
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കൃത്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന് എസ്എന്‍ഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ത്രികോണ മത്സരത്തിന്റെ ഗുണം കൃത്യമായി എല്‍ഡിഎഫിന് കിട്ടും. ഭൂരിപക്ഷ വോട്ടുകള്‍ പിടിച്ചു നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. വിഡി സതീശന്റെ ഗ്രാഫ് കുത്തനെ താഴ്ന്നു. ധിക്കാരിയായ നേതാവായി വിഡി സതീശന്‍ മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
30 വര്‍ഷം ഒരു സാമുദായിക പ്രസ്ഥാനത്തിന്റെ അമരക്കാരനായി താങ്കള്‍ ഇവിടെയുണ്ട്. എങ്ങനെയാണ് എസ്എന്‍ ട്രസ്റ്റിന്റെയും എസ്എന്‍ഡിപിയുടെയും അമരത്തേക്ക് വരുന്നത്. വഴിതെറ്റി വന്നതാണെന്ന് കേട്ടിട്ടുണ്ട്, അതെക്കുറിച്ച് പറയാമോ?
വഴിതെറ്റിയല്ല, ട്രാക്ക് തെറ്റി വന്നയാളാണ് ഞാന്‍. ഞാന്‍ ഒരു നല്ല കോണ്‍ട്രാക്ടര്‍ ആയിരുന്നു. കൊങ്കണ്‍ റെയില്‍വേയുടെ നിര്‍മാണമാണ് അവസാനം ചെയ്തത്. ആ സമയത്താണ് ശിവഗിരിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ശാശ്വതീകാനന്ദ സ്വാമിയും വിഎസ് അച്യുതാനന്ദനും ഉള്‍പ്പെടെയുള്ളവര്‍ എസ്എന്‍ഡിപി യോഗത്തിലേക്ക് മത്സരിക്കണം എന്ന് ആവശ്യപ്പെടുന്നത്. രാഘവന്‍ വക്കീലിനെയൊക്കെ വിജയിപ്പിക്കാന്‍ ഞാന്‍ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി നിന്നിട്ടുണ്ട് എന്നതല്ലാതെ ഇതിനുമുമ്പ് സ്ഥാനാര്‍ത്ഥി ആയിട്ടില്ല. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയായി. തണ്ടന്‍, മണ്ടന്‍, കള്ളുകുടിയന്‍, കള്ളു കച്ചവടക്കാരന്‍, കുടവയറന്‍ ഈ സംഘടനയെ നയിക്കാന്‍ കഴിവില്ലാത്തവന്‍ അങ്ങനെ പല അധിക്ഷേപങ്ങളും കേട്ടു. പക്ഷേ ഞാന്‍ ആരാണെന്ന് ഈ നാട്ടുകാര്‍ക്കറിയാം, ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ എന്റെ നാട്ടിലെ സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങുകയും അവരുടെ ദുഃഖവും ദുരിതവും തൊട്ടറിയുകയും ചെയ്തയാളാണ് ഞാന്‍. ഓരോ വീടിന്റെയും മുന്നില്‍ പോയിരുന്നു അവരുടെ സങ്കടം കേള്‍ക്കുകയും അവരുടെ കണ്ണീരൊപ്പാന്‍ വേണ്ടതെല്ലാം ചെയ്യുകയും ചെയ്തിട്ടുണ്ട്. പാവങ്ങളെ സ്‌നേഹിക്കുക, സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുക എന്ന മുദ്രാവാക്യവാണ് ഞാന്‍ എന്റെ ജീവിതത്തില്‍ സ്വീകരിച്ചത്. എന്റെ തൊഴിലും ഈ സമുദായ പ്രവര്‍ത്തനവും സാമൂഹ്യ പ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കില്ല എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ തൊഴില്‍ പൂര്‍ണമായി നിര്‍ത്തി. 24 മണിക്കൂറും സമുദായത്തിനും സംഘടനയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങി.
പലതരം അധിക്ഷേപങ്ങളൊക്കെ ഈ മുപ്പത് വര്‍ഷത്തിനിടെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും എങ്ങനെയാണ് ഒരു സ്ഥാനചലനം സംഭവിക്കാതെ ഇത്രയും വര്‍ഷം ഇവിടെ പിടിച്ചു നില്‍ക്കാന്‍ പറ്റിയത്.?
എനിക്കൊരു ചാനലില്ല, എനിക്ക് വേണ്ടി പറയാന്‍ കോപ്പി ഉള്ള ഒരു പത്രം പോലുമില്ല. എന്റെ പത്രവും ചാനലും ഇവിടുത്തെ ജനങ്ങളാണ്. ഞാന്‍ അവരുടെ ഇടയില്‍ നില്‍ക്കുകയല്ലേ സദാസമയവും. ആരെന്ത് എഴുതിയാലും എന്ത് പറഞ്ഞാലും അത് ഏല്‍ക്കാത്തത് ഞാന്‍ എപ്പോഴും ഇവിടുത്തെ ജനങ്ങളുമായി കമ്മ്യൂണിക്കേറ്റ് ചെയ്തുകൊണ്ടേയിരിക്കുന്നതുകൊണ്ടാണ്. ഞാന്‍ ജനങ്ങളുടെ ഇടയില്‍ എന്റെ സമുദായ അംഗങ്ങളുടെ ഇടയില്‍ ജീവിക്കുന്നു. അതുകൊണ്ട് ആരെന്ത് എഴുതിയാലും ഏശില്ല. എല്ലാവരും കരുതുന്ന് ഈ സംഘടനയെ നയിക്കുന്നത് എന്നത് ഏറെ പ്രയാസമുള്ള കാര്യമാണെന്നാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത് നിസ്സാരമാണ്. കൊച്ചു കുട്ടികളെ കൈവെള്ളയില്‍ കൊണ്ട് നടക്കുന്നതുപോലെയാണ് ഞാന്‍ ഈ സമുദായത്തെ കൊണ്ട് നടക്കുന്നത്.
