''പുഷ്പനെ അറിയാമോ
ഞങ്ങടെ പുഷ്പനെ അറിയാമോ 
സഖാവിനെ അറിയാമോ 
ആ രണഗാഥ അറിയാമോ''
 എന്ന വിപ്ലവ ഗാനം കേരളത്തിലെ സി.പി.എം പരിപാടികളിലെല്ലാം നിറഞ്ഞ് കേള്‍ക്കാറുണ്ട്. സ്വാശ്രയ സമര പോരാളി, കൂത്തുപറമ്പ് വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷി, പുഷ്പനെ കുറിച്ചുള്ളതാണ് ഇന്നും അണികളില്‍ ആവേശം പടര്‍ത്തുന്ന ഈ വിപ്ലവ ഗാനം. ഇതിവിടെ പരാമര്‍ശിച്ചതിന്റെ കാരണം സ്വാശ്രയ നയത്തിനെതിരേ പോരാടി പോലീസിന്റെ വെടിയേറ്റ് നട്ടെല്ല് തകര്‍ന്ന് പുഷ്പന്‍ എന്ന ജീവിക്കുന്ന രക്തസാക്ഷിയുള്ള ഒരു പാര്‍ട്ടിയുടെ സര്‍ക്കാര്‍ സ്വകാര്യ വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാമെന്ന് ബജറ്റില്‍ തന്നെ പ്രഖ്യാപിച്ചിന്റെ പശ്ചാത്തലത്തിലാണ്. പാര്‍ട്ടി നയത്തിന് വിരുദ്ധമായി ബജറ്റില്‍ പ്രഖ്യാപനമുണ്ടായതോടെ പാർട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐ തന്നെ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും സ്വകാര്യ വിദേശ സര്‍വകലാശാലകളെ സ്വാഗതം ചെയ്യുകയാണ് കേരളത്തിലെ  സി.പി.എം നേതൃത്വം.  

To advertise here,

 ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സര്‍വകലാശാലകളെ ക്ഷണിച്ചുകൊണ്ടുള്ള ആഗോളവിദ്യാഭ്യാസ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കിയ ടി.പി. ശ്രീനിവാസനെന്ന മുന്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനെ തെരുവില്‍ എസ്.എഫ്.ഐ. വിദ്യാര്‍ഥികള്‍ കൈകാര്യം ചെയ്യുന്നതിന് പോലും കേരളം മുമ്പ് സാക്ഷിയാകേണ്ടി വന്നു. തിരുവനന്തപുരത്ത് വെച്ച് 2016 ജനുവരി 29 നായിരുന്നു സംഭവം. ഒടുവില്‍ അന്നത്തെ സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനടക്കമുള്ളവര്‍ക്ക് ടി.പി. ശ്രീനിവാസനോട് ക്ഷമ ചോദിക്കേണ്ടിയും വന്നു. സംഭവം എട്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ സഹായകരമാണെങ്കില്‍ വിദേശ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കുമെന്ന് ബജറ്റില്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് എല്‍.ഡി.എഫ്. ഈയൊരു സാഹചര്യത്തില്‍ ടി.പി. ശ്രീനിവാസന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിക്കുകയാണ്.

placeholder
പുഷ്പൻ സി.പി.എം നേതാക്കൾക്കൊപ്പം | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
  • വിദേശ സര്‍വകലാശാലകളെ ക്ഷണിച്ചുകൊണ്ടുള്ള ആഗോള വിദ്യാഭ്യാസ സെമിനാറിന്റെ പേരിലായിരുന്നല്ലോ താങ്കള്‍ക്ക് തെരുവില്‍ മര്‍ദനമേറ്റത്. ഇന്ന് ഇതേ വിദേശ സര്‍വകലാശകള്‍ക്ക് അനുമതി നല്‍കുമെന്ന് ബജറ്റില്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇടതുപക്ഷം. ഈ നയം മാറ്റത്തില്‍ ഇപ്പോള്‍ എന്താണ് തോന്നുന്നത്?

വിദേശ സര്‍വകലാശാലകള്‍ ആവാമെന്ന സി.പി.എമ്മിന്റെ നയം മാറ്റം സ്വാഗതാര്‍ഹമാണ്. പക്ഷെ ഇത് നടപ്പിലാക്കാനുള്ള തീരുമാനമെടുക്കാന്‍ വൈകിക്കൂട. നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് ഇത്രയും കാലം അവസരം നഷ്ടപ്പെട്ടുവെന്ന് മാത്രമാണ് എനിക്ക് ഇതിനെ പറ്റി പറയാനുള്ളത്. പത്ത് വര്‍ഷം മുമ്പ് ഞാന്‍ പറഞ്ഞ കാര്യം ഇപ്പോള്‍ ഇടതുപക്ഷം അംഗീകരിച്ചിരിക്കുന്നു. അതില്‍ സന്തോഷമുണ്ട്. അന്നേ അനുവാദം നല്‍കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒന്നോ രണ്ടോ സ്വകാര്യ സര്‍വകലാശാലകള്‍ ഇവിടെ വന്നിട്ടുണ്ടാകുമായിരുന്നു. വിദ്യാര്‍ഥികള്‍ പഠനം തുടങ്ങിയിട്ടുണ്ടാവുമായിരുന്നു. വിദേശ സര്‍വകലാശാകളെ സംബന്ധിച്ച് അത് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമായതിനാല്‍ നമുക്ക് നേരിട്ട് ഇടപെടേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷേ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാമായിരുന്നു. 2016-ജനുവരിയിലായിരുന്നു എനിക്കെതിരേ കോവളത്തുവെച്ച് എസ്.എഫ്.ഐ വിദ്യാര്‍ഥികളുടെ അക്രമമുണ്ടായത്. ഞാന്‍ നിലത്ത് വീണു. രക്ഷപ്പെട്ടോടിയത് അടുത്ത വീട്ടിലേക്കാണ്. അതിഥികളെ സ്വീകരിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം. അന്ന് എട്ട് സര്‍വകലാശാലകളിലെ വി.സിമാരെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. പക്ഷെ എനിക്കെതിരേയുള്ള പ്രതിഷേധം കണ്ടപ്പോള്‍ അവരെല്ലാം ഭയപ്പെട്ട് പോവുകയാണുണ്ടായത്. നിങ്ങള്‍ക്കെതിരേ ഇങ്ങനെയാണെങ്കില്‍ ഞങ്ങളെത്തിയാല്‍ എങ്ങനെയായിരിക്കുമെന്ന ചോദ്യമാണ് അവരെന്നോട് ചോദിച്ചത്.

placeholder
ടി.പി ശ്രീനിവാസന് മർദനമേറ്റപ്പോൾ |ഫോട്ടോ:PTI
  • താങ്കളെ മര്‍ദിച്ച് നിലത്തിട്ട എസ്.എഫ്.ഐക്കോരോട് എന്താണ് പറയാനുള്ളത്?

അജ്ഞത കൊണ്ട് ദ്രോഹികളായവരോട് യേശുക്രിസ്തു പോലും ക്ഷമിച്ചിട്ടുണ്ട്. അതുപോലെ അന്ന് എസ്.എഫ്.ഐക്കാര്‍ അറിവില്ലായ്മ കൊണ്ടാണ് അങ്ങനെയൊക്കെ ചെയ്തത്. അതുകൊണ്ട് ഞാനും അവരോട് ക്ഷമിക്കുകയാണ്. പ്രതിഷേധമുണ്ടാവുമെന്ന് വിവരം ലഭിച്ചിരുന്നുവെങ്കിലും അതൊരു ശാരീരിക അക്രമത്തിലേക്ക് പോവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പരിപാടിയില്‍ പ്രതിഷേധമുണ്ടാകുമെന്നും മുഖ്യമന്ത്രിയടക്കമുള്ളവര്‍ പങ്കെടുക്കരുതെന്നും പോലീസ് വൃത്തങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതുകൊണ്ടാണോയെന്നറിയില്ല, അവര്‍ പങ്കെടുത്തിരുന്നുമില്ല. ഇക്കാര്യം ഉമ്മന്‍ചാണ്ടി എന്റെ പുസ്തകം പ്രകാശനം ചെയ്യുമ്പോള്‍ പറഞ്ഞിരുന്നു. സമ്മേളനത്തിന് മുമ്പ് ഒമ്പത്  പഴയ വൈസ് ചാന്‍സിലേഴ്സിന്റെ ഒരു പ്രസ്താവനയുണ്ടായിരുന്നു. ആഗോള വിദ്യാഭ്യാസ കോണ്‍ഫറന്‍സ് വിദ്യാഭ്യാസ കച്ചവടമാണെന്നൊക്കെ പറഞ്ഞ്. ഇതിന് ഞാന്‍ മറുപടി  നല്‍കുകയും ചെയ്തിരുന്നു. പക്ഷ വി.സിമാരുടെ അന്നത്തെ പ്രസ്താവന വിദ്യാര്‍ഥികളില്‍ കൂടുതല്‍ പ്രകോപനമുണ്ടാക്കുകയാണ് ചെയ്തത്. പത്തിരുന്നൂറ് പേര്‍ അവിടെ ക്യാമ്പ് ചെയ്താണ് അക്രമം അഴിച്ചുവിട്ടത്. അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ടാര്‍ഗറ്റ് ചെയ്യുകയായിരുന്നു.

placeholder
കൂത്തുപറമ്പ് വെടിവെപ്പ് ദിനത്തിൽ ഇറങ്ങിയ മാതൃഭൂമി പത്രം| മാതൃഭൂമി ആർക്കൈവ്സ്
  • സ്വാശ്രയ കോളേജിനെതിരെ സമരം നടത്തി കൂത്തുപറമ്പ് വെടിവെപ്പിലേക്ക് വരെ നയിച്ച ചരിത്രം പറയാനുണ്ട് കേരളത്തിലെ സി.പി.എമ്മിന്, പുതിയ നയം മാറ്റത്തില്‍  അവര്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയേണ്ടേ?

നയം മാറ്റമെന്നത് തന്നെ ഒരു തരം മാപ്പ് പറച്ചിലാണ്. പക്ഷെ ഇനിയും കഴിഞ്ഞുപോയതിനെ കുറിച്ച് ഓര്‍ക്കേണ്ട കാര്യമില്ല. അത് അങ്ങനെ തന്നെയിരിക്കട്ടെ. വരും തലമുറയുടെ മെച്ചപ്പെട്ട ഭാവിക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടത്. പണ്ട് ഇതേ അവസ്ഥയില്‍ കമ്പ്യൂട്ടറിന്റെ വരവിനെ എതിര്‍ത്തിരുന്നു. പിന്നീടതിനെ അംഗീകരിച്ചു. അതുപോലെയാണിത്. ഇതിന്റെ ഫലമെന്താണെന്ന് വെച്ചാല്‍ നമ്മുടെ കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെടുക മാത്രമാണുണ്ടായത്. ഇതിനപ്പുറം വലിയ സാമ്പത്തിക നഷ്ടവും സര്‍ക്കാരിന് വരുത്തിവെച്ചു. വര്‍ഷങ്ങള്‍ക്ക്  മുമ്പുണ്ടായ ചെലവല്ലല്ലോ ഇപ്പോഴുള്ളത്. ഇപ്പോള്‍ തീരുമാനമെടുത്തുവെങ്കിലും കൃത്യമായ ടൈംഫ്രയിം വെച്ച് കാര്യങ്ങള്‍ നടപ്പിലാക്കുകയും ഇത്തരം സര്‍വകലാശാലകള്‍ക്ക് അനുവാദം നല്‍കുകയുമാണ് വേണ്ടത്. അല്ലെങ്കില്‍ ഇത് വീണ്ടും വൈകുകയും കുട്ടികള്‍ക്കുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യും. നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോവാന്‍ അവര്‍ക്ക് മുന്നില്‍ നിരവധി വഴികളുണ്ട്. അത് ഉപയോഗിക്കുക തന്നെ വേണം. പക്ഷെ അത് ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന ചില അഭിപ്രായ പ്രകടനങ്ങള്‍ നിക്ഷേപത്തിനായി മുന്നോട്ട് വരുന്നവരെ പിന്നോട്ടടിപ്പിക്കും. അങ്ങനെയുണ്ടാവരുത്. 

  • ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ നേരത്തെ പറഞ്ഞത് വിദേശസര്‍വകലാശാല വന്നാല്‍ വിദ്യാഭ്യാസ രംഗം വാണിജ്യ വല്‍ക്കരിക്കപ്പെടുമെന്നാണ്? മാത്രമല്ല നന്നായി പ്രവര്‍ത്തിക്കുന്ന വിദേശ  സര്‍വകലാശലകളൊന്നും വരില്ലെന്നും പറയുന്നു, അത് ശരിയാണോ?

വിദ്യാഭ്യാസമെന്നത് ഒരു കച്ചവടച്ചരക്കാണെന്നത് ഡബ്യു.ടി.ഒ തന്നെ അംഗീകരിച്ചിട്ടുണ്ട്. പക്ഷെ ആ കച്ചവടം നീതിയുക്തമാവുകയാണ് വേണ്ടത്. സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ കേരളത്തിലെത്തുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തന്നെ മാറും. കൊളംബിയ യൂണിവേഴ്സിറ്റിയോ, ഹാര്‍വാഡ് യൂണിവേഴ്സിറ്റിയോ തിരുവനന്തപുരത്ത് വന്നെന്നിരിക്കട്ടെ അത് വിദ്യാര്‍ഥികളിലുണ്ടാക്കുന്ന ആത്മവിശ്വാസം എത്രയായിരിക്കും. അത് തുറന്നിടുന്ന തൊഴിലവസരങ്ങള്‍ എത്രയായിരിക്കും. മാത്രമല്ല വിദ്യാഭ്യാസ രംഗം കൂടുതല്‍ മത്സരാധിഷ്ഠിതമാവുകയും ചെയ്യും. പണ്ട് നമ്മുടെ ബാങ്കിംഗ് സംവിധാനം എങ്ങനെയായിരുന്നു. ഒരിടപാട് നടത്തണമെങ്കില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കണം, ടോക്കണെടുക്കണം അങ്ങനെയങ്ങനെ തീരാത്ത കടമ്പകളായിരുന്നു. പക്ഷെ സ്വകാര്യ ബാങ്കുകളുടെ രംഗപ്രവേശനം ബാങ്കിംഗ് സംവിധാനത്തെ മാറ്റിമറിച്ചില്ലേ. കയ്യിലൊരു മൊബൈലുണ്ടെങ്കില്‍ ബാങ്കുകള്‍ നമ്മുടെ പോക്കറ്റുകളിലായി മാറി. അല്ലാതെ പിടിച്ച് നില്‍ക്കാനാവില്ലെന്നവര്‍ക്ക് മനസ്സിലായി. അതേ അവസ്ഥയാണ് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലുമുണ്ടാവുക. നമ്മുടെ സര്‍വകലാശാലകള്‍ക്കൊണ്ട് മാത്രം എത്രകാലം മുന്നോട്ടുപോവാനാവുമെന്നത് ഇപ്പോള്‍ തന്നെ ചര്‍ച്ചയാണ്. ഇതാണ് സ്വകാര്യ സര്‍വകലാശാലയടക്കമുള്ളവര്‍ക്ക് അനുമതി നല്‍കാമെന്ന ധാരണയിലെത്താന്‍ കാരണം

placeholder
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു|  ഫോട്ടോ: സി.ആർ ഗിരീഷ് കുമാർ /മാതൃഭൂമി
  • കേരളത്തിലെ കുട്ടികള്‍ വലിയ തോതില്‍ വിദേശത്തേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടുകയാണ്. ഇതിനെ വിദേശ സര്‍വകലാശാലകള്‍ കൊണ്ട് തടയിടാനാവുമെന്ന് തോന്നുന്നുണ്ടോ

മികച്ച  വിദ്യാഭ്യാസം തേടി മാത്രമല്ല വിദ്യാര്‍ഥികള്‍ പുറത്തുപോവുന്നത്. പകരം മികച്ച അവസരങ്ങള്‍ക്കും ശമ്പളത്തിനും കൂടിയാണ്. ഇതിനെ നമുക്ക് അപ്പാടെ തടയിടാനാവില്ല. പക്ഷെ വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കുന്നത് പോലുള്ള പുതിയ വിദ്യാഭ്യാസ നയം കുറെപേരെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്. പരമാവധി സ്വകാര്യ സര്‍വകലാശാലകളെ കേരളത്തിലെത്തിക്കുകയെന്നത് തന്നെയായിരുന്നു 2016 ജനുവരി മാസത്തെ ആഗോള വിദ്യാഭ്യാസ സെമിനാറിന്റെ ലക്ഷ്യം. അക്കാദമിക് സിറ്റിയടക്കമുള്ള കാര്യങ്ങള്‍ അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ സ്വകാര്യ സര്‍വകലാശാലകളില്ലാതെ അക്കാദമിക് സിറ്റിയടക്കമുള്ളവയെ കുറിച്ച് ചിന്തിക്കുന്നതില്‍ കാര്യമില്ല. നമ്മുടെ സംസ്ഥാന യൂണിവേഴിസിറ്റികള്‍കൊണ്ട് മാത്രം കഴിയുന്നതായിരുന്നില്ല ഇത്. നിക്ഷേപകരെ ക്ഷണിച്ചാല്‍ മാത്രമേ നമുക്ക് വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാവുകയുള്ളൂ. അതാണ് ഇപ്പോള്‍ അവര്‍ അംഗീകരിച്ചിട്ടുള്ളത്.

  • എന്തൊക്കെ മാനദണ്ഡങ്ങളാവും പ്രധാനമായും സ്വീകരിക്കേണ്ടി വരിക?

വിദേശ സര്‍വകലാശാലകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് യു.ജി.സി ഒരു ഡ്രാഫ്റ്റിറക്കിയിട്ടുണ്ട്. അതില്‍ സംവരണം വേണ്ട പകരം മെറിറ്റ് മാത്രം മതി, സ്വന്തം നിലയ്ക്കുള്ള ഫീസ് ഘടന, സ്വന്തം കോഴ്സ്ഘടന, പ്രോഫിറ്റ് ഷെയറിംഗ് തുടങ്ങി ഒന്നിനും നിയന്ത്രണമില്ല. പക്ഷെ ഇത് പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരുമ്പോള്‍ കുറേ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. സംവരണമൊക്കെ അനുവദിച്ചില്ലെങ്കിലും സ്‌കോളര്‍ഷിപ്പ് പോലുള്ള കാര്യങ്ങളെങ്കിലും നടപ്പിലാക്കേണ്ടി വരും. അങ്ങനെയെങ്കില്‍ മാത്രമേ പാവപ്പെട്ട വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് പഠനം നടത്താനാവുകയുള്ളൂ. ഞാന്‍ സമര്‍പ്പിച്ച ഒരു ഡ്രാഫ്റ്റില്‍ സ്‌കോളര്‍ഷിപ്പടക്കമുള്ള കാര്യങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ കൃത്യമായ മാനദണ്ഡമുണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ.