ഗൃഹലക്ഷ്മി ലേഖകനായിരുന്ന മധു കെ. മേനോൻ പഴയ ഒരു അഭിമുഖത്തിന്റെഓർമ്മകളിലൂടെ…

To advertise here,

സംസാരിക്കുമ്പോഴെല്ലാം താനൊരു ഇടതു ചിന്താഗതിക്കാരനാണെന്ന് അഭിമാനത്തോടെ പറയാറുണ്ട് ശ്രീനിവാസൻ. അദ്ദേഹം തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയാകുമെന്ന തരത്തിൽ പലപ്പോഴായി വാർത്തകളും വന്നിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ രാഷ്ട്രീയത്തിൽ താനെന്തായാലും വരില്ലയെന്ന് ഹൃദയബന്ധം പുലർത്തിയവരോടെല്ലാം അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരുന്നു. ‘‘താപ്പാനകളുടെ ലോകത്ത് കുഴിയാനയായ ഞാൻ എന്തു ചെയ്യാനാണ്’’- എന്നായിരുന്നു ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ നിലപാട്.
കോളേജിൽ പഠിക്കുന്ന കാലത്ത് പാട്യം ശ്രീനി എന്ന പേരിലാണ് ശ്രീനിവാസൻ അറിയപ്പെട്ടിരുന്നത്. പ്രത്യേകിച്ചും പാർട്ടിക്കാർക്കിടയിൽ. സിനിമയിൽ വന്ന ശേഷം തങ്ങളുടെ പാട്യം ശ്രീനി അങ്ങനെത്തന്നെ അറിയപ്പെടണമെന്നായിരുന്നു നല്ലവരായ പാർട്ടിക്കാരുടെ ആഗ്രഹം.

ഇതിനെക്കുറിച്ച് പിന്നെയൊരിക്കൽ ശ്രീനിവാസൻ ഓർമ്മിച്ചു. ഞാൻ സിനിമയിൽ എത്തിയശേഷം എന്റെ കുറച്ചുനാട്ടുകാർ വീട്ടിൽവന്നു. അവരെല്ലാം കമ്യൂണിസ്റ്റുകാരാണ്. അവർ പറഞ്ഞു, ‘‘ഇങ്ങള് സിനിമയിൽ വന്നതിന്റെ ഗുണം നാടിനുമുണ്ടാവട്ടെ. പാട്യം ശ്രീനി എന്ന പേരു മാറ്റാതിരുന്നൂടെ?’’ എനിക്ക് തീരെ താത്‌പര്യമില്ലായിരുന്നു. വന്ന ആളുകളെ മുഷിപ്പിക്കാനും വയ്യ. ആലോചിച്ചപ്പോൾ മനസ്സിലൊരു ബുദ്ധിയുദിച്ചു. ഞാൻ പറഞ്ഞു, ‘‘എന്റെ കാര്യത്തിൽ എനിക്കുതന്നെ ചില സംശയങ്ങളുണ്ട്. ഞാനായിട്ട് നമ്മുടെ നാടിന് ചീത്തപ്പേര് ഉണ്ടാക്കണോ?’’ വന്നവർ മറുപടിയില്ലാതെ യാത്ര പറഞ്ഞിറങ്ങി.

കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ ഇത്രയും രൂക്ഷമായി വിമർശിച്ച മറ്റൊരു സിനിമാക്കാരൻ വേറെയില്ല. ഇതിനദ്ദേഹത്തിനെ പ്രേരിപ്പിച്ചത് വളർന്നുവന്ന ജീവിതസാഹചര്യങ്ങൾ തന്നെയായിരുന്നു. ഒരിക്കൽ അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചു. വളരെ ദീർഘമായിത്തന്നെ. ‘‘അക്രമരാഷ്ട്രീയം എന്റെ വീട്ടിൽ വല്ലാത്ത സമ്മർദം ഉണ്ടാക്കിയിരുന്നു. എന്റെ അച്ഛൻ വലിയ കമ്യൂണിസ്റ്റായിരുന്നു. അമ്മയാകട്ടെ, കോൺഗ്രസ് അനുഭാവിയും. അന്ന് കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും തമ്മിലാണ് പോര്. നാട്ടിൽ എവിടെയെങ്കിലും അക്രമം നടന്നുവെന്നറിഞ്ഞാൽ മതി, പോക്കറ്റിൽ ഇരുമ്പുചുറ്റിക ഒളിപ്പിച്ചാണ് അധ്യാപകനായ അച്ഛൻ സ്കൂളിൽപ്പോവുക. ഏതു നിമിഷവും ആക്രമിക്കപ്പടാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നു ഇത്. പാർട്ടിപ്രവർത്തകർ ആക്രമിക്കപ്പെട്ടുവെന്നറിഞ്ഞാൽ പാതിരാത്രിയിലാണെങ്കിൽപ്പോലും അച്ഛൻ വീട് വിട്ടിറങ്ങും, തിരിച്ചടി നൽകാൻ. ഞങ്ങളും അമ്മയും കാലുപിടിച്ചു കരയും, പോവല്ലേയെന്ന്. അതൊന്നും അച്ഛന്റെ മനസ്സു മാറ്റില്ല.’’

അച്ഛൻ മരിച്ച് വർഷങ്ങൾക്കുശേഷം നടന്ന ഒരു സംഭവവും അന്ന് ശ്രീനിവാസൻ ഓർത്തുപറഞ്ഞു. ‘‘ ഒരു ട്രെയിൻ യാത്രയിൽ ഒരാൾവന്ന് എന്നോടു പറഞ്ഞു, ‘‘അപ്പുറത്തെ സീറ്റിൽ സഖാവ് പിണറായി വിജയനുണ്ട്. അദ്ദേഹത്തിന് താങ്കളുമായി സംസാരിക്കണമെന്നുണ്ട്’’
‘‘അതിനെന്താ, എനിക്കു സന്തോഷമേയുള്ളൂ’’, ഞാൻ പറഞ്ഞു.
പിണറായി എന്റെയടുത്തുവന്നിരുന്നു. സംസാരം മുഴുവൻ എന്റെ അച്ഛനെക്കുറിച്ചായിരുന്നു. രാഷ്ട്രീയശത്രുക്കളുടെ അക്രമങ്ങൾ പ്രതിരോധിക്കാനുള്ള ചില കളരിമുറകൾ എന്റെ അച്ഛനാണ് പിണറായിയെ പഠിപ്പിച്ചതെന്ന് അന്നദ്ദേഹം നന്ദിയോടെ സ്മരിച്ചു.
എന്നാൽ, ഇത് ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചുവന്നശേഷം അദ്ദേഹം ഒരു തിരുത്ത് നിർദേശിച്ച് വിളിച്ചു. ‘‘പിണറായി വിജയൻ ഞാനിഷ്ടപ്പെടുന്ന രാഷ്ട്രീയക്കാരിൽ ഒരാളാണ്. അദ്ദേഹത്തിന് കളരിയിലെ പ്രതിരോധമുറകൾ എന്റെയച്ഛൻ പഠിപ്പിച്ചുകൊടുത്തു എന്നുപറയാൻമാത്രം മണ്ടനല്ല ഞാൻ. ഞാൻ പറഞ്ഞത് താങ്കൾ തെറ്റിദ്ധരിച്ചിരിക്കുന്നു.’’ താൻ പറഞ്ഞത് ഇങ്ങനെയാണെന്ന് അദ്ദേഹം വിശദമാക്കുകയും ചെയ്തു, ‘‘ആദ്യമായി തമ്മിൽ കണ്ടപ്പോൾ എന്റെ അച്ഛനെപ്പറ്റി പിണറായി സംസാരിച്ചു. തമാശയായി, കളരി അറിയാവുന്ന എന്റെ അച്ഛൻ ചില അടവുകൾ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു എന്നുമാത്രമാണ് പറഞ്ഞത്.’’
ഇക്കാര്യം ഒരു കടലാസിൽ ശ്രീനിവാസൻ കുറിച്ചുതന്നു, തിരുത്തിനൽകാനായിട്ട്.

എന്നാൽ, അവിടുന്നിറങ്ങി, അല്പസമയം കഴിഞ്ഞ് അദ്ദേഹം വിളിച്ചു. ‘‘വന്നതുവന്നു, ഇനിയൊരു തിരുത്തുവേണ്ടാ. അല്ലെങ്കിൽത്തന്നെ തിരുത്തുകൊണ്ട് എന്തുകാര്യം’’.