ഈ 30 വര്‍ഷം കൊണ്ട് സമുദായത്തിന് വേണ്ടി ചെയ്ത കാര്യങ്ങളില്‍ താങ്കള്‍ പൂര്‍ണമായും തൃപ്തനാണോ? സമുദായത്തിന് വേണ്ടതെല്ലാം ചെയ്തു കൊടുക്കാന്‍ പറ്റിയോ?
ഞാന്‍ തൃപ്തനല്ല. അവര്‍ക്ക് വേണ്ടത് പൂര്‍ണമായും ചെയ്തുകൊടുക്കാന്‍ പറ്റിയിട്ടുമില്ല. കാരണം സമുദായത്തിന് വേണ്ടതെല്ലാം ചെയ്തു കൊടുക്കണമെങ്കില്‍ അധികാരം വേണം. എനിക്ക് അധികാരമില്ല, എനിക്ക് പറയാനല്ലേ സാധിക്കുയുള്ളൂ. ആര്‍ ശങ്കര്‍ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ആണ് വിദ്യാഭ്യാസ മേഖലയില്‍ ഈ സമുദായത്തിന് നീതി കിട്ടിയത്. അധികാരത്തില്‍ അധസ്ഥിതന്‍ വരണം, അധസ്ഥിത വിഭാഗത്തിന്റെ വേദനയും പ്രശ്‌നങ്ങളും അറിയാവുന്നവര്‍ വരണം, എന്നാല്‍ മാത്രമേ അവരുടെ ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും പരിഹാരമാവുകയുള്ളൂ. സമ്പൂര്‍ണ്ണ വിദ്യാഭ്യാസ നീതി ഈ സമുദായത്തിന് കിട്ടിയിട്ടുണ്ടോ? രാഷ്ട്രീയ നീതി ലഭിച്ചിട്ടുണ്ടോ? സാമ്പത്തിക നീതി കിട്ടിയിട്ടുണ്ടോ? ഇതൊന്നും വേണ്ടത്ര ലഭിച്ചിട്ടില്ല.
അത്തരം പ്രവര്‍ത്തനങ്ങളിലേക്ക് കൂടി വന്നാലല്ലേ താങ്കള്‍ ഉദ്ദേശിക്കുന്ന നവോത്ഥാനം പൂര്‍ണമാവുള്ളൂ. എന്തുകൊണ്ടാണ് താങ്കള്‍ക്കത് സാധ്യമാവാത്തത്?
പയ്യെത്തിന്നാല്‍ പനയും തിന്നാം, എസ്എന്‍ഡിപി ഒരു സമുദായ സംഘടനയാണ്. രാഷ്ട്രീയ പാര്‍ട്ടിയല്ല. പക്ഷെ ഞങ്ങള്‍ ഒരു രാഷ്ട്രീയ ശക്തി ആവുകയാണ് ഇപ്പോള്‍. ഇവിടെ ജാതിയും മതവും വര്‍ണ്ണവും വര്‍ഗ്ഗവും എല്ലാം ഉണ്ട്. അങ്ങനെയുള്ളിടത്ത് സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പട പൊരുതുകയാണ്. രാഷ്ട്രീയ അധികാരം ഇല്ല എന്നതാണ് അതിന് തടസ്സമായി കാണുന്നത്. രാഷ്ട്രീയാധികാരം ഇന്ന് മതശക്തികളുടെ കയ്യിലായി. പണ്ട് അങ്ങനെയല്ല. ആദര്‍ശ രാഷ്ട്രീയമാണ് അന്ന്. ആരാണ് സ്ഥാനാര്‍ത്ഥിയെന്നതില്‍ പേരോ ജാതിയോ ഒന്നും നോക്കാറില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ഓരോ സമുദായവും ഓരോ പാര്‍ട്ടി ഉണ്ടാക്കുകയാണ്. കേരള കോണ്‍ഗ്രസ് ബിഷപ്പുമാരാല്‍ നിയന്ത്രിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ സംഘടനയായി മാറി. മുസ്ലിം ലീഗ്, മുസ്ലിങ്ങളുടെ കൂട്ടായ്മയാണ്. അവരുടെ മത അധ്യക്ഷന്‍ അല്ലെങ്കില്‍ ആത്മീയ നേതാവ് നയിക്കുന്ന മുസ്ലീങ്ങളുടെ സംഘടനയാണ്. ഇങ്ങനെ വന്നപ്പോള്‍ ഇവിടെ ജനാധിപത്യം മരിച്ചുപോയി. മതാധിപത്യം ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു. ആദര്‍ശ രാഷ്ട്രീയത്തിന് വിലയില്ലാതെ വന്നു. ആദര്‍ശ രാഷ്ട്രീയവുമായി നിന്ന ഇടതുപക്ഷം പോലും അവരുടെ ആദര്‍ശം പുരപ്പുറത്ത് വച്ചുകൊണ്ട് അധികാരത്തില്‍ വരാന്‍ വേണ്ടി അവസരവാദ രാഷ്ട്രീയത്തിന് കൂട്ടുനിന്നു. ഇടത് പക്ഷം മുമ്പ് തള്ളിപ്പറഞ്ഞ പലരും ഇപ്പോള്‍ അവരുടെ കൂടെയാണ്.
കോണ്‍ഗ്രസും ഇടതുപക്ഷവും തിരഞ്ഞെടുപ്പില്‍ ജാതിക്ക് പ്രാമുഖ്യം നല്‍കുന്നു എന്നാണോ?
ഇടതുപക്ഷം ഈ കാര്യത്തില്‍ കുറെ പിടിച്ചുനിന്നു. എന്നാല്‍ ജാതിക്ക് പ്രാമുഖ്യം കൊടുക്കാതെ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പറ്റില്ലെന്ന് വര്‍ത്തമാനകാലത്തെ അനുഭവങ്ങള്‍ നിന്നും അവരും പഠിച്ചു. പിടിച്ചുനില്‍ക്കാന്‍ കഴിയാതെയായപ്പോള്‍ അവരും നിലപാട് മാറ്റി. അരൂരിലും ചേര്‍ത്തലയിലും അമ്പലപ്പുഴയിലും കായംകുളത്തും കുട്ടനാടും നേരത്തെ നിന്ന സ്ഥാനാര്‍ത്ഥികളായിരായിരുന്നുവെന്നും ഇപ്പോള്‍ ആരു നില്‍ക്കുന്നു എന്നതും നോക്കിയാല്‍ ഇത് വ്യക്തമാകും. എനിക്ക് പാര്‍ലമെന്ററി മോഹമില്ല. എനിക്ക് ആരുടെയും വോട്ടും വേണ്ട. അതുകൊണ്ട് ഞാന്‍ സത്യം വിളിച്ചു പറയും. ഞാനെന്റെ സമുദായത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് തരാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കാതെ പോകുന്നത് മറ്റ് സമുദായങ്ങളുടെ ശക്തിയുടെ മുന്നില്‍ ഞങ്ങളുടെ സമുദായ ശക്തിക്ക് പ്രസക്തിയില്ലാതെ പോകുന്നതുകൊണ്ടാണ്. ഇപ്പോള്‍ എന്തു പറഞ്ഞാലും ന്യൂനപക്ഷം എന്നാണ്. ഏത് പദ്ധതിയും പങ്കിടുമ്പോള്‍ ന്യൂനപക്ഷത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. ന്യൂനപക്ഷത്തിന് എവിടെയാണ് വീടില്ലാത്തത്, അവരെല്ലാം സമ്പന്നരായില്ലേ. ന്യൂനപക്ഷങ്ങള്‍ ഇന്ന് കേരളത്തില്‍ സമ്പന്നരാണ്. ഭൂരിപക്ഷമാണ് കീഴ്‌പോട്ടു പോയത്.
മലബാറിലെ എസ്എന്‍ഡിപിയുടെ പ്രവര്‍ത്തനങ്ങള്‍ അത്ര കാര്യക്ഷമമല്ല. എന്തുകൊണ്ടാണ് മലബാറില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ കഴിയാത്തത്. നേരത്തെ സിപിഎം അവരുടെ വലിയ ക്രെഡിറ്റ് ആയിട്ടാണ് എസ്എന്‍ഡിപിക്ക് മലബാറില്‍ ശക്തിയില്ല എന്നു പറഞ്ഞുകൊണ്ടിരുന്നത്.
അത് ഒരു പരിധിവരെ ശരിയാണ്. മലബാര്‍ പ്രദേശം ബ്രിട്ടീഷുകാരുടെ കയ്യിലായിരുന്നതിനാല്‍ ജാതിയുടെ പേരില്‍ വലിയ വിവേചനങ്ങള്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. ജാതിയുടെ പീഡനം ഏറെ അനുഭവിച്ച തിരുവിതാംകൂറിനോ തിരുക്കൊച്ചിയിലോ ഉണ്ടാകാവുന്ന വികാരവിചാരങ്ങള്‍ ഒന്നും മലബാര്‍ പ്രദേശുകാര്‍ക്ക് ഉണ്ടാകണമെന്നില്ല. അവരെല്ലാം പാര്‍ട്ടിക്ക് കീഴ്പെട്ടവരാണ്. ഞങ്ങള്‍ ശ്രീനാരായണ പ്രസ്ഥാനവും കൊണ്ട് അവിടെ ചെന്നാല്‍ അവര്‍ക്ക് അതിനോട് വലിയ താല്പര്യമില്ല. ഇവിടുന്ന് കുടിയേറി അവിടെ എത്തിയവരൊഴിച്ചാല്‍ ബാക്കി ആര്‍ക്കും ഇപ്പോളും വലിയ താല്പര്യമില്ല.
അവിടേക്ക് സംഘടന ശക്തിപ്പെടുത്തുന്നത് ആലോചനയിലില്ലേ?
തീര്‍ച്ചയായിട്ടും ഉണ്ട്. അവിടെ ഞങ്ങള്‍ പുറകോട്ട് പോകുന്ന പ്രശ്‌നമില്ല. അതിന് ഒരു അടിത്തറ വേണ്ടേ? മലബാറില്‍ എന്തെങ്കിലുമൊക്കെ സ്ഥാപിക്കാന്‍ അവസരം തരണമെന്ന് അതുകൊണ്ടാണ് പറയുന്നത്. പക്ഷേ ഒന്നും തരുന്നില്ല. മലപ്പുറത്തും വയനാടും കാസര്‍കോടും ഒന്നും ഞങ്ങള്‍ക്കൊന്നുമില്ല. ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തന്നാല്‍ കുറച്ചു മുന്നേറാം. എന്നാല്‍ ഞങ്ങളെ പച്ച തൊടീക്കില്ല എന്നതാണ് സ്ഥിതി.
