കൊച്ചി: എന്റെ രോഗം ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടര്‍മാരെപ്പോലെ എനിക്കും ഒരു ഡോക്ടറാകണമെന്നാണ് ആഗ്രഹം... ഇത് പറയുമ്പോള്‍ റൂബിനെ ചികിത്സിച്ച ഡോക്ടര്‍മാരും കുടുംബവും ആനന്ദക്കണ്ണീരണിയുകയായിരുന്നു. വൃക്കയും കരളും പകുത്തുനല്‍കിയ അമ്മയ്ക്കുള്ള സ്നേഹസമ്മാനമായിരുന്നു തമിഴ്നാട് നീലഗിരി സ്വദേശിയായ റൂബിന്റെ പത്താംക്ലാസ് പരീക്ഷാഫലം.
പ്രൈമറി ഹൈപ്പറോക്സലൂറിയ എന്ന അപൂര്‍വ ജനിതകരോഗം ബാധിച്ച തമിഴ്നാട് നീലഗിരി സ്വദേശിയായ റൂബിന് തന്റെ കരള്‍, വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കിടെയാണ് പഠിച്ച് പത്താംക്ലാസില്‍ ഉന്നതവിജയം സ്വന്തമാക്കിയത്. തമിഴ്നാട്ടിലെ ഈവര്‍ഷത്തെ പത്താംക്ലാസ് പരീക്ഷയില്‍ സ്മൈല്‍ സെന്റ് ആന്റണി മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് 93% മാര്‍ക്ക് വാങ്ങി സ്കൂള്‍ ടോപ്പറായാണ് ഈ മിടുക്കന് പാസായത്.
ഏതൊരു കുട്ടിയും തളര്‍ന്നുപോയേക്കാവുന്ന പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നു റൂബിന്. ഇതിനു പിന്നാലെയാണ് വേദനയുടെ സമയത്തും പഠനത്തിനായി സമയം കണ്ടെത്തുകയും മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തിരിക്കുന്നത്. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് റൂബിന്റെ ചികിത്സകള്‍ നടത്തിയിരുന്നത്. ഉന്നതവിജയം നേടിയ വിവരം റൂബിനെ ചികിത്സിച്ച ഡോക്ടര്‍മാരെ വിളിച്ചറിയിക്കുകയായിരുന്നു. ഇതോടെ റൂബിനെ കാണണമെന്ന് ഡോക്ടര്‍മാര്‍ ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് കുടുംബം കൊച്ചിയിലേക്ക് എത്തി. ലിസി ആശുപത്രിയിലെത്തിയ റൂബിന് ലിസി ടാന്‍സ്പ്ലാന്റ് ടീമും മാനേജ്മെന്റും ചേര്‍ന്ന് ഹൃദ്യമായ സ്വീകരണം നല്കി.
പഠനവഴിയില്‍ തിരികെയെത്താന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലന്നും തന്നെ ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടര്‍മാരെപ്പോലെ ഒരു ഡോക്ടറായി മാറണമന്നാണ് ആഗ്രഹമെന്നും റൂബിന് പറഞ്ഞു. ഈ ആഗ്രഹം സഫലമാകാനുള്ള എല്ലാ സഹായവും അവന് നല്‍കുമെന്ന് ഡോക്ടര്‍മാരും ഉറപ്പുനല്‍കി. തുടര്‍പഠനത്തിനായി ഒരു ലാപ്ടോപ്പും സമ്മാനമായി നല്‍കിയാണ് റൂബിനെ യാത്രയാക്കിയത്.
തമിഴ്നാട്ടിലെ നീലഗിരിയിലെ നിര്‍ധനകുടുംബത്തിലെ അംഗങ്ങളായ രമേഷിനും വിജിലക്കും റൂബിന്റെ അസുഖം തീരാവേദനയായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച് ഡയാലിസിസ് നടത്തുന്ന അവസ്ഥയിലായിരുന്നു റൂബിന്. പ്രൈമറി ഹൈപ്പറോക്സലൂറിയ എന്ന അപൂര്‍വ ജനിതകരോഗമായിരുന്നു റൂബിന്. കരളും വൃക്കയും മറ്റിവെയ്ക്കുക എന്നതായായിരുന്നു ഈ അസുഖത്തിനുള്ള ചികിത്സ. പഠനം പൂര്‍ണമായും തടസ്സപ്പെട്ട് രോഗവുമായി പോരാടി വളരെ മോശം അവസ്ഥയിലായിരുന്നു റൂബിന്. പിന്നീട് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു.
2023 ഫെബ്രുവരി 24-നായിരുന്നു റൂബിന്റെ കരള്‍മാറ്റ ശസ്ത്രക്രിയ. ഡോ. ബി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഡോ. ഷാജി പൊന്നമ്പത്തായില്‍, ഡോ. രാജീവ് കടുങ്ങപുരം, ഡോ. വിഷ്ണുദാസ് കെ.ആര്., ഡോ. പ്രമില്‍ കെ., ഡോ. ലിജേഷ് കുമാര്‍, ഡോ. വിഷ്ണു എ.കെ. എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് മൂന്നുമാസത്തിനുശേഷം ഡോ. ബാബു ഫ്രാന്‍സീസ്, ഡോ. വിജു ജോര്‍ജ്, ഡോ. ജോസ് പി. പോള്‍, ഡോ. ദാമോദരന്‍ നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കിഡ്നി ട്രാന്‍സ്പ്ലാന്റും നടത്തി. അമ്മ വിജിലയാണ് റൂബിന് കരളും വൃക്കയും ദാനംചെയ്തത്.
ലിസി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഫാ. പോള്‍ കരേടന്, ജോ. ഡയറക്ടര്‍മാരായ ഫാ.റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, അസി. ഡയറക്ടര്‍മാരായ ഫാ. ഡേവിസ് പടന്നക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.
Content Highlights: Against All Odds: A Teen's Academic Excellence
Published: 29 May 2025, 09:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented