തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനുശേഷമുള്ള(എസ്.ഐ.ആർ.) ആദ്യതിരഞ്ഞെടുപ്പെന്ന നിലയിൽ പോളിങ് ശതമാനം 85 കടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതീക്ഷിച്ചെങ്കിലും അത്ര എത്തിയില്ല. 2021-നെ അപേക്ഷിച്ച് രണ്ടുശതമാനത്തിലധികമാണ് വർധന.

To advertise here,

വോട്ടിങ് നില ഉയർന്നതിന് പലഘടകങ്ങളിൽ ഒന്നുമാത്രമായാണ് എസ്.ഐ.ആറിനെ തിരഞ്ഞെടുപ്പുവിശകലന വിദഗ്‌ധർ കാണുന്നത്. ചില മണ്ഡലങ്ങളിലെ കനത്ത മത്സരം വോട്ടിങ് ശതമാനമുയരാൻ കാരണമായിട്ടുണ്ട്. 2021-നെ അപേക്ഷിച്ച് വർധനയുണ്ടായത് ഏതെങ്കിലും മുന്നണിക്ക് അനുകൂലമായ ഒഴുക്കുണ്ടായിട്ടുണ്ടെന്ന സൂചന നൽകുന്നതായും അവർ പറയുന്നു.

എസ്.ഐ.ആറിലൂടെ പട്ടികയിൽനിന്ന് മരിച്ചവരെയും ഇരട്ട വോട്ടുള്ളവരെയും എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാത്തവരെയുമൊക്കെ ഒഴിവാക്കിയുള്ള ശുദ്ധീകരണമാണ് നടന്നത്. അന്തിമപട്ടികയിൽ പുതിയ വോട്ടർമാർകൂടി എത്തിയതോടെ 2021-നെ അപേക്ഷിച്ച് 3.06 ലക്ഷം വോട്ടർമാരുടെ കുറവാണ് ഇക്കുറി ഉണ്ടായത്.

വ്യാഴാഴ്ച രാവിലെ ബൂത്തുകളിലേക്ക് വോട്ടർമാർ ഒഴുകിയെത്തിയതും ആദ്യമണിക്കൂറുകളിൽ വോട്ടിങ് നില കുതിച്ചുയർന്നുകൊണ്ടിരുന്നതും തുടക്കത്തിൽ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, മിക്ക ജില്ലകളിലും ഉച്ചയ്ക്കുശേഷമുള്ള ഒഴുക്ക് സാധാരണ നിലയിലായിരുന്നു. പോളിങ് ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾത്തന്നെ വോട്ടിങ് നില 16.23 ശതമാനത്തിലെത്തി. 11 മണിക്ക് ഇത് 33.28. ഒരുമണിയോടെ 49.7. രണ്ടോടെ 52.32 എന്നിങ്ങനെയായിരുന്നു ശതമാനം.

കഴിഞ്ഞതവണ കുറഞ്ഞ പോളിങ് (69.62) രേഖപ്പെടുത്തിയ പത്തനംതിട്ടയിൽ പോലും ഈ സമയമായപ്പോഴേക്കും 51.89 ശതമാനത്തിലെത്തിയിരുന്നു. ഈ നിലതുടർന്നാൽ പോളിങ് ശതമാനം 90-ൽ എത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. എന്നാൽ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 78.27 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ എസ്.ഐ.ആറിന് ശേഷം നഗരവോട്ടുകളിൽ വലിയ കുറവുണ്ടായി. എസ്.ഐ.ആർ. വന്നശേഷം ഒഴിവാക്കപ്പെട്ട വോട്ടുകൾ ചേർക്കാൻ ഗ്രാമങ്ങളിൽ രാഷ്ട്രീയപാർട്ടികൾതന്നെ മുൻകൈയെടുത്തപ്പോൾ നഗരങ്ങളിൽ പാർട്ടികൾ അതിനായി ശ്രദ്ധിച്ചില്ല. നഗരങ്ങളിൽ പലരും വോട്ടില്ലെന്ന് തിരിച്ചറിഞ്ഞതുപോലും വോട്ടർസ്‌ലിപ്പ് കിട്ടാതായപ്പോഴാണ്. എസ്.ഐ.ആറിന് ശേഷം വോട്ടുകളിൽ വലിയ കുറവുവന്നത് എറണാകുളം മണ്ഡലത്തിലാണ്.

2021 ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 30,800 വോട്ടുകൾ ഇക്കുറി എറണാകുളത്ത് കുറവുവന്നിട്ടുണ്ട്. നഗരങ്ങളിലാണ് ഒഴിവാക്കപ്പെട്ട വോട്ടുകൾ കൂടുതലായും വീണ്ടും ചേർക്കപ്പെടാതിരുന്നത്. തൃക്കാക്കരയിൽ 25,775 വോട്ടും തൃപ്പൂണിത്തുറയിൽ 24,461 വോട്ടും കൊച്ചിയിൽ 14,840 വോട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറവാണ്. 708 പേർ മാത്രം ഒഴിവായിപ്പോയ പെരുമ്പാവൂരിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറവ് വോട്ടുവ്യത്യാസമുള്ളത്.

അതേസമയം, കേരളത്തിനൊപ്പം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും റെക്കോർഡ് പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. അസമിൽ 85.91 ശതമാനവും പുതുച്ചേരിയിൽ 89.87 ശതമാനവും ആണ് രേഖപ്പെടുത്തിയത്. എന്നാൽ, അസമിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം ഉണ്ടായിരുന്നില്ല.