റെ ചർച്ചകൾക്കും സമരങ്ങൾക്കും ശേഷം വിഡി സതീശനെ തന്നെ കേരളത്തിലെ മുഖ്യമന്ത്രിയായി തീരുമാനിച്ചിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാന്റ്. എംഎൽഎ മാരുടെ പിന്തുണ കെ.സി വേണുഗോപാലിനാണെങ്കിലും ഇതിനെയൊക്കെ മറികടന്നായിരുന്നു ഹൈക്കമാൻഡ് തീരുമാനം. ഈ അന്തർനാടകങ്ങളെക്കുറിച്ച്‌ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എം.എൻ. കാരശ്ശേരി സംസാരിക്കുകയാണ്.

To advertise here,

11 ദിവസത്തെ വലിയ സമരങ്ങൾ, ഇതുവരെ കോൺഗ്രസ് കാണാത്ത ചർച്ചകൾ, പ്രതിഷേധങ്ങൾ ഇതിനൊക്കെ ശേഷം വിഡി സതീശൻ തന്നെ മുഖ്യമന്ത്രിയായിരിക്കുകയാണ്. സുഗമമായിരിക്കുമോ മുന്നോട്ടു പോക്ക്?

ആദ്യം ഞാൻ കോൺഗ്രസ് ഹൈക്കമാൻഡിനെ അനുമോദിക്കുകയാണ്. വാസ്തവത്തിൽ ഹൈക്കമാൻഡ് എന്ന് പറഞ്ഞാൽ ജനങ്ങളായി മാറുന്ന കാഴ്ചയ്ക്കാണ് നമ്മൾ സാക്ഷ്യം വഹിച്ചത്. അത് ഹൈക്കമാൻഡ് തിരിച്ചറിഞ്ഞു എന്നുള്ളതാണ്. തിരഞ്ഞെടുപ്പ് ഫലം വന്നാൽ പത്ത് മിനിറ്റിനകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്ന് കെ.സി. വേണുഗോപാൽ നേരത്തെ പറഞ്ഞിരുന്നു.

പക്ഷെ പത്ത് ദിവസം കഴിഞ്ഞിട്ടാണ് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായത്. പൊതുവെ പാർട്ടിക്ക് അകത്തും മുന്നണിക്ക് അകത്തും ഐക്യം നിലനിർത്തുക എന്നുള്ളതാണ് സതീശൻ എടുത്ത ഏറ്റവും വലിയ പണി. കാരണം കോൺഗ്രസ് സംസ്‌കാരം എന്ന് പറഞ്ഞാൽ ഗ്രൂപ്പിന്റെ സംസ്‌കാരമാണ്. അവർക്ക് എല്ലാ കാലത്തും ഗ്രൂപ്പ് ഉണ്ട്. പക്ഷെ കഴിഞ്ഞ 10 വർഷമായിട്ട് ഗ്രൂപ്പ് ഇല്ല. ഇതിന് കാരണം അധികാരം ഇല്ല എന്നതാണ്.

സഭയ്ക്ക് അകത്തും പുറത്തും വലിയ പോരാട്ടം നയിക്കുന്നുണ്ട് സതീശൻ. അത് നമ്മൾ ടെലിവിഷനിലും പത്രങ്ങളിലും നവമാധ്യമങ്ങളിലും ഒക്കെ കാണുന്നതാണ്. വേറൊന്ന് അദ്ദേഹം പാർട്ടിക്കകത്തും മുന്നണിക്കകത്തും ഐക്യം നിലനിർത്തി എന്നതാണ്.തന്റെ പാർട്ടിയിലെ മുന്നണിയിലെ ഘടകകക്ഷികളായ മുസ്ലിം ലീഗുമായിട്ടും അതുപോലെ ആർഎസ്പിയുമായിട്ടും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമൊക്കെ ആയിട്ടും വളരെ നല്ല സൗഹാർദ ബന്ധം സതീശൻ കാത്തുസൂക്ഷിച്ചു. 

എല്ലാ കാര്യത്തിലും എപ്പോഴും അദ്ദേഹത്തിന് വളരെ സ്ഥിരമായ കർക്കശമായ നിലപാടുകൾ ഉണ്ടായിരുന്നു. ഉദാഹരണം പറഞ്ഞാൽ രാഹുൽ മാങ്കൂട്ടത്തിന്റെ കേസ് വന്നപ്പോൾ അദ്ദേഹത്തെ അകറ്റി നിർത്തണം എന്ന് പറഞ്ഞു. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ പി.വി അൻവറിനെ പിന്തുണക്കണം എന്ന് പറഞ്ഞപ്പോൾ അത് പറ്റില്ല എന്ന നിലപാട് എടുത്തു. പിന്നെ എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസ് നേതാവ് സുകുമാരൻ നായർ. ഇവരോടൊക്കെ സൗഹൃദം ഉണ്ടായിരുന്നുവെന്നതിന് അപ്പുറം അവരുടെയൊന്നും കാല് പിടിക്കാൻ പോയില്ല എന്നതും സതീശന്റെ ഗുണമായി പൊതുസമൂഹം കണ്ടു.

വെള്ളാപ്പള്ളി നടേശനും ജി സുകുമാരൻ നായരും കാന്തപുരം അബൂബക്കർ മുസ്ലിയാരും ഒക്കെ സതീശൻ മുഖ്യമന്ത്രി ആകുന്നതിന് എതിരായിരുന്നു. അത് തന്നെ അദ്ദേഹത്തിന്റെ യോഗ്യത കാണിക്കുകയായിരുന്നില്ലേ.നിലവിൽ കാൽനൂറ്റാണ്ട് കാലമായി അദ്ദേഹം എംഎൽഎ ആണ്. ഗ്രൂപ്പ് ഉണ്ടായിരുന്നുവെങ്കിൽ മന്ത്രി ആവുമായിരുന്നു. അദ്ദേഹത്തെ പിന്തുണച്ചതും അദ്ദേഹത്തിന്റെ വാക്ക് വിശ്വസിച്ച് വോട്ട് ചെയ്തതും കോൺഗ്രസുകാർ മാത്രമല്ല സിപിഎമ്മും നിഷ്പക്ഷരും വോട്ട് ചെയ്തു. അപ്പോൾ ആളുകൾ രാഷ്ട്രീയമായിട്ടാണ് വോട്ട് ചെയ്തത് സാമുദായികമായിട്ടല്ല എന്നതാണ് സത്യം.

ഇവിടുത്തെ ഒരു മുസ്ലിയാർ പറഞ്ഞാലും ഒരു ബിഷപ്പ് പറഞ്ഞാലും ഒരു വെള്ളാപ്പള്ളി പറഞ്ഞാലും ഒരു സുകുമാരൻ നായർ പറഞ്ഞാലും വോട്ട് ചെയ്യില്ല എന്ന് വന്നതാണ് സത്യം. നമ്മുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ ഏറ്റവും വലിയ തെളിവാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം. അതിന്റെ പ്രതിരൂപം എന്ന് പറയുന്നത് അതിന്റെ മുഖം എന്ന് പറയുന്നത് സതീശനാണ്.

ജനവികാരം മാനിച്ച് മാത്രമായിരിക്കില്ല മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലൊക്കെ കോൺഗ്രസിന്റെ തന്നെ എംഎൽഎമാർ തന്നെ പറഞ്ഞത്. ഇങ്ങനെ ജനവികാരം മാനിച്ചില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ പോലെ കോൺഗ്രസ് തകർന്നുപോവും എന്ന പേടിയാണോ ഹൈക്കമാൻഡിനെ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിക്കാൻ കാരണം?

തീർച്ചയായിട്ടും അങ്ങനെ ഉണ്ടല്ലോ അത് വസ്തുതയാണ്. 2006-ലും 2011-ലും ഒക്കെ വി.എസ്. അച്യുതാനന്ദന് ടിക്കറ്റ് കൊടുക്കേണ്ട എന്ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചല്ലോ. പക്ഷെ ജനരോഷം ഉണ്ടായി. എന്നിട്ട് എന്താണ് സംഭവിച്ചത്. പിന്നെ കണ്ടത് അച്യുതാനന്ദൻ മുഖ്യമന്ത്രിയാവുന്നതാണ്. അപ്പോൾ ആരാണ് പോളിറ്റ് ബ്യൂറോ? ജനങ്ങളാണ് പോളിറ്റ് ബ്യൂറോ. ഇപ്പോൾ ആരാണ് ഹൈക്കമാൻഡ്? ജനങ്ങളാണ് ഹൈക്കമാൻഡ്. പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തെക്കാൾ വലുതാണ് ജനവികാരം എന്ന പാർട്ടിക്ക് അകത്തും പുറത്തും ഉള്ള സമ്മർദം കൊണ്ടാണ് അന്ന് അച്യുതാനന്ദന് സീറ്റ് കിട്ടിയത്.

സതീശൻ തന്നെ ആയിരുന്നു ഐക്യമുന്നണിയുടെ മുഖ്യമന്ത്രിയെങ്കിൽ ഇത്രയും വൈകിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നോ?

ഇത്രയും വൈകിപ്പിച്ചത് കൊണ്ട് നഷ്ടം കോൺഗ്രസിനാണ്. കാരണം വിജയത്തിന്റെ ശോഭ മുഴുവൻ കോൺഗ്രസ് കളഞ്ഞു കുളിച്ചു. മാത്രമല്ല പാർട്ടിക്കകത്ത് ഇപ്പോൾ മൂന്ന് ഗ്രൂപ്പ് ഉണ്ടായി. വേണുഗോപാൽ ഗ്രൂപ്പ്, സതീശൻ ഗ്രൂപ്പ്, രമേശ് ചെന്നിത്തല ഗ്രൂപ്പ്. വേറൊരു കാര്യം കൂടി ഉണ്ടായി നമ്മുടെ എംഎൽഎമാരൊക്കെ എന്തൊക്കെ തരമാണെന്ന് മനസ്സിലാക്കാൻ ജനങ്ങൾക്ക് ഒരു അവസരം കിട്ടി. അതായത് ഇവരുടെയൊക്കെ മുഖം മൂടി അഴിഞ്ഞു വീണു. എന്തിന് എംഎൽഎമാർ ഇത്ര രഹസ്യമായിട്ട് എഴുതിക്കൊടുത്ത രേഖപോലും പുറത്തായി നാണം കെട്ടു.

എംപിമാർ മത്സരിക്കേണ്ട എന്ന് നേരത്തെ ഹൈ കമാൻഡ് തീരുമാനിച്ചതാണ്. കെ സി വേണുഗോപാൽ അടക്കമുള്ള നേതൃത്വമാണ് ഈ തീരുമാനം എടുത്തതും. അവസാനം ഇലക്ഷൻ വന്നപ്പോൾ കെ സി വേണുഗോപാൽ തന്നെ വളഞ്ഞ വഴിയിലൂടെ മുഖ്യമന്ത്രി ആവാനുള്ള ശ്രമമാണല്ലേ നടത്തിയത്?

അതെ, അതായത് കെ.സി വേണുഗോപാലിന്റെ നിലപാട് വളരെ അധാർമികമാണെന്നാണ് എന്റെ അഭിപ്രായം. 2024-ൽ അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിച്ചു. ജയിച്ചു. 2025-ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കാണുന്നു. അവിടെ യുഡിഎഫ് വൻ വിജയം നേടുന്നു. അന്ന് മുതൽ തുടങ്ങിയതാണ് കളി. എങ്കിലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. കെ സുധാകരൻ, അടുർ പ്രകാശ്, എം.കെ. രാഘവൻ തുടങ്ങിയവർക്കൊക്കെ മത്സരിക്കണം എന്നുണ്ടായിരുന്നു. അപ്പോൾ മറ്റുള്ളവരെ വെട്ടാൻ വേണ്ടിയായിരിക്കണം വേണുഗോപാൽ എംപിമാർ മത്സരിക്കേണ്ട എന്ന തത്വം അദ്ദേഹം കൊണ്ടുവന്നത്. എന്നാൽ പുതിയൊരു തത്വം കൊണ്ടുവന്നു. എംഎൽഎമാരുടെ ഭൂരിപക്ഷം നോക്കണമെന്ന തത്വം. അത് കള്ളക്കളിയാണെന്ന് ഉറപ്പല്ലേ?

രമേശ് ചെന്നിത്തല-വി ഡി സതീശൻ-വേണുഗോപാൽ ഇവർ മൂന്നുപേരുടെ പേരായിരുന്നു കേട്ടിരുന്നത്. രമേശ് തഴയപ്പെട്ടത് എങ്ങനെയാണ്?

രമേശ് ചെന്നിത്തലയോ വി.ഡി സതീശനോ എന്നുള്ള ചോദ്യത്തിന് ഒരു ന്യായമുണ്ട്. കാരണം അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച ആളാണ്. നേരത്തെ അഞ്ചു കൊല്ലം പ്രതിപക്ഷ നേതാവായിരുന്നു. അതിനു മുമ്പ് ആഭ്യന്തര മന്ത്രിയായിരുന്നു. കെപിസിസി പ്രസിഡന്റ് ആയിരുന്നു. പക്ഷേ കഴിഞ്ഞ അഞ്ചു കൊല്ലം ഈ പാർട്ടിയെയും മുന്നണിയെയും തിരഞ്ഞെടുപ്പിനെയും നയിച്ചത് സതീശനാണ്. അപ്പോൾ സതീശന് തന്നെയാണ് തീർച്ചയായും ക്ലെയിം. പക്ഷെ മുതിർന്ന നേതാവ് എന്ന നിലയിൽ രമേശിന് ക്ലെയിം ഉള്ളതാണ് എന്ന അവകാശവാദം ഉന്നയിക്കുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല.

കെ സി വേണുഗോപാലിന് ഒരു ക്ലെയിമും ഇല്ല. എം.പി ആയിട്ടുള്ള മറ്റുള്ളവർ മത്സരിക്കാൻ പാടില്ല എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം മത്സരിച്ചില്ല. എല്ലാം കഴിഞ്ഞ് പിന്നെ ജയിച്ച് കഴിഞ്ഞ ശേഷം ഒരു നോക്കുകൂലി വാങ്ങാൻ വന്ന ഒരാളെ പോലെയാണ് എനിക്ക് അദ്ദേഹത്തെ പറ്റി തോന്നിയത്.കുറച്ചുപേർ വിയർത്ത് പണിയെടുക്കുക കൂലി അദ്ദേഹം വാങ്ങുക അത് പറ്റില്ലല്ലോ. എങ്കിലും രമേശിന് കാര്യമായ ഒരു സ്ഥാനം മന്ത്രിസഭയിൽ ഉണ്ടാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

കെ സുധാകരൻ അടക്കം വലിയ പിന്തുണ ആയിരുന്നു കെ.സി വേണുഗോപാലിന് നൽകിയത്, പക്ഷെ ഒന്നും വിലപ്പോയില്ല എന്നതല്ലേ സത്യം?

കെ സുധാകരൻ ഒരു നിലപാടില്ലാത്ത നേതാവാണ്. നേതാവ് എന്നു പറഞ്ഞാൽ നിലപാടുള്ള ആളായിരിക്കണം. ഉദാഹരണം പറയാം. രാഹുൽ മാങ്കുട്ടത്തിന്റെ കാര്യം വന്നു. സതീശൻ അദ്ദേഹത്തെ മാറ്റി നിർത്തണം എന്ന ഒരു നിലപാട് എടുത്തു. ആ നിലപാടിനെ ഒരു ദിവസം അനുകൂലിച്ച സുധാകരൻ പിറ്റേന്ന് നിലപാട് മാറ്റുന്നതാണ് കണ്ടത്. സതീശന്റെ നിലപാടിന് ഒരു പ്രാധാന്യവും കിട്ടി പോകരുത് എന്ന കണക്കിലാണ് അങ്ങനെ സുധാകരൻ പറഞ്ഞത്. സമാനമായിരുന്നു പി.വി അൻവറിന്റെ കാര്യത്തിലും. ഈ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ തന്നെ നാലഞ്ചു ദിവസം യുഡിഎഫിന്റെ മുഴുവൻ പ്രചരണ പ്രവർത്തനങ്ങളെയും മന്ദിപ്പിച്ച ആളാണ് സുധാകരൻ. അത് കഴിഞ്ഞ് പിന്നെ അദ്ദേഹം പറഞ്ഞു രമേശ് മുഖ്യമന്ത്രിയാവണമെന്ന്. രണ്ട് ദിവസം കഴിഞ്ഞ് പറഞ്ഞു വേണുഗോപാലിനാണ് പിന്തുണയെന്ന്. ഇതാണ് ഞാൻ പറഞ്ഞത് നിലപാടില്ല.

ഇത്ര വലിയൊരു ജനരോഷം ഒരുപക്ഷേ കോൺഗ്രസ് പോലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല എന്നത് സത്യമല്ലേ?

ഷാഫി പറമ്പിലിനെ പോലെയുള്ള വലിയ സ്റ്റാർ ആയിട്ടുള്ള അവരുടെ എംപിമാരടക്കം വിമർശിക്കപ്പെട്ടു. പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമടക്കം എതിരെ അടക്കം പോസ്റ്ററുകൾ വന്നു. നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എ കെ ആന്റണി, വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരൊക്കെ സതീശന് വേണ്ടിയാണ് നിന്നത്. അതിന്റെ കാരണം അവർക്ക് മനസ്സിലായി.അല്ലെങ്കിൽ ജനരോഷമുണ്ടാകുമെന്നും. പണ്ട് റായ്ബറേലിയിൽ ഇന്ദിരാഗാന്ധിയെ വരെ തോൽപിക്കാൻ അവിടെയുണ്ടായിരുന്ന നിരക്ഷരർ ആയ വോട്ടർമാർക്ക്‌സാധിച്ചിട്ടുണ്ട് എന്നതെങ്കിലും ഓർക്കണ്ടെ. ജനങ്ങളാണല്ലോ എല്ലാത്തിനും മേലെ ഇത് മുതിർന്ന നേതാക്കൾക്ക് മനസ്സിലായി. അതിന്റെ ഫലമാണ് സതീശന്റെ മുഖ്യമന്ത്രി സ്ഥാനം. ജനങ്ങൾ ആളുകളെ തിരഞ്ഞുപിടിച്ചാണ് തോൽപ്പിച്ചത്. ശശിയെ തോൽപ്പിച്ചു, കെ.ബി.ഗണേഷ്‌കുമാറിനെ തോൽപ്പിച്ചു. അപ്പോൾ രാഷ്ട്രീയ പ്രബുദ്ധതയാണ് നമ്മൾ കണ്ടത്.

സഖ്യകക്ഷികളൊന്നും ഇതിൽ വലിയ അഭിപ്രായം ഒന്നും പറയേണ്ട എന്നായിരുന്നു ചിലരുടെ നിലപാട്?

അതൊക്കെ അസംബന്ധമല്ലേ? എന്താണെന്ന് വെച്ചാൽ ഈ ഈ 140 മണ്ഡലങ്ങളിലും കൂടിയ അളവിലോ കുറഞ്ഞ അളവിലോ അവർക്ക് വോട്ട് ഉണ്ടായിട്ടാണല്ലോ ചില പാർട്ടികളെ സഖ്യകക്ഷി ആക്കിയിരിക്കുന്നത്. ഇപ്പോൾ മുസ്ലിം ലീഗിന്റെ 22 മെമ്പർമാർക്ക് ഇവർ വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ കോൺഗ്രസിന്റെ 63 മെമ്പർമാർക്കും ലീഗുകാരും വോട്ട് ചെയ്തിട്ടുണ്ടല്ലോ. അതുപോലെ ജോസഫ് ഗ്രൂപ്പ്, ആർഎസ്പി ഒക്കെ വോട്ട് ചെയ്തിട്ടില്ലേ? കഴിഞ്ഞ പത്തുകൊല്ലം അവര് യുഡിഎഫിന്റെ കൂടെ നിന്നില്ലേ? അപ്പോ അങ്ങനെ നിന്ദിച്ച് വർത്തമാനം പറയാൻ പാടില്ല. അത് ഹസ്സൻ പറഞ്ഞാലും ലിജു പറഞ്ഞാലും മാത്യു കുഴൽനാടൻ പറഞ്ഞാലും തെറ്റാണത്.

സതീശൻ മുഖ്യമന്ത്രി ആയ ശേഷം ലീഗിന്റെ ആവശ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് വഴങ്ങി എന്നൊക്കെയാണ് സിപിഎം സൈബർ ഹാൻഡിലുകളിൽ നിന്നൊക്കെ വരുന്ന വിമർശനം?

അതിലൊന്നും കാര്യമില്ല. സുകുമാരൻ നായർക്കും വെള്ളാപ്പള്ളിക്കുമൊക്കെ ഇതിനെകുറിച്ച്‌ പ്രത്യേകിച്ച് ധാരണയൊന്നും ഇല്ലാഞ്ഞിട്ട് പറയുകയാണ്.
അവരുടെയൊക്കെ വാക്കിന് ജനം അത്രയേ വില കൽപിക്കുന്നുള്ളൂ. അതുകൊണ്ട് വെള്ളാപ്പള്ളി നടേശനൊക്കെ എന്തുംപറയാം? അദ്ദേഹത്തെ വിലമതിച്ച ഒരേ ഒരാൾ പിണറായി വിജയനാണ്. പിണറായി വിജയന് ജീവിതത്തിൽ പല അബദ്ധങ്ങളും പറ്റിയിട്ടുണ്ട്. ഞാൻ പലവട്ടം പറഞ്ഞതാണ് വെള്ളാപ്പള്ളി നടേശനാണ് മിത്രമെങ്കിൽ പിണറായി വിജയന് വേറെ ശത്രു വേണ്ടി വരില്ല എന്ന് അതിന്റെ ഫലമാണ് ഇപ്പോൾ ഉണ്ടായത്.

വെള്ളാപ്പള്ളി നടേശൻ ആരെയൊക്കെ തോൽപ്പിക്കണം എന്ന് പറഞ്ഞോ അവരെയൊക്കെ ജനം ജയിപ്പിച്ചിട്ടുണ്ട്. ആരെയൊക്കെ ജയിപ്പിക്കണം എന്ന് പറഞ്ഞോ അവരെയൊക്കെ തോൽപ്പിച്ചിട്ടുമുണ്ട്. ഒരു ബിഷപ്പിനും ഒരു മുസ്ലിയാർക്കും ഒരു സുകുമാരൻ നായർക്കും ഒരു വെള്ളാപ്പള്ളിക്കും ഒന്നും പ്രത്യേകിച്ച് ഒരു റോളും ഇല്ല. ഇവിടുത്തെ ജനങ്ങൾ വോട്ട് ചെയ്യുന്നത് ഈ മതപുരോഹിതന്മാരെയോ മതപണ്ഡിതന്മാരെയോ സമുദായ നേതാക്കന്മാരെയോ മത മേലധ്യക്ഷന്മാരെയോ നോക്കിയിട്ടല്ല എന്ന് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ശരിക്കും തെളിച്ചെഴുതിയിട്ടുണ്ട്.