കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി. 

To advertise here,

നിലവില്‍ പ്രിന്‍സിപ്പല്‍ ജഡ്ജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തണം എന്നിങ്ങനെ രണ്ട് ആവശ്യങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്.ഐ.ജി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഈ രണ്ട് ആവശ്യങ്ങളും കോടതി അംഗീകരിച്ചില്ല. 

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ രണ്ട് തവണ മാറ്റം വന്നുവെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ഇതില്‍ അന്വേഷണം നടത്താന്‍ നേരത്തെ ഹൈക്കോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡിലുള്ളത് തന്റെ വ്യക്തിപരമായ വിവരങ്ങളാണ്. അത് പുറത്തുപോവുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഹാഷ് വാല്യു മാറിയത് എങ്ങനെയെന്ന് കണ്ടെത്തണം. വിചാരണ കോടതി നടത്തിയ അന്വേഷണം തൃപ്തികരമല്ല എന്നാണ് ഹര്‍ജിയില്‍ അതിജീവിത ചൂണ്ടിക്കാട്ടുന്നത്. 

തന്റെ സ്വകാര്യദൃശ്യങ്ങളാണ് മെമ്മറികാര്‍ഡിലുള്ളതെന്ന് അതിജീവിത ഹര്‍ജിയില്‍ പറയുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവരുമോയെന്നതില്‍ ആശങ്കയുള്ളതായും ഇതിനുപിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.