കോഴിക്കോട്: 20 വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽറഹീമിന്റെ ശിക്ഷാകാലാവധി മേയ് 19-ന് അവസാനിക്കും. റഹീം വൈകാതെ ജയിൽമോചിതനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബവും നിയമസഹായ സമിതിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സൗദിയുടെ കാരുണ്യത്തിലാണ് റഹീമിന്റെ ജീവൻ തിരിച്ചുകിട്ടിയത്. 21-ന് സൗദിയിൽ പെരുന്നാൾ അവധി തുടങ്ങും. അതിനാൽ കൃത്യമായി ഏത് ദിവസം റഹീം ജയിൽ മോചിതനാകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അബ്ദുൽ റഹീം നിയമസഹായ സമിതി ഭാരവാഹികൾ വ്യക്തമാക്കി. റഹീമിന്റെ മോചനത്തിനായി പിരിഞ്ഞുകിട്ടിയതിൽ പതിനൊന്നരക്കോടി രൂപയോളം ബാക്കിയുണ്ട്. റഹീം നാട്ടിലെത്തിയ ശേഷം കമ്മിറ്റി ചേർന്ന് ഫണ്ട് എന്ത് ചെയ്യണമെന്ന കാര്യം തീരുമാനിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വധശിക്ഷയിൽനിന്ന് നേരത്തേ ഒഴിവാക്കപ്പെട്ട റഹീമിന് കോടതി വിധിച്ച തടവുശിക്ഷ മേയ് മൂന്നാംവാരം അവസാനിക്കുന്നതോടെ, രണ്ടുപതിറ്റാണ്ടിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കാണ് തിരശ്ശീലവീഴുന്നത്. 2006-ൽ ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയ റഹീം, സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലായത്. മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷയാണ് റഹീമിനെ തേടിയെത്തിയത്.
എന്നാൽ, ലോകമലയാളികൾ ഒന്നടങ്കം കൈകോർത്ത് സമാഹരിച്ച 34 കോടി രൂപ ദിയാധനമായി നൽകിയതോടെ വധശിക്ഷയിൽനിന്ന് റഹീം രക്ഷപ്പെട്ടു. ഇതിനുപിന്നാലെ റിയാദിലെ ക്രിമിനൽ കോടതി റഹീമിന് സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിക്കുകയായിരുന്നു. ഈ തടവ് കാലാവധിയാണ് ഇപ്പോൾ പൂർത്തിയാകുന്നത്.
Content Highlights: Abdul Rahim's prison term concludes on May 19, 2026., Release timeline is subject to Saudi Eid holiday schedules., Legal aid committee confirms 11.5 crore INR remains from the relief fund.
Published: 17 May 2026, 02:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented