ഞാന്‍ അമാവാസി എന്ന പൂര്‍ണചന്ദ്രന്‍, സ്വയം പേര് പറഞ്ഞ് പരിചയപ്പെടുത്തുമ്പോള്‍ പൂര്‍ണചന്ദ്രന്റെ കാഴ്ചയില്ലാത്ത കൃത്രിമക്കണ്ണില്‍ തിളങ്ങിയത് നിശ്ചയദാര്‍ഢ്യത്തിന്റെ വെളിച്ചം. ഇന്നും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും ബോംബ് രാഷ്ട്രീയത്തിന്റെയും ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് പൂര്‍ണചന്ദ്രന്‍. കണ്ണൂര്‍ എരഞ്ഞോളിയില്‍ ബോംബ് പൊട്ടി വേലായുധന്‍ എന്ന വയോധികന്‍ കൊല്ലപ്പെട്ടതിന് ഇരുപത്തിയാറ് കൊല്ലം മുന്‍പ് ഇതുപോലൊരു ബോംബ് സ്‌ഫോടനമാണ് പൂര്‍ണചന്ദ്രന്റെ കണ്ണും ഇടതു കൈയും നഷ്ടപ്പെടുത്തിയത്.

To advertise here,

1998 ഒക്ടോബര്‍ ഇരുപത്തിയാറിനായിരുന്നു അത്. അന്ന് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം. അമാവാസി എന്നായിരുന്നു പേര്. കുടുംബത്തിലെ ഏറ്റവും ഇളയവനായിരുന്നു. അച്ഛന്‍ അഞ്ചാം വയസില്‍ തന്നെ മരിച്ചു. പിന്നീട് അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം നാടോടി പഴയ പ്ലാസ്റ്റിക്കും കുപ്പികളുമൊക്കെ പെറുക്കി വിറ്റായിരുന്നു അവന്റെ ഉപജീവനം. കടവരാന്തകളിലും പഞ്ചായത്ത് ഓഫീസിന്റെ തിണ്ണയിലുമൊക്കെയായിരുന്നു ഉറക്കവും താമസവും. പതിവുപോലെ തലശ്ശേരി പാനൂര്‍ കല്ലിക്കണ്ടി എന്ന സ്ഥലത്ത് പാത്രങ്ങളും കുപ്പികളുമൊക്കെ പെറുക്കി നടക്കുമ്പോഴാണ് ദുരന്തം ഒരു സ്റ്റീല്‍ ബോംബിന്റെ രൂപത്തില്‍ ജീവിതത്തിലേയ്ക്ക് വന്നത്.

placeholder
പൂർണചന്ദ്രൻ.
കുട്ടിക്കാലത്തെ ചിത്രം

'അന്ന് സാധാരണ ചെയ്യുന്നതുപോലെ കൈയിലൊരു ചാക്കുമായി ഞാന്‍ റോഡിന്റെ സൈഡിലൂടെ നടന്ന് പോവുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട പാത്രങ്ങളൊക്കെ ശേഖരിക്കുകയാണ് ലക്ഷ്യം. അമ്മയെ സഹായിക്കാന്‍ തന്നാലാവുന്നത് ചെയ്യുക, അത്രയേ ഉള്ളൂ. തൂവക്കുന്ന് എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് ഒരു സ്റ്റീല്‍ പാത്രം റോഡരികില്‍ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഞാനത് എടുത്ത് കൈവശമുള്ള ചാക്കിലേക്ക് മാറ്റി. അവിടെ നിന്ന് നേരെ തിരിച്ച് കല്ലിക്കണ്ടിയിലേക്ക് വന്നു. 

അവിടെ ഉമ്മറിക്കയുടെ ആക്രിക്കടയുണ്ട്. അവിടെ നിന്നൊരു ചുറ്റിക വാങ്ങി ഈ സ്റ്റീല്‍ പാത്രം ഞാന്‍ ഇടതു കൈയില്‍ പിടിച്ച് വലതുകൈയിലിരുന്ന ചുറ്റിക കൊണ്ട് അടിച്ചു തുറക്കാന്‍ ശ്രമിച്ചു. മൂന്ന് തവണ ചുറ്റിക കൊണ്ട് അടിച്ചു. മൂന്നാമത്തെ തവണ അടിച്ചതും ഉഗ്രശബ്ദത്തോടെ അത് പൊട്ടിത്തെറിച്ചതും ഒരുമിച്ചായിരുന്നു. ഇടത് കൈപ്പത്തി അപ്പോള്‍ തന്നെ തെറിച്ചുപോയി. കണ്ണിനും മുഖത്തിനുമെല്ലാം പരിക്കേറ്റു. 

അപകടം നടക്കുമ്പോള്‍ തൊട്ടടുത്തുള്ള ഹോട്ടലിലെ ജീവനക്കാരിയായ ശാന്തമ്മ എന്ന സ്ത്രീ എന്നെ വാരിയെടുത്ത് മടിയില്‍ കിടത്തി. സ്ഫോടനത്തിന്റെ ശബ്ദം കേട്ട് ചുറ്റുമുള്ള ആളുകളൊക്കെ ഭയന്ന് അടുത്തേയ്ക്ക് വരാന്‍ തയ്യാറായിരുന്നില്ല. അവിടെ ജീപ്പ് ഓടിച്ചിരുന്ന ബിജു എന്ന ഒരാളാണ് ആ സമയത്ത് എന്നെ ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിച്ചത്. ആദ്യം പാനൂരിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ അവിടെ ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. അവിടെ നിന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവിടെയും ചികിത്സിക്കാന്‍ സൗകര്യമില്ലാത്തതുകൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു.

അവിടെ നിന്ന് ആംബുലന്‍സില്‍ എന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് എന്റെ വലതുകണ്ണും നഷ്ടമായെന്ന കാര്യം അറിയുന്നത്. അത്രയും നാള്‍ ഒരു കൈ തകര്‍ന്നു എന്ന് മാത്രമാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. എന്നോട് അങ്ങനെയാണ് എല്ലാവരും പറഞ്ഞതും. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം കണ്ണിന് ചുറ്റുമുള്ള കെട്ടുകള്‍ അഴിച്ചപ്പോളാണ് വലതുകണ്ണ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന സത്യം ഞാന്‍ മനസിലാക്കിയത്. ഇപ്പോള്‍ വെച്ചിരിക്കുന്നത് കൃത്രിമക്കണ്ണാണ്.

placeholder

എനിക്ക് സ്ഫോടനത്തില്‍ പരിക്കേറ്റത് അന്ന് പത്രങ്ങളിലൊക്കെ വലിയ വാര്‍ത്ത ആയിരുന്നു. സാധാരണ ഒരു വാര്‍ത്തയായി അവസാനിക്കേണ്ടതായിരുന്നു എന്റെയും ജീവിതം. പക്ഷേ, എന്റെ ഭാഗ്യം കൊണ്ട് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ്, സായി ഗ്രാമത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആനന്ദ് കുമാര്‍ ഈ വാര്‍ത്തകള്‍ കാണുകയും എന്നെ ഏറ്റെടുക്കാനുള്ള തീരുമാനമെടുക്കുകയും ചെയ്തു. അദ്ദേഹം സത്യസായി ഭക്തരായിട്ടുള്ള നാലുപേരെ കണ്ണൂരിലെ എന്റെ നാട്ടിലേക്ക് അയച്ചു. അവര്‍ അമ്മയെ കണ്ടുപിടിച്ച് എന്നെ ഏറ്റെടുത്ത് വിദ്യാഭ്യാസമുള്‍പ്പെടെ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. സ്ഫോടനത്തില്‍ മകന്റെ കൈയും കണ്ണും നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ നില്‍ക്കുന്ന അമ്മയ്ക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അമ്മ സമ്മതം മൂളി. 

കാരണം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ജീവിതമാണ് ഞങ്ങളുടേത്. അതിനിടയില്‍ എനിക്ക് ഇങ്ങനെ സംഭവിക്കുകയും ചെയ്തു. ഇനിയും എനിക്ക് അപകടങ്ങള്‍ ഉണ്ടാകരുതെന്ന് അമ്മ കരുതിയിരിക്കണം. അന്ന് കണ്ണൂര്‍ ജില്ലാ കലക്ടറായിരുന്ന ജ്യോതിലാല്‍ സാറിന്റെ മുന്നില്‍ വെച്ചാണ് എന്നെ സായി ഗ്രാമം അധികൃതര്‍ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് അവിടെ വെച്ചാണ് എന്റെ വിദ്യാഭ്യാസം തുടരുന്നത്.

കൊല്ലം സായിനികേതനിലാണ് എന്നെ എത്തിച്ചത്. 199ല്‍ സായിഗ്രാമം വേനല്‍മഴ ക്യാമ്പ് എന്നപേരില്‍ എല്ലാ വര്‍ഷവും പരിപാടി സംഘടിപ്പിക്കാറുണ്ട്. ഏപ്രില്‍ മെയ് മാസങ്ങളിലാണ് അത് നടത്തുക. അതില്‍ ഞാന്‍ മൂന്ന് നാല് പാട്ടുകള്‍ പാടിയിരുന്നു. ക്യാമ്പിന്റെ സമാപന ദിവസം ലളിതാംബിക ഐഎഎസ്, വെല്ലിങ്ടണ്‍ സാര്‍, പി ഗോവിന്ദപിള്ള ഇങ്ങനെ നിരവധി വിശിഷ്ട വ്യക്തികള്‍ ഇരിക്കുന്ന വേദിയില്‍ വെച്ച് എനിക്ക് പുരസ്‌കാരം നല്‍കാനായി വിളിച്ചു. കൊല്ലം സായി നികേതന്‍, അമാവാസി എന്നാണ് വിളിച്ചത്. അത് കേട്ടപ്പോള്‍ അവര്‍ക്കെല്ലാം എന്റെ പേര് മാറ്റണം എന്ന് തോന്നി. ലളിതാംബിക ഐഎഎസും പി ഗോവിന്ദപിള്ള സാറും ചേര്‍ന്നാണ് എന്റെ പേര് അവിടെ വെച്ച് പൂര്‍ണചന്ദ്രന്‍ എന്നാക്കി മാറ്റിയത്. അന്നുതൊട്ട് ഇന്നുവരെ ഞാന്‍ പൂര്‍ണചന്ദ്രനാണ്. കൊല്ലം സായി നികേതനില്‍ നിന്ന് നാല് വര്‍ഷത്തോളം പഠിച്ചു. അവിടെ നിന്ന് പിന്നീട് എന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു.  

placeholder
പൂർണചന്ദ്രന് കെ.പി.അപ്പൻ ആദ്യക്ഷരം കുറിച്ചുകൊടുക്കുന്നു. Photo Courtesy: sai gramam

അതേ കാര്യങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു 

1998ലാണ് എനിക്ക് സ്ഫോടനത്തില്‍ പരിക്കേല്‍ക്കുന്നത്. പിന്നീട് കണ്ണൂരില്‍ തന്നെ അസ്നയെന്ന പെണ്‍കുട്ടിക്ക് പരിക്കേറ്റു. ഇതിങ്ങനെ പല പേരുകളിലായി തുടരുകയാണ്. കണ്ണൂര്‍, പാനൂര്‍, ചൊക്ലി എന്നിങ്ങനെ സ്ഥലങ്ങളിലായി തുടരുന്നത് കേള്‍ക്കുമ്പോള്‍ ആ വാര്‍ത്ത കാണുമ്പോള്‍ ഉണ്ടാകുന്നത് അന്ന് ഞാന്‍ അനുഭവിച്ച വിറയലും വേദനയും ഭയവുമാണ്. സത്യത്തില്‍ എനിക്കിത് കാണുമ്പോള്‍ സങ്കടമാണ് വരുന്നത്. എന്നാണ് ഇനിയിതിനൊക്കെ അന്ത്യമുണ്ടാകുന്നത്.

മൂന്ന് മാസം മുമ്പ് ഞാന്‍ കണ്ണൂരില്‍ പോയിരുന്നു. പക്ഷേ, ഇപ്പോഴും അന്നെനിക്ക് അപകടം ഉണ്ടായ സ്ഥലത്ത് പോകാന്‍ ഭയമാണ്. എനിക്ക് സംഭവിച്ച ദുരന്തം അത് മറ്റൊരാള്‍ക്ക് ഉണ്ടാകരുതെന്ന് മാത്രമാണ് ആഗ്രഹം. അതിന് വേണ്ട ഇടപെടലുകള്‍ രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്നായാലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നായാലും ഉണ്ടാകണം. ഇനിയെങ്കിലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

അന്ന് എനിക്ക് സ്ഫോടനത്തില്‍ കൈയും വലതു കണ്ണും നഷ്ടപ്പെട്ടു. പക്ഷേ, ജീവിതത്തിലേക്ക് തിരികെ വരാനായി. അതിനുപോലും സാധിക്കാതെ പോയവര്‍ ഒരുപാടുണ്ട്. തളരാതെ മുന്നോട്ടുപോകാന്‍ മാത്രമേ എനിക്കവരോട് പറയാനാകു. മുമ്പ് പറഞ്ഞിരുന്നല്ലോ കടവരാന്തകളിലും പഞ്ചായത്ത് തിണ്ണകളിലുമൊക്കെയാണ് ഞങ്ങള്‍ അന്തിയുറങ്ങിയിരുന്നതെന്ന്. ഒരു സുപ്രഭാതത്തില്‍ അങ്ങനെയുള്ള ഒരു കുടുംബത്തിലൊരാള്‍ക്ക് ഇങ്ങനെ ബോംബ് പൊട്ടി കൈപ്പത്തിയും കണ്ണും പോകുമ്പോഴുണ്ടാകുന്ന വേദന പറഞ്ഞറിയിക്കാനാവില്ല. എന്റെ കുടുംബത്തിന് ഉണ്ടായതുപോലൊരു ദുരന്തം ഇനി ഒരു വീട്ടിലും സംഭവിക്കരുത്. അത് മാത്രമാണ് എന്റെ പ്രാര്‍ഥന. 

ഉമ്മന്‍ചാണ്ടിയെ കണ്ടു, ജോലി കിട്ടി

2011ല്‍ സത്യസായി ബാബയുടെ സമാധി സമയത്ത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി സായി ഗ്രാമം സന്ദര്‍ശിച്ചു. അന്ന് ഞാനും സുഹൃത്തുക്കളും ഭജന പാടിക്കൊണ്ടിരിക്കുകയായിരുന്നു. അവിടെ വെച്ച് അദ്ദേഹം എന്റെ അടുക്കല്‍ വരികയും നന്നായി പാടുന്നുണ്ട് എന്ന് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു. ഞാനന്ന് സ്വാതി തിരുന്നാൾ സംഗീത കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. 

അവിടെ വെച്ച് എന്റെ കാര്യങ്ങള്‍ ആനന്ദ് കുമാര്‍ അങ്കിളും ഞാനും കൂടി അദ്ദേഹത്തെ അറിയിച്ചു. ബോംബ് സ്ഫോടനത്തിന്റെ ഇരയാണ് ഞാനെന്നറിഞ്ഞ് അദ്ദേഹം അവിടെ വേദിയില്‍ വെച്ച് തന്നെ പ്രഖ്യാപിച്ചു ഞാന്‍ അധികാരത്തില്‍ വരികയാണെങ്കില്‍ പൂര്‍ണചന്ദ്രന് ജോലി നല്‍കും എന്ന്. പിന്നീട്  മാസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ മാറി. ഉമ്മന്‍ചാണ്ടി സാര്‍ മുഖ്യമന്ത്രിയായി. ഞാന്‍ ആ സമയത്ത് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന സമയമാണ്. 

placeholder
പൂർണചന്ദ്രൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കൊപ്പം

അങ്ങനെ കോട്ടയം പുതുപ്പള്ളിയിൽ സായി ഗ്രാമത്തിന്റെ തന്നെ ഒരു വൃദ്ധസദനം ഉദ്ഘാടനം ചെയ്യാനെത്തി. അവിടെ പ്രാര്‍ഥന ചൊല്ലാന്‍ നിന്നിരുന്നത് ഞാന്‍നായിരുന്നു. അവിടെ വെച്ച് അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. പ്രസംഗിക്കുന്നതിനിടയില്‍ അദ്ദേഹം എനിക്ക് നല്‍കിയ വാഗ്ദാനത്തെ പറ്റി ഓര്‍മിപ്പിച്ചിട്ട് എത്രയും പെട്ടെന്ന് ജോലിക്ക് അപേക്ഷ നല്‍കാനായി നിര്‍ദ്ദേശിച്ചു. 

ഞാനും ആനന്ദ് കുമാര്‍ അങ്കിളും ചേര്‍ന്ന് സെക്രട്ടേറിയറ്റില്‍ ചെന്ന് അപേക്ഷ നല്‍കി. 2012 മാര്‍ച്ചില്‍ എന്റെ പരീക്ഷ കഴിഞ്ഞു. ഏപ്രില്‍ 23ന് എനിക്ക് സ്വാതി തിരുനാള്‍ കോളേജില്‍ തന്നെ ജോലി നല്‍കുകയും ചെയ്തു. എന്റെ വിദ്യഭ്യാസകാര്യത്തിലും ഒരു പ്രതിസന്ധി ഉണ്ടായിരുന്നു. സംഗീത കോളേജായിരുന്നതിനാല്‍ എനിക്ക് സബ് ആയി മൃദംഗം, വീണ, വയലിന്‍ ഇവയിലേതെങ്കിലും പഠിക്കണം. ഇവ പഠിക്കണമെങ്കില്‍ രണ്ട് കൈയും വേണം. 

അന്ന് വിദ്യാഭ്യാസമന്ത്രി എംഎ ബേബി ആയിരുന്നു. അദ്ദേഹത്തെ കണ്ട് ഈ വിഷയം അവതരിപ്പിച്ചു. ബോംബ് സ്ഫോടനത്തില്‍ കൈ നഷ്ടപ്പെട്ട വിഷയം ഉള്‍പ്പെടെ അറിയിച്ചു. അന്ന് എനിക്ക് വേണ്ടി അക്കാര്യത്തില്‍ പ്രത്യേക ഇളവ് അനുദിക്കുകയും മറ്റ് വിഷയങ്ങള്‍ പഠിക്കാന്‍ അനുവദിക്കുകയും ചെയ്തു. പിന്നീട് ഇക്കാര്യം ഭാവിയില്‍ പഠിക്കാന്‍ വരുന്ന മറ്റ് വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്രദമാവുകയും ചെയ്തു. ഇപ്പോള്‍ ജീവിതം സന്തോഷത്തിലാണ്. എനിക്ക് ഒരു ചേട്ടനും മുതിര്‍ന്ന സഹോദരിയുമാണ് ഉണ്ടായിരുന്നത്. ചേട്ടന്‍ മരിച്ചു. ചേട്ടന്റെ മകനെ ഞാനാണ് പഠിപ്പിക്കുന്നത്. മലയിന്‍കീഴില്‍ ഒരു വീട് വാങ്ങി. കഴിഞ്ഞ മാസമായിരുന്നു അതിന്റെ പാലുകാച്ചല്‍

പിന്നെയും കുറെയേറെ കാര്യങ്ങള്‍ അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഏറെയും പിന്നിട്ട് പോയ കാലങ്ങളെയും പ്രതിസന്ധികളെപ്പറ്റിയും. ഇപ്പോള്‍ തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജിലാണ് പൂര്‍ണ ചന്ദ്രന്‍ ജോലി ചെയ്യുന്നത്. ഇനിയും കാണാമെന്ന് പറഞ്ഞ് പിരിയുമ്പോള്‍ ഒരു കുടുംബജീവിതമെന്ന സ്വപ്നമാണ് ഇരുളൊഴിഞ്ഞ പൂര്‍ണ ചന്ദ്രനില്‍ ശോഭിച്ചത്.