രാമനാട്ടുകര: കോടമ്പുഴയിലെ വീടിന്റെ ഉമ്മറത്ത് ഇരുപതുവർഷമായി ഒരു പെറ്റമ്മ കാത്തിരിപ്പാണ്. വഴിയിലേക്ക് കണ്ണുനട്ട്, ചുണ്ടിൽ പ്രാർഥനയുടെ മന്ത്രങ്ങളുമായി കഴിഞ്ഞുകൂടിയ ആ വാർധക്യത്തിന് മുന്നിലേക്ക് റഹീമിന്റെ മോചനവാർത്തയറിഞ്ഞ് മാതൃഭൂമി പ്രതിനിധിയെത്തുമ്പോൾ അവിടെ കണ്ടത് നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു. ലോകമലയാളികൾ റഹീമിന്റെ മോചനവാർത്ത ആഘോഷമാക്കുമ്പോഴും ആ അമ്മയുടെ മനസ്സിൽ ഇന്നും ഭയത്തിന്റെ കരിനിഴൽ വിട്ടുമാറിയിട്ടില്ല.
‘‘ഇല്ല മോനേ... ഞാനിനി നിങ്ങൾ (മാധ്യമങ്ങൾ) പറയുന്നതൊന്നും വിശ്വസിക്കില്ല. അവൻ എന്റെ കണ്ണിനുമുന്നിൽ വരട്ടെ... എന്നെ ‘ഉമ്മാ’ എന്നുകെട്ടിപ്പിടിച്ച് വിളിക്കട്ടെ, എന്നാലേ എനിക്ക് വിശ്വാസം വരൂ..’’ വാക്കുകൾ പൂർത്തിയാക്കാനാകാതെ, വിറയ്ക്കുന്ന കൈകൾ നെഞ്ചോടുചേർത്ത് ഉമ്മ പാത്തുമ്മ പറഞ്ഞു.
നിയമക്കുരുക്കുകളെല്ലാം അഴിഞ്ഞെന്നും സൗദി അധികൃതർ ഉത്തരവിൽ ഒപ്പുവെച്ചെന്നും എത്രയൊക്കെ വിശദീകരിച്ചിട്ടും ആ അമ്മയുടെ മനസ്സ് അത് പൂർണമായി ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ല. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ എത്രയോതവണ പ്രത്യാശയുടെ കച്ചിത്തുരുമ്പുകൾ അവർക്കുമുന്നിലേക്ക് നീണ്ടിരുന്നു! ‘റഹീം ഉടൻ നാട്ടിലേക്ക്, ഇതാ വരുന്നു...’ എന്ന തരത്തിൽ പത്രങ്ങളിലും ടി.വി.യിലും വന്ന വാർത്തകൾ കണ്ട് എത്രയോതവണ ആ അമ്മ ആശിച്ചിരിക്കുന്നു, ഒടുവിൽ നിരാശയുടെ അഗാധതയിലേക്ക് വീണുപോയിരിക്കുന്നു. ആ വേദനകളുടെ ആഴമാണ് ഈ അവിശ്വാസം.
‘‘നിങ്ങൾ പറയുന്നതൊക്കെ സത്യമാണെങ്കിൽ എനിക്കതിലും വലിയൊരു സന്തോഷമില്ല മോനേ... പക്ഷേ, അത്രയേറെ ഞാൻ കൊതിച്ചുപോയി. അതുകൊണ്ട് അവൻ എന്റെമുന്നിൽ നേരിട്ടെത്തണം. ആ ശബ്ദം ഈ കാതുകൊണ്ട് കേൾക്കണം. അപ്പോഴേ ഈ പെറ്റവയർ ശാന്തമാകൂ...’’ ഉമ്മയുടെ വാക്കുകൾ ഇടറി.
റഹീമെത്തും ആ പഴയ വീട്ടിലേക്കുതന്നെ
രാമനാട്ടുകര: ഇരുപതുവർഷത്തിനപ്പുറം, ഒരു പുലർച്ചെ ഈ വീടിന്റെ പടിയിറങ്ങുമ്പോൾ അബ്ദുൽറഹീം വിചാരിച്ചിരുന്നില്ല, തന്റെ ജീവിതം ഇത്ര വലിയൊരു മഹാചരിത്രമായി മാറുമെന്ന്.
ഇരുപതാണ്ടിന്റെ തടവറയ്ക്കുള്ളിലെ ഏകാന്തതയിൽ റഹീമിന്റെ മനസ്സ് മുഴുവൻ ഓടിയെത്തിയിരുന്നത് കോടമ്പുഴയിലെ ആ പഴയ തറവാട്ടുവീടിന്റെ ഉമ്മറത്തേക്കായിരുന്നു. 'സീനത്ത് മൻസിൽ' എന്ന ആ പഴയ വീട് ഇന്നും അവനെ കാത്തിരിക്കുകയാണ്.
നീണ്ട രണ്ടുപതിറ്റാണ്ടിന്റെ വിരഹത്തിനുശേഷം റഹീം മടങ്ങിയെത്തുന്നത് മറ്റെങ്ങോട്ടുമല്ല, താൻ ജനിച്ചുവളർന്ന, ഓർമ്മകൾ ഉറങ്ങുന്ന അതേ തറവാട്ടുവീട്ടിലേക്കാണ്.
അവന്റെ വരവിനായി ആ പഴയവീട് ഒരുങ്ങിക്കഴിഞ്ഞു. റഹീമിന്റെ ശിക്ഷാകാലാവധി അവസാനിച്ച ഘട്ടത്തിൽത്തന്നെ കുടുംബാംഗങ്ങൾ ഒന്നടങ്കംചേർന്ന് ഈ വീട് വൃത്തിയാക്കി വെച്ചിരുന്നു. ഇന്ന് സൗദിയിൽനിന്ന് ആ ശുഭവാർത്ത എത്തിയതോടെ, അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായി.
ഇപ്പോൾ റഹീമിന്റെ സഹോദരന്റെ വീട്ടിൽക്കഴിയുന്ന ഉമ്മ പാത്തുമ്മ, മകൻ പടികടന്നെത്തുന്ന ആ നിമിഷം മുതൽ വീണ്ടും ഈ തറവാട്ടുവീട്ടിലേക്ക് താമസം മാറും.
ഇനി ബാക്കിയുള്ള കാലം തന്റെ റഹീമിനൊപ്പം കഴിയണം എന്നതുമാത്രമാണ് ആ ഉമ്മയുടെ ആഗ്രഹം.
Content Highlights: Abdul Rahim is set to return home after 20 years of imprisonment in Saudi Arabia., His mother, Pathumma, expresses cautious hope after years of false alarms., The family has prepared their ancestral home, 'Zeenath Manzil', for his arrival., The mother intends to live with her son in their original home upon his return.
Published: 27 May 2026, 07:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented