കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി.നായരെ അപകീര്‍ത്തിപ്പെടുത്തി ഫെയ്സ്ബുക്കില്‍ കമന്റിട്ട വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രനെതിരെയുള്ള റിപ്പോര്‍ട്ട് ഹൊസ്ദുര്‍ഗ് പോലീസ് കാസര്‍കോട് കളക്ടര്‍ക്ക് കൈമാറി.

To advertise here,

അറസ്റ്റുചെയ്ത പ്രതിയെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്(ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തതും ഇയാള്‍ക്കെതിരെ ഉള്‍പ്പെടുത്തിയ വകുപ്പുകളുടെ വിവരങ്ങളുമടങ്ങിയ റിപ്പോര്‍ട്ടില്‍, വെള്ളരിക്കുണ്ട് താലൂക്ക് കാര്യാലയത്തില്‍ അറസ്റ്റിലാകുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചതായുള്ള കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോശമായ രീതിയില്‍ കമന്റിട്ടപ്പോള്‍ മുതല്‍ പവിത്രനെതിരെ ഉയര്‍ന്ന പ്രതിഷേധം തുടരുകയാണ്. ഒന്നിലേറെ വനിതാ സംഘനടകള്‍ കഴിഞ്ഞദിവസംതന്നെ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

ഫെയ്സ് ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഇയാള്‍ക്കെതിരെയുള്ള കമന്റുകള്‍ ശനിയാഴ്ചയും തുടര്‍ന്നു. പ്രതിഷേധം അലയടിച്ചുതുടങ്ങിയപ്പോള്‍ തന്നെ റവന്യുവകുപ്പ് പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ സര്‍വീസില്‍ തുടരാന്‍ അയോഗ്യനാണെന്ന് കാട്ടി കളക്ടര്‍ കെ.ഇമ്പശേഖര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.