മുംബൈ: ആണവോർജം സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുക്കുന്ന ശാന്തി ബിൽ കേന്ദ്രം പാസാക്കിയതിന് പിന്നാലെ തിരക്കിട്ട് ആണവോർജ കമ്പനി രൂപവത്കരിച്ച്‌ അദാനി ഗ്രൂപ്പ്. അദാനി പവറിന്റെ കീഴിലാണ് അദാനി ആറ്റമിക് എനർജി ലിമിറ്റഡ് (എഎഇഎൽ) എന്ന കമ്പനി രൂപീകരിച്ചത്. ഇക്കാര്യം അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

ഇന്ത്യയിൽ ഇതാദ്യമായാണ് സ്വകാര്യ സ്ഥാപനം ആണവോർജ കമ്പനി രൂപീകരിക്കുന്നത്. ആണവോർജരംഗത്ത് നിക്ഷേപം നടത്താൻ അദാനി നേരത്തെ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. രണ്ട് മാസം മുമ്പാണ് ‘സസ്റ്റെയ്‌നബിൾ ഹാർനെസിങ് ആൻഡ്‌ അഡ്വാൻസ്‌മെന്റ്‌ ഓഫ്‌ ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്‌ഫോമിങ്’ (ശാന്തി) ബിൽ ലോക്‌സഭ പാസാക്കിയത്. ബിൽ ലോക്‌സഭയിൽ പാസായതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് കമ്പനി പ്രഖ്യാപനവുമായി രംഗത്തുവന്നതും.

ഇതിനെതിരേ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. ഇത് യാദൃച്ഛികമാണോ എന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു. എന്നാൽ ഒരു കമ്പനിയേയും സഹായിക്കാൻ അല്ല ബിൽ എന്നാണ് ആണവോർജ മന്ത്രി ജിതേന്ദ്ര സിങ്ങിന്റെ മറുപടി.