
തൃശ്ശൂർ: 59-കാരനായ രമേഷ് മേനോന്റെ ജീവിതത്തിന് സിനിമാക്കഥകളെ വെല്ലുന്ന വഴിത്തിരിവുകളുണ്ട്. ലക്ഷങ്ങൾ ശമ്പളം വാങ്ങിയിരുന്ന പ്രവാസിയിൽനിന്ന് അനാഥാലയത്തിലെത്തിയതുവരെയുള്ള ജീവിത കഥ അവിശ്വസനീയമായി തോന്നും. ഒരു കണ്ണിനു മാത്രം അല്പം കാഴ്ചയുള്ള, പ്രമേഹം കാരണം ശരീരം പാതി തളർന്ന രമേഷ് മസ്കറ്റ്, ദുബായ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളിൽ 32 വർഷം നല്ല നിലയിൽ ജോലി ചെയ്തിരുന്നു. നോർത്ത് പറവൂർ ചേന്ദമംഗലം സ്വദേശിയാണ്. ഇപ്പോൾ കുറ്റിപ്പുറത്തിനടുത്ത കുമ്പിടിയിൽ സർക്കാർ നിയന്ത്രിത അനാഥാലയത്തിലാണ്.
ഷാർജയിൽ ജോലി ചെയ്യുന്നതിനിടെ പ്രമേഹമുൾപ്പെടെയുള്ള അസുഖങ്ങൾ ബാധിച്ച് ഒൻപതു മാസത്തോളം ചികിത്സ േതടി. 2016-ൽ െഎ.സി.യു.വിൽ കിടക്കുമ്പോൾ മകൻ കല്യാൺ രമേഷ് കാണാൻ എത്തിയതാണ് അനാഥാലയത്തിലേക്കുള്ള യാത്രയ്ക്ക് വഴിയിട്ടത്. തുടർചികിത്സയ്ക്ക് പണമില്ലാത്തതിനാൽ സ്വത്ത് തന്റെ പേരിലേക്ക് എഴുതിത്തരണമെന്നായിരുന്നു ഏക മകന്റെ ആവശ്യം. ഷാർജയിലെ ഇന്ത്യൻ എംബസി വഴി സ്വത്തുക്കളുടെ അവകാശം പവർ ഒാഫ് അറ്റോണിയായി മകന്റെ പേരിൽ നൽകി-2016 സെപ്റ്റംബർ ആറിന്.
രോഗത്തിൽനിന്ന് ചെറിയ മുക്തി കിട്ടിയതോടെ കൂട്ടുകാരുടെ സഹായത്തോടെ നാട്ടിലെത്തി. നെടുമ്പാശ്ശേരിയിലെ വിമാനത്താവളത്തിൽ വന്നിറങ്ങിയ രമേഷ് മേനോനെ മകൻ വീട്ടിലേക്കല്ല കൊണ്ടുപോയത്. കൊടുങ്ങല്ലൂരിലെ ഹോട്ടലിലേക്കാണ്. ഹോട്ടലിലാകുമ്പോൾ നല്ല താമസവും ഭക്ഷണവും കിട്ടുമെന്നാണ് കാരണമായി പറഞ്ഞത്. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ മരുന്ന് മുടങ്ങി. ഒാർമ നശിച്ചു.
ഒാർമ വന്നപ്പോൾ കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ തെക്കേനടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ഒരുപാടുപേർ ചുറ്റും കൂടിനിൽക്കുന്നു. അവർ ചോദിച്ചു-ആരാണ്. രമേഷ് മേനോൻ തിരികെ ചോദിച്ചു- ആരാണ്. ലോഡ്ജുകാർ തിരിച്ചറിഞ്ഞു. സുമുഖനായ ഒരു യുവാവ് രമേഷ് മേനോനെ ക്ഷേത്രത്തിനുസമീപം ഇരുത്തി പോകുന്നത് ചിലർ കണ്ടിരുന്നു. നാട്ടുകാർ സംഘടിച്ച് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി.
മനുഷ്യാവകാശ കമ്മിഷൻ ചെയർമാന്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രിബ്യൂണൽ, മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരം രമേഷ് മേനോന് സംരക്ഷണം നൽകണമെന്ന് കാണിച്ച് മകന് ഉത്തരവ് നൽകിയെങ്കിലും കാര്യമുണ്ടായില്ല. മന്ത്രിമാർ പങ്കെടുത്ത ഇരിങ്ങാലക്കുടയിലെ അദാലത്തിൽ രമേഷ് മേനോന്റെ പരാതി എത്തിയതോടെ മകന്റെ പേരിൽ പോലീസ് കേസെടുത്തു. അറസ്റ്റ് െചയ്യാനുള്ള നീക്കത്തിനിടെ മകൻ ഹൈക്കോടതിയിൽനിന്ന് സ്റ്റേ നേടി.
ഇതിനെതിരേ രമേഷ് മേനോൻ നൽകിയ ഹർജിയിൽ സ്റ്റേ പിൻവലിച്ച് ഹൈക്കോടതി 2024 ഫെബ്രുവരി 29-ന് ഉത്തരവിട്ടു. മകനെ ഹാജരാക്കണമെന്ന് ഇരിങ്ങാലക്കുട സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ 2024 ഏപ്രിൽ ആറിലെ ഉത്തരവുമുണ്ട്. പട്ടാമ്പി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം പട്ടാമ്പി പോലീസ് 2024 സെപ്റ്റംബർ 13-ന് കേസെടുത്തിട്ടുണ്ട്. മകനെ കണ്ടെത്താനാകുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
Content Highlights: Abandoned by Son: 59-Year-Old`s Plight
Published: 30 Dec 2024, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented