എംഎസ്എഫ് വര്‍ഗീയ സംഘടനയാണെന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ എംഎസ്എഫ് എസ്എഫ്‌ഐ വാക് പോര് കടുക്കുകയാണ്. എന്തുകൊണ്ട് എംഎസ്എഫിനെ വര്‍ഗീയ സംഘടനയെന്ന് വിളിക്കുന്നു. കാമ്പസ്സുകളില്‍ എങ്ങനെ വിജയിക്കുന്നു. ആര്‍എസ്എസ് വത്കരണത്തിന് എതിരെ എംഎസ്എഫും കെഎസ് യുവും നടത്തുന്ന പ്രതിരോധങ്ങളുടെ ഉദ്ദേശ ശുദ്ധിയെന്ത്. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
എസ്എഫ്‌ഐക്ക് കാമ്പസ് തിരഞ്ഞെടുപ്പുകളില്‍ സമീപകാലത്ത് വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നു. പലയിടത്തും യൂണിയനുകള്‍ നഷ്ടമാവുകയും സീറ്റുകള്‍ കുറയുകയും ചെയ്തു. അതേ സമയം എംഎസ്എഫ് മുന്നേറ്റം വളരെ ശക്തമാകുന്നു. കെഎസ്‌യുവിനേക്കാള്‍ വേഗത്തില്‍ എംഎസ്എഫ് വളരുകയും കൂടുതല്‍ പെണ്‍കുട്ടികള്‍ എംഎസ്എഫില്‍ അണി നിരക്കുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് കാമ്പസ്സിലെ മുഖ്യ എതിരാളിയായി എംഎസ്എഫ് വളരുന്നത്.
എംഎസ്എഫ് എന്ന സംഘടന മലബാറിലെ രണ്ടോ മൂന്നോ ജില്ലകളില്‍ മാത്രം നില്‍ക്കുന്നൊരു സംഘടനയാണ്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമൊന്നും അവര്‍ക്ക് യാതൊരു ശക്തിയും സ്വാധീനവുമില്ല. കാമ്പസ്സ് തിരഞ്ഞെടുപ്പുകളില്‍ വലിയ മുന്നേറ്റം ഉണ്ട് എന്നത് എംഎസ്എഫ് അവകാശപ്പെടുന്നതാണ് അല്ലാതെ അത് യാഥാര്‍ഥ്യമല്ല. എന്നാല്‍ കെഎസ് യുവിനേക്കാള്‍ വേഗത്തില്‍ വളരുന്ന സംഘടനയായി എംഎസ്എഫ് മാറി എന്നതൊരു യാഥാര്‍ഥ്യമാണ്. ഈ വിമര്‍ശനം നേരത്തെ തന്നെ എസ്എഫ്‌ഐ ഉന്നയിച്ചതാണ്. കെഎസ് യുവിനെ മലബാര്‍ മേഖലയില്‍ എംഎസ്എഫ് വിഴുങ്ങിയിരിക്കുകയാണ്. അതുകൊണ്ടാണ് കെഎസ്‌യു സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും എംഎസ് എഫിനെതിരെ ഫേസ്ബുക്ക് പോസ്റ്റികളിലൂടെയെല്ലാം പ്രതികരിക്കുന്നത്. അതേക്കുറിച്ച് കെഎസ്‌യു പരിശോധിച്ച് പോകുന്നത് നല്ലതായിരിക്കും എന്നാണ് സൂചിപ്പിക്കാന്‍ ഉള്ളത്. മലപ്പുറം ജില്ലയില്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐയുടെ മുഖ്യ എതിരാളി എംഎസ്എഫ് തന്നെയാണ് മാത്രവുമല്ല കെഎസ്‌യു പല ക്യാമ്പസുകളിലും ദുര്‍ബ്ബലവുമാണ്. എബിവിപിയുടെ സ്ഥിതിയും വളരെ ദുര്‍ബ്ബലമായ സാഹചര്യമാണ്. അതുകൊണ്ട് തന്നെ കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ മുഖ്യ എതിരാളി എംഎസ്എഫ് തന്നെയാണ്
ഇനി കാമ്പസ്സ് തിരഞ്ഞെടുപ്പുകളിലേക്ക് വന്നാല്‍ കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം വന്നത്. സംസ്ഥാനത്താകമാനം സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 675 സ്‌കൂളുകളില്‍ 589 ഇടത്തും എസ്എഫ്‌ഐയാണ് വിജയിച്ചത്. ഈ അധ്യായന വര്‍ഷം തിരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍ സര്‍വകലാശാലയിലും യൂണിയന്‍ വിജയിച്ചത് എസ്എഫ്‌ഐയാണ്. അഗ്രികള്‍ച്ചര്‍ സര്‍വകലാശാലാ യൂണിയനും എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ വിദ്യാര്‍ഥി മുന്നണിയാണ് വിജയിച്ചത്. കേരള ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ നടന്ന തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ക്യാമ്പസുകളില്‍ വിജയിച്ചത് എസ്എഫ്‌ഐയാണ്. അതോടൊപ്പം കേരളത്തിലെ കേന്ദ്ര സര്‍വകലാശാല ഉള്‍പ്പെടെ സംസ്ഥാനത്തെ രണ്ട് ഒഴികെ മുഴുവന്‍ സര്‍വകലാശാലകളിലും, ഐ.ടി.ഐ, പോളിടെക്‌നിക് യൂണിയനുകളിലും വിജയിച്ചതും എസ്എഫ്‌ഐയാണ്. അതുകൊണ്ടുതന്നെ ഒരു തിരിച്ചടി എങ്ങും ഉണ്ടായിട്ടില്ല. ചില ക്യാമ്പസുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട് അത് തിരിച്ച് പഠിക്കാന്‍ വേണ്ട സംഘടന പ്രവര്‍ത്തനം ഞങ്ങള്‍ നടത്തിവരുന്നുണ്ട്.
പക്ഷേ, കാലിക്കറ്റ് സര്‍വകലാശാലയില്‍ എംഎസ്എഫ്-കെഎസ്‌യു സഖ്യം നേടിയ വിജയം കൃത്രിമമായി ഉണ്ടാക്കിയ വിജയമാണ്. തിരഞ്ഞെടുപ്പ് നടക്കാത്തതും, ലീഗ് മാനേജ്‌മെന്റുകള്‍ നേതൃത്വം നല്‍കുന്നതുമായ ക്യാമ്പസുകളില്‍ നിന്നും കൗണ്‍സിലര്‍മാരെ കൃത്രിമ തിരഞ്ഞെടുപ്പ് നടത്തി പേര് ചേര്‍ത്ത് നേടിയ വിജയമാണത്. അതുകൊണ്ടുതന്നെ കാലിക്കറ്റ് സര്‍വകലാശാലയിലെ എംഎസ്എഫ്-കെഎസ്‌യു സഖ്യത്തിന്റെ വിജയം കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ആകെ അംഗീകാരമല്ല, ഒരു കൃത്രിമ വിജയം മാത്രമാണ്. എസ്എഫ്‌ഐക്ക് വലിയ മുന്നേറ്റം സംസ്ഥാനത്താകമാനം ഉണ്ടായി എന്നുള്ളതാണ് വാസ്തവം.

സമീപകാലത്ത് എസ്എഫ്‌ഐ ഉയര്‍ത്തിയ എറ്റവും വലിയ പൊളിറ്റിക്കല്‍ സമരം ഗവര്‍ണര്‍ക്കെതിരായ സമരമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയതോടെ ആ സമരം അവസാനിച്ചുവെന്നും ഇത് ഇരട്ടത്താപ്പാണ് എന്നും വിമര്‍ശനം ഉയരുന്നുണ്ട്. എസ്എഫ്‌ഐ ഗവര്‍ണറുടെ നിലപാടുകളോട് സമരസപ്പെട്ടോ?
കെഎസ്‌യുവും എംഎസ്എഫുമാണ് സമരത്തില്‍ കോംപ്രമൈസ് ചെയ്തത്. എസ്എഫ്‌ഐ ഒരു കോംപ്രമൈസും ഇല്ലാതെ സമരം തുടരുകയാണ്. രാജ്യത്തിന് തന്നെ മാതൃകയായ ഉന്നതവിദ്യാഭ്യാസ മേഖലയും പൊതുവിദ്യാഭ്യാസ മേഖലയുമുള്ള സംസ്ഥാനമാണ് കേരളം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ സൂചികകളില്‍ വലിയ മുന്നേറ്റമാണ് കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ നടത്തിയിരിക്കുന്നത്. ആ ഘട്ടത്തിലാണ് രാജ്യത്താകമാനം സര്‍വകലാശാലകളെ കാവിവത്കരിക്കുന്നതിനുള്ള നയപരിപാടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരുന്നത്.
ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്ന ഘട്ടത്തില്‍ തന്നെ അത് വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതിനും കച്ചവടവത്കരിക്കുന്നതിനുമുള്ള നയമാണെന്ന് എസ്എഫ്‌ഐ വ്യക്തമാക്കിയതാണ്. ആ നയം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിലെ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അവരുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന വൈസ് ചാന്‍സലര്‍മാരെ തെറ്റായ നടപടി ക്രമങ്ങളിലൂടെ നിയമിച്ചുകൊണ്ട് നടത്തുന്നത്. കേരളാ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേഖര്‍ അദ്ദേഹത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ചില വൈസ് ചാന്‍സിലര്‍മാരെ ഉപയോഗിച്ചുകൊണ്ട് സംഘപരിവാര്‍വത്കരണം നടത്താന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ സമരം എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിവിധ സര്‍വകലാശാലകളില്‍ സംസ്ഥാനത്ത് ഉടനീളം സംഘടിപ്പിച്ചു.

ആര്‍എസ്എസ് വത്കരണത്തിനെതിരായ എസ്എഫ്‌ഐയുടെ സമരം ഇപ്പോള്‍ ആരംഭിച്ചതല്ല. ഇതിന് മുമ്പ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ ഗവര്‍ണറായി ഇരുന്ന ഘട്ടത്തില്‍ തന്നെ ഭരണഘടനാവിരുദ്ധമായി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെ ചോദ്യം ചെയ്ത് എസ്എഫ്‌ഐ സമരം നടത്തിയിരുന്നു. ആര്‍എസ്എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍മാര്‍ക്കെതിരായ സമരത്തിന്റെ തുടര്‍ച്ചയാണ് ആര്‍ലേഖറിന് എതിരെയും നടത്തുന്നത്. ആ സമരത്തില്‍ ഒരു തരത്തിലും കോംപ്രമൈസ് ചെയ്യുന്ന സ്ഥിതി എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല എസ്എഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ കേരളത്തിലെ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. കെഎസ്‌യുവും എംഎസ്എഫും മാധ്യമ ശ്രദ്ധകിട്ടാന്‍ വേണ്ടിമാത്രം സമരം ചെയ്തപ്പോള്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ രാപ്പകല്‍ സമരം വലിയ വിജയമായിരുന്നു. വലിയ വിദ്യാര്‍ത്ഥി പങ്കാളിത്തമാണ് അതില്‍ ഉണ്ടായിരുന്നത്.
സംസ്ഥാന സെക്രട്ടറി സഞ്ജീവ് എംഎസ്എഫ് നേതാവിനെതിരെ നടത്തിയ പ്രസ്താവന ഈ കാലത്തിന് യോജിക്കുന്നതാണോ? ശശികലയുടെ നാക്ക് കടമെടുത്ത് നടത്തുന്ന പ്രസ്താവന എന്ന രീതിയില്‍ വിമര്‍ശനം ഉയര്‍ന്നു. ശശികല തന്നെ സഞ്ജീവിന്റെ പ്രസ്താവന സ്വാഗതം ചെയ്യുകയും ചെയ്തു. ഇത്തരം പ്രസ്താവനകളുടെ പ്രസക്തിയും ലക്ഷ്യവും എന്താണ്?
എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഉയര്‍ത്തിയത് ഒരു രാഷ്ട്രീയ ആരോപണമാണ്. എംഎസ്എഫ് കാമ്പസ്സുകളിലേക്ക് വര്‍ഗീയത കൊണ്ടുവരുന്നു. അതിനെ കൂട്ടുപിടിച്ച് ആര്‍എസ്എസും അവരുടെ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അത് കാമ്പസ്സില്‍ വിഭജനത്തിന് ഇടയാക്കുന്ന സാഹചര്യം ഉണ്ടാക്കും. അതിനെ പ്രതിരോധിക്കേണ്ടത് മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനം എന്ന നിലയ്ക്ക് എസ്എഫ്‌ഐയുടെതാണ്. ആ പ്രവര്‍ത്തനത്തെ കേരളത്തിലെ പൊതുജനം അംഗീകരിച്ചതാണ്. കേരളത്തില്‍ വര്‍ഗീയതയെ പ്രതിരോധിക്കുക , അതിനെതിരെ നിലപാട് എടുക്കുക എന്ന സന്ദേശം മാത്രമാണ് അത് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. അതിനൊപ്പം പൊതുജനങ്ങളും അണിചേരുമെന്ന് തന്നെയാണ് വിശ്വാസം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടന്ന കാമ്പസ്സ് തിരഞ്ഞെടുപ്പുകള്‍ കൃത്യമായി വിശകലനം ചെയ്താണ് സഞ്ജീവ് അത്തരം ഒരു പ്രസ്താവന നടത്തിയത്. പല കാമ്പസ്സുകളിലും മതവും വര്‍ഗീയതയും പറഞ്ഞ് വോട്ടുചോദിക്കുന്ന സമീപനം എംഎസ്എഫ് സ്വീകരിച്ചിട്ടുണ്ട്. എംഎസ്എഫ് ജമാഅത്തെ ഇസ്ലാമിക്ക് കീഴ്‌പ്പെട്ടുകഴിഞ്ഞിരിക്കുന്നു. എംഎസ്എഫിന്റെ നേതൃത്വം ജമാ അത്തെ ഇസ്ലാമിയുടെ നാവായി വാക്കായി മാറിയിരിക്കുന്നു. അതിനെതിരാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പ്രതികരണം നടത്തിയത്. കാമ്പസ്സുകളെ വര്‍ഗീയവത്കരിക്കാന്‍ മതം അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ എംഎസ്എഫ് ഇറങ്ങിയതിനെയാണ് സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ നാവായി കാമ്പസ്സിലേക്ക് എംഎസ്എഫ് വന്നാല്‍ സംഘപരിവാറിനോട് എങ്ങെനയാണോ എസ്എഫ്‌ഐ പ്രതികരിച്ചത് അതേ രീതിയില്‍ തന്നെ പ്രതികരിക്കും. വര്‍ഗീയത വര്‍ഗീയതയാണ് എന്ന് കെഎസ്‌യുവിനോടും എംഎസ്എഫിനോടും എബിവിപിയോടും എസ്എഫ്‌ഐ പറയും. വര്‍ഗീയ പാതയില്‍ നിന്ന് അവര്‍ പിന്നോട്ട് പോയില്ലെങ്കില്‍ അതില്‍ അവശേഷിക്കുന്ന മതേതര സങ്കല്‍പ്പം ഉള്ളവര്‍ കൂടി ആ സംഘടന ഉപേക്ഷിച്ച് പോകും എന്ന് അവര്‍ മനസ്സിലാക്കിയാല്‍ മതി.

ഇടതുപക്ഷത്തിന്റെ മൂന്നാം തുടര്‍ഭരണം ഭയന്നും, അധികാരക്കൊതിയിലും ജമാഅത്തെ ഇസ്ലാമിക്കും അനുബന്ധ സംഘടനകള്‍ക്കും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും, മുസ്ലിം ലീഗിലെ ജമാഅത്തെ ഇസ്ലാമി വിഭാഗത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റും നല്‍കിയിരിക്കുകയാണ്. ഈ വിഭാഗത്തിനൊപ്പം നില്‍ക്കുന്ന വ്യക്തിയാണ് പികെ നവാസ്. അതുകൊണ്ടുതന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ പൊളിറ്റിക്കല്‍ ഇസ്ലാം തന്ത്രം എംഎസ്എഫ് ലൂടെ പികെ നവാസ് ക്യാമ്പസുകളില്‍ പയറ്റാന്‍ ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയും സംഘപരിവാറും ഒരുപോലെ ശത്രുക്കളായി കാണുന്നവരാണ് മതനിരപേക്ഷ വാദികളെ. അതുകൊണ്ടുതന്നെ നിങ്ങള്‍ ഞങ്ങളെ ശത്രുക്കളായി കണ്ടോളൂ. ഞങ്ങള്‍ക്ക് തെല്ലും ഭയമില്ല എന്നാണ് പറയാനുള്ളത്. പക്ഷേ കേരളത്തിലെ ക്യാമ്പസുകളിലേക്ക് പി.കെ. നവാസ് ഈ തന്ത്രവുമായി ഇറങ്ങിയാല്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം ശക്തമായ പ്രതിരോധം തീര്‍ക്കും എന്നുകൂടി ഓര്‍ത്താല്‍ നന്നായിരിക്കും. കേരളത്തിലെ ക്യാമ്പസുകളുടെ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും വര്‍ഗ്ഗീയ രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യാനും കേരളത്തിലെ എസ്എഫ്‌ഐ മുന്നില്‍ തന്നെയുണ്ടാകും.
വിഭജന്‍ വിരുദ്ധ ദിനത്തില്‍ എസ്എഫ്‌ഐ കാമ്പസ്സുകളില്‍ പ്രതിഷേധം നടത്തി. എന്നാല്‍ അതിനപ്പുറത്തേക്ക് എന്തുകൊണ്ട് ആര്‍എസ്എസ് വത്കരണത്തെ രാഷ്ട്രീയമായി നേരിടുന്നില്ല.
വിഭജന്‍ വിരുദ്ധ ദിനാഘോഷത്തില്‍ മാത്രമല്ല കേരളത്തിനകത്ത് സംഘപരിവാറിനെ പ്രതിരോധിക്കുന്ന, അവരോട് സമരസപ്പെടാതെ നില്‍ക്കുന്ന ഏക വിദ്യാര്‍ത്ഥി സംഘടന എസ്എഫ്‌ഐയാണ്. എന്നുമുതലാണോ സംഘപരിവാര്‍ വിദ്യാഭ്യാസ മേഖലയ്ക്കകത്ത് കാവിവത്കരണവുമായി വന്നത് അന്ന് മുതല്‍ യാതൊരു നിലയിലും സമരസപ്പെടാതെ സമരങ്ങളുമായി എസ്എഫ്‌ഐ ഇവിടെയുണ്ട്. കഴിഞ്ഞ പതിനൊന്ന് വര്‍ഷക്കാലത്തിനിടയില്‍ ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ കെഎസ്‌യുവും എംഎസ്എഫും ഉള്‍പ്പടെയുള്ള മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ കാമ്പയിനുകളും സമരങ്ങളും എസ്എഫ്‌ഐ നടത്തിയ കാമ്പയിനുകളും സമരങ്ങളും എടുത്ത് പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും ആര്‍എസ്എസിനെതിരെ നട്ടെല്ല് ഉയര്‍ത്തി നില്‍ക്കുന്ന സംഘടന എസ്എഫ്‌ഐ ആണെന്ന്.
എന്നാല്‍ സംഘപരിവാറിനൊപ്പം സഞ്ചരിക്കുന്ന സംഘടനകളായി എംഎസ്എഫും കെഎസ്‌യുവും മാറി. അവര്‍ സംഘപരിവാറിനൊപ്പം ചേരുന്നത് എസ്എഫ്‌ഐ ഉയര്‍ത്തുന്ന മതനിരപേക്ഷ രാഷ്ട്രീയത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ വരുന്നതിനെ ദുര്‍ബലപ്പെടുത്താനാണ്. അതിന് വേണ്ടി ഒളിഞ്ഞും മറിഞ്ഞും ഈ വര്‍ഗീയ സംഘടനകള്‍ക്കൊപ്പം ചേരുന്ന പ്രവര്‍ത്തനമാണ് എംഎസ്എഫും കെഎസ്‌യുവും കാമ്പസ്സില്‍ നടത്തുന്നത്.

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എസ്എഫ്‌ഐ നടത്തിയ സമരത്തെ ഗുണ്ടാ സംഘങ്ങളുടെ സമരം എന്നാണ് ആക്ഷേപിച്ചത്. വിഡി സതീശന്‍ വിഡി സവര്‍ക്കറിന്റെ സംസാരമാണ് പലഘട്ടത്തിലും സംഘപരിവാറിനെ സംരക്ഷിക്കുന്നതിന് വേണ്ടി സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് ഗോള്‍വാക്കറിന്റേയും സവര്‍ക്കറിന്റേയും ചിത്രത്തിന് മുന്നില്‍ കുമ്പിട്ട് നില്‍ക്കുന്ന ചിത്രവും നമ്മള്‍ കണ്ടതാണ്. എനിക്ക് തോന്നിയാല്‍ ഞാന്‍ ആര്‍എസ്എസില്‍ പോവുമെന്ന കെപിസിസി മുന്‍ അധ്യക്ഷന്റെ പ്രസ്താവനയും നമ്മള്‍ കണ്ടതാണ്. ഈ രാഷ്ട്രീയ സംവിധാനത്തിന്റെ വാലുപിടിച്ചാണ് കേരളത്തില്‍ കെഎസ്‌യു പ്രവര്‍ത്തിക്കുന്നത്. കോംപ്രമൈസ് ചെയ്‌തെങ്കില്‍ വിഡി സതീശനും സുധാകരനും വേണ്ടി കെ എസ്‌യു വാണ് കോംപ്രമൈസ് ചെയ്തത്. എംഎസ്എഫിന്റെ നിലപാടും ഇതിന് സമാനമാണ്. അവരുടെ മതനിരപേക്ഷ നിലപാടിനെ പ്രവര്‍ത്തകര്‍ തന്നെ ചോദ്യം ചെയ്യുന്ന നിലയില്‍ എത്തിയപ്പോളാണ് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ അവര്‍ സമരം നടത്തിയത്. അതല്ലാതെ അത് ഉദ്ദേശ ശുദ്ധിയോടെ നടത്തിയ സമരം അല്ലായിരുന്നു.
കേരളത്തിലെ സര്‍വകലാശാലകളില്‍ ഹിന്ദുത്വവത്കരണത്തിന് എതിരായ പ്രവര്‍ത്തനത്തില്‍ എംഎസ്എഫിനേയും കെഎസ് യുവിനേയും കൂടെ കൂട്ടുമോ?
എസ്എഫ്‌ഐ ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതിരോധം തീര്‍ക്കുമ്പോള്‍ ഗവര്‍ണറുടെ നിലപാടുകളോട് സമരസപ്പെട്ട് ആര്‍എസ്എസ് വത്കരണത്തോടൊപ്പം ചേരുന്ന പ്രവര്‍ത്തനമാണ് എംഎസ്എഫും കെഎസ്‌യുവും പല കാമ്പസ്സുകളിലും നടത്തിയത്. അങ്ങനെ നിലപാട് എടുക്കുന്ന സംഘടനകളുമായി യോജിച്ച് സമരം ചെയ്താല്‍ അത് എത്രത്തോളം വിജയം കാണും? അവര്‍ ഏത് നിമിഷവും സംഘപരിവാര്‍ അജണ്ടയ്‌ക്കൊപ്പം ചേരില്ലേ എന്ന വിമര്‍ശനമാണ് ഞങ്ങള്‍ക്കുള്ളത്. രാജ്യത്താകമാനം ഉള്ള 15 വിദ്യാര്‍ത്ഥി സംഘടനകളെ കൂട്ടിച്ചേര്‍ത്ത് ആര്‍എസ്എസ് വത്കരണത്തെ പ്രതിരോധിക്കാന്‍ യുണൈറ്റഡ് സ്റ്റുഡന്റ്‌സ് ഓഫ് ഇന്ത്യ എന്ന പ്ലാറ്റ്‌ഫോം രൂപീകരിച്ചത് എസ്എഫ്‌ഐയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിന്റെ ഭാഗമായി സമരങ്ങള്‍ നടത്തി. പക്ഷെ പലപ്പോളും ഈ പറയുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ നിലപാടുകളില്‍ കോംപ്രമൈസ് ചെയ്യുന്ന രീതിയിലേക്ക് പോയി. അതുകൊണ്ട് അവരുടെ പ്രതിബദ്ധതയില്‍ ഞങ്ങള്‍ക്ക് വിശ്വാസക്കുറവുണ്ട്. ഗവര്‍ണര്‍ക്കെതിരായ സമരത്തെ സര്‍ക്കാരിന് എതിരായ സമരമാക്കി മാറ്റാനാണ് അവര്‍ ശ്രമിക്കുന്നത്. അവരുടെ മുഖ്യശത്രു രാജ്യത്തിന് മാതൃകയായ വിദ്യാഭ്യാസ ബദല്‍ മുന്നോട്ട് വെച്ച ഇടതുപക്ഷമാണ്.
