തിരുവനന്തപുരം: എഡിജിപി മഹിപാൽ യാദവിനു യാത്രയയപ്പു നൽകാൻ പോലീസ് ആസ്ഥാനത്ത് സജ്ജീകരിച്ച വേദി അനുശോചനയോഗമായി മാറി. ചികിത്സയ്ക്കായി അവധിയിലുള്ള അദ്ദേഹം 30-ന് വിരമിക്കാനിരിക്കേയാണ് ബുധനാഴ്ച യാത്രയയപ്പു നൽകാൻ തീരുമാനിച്ചത്. അദ്ദേഹവും കുടുംബാംഗങ്ങളും ഓൺലൈനിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി മരണവാർത്തയെത്തിയത്.
എക്സൈസ് കമ്മിഷണറായിരിക്കെയാണ് അദ്ദേഹത്തിനു രോഗബാധ സ്ഥിരീകരിച്ചത്. ഊർജസ്വലനായ അദ്ദേഹത്തിനു പെട്ടെന്നുണ്ടായ രോഗബാധ സഹപ്രവർത്തകർക്കും അവിശ്വസനീയമായിരുന്നു.
ഊർജസ്വലനും മിതഭാഷിയും സൗമ്യനുമായ ഉദ്യോഗസ്ഥനെയാണ് പെട്ടെന്നു നഷ്ടമായത്. ഏറെക്കാലത്തെ സിബിഐ, ബിഎസ്എഫ് സേവനത്തിനുശേഷം 2023 ജൂൺ ഒൻപതിനാണ് അദ്ദേഹം എക്സൈസ് കമ്മിഷണറായി ചുമതലയേറ്റത്.
മയക്കുമരുന്ന് മാഫിയയ്ക്കെതിരേ ശക്തമായ നിലപാടെടുത്ത എക്സൈസ് കമ്മിഷണർ എന്നനിലയിലാണ് അദ്ദേഹം ശ്രദ്ധേയനായത്. മയക്കുമരുന്നിന്റെ ഉറവിടംതേടി അന്തമാനിലും തമിഴ്‌നാട്ടിലും ഡൽഹിയിലും ഉൾപ്പെടെ എക്സൈസ് വിപുലമായ ഓപ്പറേഷനുകൾ നടത്തുകയും പ്രതികളെ പിടികൂടുകയും മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.
എക്സൈസിൽ ദീർഘകാലമായി ഉണ്ടായിരുന്ന സീനിയോറിറ്റി പ്രശ്നം പരിഹരിച്ചതും, ഏറ്റവുമധികം ഉദ്യോഗസ്ഥർ പുതിയതായി സേനയിലേക്കു വന്നതും അദ്ദേഹം ചുമതലയിലുണ്ടായിരുന്നപ്പോഴാണ്. എക്സൈസിൽനിന്ന് അപ്രതീക്ഷിതമായി ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തേക്കുള്ള മാറ്റം അദ്ദേഹത്തിന് അസൗകര്യമുണ്ടാക്കിയിരുന്നു. വിരമിക്കാൻ രണ്ടുമാസം മാത്രമുള്ളപ്പോഴായിരുന്നു സ്ഥലംമാറ്റം. എക്സൈസിൽ തുടരാൻ താത്പര്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് സർക്കാർ അനുവദിക്കുകയും ചെയ്തു.
അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹത്തിനു രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സതേടിയത്. അടിയന്തര സാഹചര്യമായതിനാൽ ശസ്ത്രക്രിയയും നടത്തി. അതിനുശേഷമാണ് എയർ ആംബുലൻസിൽ സ്വദേശത്തേക്കു വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോയത്.
എക്സൈസിന് ഊർജം പകർന്ന ഉദ്യോഗസ്ഥൻ -മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: എക്സൈസ് സേനയ്ക്കാകെ ഊർജവും അഭിമാനവുമായിരുന്ന ഒരു ഉദ്യോഗസ്ഥനെയാണു നമുക്കു നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് അനുസ്മരിച്ചു. പൊടുന്നനെയുണ്ടായ രോഗബാധയും മരണവും അവിശ്വസനീയമായി തോന്നുന്നു. ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഭാര്യയോടും സഹപ്രവർത്തകരോടും രോഗവിവരങ്ങളും ചികിത്സാപുരോഗതിയും നിരന്തരം അന്വേഷിച്ചുകൊണ്ടിരുന്നു. രോഗത്തെ അതിജീവിച്ച് അദ്ദേഹം തിരിച്ചുവരുമെന്നുതന്നെയായിരുന്നു വിശ്വസിച്ചിരുന്നത്. -എം.ബി. രാജേഷ് പറഞ്ഞു
Content Highlights: Mahipal Yadav, Former Kerala Excise Commissioner, Dies Unexpectedly Before Retirement
Published: 28 Aug 2025, 08:32 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented