
അനിയൻ നവനീത്, അമ്മ ഷിജിന, അച്ഛൻ സ്മിജു എന്നിവർക്കൊപ്പം സനൂന |ഫോട്ടോ: പി. കൃഷ്ണപ്രദീപ്
കോഴിക്കോട്: എലത്തൂര്‍ സിഎംസി ഗേള്‍സ് സ്കൂളില്‍ കുട്ടികള്‍ക്ക് ടിടി എടുക്കാന്‍ എത്തിയതാണ് മെഡിക്കല്‍ സംഘം. കുട്ടികളുടെ ബിപി പരിശോധിക്കുന്നതിനിടെ പത്താം ക്ലാസുകാരി സനൂനയുടെ ബിപി കണ്ട് സംഘം ഞെട്ടി-180/90. ഒരു ചെറിയ കുട്ടിക്ക് എങ്ങനെ ഇത്ര ഉയര്‍ന്ന ബിപിയെന്ന് എല്ലാവരും അമ്പരന്നു. മെഡിക്കല്‍ സംഘവും അധ്യാപകരും മാറിമാറി ചോദിച്ചു: ''മോള്‍ക്ക് എന്താ ടെന്‍ഷന്‍? എന്തെങ്കിലും വിഷമം ഉണ്ടോ...'' അതുവരെ പിടിച്ചുനിന്ന അവള് കരഞ്ഞു.
കുറച്ചുനാള്‍മുന്‍പ്
പഠിക്കാന്‍ മിടുക്കിയായ സനൂന പത്തിലെത്തിയപ്പോള്‍ ഒരു കുറവും വരരുതെന്ന് ആഗ്രഹിച്ച് വീട്ടുകാര്‍ ട്യൂഷന് ചേര്‍ത്തു. അമ്മയ്ക്ക് കിട്ടുന്ന വികലാംഗ പെന്‍ഷനായ 1600 രൂപ ഫീസ് കൊടുക്കാനായി മാറ്റിവെച്ചു. ഗര്‍ഭാശയ സംബന്ധ അസുഖത്തിന് സ്ഥിരമായി കഴിച്ചിരുന്ന മരുന്ന് നിര്‍ത്തിയായിരുന്നു അത്. എന്നാല്‍, ആര്‍ത്തവം വന്നപ്പോള്‍, മരുന്നു കഴിക്കാത്തതിനാല്‍ ബ്ലീഡിങ് നില്ക്കാതായി. എവിടെ നിന്നോ തപ്പിപ്പിടിച്ച് ഗുളികയ്ക്കുവേണ്ട 20 രൂപ മകളെ ഏല്‍പ്പിച്ചു. സനൂന മെഡിക്കല്‍ ഷോപ്പിലെത്തിയപ്പോള്‍ ഒരു ഗുളികയ്ക്ക് 50 രൂപ. വിലകൂടിയത് അമ്മയ്ക്കറിയില്ലായിരുന്നു. ബസിന് കൊടുക്കാന്‍ അച്ഛന് നല്കിയ പൈസകൂടി ചേര്‍ത്ത് ഒരു ഗുളികയും വാങ്ങി നനഞ്ഞകണ്ണോടെ അവള് തിരിച്ചുനടന്നു. 20-ല്‍നിന്ന് 50 രൂപയിലേക്ക് അവര്‍ക്ക് ഒരുപാട് ദൂരമുണ്ട്.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്...
ഒരു വീടിനായി, അച്ഛനോ അമ്മയ്ക്കോ ഒരു ജോലിക്കായി, കേള്‍വിശക്തി ഇല്ലാത്ത അമ്മ ഷിജിനയുടെ കൈയുംപിടിച്ച് നാലാം ക്ലാസുമുതല്‍ കളക്ടറേറ്റിലും കോര്പ്പറേഷന് ഓഫീസിലും സനൂന കയറിയിറങ്ങിയതിന് കണക്കില്ല. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത അച്ഛന് സ്മിജുവിനും ഷിജിനയ്ക്കും എന്നും കേള്‍വിയും വാക്കുമാണ് മകള്‍ സനൂന. കുടുംബസ്വത്ത് ഭാഗംവെച്ചതോടെ ഒന്‍പത് വര്‍ഷമായി വാടകവീടുകളിലാണ് താമസം. എലത്തൂര്‍ ചെട്ടികുളത്താണിപ്പോള്. 6000 രൂപയാണ് വാടക. സ്മിജുവിനും ഷിജിനയ്ക്കും കിട്ടുന്ന വികലാംഗ പെന്‍ഷനാണ് സ്ഥിരവരുമാനം. ആളുകള്‍ വിളിക്കുമ്പോള്‍ സ്മിജു വെല്‍ഡിങ് പണിക്കും പോകും.
വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതുമുതല്‍ വാടകയും അമ്മയുടെ മരുന്നും അനിയന് നവനീതിന്റെ പഠനവും ബസ് കൂലിയും ട്യൂഷന് ഫീസും തുടങ്ങി ഒരുപാട് കാര്യങ്ങളാണ് സനൂനയുടെ ഉള്ളില്‍.
ലൈഫ് പദ്ധതിയില്‍ വീടിന് അര്‍ഹത ഉണ്ടെങ്കിലും സ്ഥലമില്ല. കണ്ടെത്തിയ മൂന്നു സെന്റ് വാങ്ങാന്‍ ഇനിയുംവേണം ഏഴുലക്ഷം. എന്നാല്‍, ഏഴുരൂപപോലും ഇവരുടെ കൈയില്‍ അധികമായി ഇല്ല.
ഫുട്ബോളിനോടുള്ള താത്പര്യംകണ്ട് പാപ്പന് പരിശീലനത്തിനായി യൂണിവേഴ്സല്‍ സോക്കര്‍ അക്കാദമിയില്‍ ചേര്‍ത്തു. അനിയന് ജെഴ്സി വാങ്ങാന്‍ സനൂന പൊട്ടുകമ്മല് വിറ്റു. പലപ്പോഴും സമീപത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് സഹായവുമായി നില്‍ക്കുന്നത്. ഒരു വീടും അച്ഛനോ, അമ്മയ്ക്കോ ചെറിയ വരുമാനവും ആയാല്‍ കുറയുമായിരിക്കും ആ കുഞ്ഞുശരീരത്തിലെ ഉയര്‍ന്ന ബിപി.
Content Highlights: A 10th-grade student`s dangerously high BP during a routine check-up revealed immense stress and family struggles. Discover her story and how you can help
Published: 16 Nov 2025, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented