തിരുവനന്തപുരം: മുതിർന്ന പൗരരെ വീട്ടുകാർ ഉപേക്ഷിച്ചാൽ മൂന്നുവർഷംവരെ തടവും അൻപതിനായിരം രൂപ പിഴയും ശുപാർശചെയ്ത് വയോജനക്ഷേമബിൽ. ഉപേക്ഷിക്കണമെന്ന ലക്ഷ്യത്തോടെ മക്കൾ അടക്കമുള്ള കുടുംബാംഗങ്ങൾ, നിയമപരമായ അവകാശികൾ എന്നിവർ പരിചരണ കേന്ദ്രത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ മുതിർന്നവരെ അവരുടെ അനുമതിയില്ലാതെ എത്തിക്കുന്നത് കുറ്റകരമാക്കുന്ന ‘മുതിർന്ന പൗരരുടെ (പരിചരണവും അവകാശ സംരക്ഷണവും) ബിൽ’ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. കുടുംബാംഗങ്ങളോ ബന്ധുക്കളോ പരിചരണകേന്ദ്രത്തിലെ ജീവനക്കാരോ ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചാലും ഇതേ ശിക്ഷയനുവഭിക്കേണ്ടിവരും.
പരിചരണകേന്ദ്രത്തിന്റെ നടത്തിപ്പുകാർ അന്തേവാസിയുടെ സ്വത്ത് കൈവശപ്പെടുത്തിയാലും മൂന്നുവർഷംവരെ തടവും അൻപതിനായിരം രൂപ പിഴയുമാണ് ശിക്ഷ. രജിസ്‌ട്രേഷൻ ഇല്ലാതെ പരിചരണകേന്ദ്രം പ്രവർത്തിപ്പിച്ചാൽ ഒരുവർഷംവരെ തടവോ 25,000 രൂപ പിഴയോ രണ്ടുംകൂടിയോ ആണ് ശിക്ഷ.
വയോജന നിയമപ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളുടെയും വിചാരണ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ്. പരിചരണസ്ഥാപനങ്ങളിലെ കുറ്റകൃത്യങ്ങൾക്ക് ഡയറക്ടറോ ട്രസ്റ്റിയോ മാനേജരോ ഉത്തരവാദിയെന്നു കണ്ടാൽ അവരും ശിക്ഷിക്കപ്പെടും.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ
*മുതിർന്ന പൗരരുടെ പരാതികൾക്ക് അസിസ്റ്റന്റ് ഇൻസ്പെക്ടറിൽ കുറയാത്ത ഉദ്യോഗസ്ഥൻ നോഡൽ ഓഫീസർ
*പരിചരണകേന്ദ്രങ്ങൾക്ക് രജിസ്‌ട്രേഷൻ നിർബന്ധം. നിശ്ചിത നിലവാരവും പരിചരിക്കുന്നവർക്ക് പരിശീലനവും സർട്ടിഫിക്കറ്റും നിർബന്ധം
*ഒപ്പം താമസിച്ച് പരിചരിക്കുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം
*സൈബർ പോലീസ് സ്‌റ്റേഷനുകളിൽ മുതിർന്ന പൗര സൈബർ സെൽ, ഏകോപന ഓഫീസർ. സൈബർ തട്ടിപ്പിനിരയാവാതിരിക്കാൻ ഡിജിറ്റൽ സാക്ഷരതാപരിപാടി
*ഇൻഷുറൻസ്, ദീർഘകാല പരിചരണപരിരക്ഷ
*പരിചരണകേന്ദ്രത്തിലെ അന്തേവാസി വിൽപ്പത്രം തയ്യാറാക്കാതെയും അവകാശികൾ ഇല്ലാതെയും മരിച്ചാൽ സ്വത്ത് സർക്കാരിന്
*അൽഷിമേഴ്‌സ്, ഡിമെൻഷ്യ, പാർക്കിൻസൺസ്, മറ്റ് നാഡീരോഗങ്ങൾ എന്നിവയ്ക്കുമാത്രമായി പരിചരണകേന്ദ്രം സർക്കാർതലത്തിൽ
*വിധവയോ ഭിന്നശേഷിക്കാരോ ഉപേക്ഷിക്കപ്പെട്ടവരോ അതിക്രമത്തെ അതിജീവിച്ചവരോ ആയ സ്ത്രീകൾക്ക് സർക്കാർ പരിചരണകേന്ദ്രങ്ങളിൽ അഭയത്തിന് മുൻഗണന
Content Highlights: The old age care bill introduces penalties for abandoning seniors, including imprisonment and fines, to safeguard their rights and ensure proper care.
Published: 13 Oct 2026, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented