മലപ്പുറം: വഞ്ചിയൂരില്‍ സിപിഎം ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം റോഡില്‍ സ്‌റ്റേജ് കെട്ടി നടത്തിയതിനെ വീണ്ടും ന്യായീകരിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍. ഒരു സമരം നടത്തിയാല്‍ അത് സഹിക്കാന്‍ പറ്റാത്ത ആളുകള്‍ നമ്മുടെ നാട്ടിലുണ്ടെന്നും മലയില്‍ പോയി ആരെങ്കിലും പ്രകടനം നടത്തുമോയെന്നും വിജയരാഘവന്‍ പറഞ്ഞു. സമരം ചെയ്യാന്‍ ഒരു തെരുവെങ്കിലും വിട്ടുതരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.
'റോഡിലൂടെ പ്രകടനം നടത്തണ്ട, മലയില്‍പോയി പ്രകടനം നടത്തിക്കോ എന്നാണ് ചിലരുടെ വാദം. ആരെങ്കിലും മലയില്‍ പോയി പ്രകടനം നടത്തുമോ? പാര്‍ലമെന്റ് ശത കോടീശ്വരന്‍മാര്‍ കൈവശപ്പെടുത്തി. അതുകൊണ്ട് സമരം ചെയ്യാന്‍ അങ്ങോട്ട് പോകാനും വയ്യാതെയായി. റോഡില്‍ പ്രകടനം നടത്തിയാല്‍ അത് നടത്തുന്നവരെ പിടികൂടുന്ന അവസ്ഥയാണുള്ളത്. സമരം ചെയ്യാന്‍ ഒരു തെരുവെങ്കിലും വിട്ടു തരൂ എന്നാണ് ഞങ്ങള്‍ പറയുന്നത്.'വിജയരാഘവന്‍ വ്യക്തമാക്കി.
മതനിരപേക്ഷത ഏറ്റവും ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്ന പ്രദേശമാണ് മലപ്പുറമെന്നും ഇത് തകര്‍ക്കാന്‍ ചിലര്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് വര്‍ഗീയതയ്ക്ക് വിധേയപ്പെട്ടു. ജന്മിയുടെ വീട്ടില്‍ വാഴക്കുല കൊണ്ടുപോകുന്നത് പോലെയാണ് സന്ദീപ് വാര്യരേയും കൊണ്ട് കോണ്‍ഗ്രസ് പോയത്. എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് താന്‍ പറയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിലെ മാധ്യമങ്ങളേയും വിജയരാഘവന്‍ വിമര്‍ശിച്ചു. വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായത്തിനായി കേരളം ഒന്നും ചോദിച്ചില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും സര്‍വവിജ്ഞാനകോശം തങ്ങളാണെന്നാണ് മാധ്യമങ്ങളുടെ വിചാരമെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു. ചാനല്‍ ചര്‍ച്ചയില്‍ അവതാരകരായി ഇരിക്കുന്നത് ആല്‍ബര്‍ട് ഐന്‍സ്റ്റീനേക്കാള്‍ വലിയ കണക്ക് വിദഗ്ധരാണ്. മാധ്യമങ്ങള്‍ക്ക് കമ്യൂണിസ്റ്റ് വിരോധമാകാം, എന്നാല്‍ കുറച്ച് മനുഷ്യത്വം കൂടി വേണം. ജനപ്രിയ ഗവര്‍ണര്‍ പോയെന്ന് മാധ്യമങ്ങള്‍ എഴുതി. ആ ഗവര്‍ണര്‍ നാടിനോട് ചെയ്ത ദ്രോഹം ഒരു വരിയെങ്കിലും എഴുതിയ മാധ്യമങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: a vijayaraghavan criticizes road protest restrictions
Published: 01 Jan 2025, 06:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented