കൊച്ചി: മുതിർന്ന അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ. ജയശങ്കർ സിപിഐ അംഗത്വം ഉപേക്ഷിക്കുന്നെന്ന് റിപ്പോർട്ട്. പാർട്ടിയുടെ ഹൈക്കോടതി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം നിശ്ചിത സമയപരിധിക്കുള്ളിൽ മെമ്പർഷിപ്പ് പുതുക്കാൻ തയ്യാറായില്ല. അംഗത്വം പുതുക്കേണ്ട കാലാവധി അവസാനിച്ചതോടെ അദ്ദേഹം പാർട്ടി വിടുകയാണെന്ന് ഉറപ്പായിട്ടുണ്ട്.

To advertise here,

ജയശങ്കർ എന്തുകൊണ്ടാണ് അംഗത്വം പുതുക്കാത്തതെന്ന കാര്യത്തിൽ തങ്ങൾക്ക് അറിവില്ലെന്നാണ് സിപിഐ എറണാകുളം ജില്ലാ നേതൃത്വം നൽകുന്ന വിശദീകരണം. ഇത്തവണ അംഗത്വം പുതുക്കുന്നതിനായി പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അദ്ദേഹത്തിന് മേൽ സമ്മർദ്ദങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സൂചനയുണ്ട്.

ഇടതുപക്ഷ സർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരെ ചർച്ചകളിൽ അദ്ദേഹം ഉയർത്തിയ കടുത്ത വിമർശനങ്ങൾ പലപ്പോഴും പാർട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. നേരത്തെ ഒരു ഘട്ടത്തിൽ പാർട്ടി അദ്ദേഹത്തിന്റെ മെമ്പർഷിപ്പ് പുതുക്കി നൽകാൻ വിസമ്മതിച്ചപ്പോൾ, കൺട്രോൾ കമ്മീഷനെ സമീപിച്ചാണ് അദ്ദേഹം അംഗത്വം തിരികെ നേടിയത്. എന്നാൽ ഇത്തവണ അദ്ദേഹം സ്വമേധയാ പാർട്ടിയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അംഗത്വം വേണ്ടെന്ന് വെക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച് എ. ജയശങ്കർ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാർട്ടി അംഗത്വത്തിൽനിന്ന് മാറിനിൽക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ അദ്ദേഹം തന്നെ വ്യക്തമാക്കേണ്ടതുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.