എസ്എഫ്‌ഐ പൊതുജനത്തേയും വിദ്യാര്‍ത്ഥികളേയും ആകമാനം കൂട്ടിയോജിപ്പിച്ച് സമരവുമായി മുന്നോട്ട് പോകും. അതില്‍ എംഎസ്എഫിലേയും കെഎസ്‌യുവിലേയും മതനിരപേക്ഷ ബോധമുള്ള വിദ്യാര്‍ത്ഥികള്‍ അണി നിരക്കുമെന്നാണ് കരുതുന്നത്. സംഘപരിവാര്‍ അനുകൂല നിലപാടില്‍ നിന്നും പിന്‍മാറി ഈ സംഘടനകളും എസ്എഫ്‌ഐക്കൊപ്പം ചേരണം എന്ന അഭ്യര്‍ത്ഥനയും ഞങ്ങള്‍ക്കുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി ആര്‍എസ്എസിനൊപ്പം പോയാല്‍ എംഎസ്എഫിനേയും കെഎസ്‌യുവിനേയും പൊതുസമൂഹം ഒറ്റപ്പെടുത്തും.

എസ്എഫ്‌ഐ നേതാക്കളുമായി ബന്ധപ്പെട്ട് സമീപകാലത്ത് മാര്‍ക്ക് തട്ടിപ്പ് ഉള്‍പ്പടെ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു . ഇതൊക്കെ മറ്റ് വിദ്യാര്‍ത്ഥികള്‍ മോശമായല്ലേ വിലയിരുത്തുന്നത്.
തെറ്റായ പ്രവണതകളെ അംഗീകരിക്കുകയോ അതിന് കുടപിടിക്കുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടനയല്ല എസ്എഫ്‌ഐ. മാര്‍ക്ക് തട്ടിപ്പുപോലുള്ള ഒരു ആരോപണം എസ്എഫ്‌ഐക്കെതിരായി ഇതുവരെ ഉയര്‍ന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇവിടെ ചില മാധ്യമങ്ങള്‍ എസ്എഫ്‌ഐക്ക് എതിരെ കുക്ക്ഡ് അപ്പ് സ്റ്റോറികള്‍ ഉണ്ടാക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐയില്‍ അണിനിരക്കുന്നതില്‍ ഭീതിപൂണ്ടാണ് ഒരു വിഭാഗം എസ്എഫ്‌ഐക്കെതിരെ ഇത്തരം വ്യാജ ആരോപണം പടച്ചുവിടുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പ്രബുദ്ധരാണ് അതുകൊണ്ട് അവരിതിലൊന്നും ചെന്നുവീഴില്ല. വിദ്യാര്‍ത്ഥികള്‍ നല്ല രാഷ്ട്രീയ വിശകലനം നടത്തുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ എസ്എഫ്‌ഐയുടെ ഭാഗമാകുന്നത്. ഇത്തരം കുക്ക്ഡ് അപ്പ് സ്റ്റോറികളൊന്നും അവര്‍ അംഗീകരിക്കില്ല. ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് ഏത് വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണെന്ന് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അറിയാം.
Content Highlights: sfi national president adarsh m saji interview msf jamaat islami
Published: 20 Aug 2025, 06:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented