കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിന്റെ നവീകരണത്തിനായി 500 കോടി രൂപ വാഗ്ദാനം ചെയ്ത രത്നവ്യാപാരി തന്റെ കമ്പനിയെക്കുറിച്ചോ എങ്ങനെ പണം നൽകും എന്നതിനെക്കുറിച്ചോ അറിയിക്കാത്ത പശ്ചാത്തലത്തിൽ കൊച്ചി ദേവസ്വം ബോർഡ് പദ്ധതിയിൽനിന്ന് പിൻമാറുന്നു. കർണാടകയിൽ രത്നവ്യാപാരിയെന്ന് അവകാശപ്പെടുന്ന ഗണശ്രാവൺ ആയിരുന്നു ക്ഷേത്രം നവീകരണത്തിന് 500 കോടി വാഗ്ദാനം ചെയ്ത് എത്തിയത്. ഇതിന്റെ ഭാഗമായി ഗണശ്രാവണുമായി ധാരണാപത്രത്തിൽ ഒപ്പിടാനും തീരുമാനിച്ചിരുന്നു. ഇതിനായി ഹൈക്കോടതിയുടെ അനുമതിയും തേടി.

To advertise here,

ഇതിന്റെ തുടർച്ചയായി പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് വിശദീകരിക്കാൻ ഗണശ്രാവണിനോട് ദേവസ്വം ഓംബുഡ്സ്മാന്റെ മുന്നിൽ ഹാജരാകാനും നിർദേശിച്ചെങ്കിലും ഒരു തവണയേ ഹാജരായുള്ളൂ. വിശദാംശങ്ങളുമായി വരണമെന്നാവശ്യപ്പെട്ടതോടെയാണ് രണ്ടാമത് ഹാജരാകാൻ തയ്യാറാകാതിരുന്നത്.

ഗണശ്രാവണിന്റേതെന്ന് അവകാശപ്പെടുന്ന കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി രജിസ്ട്രാറുടെ സൈറ്റിൽ പോലും ഉണ്ടായിരുന്നില്ല. കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ അടക്കം അറിയിക്കണമെന്നാണ് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നത്. ഗണശ്രാവണിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയില്ലാത്തതിനാൽ പദ്ധതിക്ക് അനുമതി തേടി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയും ദേവസ്വം ബോർഡ് പിൻവലിച്ചു. സർക്കാരിന് വിജിലൻസ് നൽകിയ റിപ്പോർട്ട് ഗണശ്രാവണിന് എതിരായിരുന്നു. സാമ്പത്തിക സ്രോതസ്സിലടക്കം അവ്യക്തതയുണ്ടായിരുന്നു.

താൻ പണം വാഗ്ദാനം ചെയ്തിട്ടും പദ്ധതി നടപ്പാക്കാൻ തയ്യാറാകുന്നില്ലെന്ന ഗണശ്രാവണിന്റെ പരാതിയെ തുടർന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ട് ഇടപെട്ട് യോഗം വിളിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്ര നഗരിയാക്കി ചോറ്റാനിക്കരയെ മാറ്റാൻ യോഗത്തിൽ തീരുമാനവും എടുത്തതാണ്.

Content Highlights:500 crore project for chottanikkara temple diamond businessman did not come with statements