തിരുവനന്തപുരം: ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എംആർ അജിത് കുമാറിനെ രക്ഷിക്കാൻ ട്രാക്ടർ ഡ്രൈവറെ ബലിയാടാക്കി പോലീസ്. പോലീസ് ഡ്രൈവറെ മാത്രം പ്രതിയാക്കി കേസെടുത്തു. ഹൈക്കോടതി വിധി ലംഘിച്ച് ട്രാക്ടറിൽ ആളെ കയറ്റി എന്നതാണ് പ്രധാനകുറ്റം. എംആർ അജിത് കുമാറിനെ കുറിച്ച് എഫ്ഐആറിൽ പരാമർശമില്ല. 

To advertise here,

സംസ്ഥാന പോലീസ് മേധാവിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ട്രാക്ടറിൽ യാത്രക്കാരനായിരുന്നത് എഡിജിപി എം.ആർ. അജിത് കുമാർ ആയിരുന്നു. എന്നാൽ പോലീസ് കുറ്റം മുഴുവൻ ആരോപിക്കുന്നത് ഡ്രൈവറുടെ പേരിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ചരക്ക് നീക്കത്തിന് മാത്രം ഉപയോഗിക്കാവുന്ന ട്രാക്ടറിൽ ആളെ കയറ്റി കൊണ്ടുപോയി എന്നുള്ളതാണ് പ്രധാന ആരോപണം.

പമ്പയിൽ നിന്നും സ്വാമി അയ്യപ്പൻ റോഡിലൂടെ ശനിയാഴ്ച രാത്രി ഒൻപതിന് സന്നിധാനത്തേക്ക് മൂന്നു പേരുമായി യാത്ര ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് 1:40 ഓടുകൂടി മരക്കൂട്ടത്തു നിന്നും പമ്പയിലേക്ക് രണ്ടു പേരുമായി യാത്ര ചെയ്തു എന്നിങ്ങനെയാണ് എഫ്ഐആറിന്റെ വിശദാംശങ്ങൾ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് കേസിലേക്ക് കാര്യങ്ങൾ എത്തിയതെന്നും ചൊവ്വാഴ്ച രാത്രി 10.59 ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.

എഡിജിപിയുടെ ശബരിമലയിലേക്കുള്ള ട്രാക്ടർ യാത്ര പുറത്താവുകയും കോടതിയുടെ ഭാഗത്തു നിന്ന് വിമർശനം  ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നിൽ കണ്ട് ഇന്നലെ രാത്രി തട്ടിക്കൂട്ടിയതാണ് എഫ്ഐആർ എന്ന് വിമർശനം ഉയരുന്നുണ്ട്. എഡിജിപിയെ രക്ഷിക്കാനുള്ള ബോധപൂർവമായ ശ്രമം പോലീസിന്റെ ശ്രമമാണ് ഉണ്ടായിരിക്കുന്നത്. 

പോലീസിന്റെ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ട്രാക്ടറില്‍ എഡിജിപി എം.ആര്‍. അജിത് കുമാര്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തിരിച്ചും യാത്രചെയ്തത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 12, 13 തീയതികളിലായിരുന്നു എഡിജിപിയുടെ യാത്ര. സന്നിധാനത്തേക്ക് സാധനം കൊണ്ടുപോകുന്ന ട്രാക്ടറില്‍ യാത്രചെയ്യുന്നവര്‍ക്കെതിരേ ശക്തമായ നടപടിസ്വീകരിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് 2021-ല്‍ ഉത്തരവിട്ടിരുന്നു. വിഷയം ബുധനാഴ്ച ദേവസ്വം ബെഞ്ച് പരിഗണിക്കുന്നതിന് മുമ്പെയാണ് തിടുക്കം കൂട്ടി ചൊവ്വാഴ്ച രാത്രി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്തത്.

അതേസമയം  ഇന്ന് കേസ് പരിഗണിച്ച ഹൈക്കോടതി ശബരിമലയിലേക്ക് എഡിജിപി എം.ആര്‍ അജിത്ത്കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തതതിനെ  രൂക്ഷമായി വിമര്‍ശിച്ചു. അജിത്ത്കുമാര്‍ നടത്തിയ യാത്ര ദൗര്‍ഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ച ഹൈക്കോടതി അസുഖം എന്തെങ്കിലും ഉണ്ടെങ്കില്‍ ആംബുലന്‍സില്‍ പൊയ്ക്കൂടെ എന്നും ചോദിച്ചിരുന്നു.  

സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഏത് സാഹചര്യത്തിലാണ് വീഴ്ചയുണ്ടായതെന്ന് എസ്പിയോട് ഹൈക്കോടതി വിശദീകരണവും തേടിയിട്ടുണ്ട്. ജൂലായ് 12, 13 തീയതികളിലായിരുന്നു എം.ആര്‍ അജിത്ത്കുമാറിന്റെ ശബരിമല യാത്ര. നവഗ്രഹ പ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ചായിരുന്നു എം.ആര്‍ അജിത്ത്കുമാറിന്റെ ശബരിമല സന്ദര്‍ശനം.