താങ്കള്‍ എല്‍ഡിഎഫിന്റെ ഭാഗമാണ്, അല്ലെങ്കില്‍ എല്‍ഡിഎഫിനോട് ചേര്‍ന്നു നില്‍ക്കുന്ന സമയമാണ്. ഒന്‍പത് വര്‍ഷമായിട്ട് അവരാണ് ഇവിടെ ഭരിക്കുന്നത്. അതിനുശേഷവും താങ്കളുടെ ആവശ്യം നിറവേറ്റാന്‍ പറ്റാത്തത് എന്താണ്?
ഞാന്‍ എല്‍ഡിഎഫിനോട് ചേര്‍ന്നു നില്‍ക്കുന്ന ആളല്ല. ശരിയുടെ ഭാഗത്തോട് ചേര്‍ന്നു നില്‍ക്കുന്ന ആളാണ്. എനിക്ക് ശരി എന്ന് തോന്നുന്ന ഭാഗത്ത് ഞാന്‍ നില്‍ക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കപ്പെട്ടിട്ടില്ല എന്ന പ്രശ്‌നം എല്‍ഡിഎഫ് സര്‍ക്കാരിന് മുന്നിലും അവതരിപ്പിച്ചതാണ്. എന്നാല്‍ അങ്ങനെ ഒരു നയ രൂപീകരണം ഇതുവരെ ഉണ്ടായിട്ടില്ല, നയം ഉണ്ടാകുമ്പോള്‍ പരിഗണിക്കാം എന്നായിരുന്നു മറുപടി. കോളേജുകളില്‍ കൂടുതല്‍ കോഴ്‌സുകള്‍ ചോദിച്ചു, അതില്‍ കുറച്ചൊക്കെ തന്നു. എന്നാല്‍ പുതിയ കോളേജുകള്‍ അനുവദിക്കാത്തതില്‍ പിണറായി വിജയനോട് പരിഭവമില്ല. പിണറായിയെ തള്ളിയാല്‍ ആരെയാണ് കൊള്ളുക? കോണ്‍ഗ്രസ് ഇന്ന് കേരളത്തിലില്ല. മുസ്ലിം ലീഗ് എന്ന വടിയെ ഊന്നിയാണ് കോണ്‍ഗ്രസ് ഇവിടെ നില്‍ക്കുന്നത്. അതല്ലാതെ കേരളത്തില്‍ അവര്‍ക്ക് സ്വന്തമായി ഒരു ഐഡന്റിറ്റിയില്ല. പാര്‍ട്ടിയില്‍ ഒരാളെ ചേര്‍ക്കണമെങ്കില്‍ പോലും കോണ്‍ഗ്രസിന് മലപ്പുറത്ത് നിന്നും അനുവാദം വാങ്ങേണ്ട അവസ്ഥയാണ്. ബിജെപിയാണെങ്കില്‍ അടുത്തകാലത്തൊന്നും കേരളം ഭരിക്കാനും പോകുന്നുമില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍ താങ്കളെക്കുറിച്ച് പറയുന്നത് ശ്രീനാരായണ ഗുരുവിന്റെ പിന്‍ഗാമി എന്നാണ്. ഇത്രയും കാലമില്ലാത്ത ഒരു അംഗീകാരമാണ് ഇപ്പോള്‍ തരുന്നത്. അങ്ങനെ ഒരു ധാരണയിലേക്ക് അല്ലെങ്കില്‍ ഒരു ഒത്തുചേരലിലേക്ക് വരാന്‍ കാരണം എന്താണ്? എന്ത് ധാരണയാണ് നിങ്ങള്‍ തമ്മിലുള്ളത് ?
ഒരു ധാരണയും ഉണ്ടായിട്ടില്ല, ഞാന്‍ അദ്ദേഹത്തെ വിളിക്കാറു പോലുമില്ല. ഓരോരുത്തരും ഓരോ കഥകള്‍ ഉണ്ടാക്കുകയാണ്. ഞാന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നയാളാണ്. എന്റെ പ്രവര്‍ത്തനം കണ്ടപ്പോള്‍, ഞാന്‍ കുഴപ്പമില്ലെന്ന് തോന്നി അദ്ദേഹം അത് പറയാന്‍ നിര്‍ബന്ധിതനായതാണ്. അതല്ലാതെ ഒരു ധാരണയുമില്ല. എനിക്ക് രാഷ്ട്രീയ മോഹമില്ല, ഞാനിന്നുവരെ ഒരു സ്ഥാനമാനങ്ങളും ആവശ്യപ്പെട്ടിട്ടില്ല, എന്റെ ക്രെഡിബിലിറ്റി നഷ്ടപ്പെടുത്തിക്കൊണ്ട് ഒന്നും ആവശ്യപ്പെടുകയുമില്ല. ഞാന്‍ സത്യം പറയുമ്പോള്‍ പിണറായി വിജയന്റെ സ്തുതി പാഠകനാണെന്ന് എന്നെ ആരും വിശേഷിപ്പിക്കേണ്ട. ഞാന്‍ വീണ്ടും ചോദിക്കുന്നു, അദ്ദേഹത്തെ തള്ളിയാല്‍ കൊള്ളേണ്ടത് ആരെയാണ്?
