണമെന്നാണ് കുടാലെ പറയുന്നത്. അല്ലെങ്കില്‍ തീരശോഷണം തടയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു.
ഈ പഠനം ശാസ്ത്രീയമാണ്. ഇത്തരം പഠനങ്ങളുടെ വെളിച്ചത്തില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ തീരപരിപാലന നിയമത്തില്‍ ഭേദഗതി വരുത്തി. അതുപ്രകാരം തീരശോഷണം സംഭവിക്കുന്ന തീരങ്ങളില്‍ തുറമുഖ നിര്‍മാണം തടയുന്നതാണ് ആ വകുപ്പ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുറമുഖത്തിന് വേണ്ടിയുള്ള പാരിസ്ഥിതികാഘാത പഠനത്തിന് അനുമതി തേടിയപ്പോള്‍ ഇതേ കാരണം ചൂണ്ടിക്കാട്ടി അന്ന് കേന്ദ്രം എതിര്‍പ്പുയര്‍ത്തിയിരുന്നു. പൂന്തുറയടക്കമുള്ള തീരത്ത് തീരശോഷണം ഉണ്ടാകാറുള്ളതാണ്. ഈ പ്രതിബന്ധം മറികടക്കാന്‍ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രദേശത്തിന് 15 കിലോമീറ്റര്‍ വടക്കും തെക്കും കഴിഞ്ഞ 15 വര്‍ഷത്തിനിടെ തീരശോഷണമോ തീരം കൂടുതലുണ്ടാവുകയോ ചെയ്തിട്ടില്ല എന്നൊരു പഠനറിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചു. ആ സമയത്ത് പാരിസ്ഥിതികാഘാത പഠനത്തിനെതിരേ ഞാന്‍ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഈ പഠന റിപ്പോര്‍ട്ടാണ് കേരളം എതിര്‍വാദമായി ഉന്നയിച്ചത്. ഇതംഗീകരിച്ചാണ് പാരിസ്ഥിതികാഘാത പഠനത്തിനുള്ള അനുമതി നിഷേധിക്കണമെന്ന എന്റെ ആവശ്യം ട്രൈബ്യൂണല്‍ നിരാകരിച്ചത്.
ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നോക്കൂ. ഈ നിര്‍മാണം നടന്നതിന് ശേഷം വലിയതുറ, ശംഖുമുഖം ബീച്ചുകളുള്‍പ്പെടെ തകര്‍ന്നല്ലോ. ഇപ്പോള്‍ തുറമുഖ കമ്പനിയും സര്‍ക്കാരും പറയുന്നതെന്താണ്? പദ്ധതി വരുന്നതിന് മുന്‍പും ഇവിടെ തീരം പോകുന്നുണ്ടല്ലോ എന്നാണ്. ഇത് പുതിയ കാര്യമല്ല എന്നാണ് അവര്‍ പറയുന്നത്. നോക്കൂ ആരാണ് ഇവിടെ നിലപാട് മാറ്റിയത്. പാരിസ്ഥിതിക അനുമതി കിട്ടാന്‍ വേണ്ടി ഒരു തീരശോഷണവുമില്ലായെന്നൊരു പഠനം നടത്തി, അതിന്റെ മറവില്‍ അനുമതി നേടിയെടുത്തവരാണ് ഈ പറയുന്നത്. തുറമുഖ നിര്‍മാണം തുടങ്ങിയതിനുശേഷം കാര്യമായി തീരശോഷണമുണ്ടാകുന്നുണ്ട്. നിര്‍മാണത്തിന്റെ ഭാഗമായി ഡ്രഡ്ജിങ് 2017-ല്‍ തുടങ്ങി. ആവശ്യമായതിന്റെ മൂന്നിലൊന്നാണ് പൂര്‍ത്തിയായതെന്നാണ് അവര്‍ പറയുന്നത്. ഇതിന് ശേഷമാണ് വലിയതുറമുതല്‍ ശംഖമുഖം, കോവളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വ്യാപകമായി തീരശോഷണം കൂടുതലായി ഉണ്ടായി. 2017 മുതല്‍ 2021വരെ ഇത് കാര്യമായി വര്‍ധിച്ചു.

അന്ന് എന്റെ വാദം ഹരിത ട്രൈബ്യൂണല്‍ അംഗീകരിച്ചിരുന്നില്ലെങ്കിലും തുറമുഖ നിര്‍മാണത്തിന്റെ സമയത്ത് തീരത്തിന്റെ അവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഒരു വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥയുടെ ഭാഗമായി ഇവിടെ പഠനം നടന്നു. 2022 ജൂണിലാണ് ഏറ്റവും ഒടുവിലത്തെ പഠനം നടന്നത്. ഇതില്‍ കൃത്യമായി പറയുന്നുണ്ട് വടക്കുവശത്ത് തീരശോഷണമുണ്ടായെന്നും തെക്കുവശത്ത് പുതിയ തീരമുണ്ടായെന്നും. ഇത് പോര്‍ട്ട് നിര്‍മാണം മൂലമാണോ അല്ലയോ എന്ന് പറയാന്‍ കഴിയില്ലാണ് ഈ പഠനത്തില്‍ ഇവര്‍ പറയുന്നത്. തുറമുഖമാണ് ഈ തീരശോഷണത്തിന് കാരണമെന്ന് പറയാനുള്ളത്ര നിര്‍മാണം വിഴിഞ്ഞത്ത് നടന്നിട്ടില്ല എന്നാണ് അതിന് കാരണമായി പഠനത്തില്‍ പറയുന്നത്. നിര്‍മാണം തുടരുമ്പോള്‍ ഇനിയും പഠനം നടത്തിയാലെ തുറമുഖം മൂലമാണോ ഇങ്ങനെ സംഭവിച്ചതെന്ന് പറയാന്‍ സാധിക്കുവെന്നാണ് ഇതില്‍ പറയുന്നത്. പക്ഷേ, ഈ പഠനത്തിന് ഫണ്ട് ചെയ്തത് അദാനി പോര്‍ട്ടാണ് എന്നകാര്യം മറക്കരുത്.
വെറും മൂന്നിലൊന്ന് നിര്‍മാണം നടന്നപ്പോഴേക്കും ഇത്രയും പ്രശ്നമുണ്ടായെങ്കില്‍ ഇനി ഇത് പൂര്‍ത്തിയാകുമ്പോഴേക്കും എത്രത്തോളം തീരമാണ് നഷ്ടപ്പെടുകയെന്ന് പറയാനാകില്ല. 400 വീടുകള്‍ ഇതുവരെ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. ഇത് മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമല്ല ബാധകം. ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ആസ്തികള്‍ക്കും നാശമുണ്ടാകുന്നുണ്ട്. ഇങ്ങനെയൊക്കെ സംഭവിച്ചാലും ഗവണ്മെന്റും അദാനിയും പറയുന്നത് അതൊക്കെ കാലാവസ്ഥയുടെ മാറ്റംകൊണ്ടുണ്ടാകുന്നതാണ് എന്നാണ്.
അനുമതി നേടിയെടുക്കാന്‍ ഇവര്‍ കള്ളം പറഞ്ഞു. ഇതുകൊണ്ട് നാടിന് വലിയ നേട്ടമാണെന്നാണല്ലോ പറയുന്നത്. അങ്ങനെ വലിയ അത്യാവശ്യവും സാമ്പത്തിക ലാഭവും ഉണ്ടാകുമെന്നുണ്ടെങ്കില്‍ ഇതുകൊണ്ടുണ്ടാകുന്ന മുഴുവന്‍ നാശനഷ്ടത്തിന്റെയും ഉത്തരവാദിത്വം സര്‍ക്കാരിനോ പോര്‍ട്ട് കമ്പനിക്കോ ആണെന്ന് വ്യക്തമായി ഉത്തരവിറക്കുകയാണെങ്കില്‍ പ്രശ്നം മിക്കവാറും പരിഹരിക്കപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്. അതിന് പകരം ഈ സംഭവിച്ചവരോട് അതൊക്കെ അനുഭവിക്കണമെന്ന് പറയുന്നതില്‍ എന്ത് യുക്തിയും ന്യായവുമാണുള്ളത്?
Content Highlights: aj vijayan speaks about vizhinjam port
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..