താങ്കള്‍ ഇടത് അനുഭാവിയായിട്ട് അല്ലെങ്കില്‍ സഹയാത്രികന്‍ ആയിട്ടാണ് നില്‍ക്കുന്നത്. പക്ഷെ മകന്‍ ബിജെപിക്ക് ഒപ്പവുമാണ്. ഇത് പല വിമര്‍ശനങ്ങള്‍ക്കും കാരണമാവുന്നുണ്ട്.
ഞാനാരുടെയും ദല്ലാളല്ല. ഇടനിലക്കാരനുമല്ല. മോദി നല്ല മനുഷ്യനാണ്. അദ്ദേഹം ഇനിയും ഇന്ത്യ ഭരിക്കുമെന്നാണ് കരുതുന്നത്. കേരളത്തില്‍ പിണറായിയെ തള്ളിയാല്‍ കൊള്ളാനും വേറെയാരുമില്ല. ഞാന്‍ ആരുടെയും കമ്മീഷനും പറ്റുന്നില്ല. ഒരു മന്ത്രി മന്ദിരത്തിലും ഞാന്‍ ചെന്ന് നില്‍ക്കുന്നില്ല. എനിക്ക് മാങ്കുട്ടത്തിലിന്റെ സ്വഭാവമില്ല, എന്നെ ആരും കള്ളുഷാപ്പില്‍ കാണില്ല. അതിലൊക്കെ ആളുകള്‍ക്ക് അസൂയയുണ്ട്. അത് സഹിക്ക വയ്യാതെ പറയുന്നതല്ലാതെ മറ്റൊന്നും അതില്‍ ഇല്ല. ഞാന്‍ മുഴുവന്‍ സമയവും സമുദായ പ്രവര്‍ത്തനത്തില്‍ തുടരുകയാണ്.
കേരള രാഷ്ട്രീയത്തില്‍ താങ്കളൊരു അവിഭാജ്യ ഘടകമാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കും എന്നാണ് താങ്കളുടെ കണക്കുകൂട്ടല്‍?
നിലവിലെ സാഹചര്യമനുസരിച്ച് എല്‍ഡിഎഫ് അധികാരത്തില്‍ തുടരും. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് എല്‍ഡിഎഫിന്റെ ഐശ്വര്യമെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞല്ലോ. ഇവിടെ യുഡിഎഫിന് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ? നിങ്ങള്‍ ഒറ്റ കാര്യം മനസ്സിലാക്കണം, രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായതോടു കൂടി ബിജെപിയുടെ മുഖം മാറി. സ്വാഭാവികമായും ബിജെപി അടുത്ത തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുകയും അവരുടെ വോട്ട് ഷെയര്‍ കൂടുകയും ചെയ്യും. 20 ശതമാനം കോണ്‍ഗ്രസില്‍ നിന്നാണ് ബിജെപിക്ക് വോട്ട് പോവുക. കോണ്‍ഗ്രസിന് ഹൈന്ദവ വോട്ടുകള്‍ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നില്ല. കാരണം മുസ്ലിം ലീഗ് ചാടി കളിക്കെടാ കുഞ്ഞിരാമ എന്ന് പറയുമ്പോള്‍ കുഞ്ഞിരാമന്‍ കളിക്കുകയാണ് കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടി ഇരിക്കുമ്പോള്‍ പോലും മന്ത്രിമാരെയും വകുപ്പുകളും പ്രഖ്യാപിച്ചത് മലപ്പുറത്തല്ലേ. രാഷ്ട്രീയത്തില്‍ ഇതിനുമുമ്പ് ഇങ്ങനെയുള്ള സംഭവം ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ മോശമായികൊണ്ടിരിക്കുന്ന ഒരു സമയം കൂടിയാണിത്. അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ആ പ്രതിച്ഛായ മിനുക്കി എടുക്കാന്‍ പറ്റുമോ? പിണറായി വിജയന്‍ ഇനി മത്സരിക്കേണ്ടതുണ്ടോ? മാറി നില്‍ക്കണോ?
പിണറായി വിജയന്‍ മാറി നിന്നാല്‍ എല്‍ഡിഎഫ് പൂജ്യമായിപ്പോകും. ഇടതുപക്ഷത്ത് നിന്ന് മുഖ്യമന്ത്രിയായി നിന്ന് നയിക്കാന്‍ പിണറായിക്ക് സമനായി മറ്റൊരാളുമില്ല. പത്രമാധ്യമങ്ങളില്‍ പല വാര്‍ത്തകളും വരും എന്നാല്‍ അതൊക്കെ മാറും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉണ്ടാവുകയും അതിനുശേഷമുള്ള തിരഞ്ഞെടുപ്പില്‍ എഡിഎഫ് വീണ്ടും ഭരണത്തില്‍ വരികയും ചെയ്തത് കണ്ടതല്ലേ. പിണറായി മാറിയാല്‍ എല്ലാവരും ലീഡര്‍ ആവും, തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയശേഷം അദ്ദേഹം മാറിനിന്ന് മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയാലും 24 മണിക്കൂറില്‍ അടിച്ചു പിരിയും. അദ്ദേഹം തന്നെ നയിക്കുകയും അദ്ദേഹം തന്നെ ഭരിക്കുകയും വേണം അതിനുള്ള കഴിവുള്ളത് കൊണ്ടല്ലേ 2 ടേം ആയി ഭരിക്കുന്നത്. അദ്ദേഹത്തിന് പകരം വയ്ക്കാന്‍ ആളില്ല.
തിരഞ്ഞെടുപ്പ് വരുന്ന സമയത്ത് സാമുദായിക സ്ഥാനാര്‍ത്ഥിക്കാണോ പരിഗണന കൊടുക്കുക? അതല്ല എല്‍ഡിഎഫ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമോ?
സമുദായത്തിന് വേണ്ട പ്രാതിനിധ്യം കൊടുക്കണം. കാരണം ഈഴവ സമുദായത്തിന് വേണ്ടത്ര പരിഗണനയും പരിരക്ഷയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടതു വലത് പാര്‍ട്ടികള്‍ കൊടുക്കുന്നില്ല. സീറ്റ് പങ്കിടുമ്പോള്‍ ഞങ്ങളെ വെട്ടിനിരത്തുകയാണ്. അത് പാടില്ല. ഇടതായാലും വലുതായാലും പ്രശ്‌നാധിഷ്ഠിതമാണ് കാര്യങ്ങള്‍. ആരെ പിന്തുണയ്ക്കും എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ ശേഷം പറയാം.
വെള്ളാപ്പള്ളി നടേശന്‍ എന്ന വ്യക്തി അല്ലെങ്കില്‍ എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറി ആഹ്വാനം ചെയ്തതുകൊണ്ട് മാത്രം ഈ വോട്ടുകള്‍ മുഴുവനായിട്ടും എല്‍ഡിഎഫിലേക്ക് എത്തുമോ?
അങ്ങനെ ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. കേരളത്തില്‍ ഒരു സമുദായ നേതാവ് പറഞ്ഞാലും ആ സമുദായത്തില്‍ പെട്ട ആളുകളുടെ വോട്ടെല്ലാം അതനുസരിച്ച് പോള്‍ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതൊരിക്കലും നടക്കില്ല.
താങ്കളുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഒരാളായിരുന്നു മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എങ്ങനെയാണ് ആ ബന്ധം വഷളാകുന്നത്?
ഞങ്ങളുടെ സമുദായത്തോട് മുസ്ലിം ലീഗ് വഞ്ചന കാണിച്ചു. ഞങ്ങളെ കൂടെക്കൂട്ടി നേട്ടമുണ്ടാക്കിയിട്ട് അവര്‍ പറഞ്ഞ ഒന്നും ചെയ്തു തന്നില്ല. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി അവരുടെ കാര്യം അവര്‍ നടത്തി. ഞങ്ങളെ പരിഗണിച്ചില്ല. ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവര്‍ കൊണ്ടുപോയി. മലപ്പുറത്ത് ഞങ്ങളുടെ ഒരു സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്ത് തരാന്‍ പറഞ്ഞിട്ട് അതു പോലും തന്നിട്ടില്ല. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ എന്നെ വീണ്ടും ക്ഷണിച്ചു, നമ്മള്‍ ഒന്നിച്ചു നിന്ന് പിന്നോക്ക സമുദായ മുന്നണിയായി പ്രവര്‍ത്തിച്ച് ഇടതുപക്ഷത്തെ താഴെ ഇറക്കി, എന്നാല്‍ കാര്യമായി ഒന്നും ചെയ്ത് തരാന്‍ കഴിയാത്തതില്‍ കുറ്റബോധമുണ്ടെന്നും വീണ്ടും നമുക്ക് യോജിച്ചു പോവണം, സഹകരിക്കാനായി തയ്യാറാവണമെന്ന് കുഞ്ഞാലിക്കുട്ടി റിക്വസ്റ്റ് ചെയ്തു. ഇനി ഉണ്ടാവില്ലെന്നായിരുന്നു എന്റെ മറുപടി. കാരണം അവര്‍ പറഞ്ഞ ഒന്നും ചെയ്തിട്ടില്ല. ഇനി ഈ സമുദായത്തെയും കൊണ്ട് ചെന്നാല്‍ സമുദായം എന്നെ താഴെയിറക്കും എന്നാണ് കരുതുന്നത്. ഇപ്പോള്‍ കാണിക്കുന്ന സ്‌നേഹം ഭരണം കിട്ടാനുള്ള സ്‌നേഹം ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഇനി ചര്‍ച്ചയ്ക്ക് വന്നാല്‍ കൂടെ കൂടുമോ?
ആരോടും എപ്പോഴും ചര്‍ച്ച ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. വ്യക്തിബന്ധം നിലനിര്‍ത്താം. പക്ഷെ ഇനി സഖ്യത്തിലേക്ക് ഇല്ല. അത് ദോഷം ചെയ്യും.
താങ്കള്‍ മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയെ വിമര്‍ശിക്കുമ്പോള്‍ അത് കൊള്ളുന്നത് ആ സമുദായത്തിന് കൂടി അല്ലേ?
അല്ല അങ്ങനെ വ്യാഖ്യാനിക്കുന്നതാണ്. ഞാന്‍ മുസ്ലിം സമുദായത്തെ തള്ളി പറഞ്ഞിട്ടില്ല. മുസ്ലിം സമുദായത്തിലെ സമ്പന്നരുടെ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊടുക്കുന്നത് മുസ്ലിം സമുദായത്തിലെ സമ്പന്നര്‍ക്കല്ലേ. അതൊരു മലബാര്‍ പാര്‍ട്ടിയാണ്. അവര്‍ തിരുക്കൊച്ചിയിലെ മുസ്ലിം സമുദായത്തിന് എന്തെങ്കിലും ചെയ്തു കൊടുക്കുന്നുണ്ടോ?
പാര്‍ലമെന്റില്‍ നിയമസഭയില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം കൂടുന്നതില്‍ താങ്കള്‍ക്ക് അസഹിഷ്ണുത എന്തുകൊണ്ടാണ്?
ഇവിടെ സാമൂഹ്യ നീതി നടപ്പാക്കണം. മുസ്ലിമിനും ക്രിസ്ത്യാനിക്കും നായര്‍ക്കും പുലയനും എല്ലാം ഒരു പോലെ അവസരം കിട്ടണം. ഉള്ളവന്‍ പന പോലെ വളരുകയും ഇല്ലാത്തവന്‍ ഒന്നുമില്ലാതാവുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവരുത്. അങ്ങനെ സംഭവിക്കുന്നതിലാണ് അസഹിഷ്ണുത. ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതിന് തുല്യമായി ഭൂരിപക്ഷത്തെയും പരിഗണിക്കണം. അത് ഇരുപാര്‍ട്ടികളും ചെയ്യാത്തതുകൊണ്ടാണ് ബിജെപി ഇവിടെ വളരുന്നത്.
എല്‍ഡിഎഫിന്റെ ന്യൂനപക്ഷ പ്രീണനം കുറച്ചു നാളുകള്‍ക്ക് മുമ്പ് വരെ വലിയ ചര്‍ച്ചയായിരുന്നു.അതില്‍ തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. എല്‍ഡിഎഫിന് ന്യൂനപക്ഷ പ്രീണനം ഇപ്പോളും ഉണ്ടോ?
ന്യൂനപക്ഷ പ്രീണനം എല്‍ഡിഎഫിന് നേരത്തെ കുറച്ചു കൂടുതല്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ ഡിഗ്രി കുറച്ചു കുറഞ്ഞു. കാരണം അവരെ കൂടെ നിര്‍ത്തിയിട്ട് ഒരു പ്രയോജനവും ഇല്ലെന്ന് എല്‍ഡിഎഫ് തിരിച്ചറിഞ്ഞു. കാര്യം മനസ്സിലാക്കാന്‍ അല്പം വൈകിപ്പോയി എന്ന് മാത്രം. കാന്തപുരത്തെ ഉള്‍പ്പടെ കൂടെക്കൂട്ടിയിട്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ഒന്നും കിട്ടിയില്ലല്ലോ. അവരെ പരിധിവിട്ട് സഹായിച്ചും പ്രോത്സാഹിപ്പിച്ചും നടന്നിട്ട് ഗുണം കിട്ടിയില്ലെന്ന് മാത്രമല്ല, അര്‍ഹതയുള്ളതിനെക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയതില്‍ ഭൂരിപക്ഷത്തിന് പ്രതിഷേധവും ഉണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു.
വിഡി സതീശന്‍ എന്ന പ്രതിപക്ഷ നേതാവിനെ താങ്കള്‍ എങ്ങനെയാണ് വിലയിരുന്നത് ? പത്തില്‍ എത്ര മാര്‍ക്ക് കൊടുക്കും ?
രണ്ട് മാര്‍ക്ക്. രണ്ടു മാര്‍ക്ക് തന്നെ കഷ്ടിച്ചു കൊടുക്കാനുള്ള നിലവാരമേയുള്ളൂ. സതീശന്‍ നല്ല എംഎല്‍എ ആയിരുന്നു എന്നാല്‍ പ്രതിപക്ഷ നേതാവായപ്പോള്‍ പുള്ളി ആരോ ആണെന്ന് ഒരു തോന്നല്‍ കയറി. അഹംഭാവം വന്നു, അഹംഭാവം ആര്‍ക്ക് കയറിയാലും അതു നാശത്തിലേ കലാശിക്കൂ. വിനാശകാലേ വിപരീത ബുദ്ധി എന്നാണ്. പൊതുപ്രവര്‍ത്തകന് വിനയമാണ് വേണ്ടത്. എത്രയോ പ്രതിപക്ഷ നേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്ര ധിക്കാരപരമായി പെരുമാറുന്ന ഒരു പ്രതിപക്ഷ നേതാവിനെ കേരള ചരിത്രത്തില്‍ ഞാനിതുവരെ കണ്ടിട്ടില്ല. ധിക്കാരപരമാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. അടുത്ത മുഖ്യമന്ത്രി ആവാനുള്ള റിഹേഴ്‌സലാണ് ഇതെന്നാണ് അദ്ദേഹം കരുതുന്നത്. എന്നാല്‍ സതീശന് അതിനുള്ള മെയ്‌വഴക്കമില്ല. കെസി വേണുഗോപാല്‍ എത്രയോ വലിയ ആളാണ്, രമേശ് ചെന്നിത്തല വളരെ സീനിയറായ നേതാവാണ്. പക്ഷേ അവരുടെയൊന്നും വായില്‍ നിന്ന് ഇങ്ങനെയൊന്നും വരാറില്ല. അവരെല്ലാം ഇരുത്തം വന്ന നേതാക്കളാണ്. ഇത് ഇന്നലത്തെ മഴയില്‍ തളിര്‍ത്ത തകരയാണ്. പ്രായമുള്ളവരോട് പോലും അഹങ്കാരത്തോടെയും ധിക്കാരത്തോടെയുമാണ് വിഡി സതീശന്‍ സംസാരിക്കുന്നത്. അനുയായികളെ കൂടെ നിര്‍ത്താന്‍ പോലും പ്രതിപക്ഷനേതാവിന് കഴിയുന്നില്ല. സതീശന്‍ പറഞ്ഞാല്‍ ആരും ഒന്നും കേള്‍ക്കില്ല. അങ്ങനെ കേള്‍ക്കുമായിരുന്നെങ്കില്‍ രാഹുല്‍ മാങ്കൂട്ടം സഭയില്‍ വരില്ലായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിലയില്ലാത്ത നേതാവാണ് വിഡി സതീശന്‍.

മുസ്ലിം ലീഗ് എന്ന പാര്‍ട്ടി ഇല്ലെങ്കില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല എന്ന് താങ്കള്‍ പലതവണയായി പറഞ്ഞു. കോണ്‍ഗ്രസിന് അങ്ങനെ ഒരു അസ്തിത്വ പ്രശ്‌നം ഉണ്ടോ?
ഉണ്ടല്ലോ. മുസ്ലിം ലീഗിന്റെ വോട്ടില്ലാതെ ഒറ്റയ്ക്ക് നിന്നാല്‍ കോണ്‍ഗ്രസിന് ജയിക്കാനാവില്ല. കോണ്‍ഗ്രസ് വോട്ട് കുറെ ബിജെപിയിലും കുറെ കേരള കോണ്‍ഗ്രസിലും പോയി. ഇനി കോണ്‍ഗ്രസിന് ആരാണ് വോട്ട് ചെയ്യുക. ലീഗ് വോട്ടില്ലാതെ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. മലപ്പുറത്തു നിന്ന് പറയുന്നതനുസരിച്ച് തത്തമ്മേ പൂച്ച പൂച്ച എന്ന് പറയുകയാണ് കോണ്‍ഗ്രസ്. ലീഗ് എന്ന ഊന്നുവടി ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഒടിഞ്ഞുപോകും. ലീഗ് പോലെയുള്ള പാര്‍ട്ടികളുടെ അഹങ്കാരം തീരണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഒന്നാവണം എന്നാലേ ഇത് അവസാനിക്കൂ.
കെപിസിസി ഈഴവരെ തഴയുന്നതായിട്ട് തോന്നിയിട്ടുണ്ടോ?
കോണ്‍ഗ്രസില്‍ ഈഴവര്‍ അന്യം നിന്നുപോയി. ഒരു കാരണവശാലും കോണ്‍ഗ്രസ് ഈഴവരെ വളര്‍ത്തില്ല. ആര്‍ ശങ്കറിന് ശേഷം ആരും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. ഒരു എംഎല്‍എ മാത്രമേ ഇപ്പോള്‍ ഉള്ളൂ. അതും തഴയും. അടൂര്‍ പ്രകാശിനെ കെപിസിസിയില്‍ ഒരു പേരിന് നിര്‍ത്തിയതാണ്. എല്ലാം സീറ്റുകളും മറ്റു സമുദായത്തിന് കൊടുത്ത് ഈഴവനെ കെപിസിസി ഒതുക്കി.
യുഡിഎഫിന് ഭൂരിപക്ഷം കിട്ടില്ല എന്ന് പറഞ്ഞു. എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് അത് പറയുന്നത്?
ത്രികോണ മത്സരത്തില്‍ പ്രയോജനങ്ങള്‍ എല്ലാം തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടും. ഉണ്ണിയാടന്‍ ജയിച്ച മണ്ഡലത്തില്‍ എങ്ങനെയാണ് ബിന്ദു ടീച്ചര്‍ ജയിച്ചത്? അത് ബിജെപി വോട്ട് പിടിച്ചതുകൊണ്ടാണ്. കോണ്‍ഗ്രസ് വോട്ട് ബിജെപി പിടിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് വോട്ട് അതുപോലെ നില്‍ക്കുകയാണ്. ത്രികോണ മത്സരത്തിന്റെ ഗുണം എല്‍ഡിഎഫിന് കൃത്യമായി ലഭിക്കും. സതീശന്‍ 99 സീറ്റാണ് യുഡിഎഫിന് കിട്ടുമെന്ന് പറഞ്ഞത്. അവരെല്ലാം ഏതോ സ്വപ്ന ലോകത്തിലാണ്. ഒരു പ്രാവശ്യമല്ല പല പ്രാവശ്യം എണ്ണിയാലും 99 കിട്ടില്ല.
പ്രായം 90 ലേക്ക് അടുക്കുന്നു. എസ്എന്‍ഡിപിയുടെയും എസ്എന്‍ ട്രസ്റ്റിന്റെയും ഒക്കെ തലപ്പത്ത് ഇപ്പോഴും സജീവമായിട്ട് തന്നെ തുടരുകയാണ്. ഒരു തലമുറ മാറ്റത്തെക്കുറിച്ച് ആലോചനയുണ്ടോ?
ഒരു തിരഞ്ഞെടുപ്പിന്റെ വക്കില്‍ എത്തി നില്‍ക്കുമ്പോള്‍ ഇങ്ങനെ പറയേണ്ട ഒരു കാര്യമോ തീരുമാനമോ അല്ല അത്. സഹപ്രവര്‍ത്തകരുമായി ആലോചിച്ചു ഒരു തീരുമാനം എടുക്കും. കാത്തിരുന്നു കാണാം.
Content Highlights: vellappally natesan interview ldf vd satheesan kerala election
Published: 22 Sept 2025, 06:02 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented