ഏറ്റവും അച്ചടക്കമുണ്ടെന്ന് പറയപ്പെടുന്ന സേനകളില്‍ ഒന്നാണ് പോലീസ്. അച്ചടക്കലംഘനമുണ്ടായാല്‍ നടപടി ഉറപ്പ്. ഇങ്ങനെ കഴിഞ്ഞ പത്തു വര്‍ഷത്തില്‍ അധികമായി പോലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സംസാരിച്ചുകൊണ്ടിരിക്കുന്ന ആറന്മുള പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കോഴിക്കോട്ടുകാരനായ ഉമേഷ് വള്ളിക്കുന്നിന് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ഉമേഷ് വള്ളിക്കുന്ന് സംസാരിക്കുകയാണ്.

To advertise here,

മുപ്പതോളം കാരണം കാണിക്കല്‍ നോട്ടീസ് മൂന്ന് സസ്‌പെന്‍ഷന്‍, ഒരുപക്ഷെ പോലീസില്‍ തന്നെ ഇത്തരത്തില്‍ റെക്കോര്‍ഡുള്ള ആള്‍ താങ്കള്‍ മാത്രമായിരിക്കും?

ഒരു റെക്കോഡ് ആണോ എന്നറിയില്ല ചിലപ്പോ ഇതിലും കൂടുതല്‍ കിട്ടിയ ആള്‍ക്കാരുണ്ടാവും. പക്ഷേ, ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ എഴുതിയതുകൊണ്ട്, അല്ലെങ്കില്‍ അഭിപ്രായം പറഞ്ഞതിന് ഇത്രയും നടപടി നേരിടുന്നത് ഒരാള്‍ ഞാന്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.

അസാന്മാര്‍ഗിക പ്രവര്‍ത്തനം, പ്രണയം, ഫെയ്​സ്ബുക്ക് പോസ്റ്റ് ഇതിന്റെയൊക്കെ പേരിലാണ് നടപടികളൊക്കെ ഉണ്ടായത് അല്ലേ ശരിക്കും താങ്കള്‍ അത്രമാത്രം വലിയ പ്രശ്‌നക്കാരനാണോ?

ഇവര്‍ ഇതിനെ വ്യാഖ്യാനിക്കുന്നത് ഭയങ്കര രസമായിട്ടാണ്. ഗ്രോ വാസു ജയില്‍മോചിതരായപ്പോള്‍ അദ്ദേഹത്തിന്റെ ഫോട്ടോ ഞാന്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. അതായത് കോടതി അദ്ദേഹത്തെ നിരപരാധിയാണെന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് അദ്ദേഹത്തിന്റെ ഫോട്ടോ ഇട്ടത്. അതിനുശേഷം എന്നോട് സേനയില്‍നിന്ന് പറഞ്ഞത് താങ്കള്‍ കുറ്റവാളികളുമായിട്ട് ചേര്‍ന്ന് പോലീസിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നാണ്. അതായത് ഒരു ഫോട്ടോ ഇടുന്നത് പോലീസിനെതിരെയുള്ള പ്രവര്‍ത്തനമായിട്ടാണ് വ്യാഖ്യാനിക്കുന്നത്.

ഞാന്‍ ആതിരയെ പ്രണയിച്ചതും കല്യാണം കഴിച്ചതുമാണ് അസാന്മാര്‍ഗിക പ്രവര്‍ത്തനമായിട്ട് പറയുന്നത്. ഈ സംഭവങ്ങളെല്ലാം പറഞ്ഞ് എനിക്കെതിരെ അച്ചടക്കനടപടി എടുത്തിട്ട് അതൊരു ഭീകരപ്രവര്‍ത്തനമാക്കി വ്യാഖ്യാനിക്കുകയാണ്. അസാന്മാര്‍ഗിക പ്രവര്‍ത്തനം എന്ന് പറയുന്ന പോലീസിനുള്ളില്‍ തന്നെയാണ് കഴിഞ്ഞ ദിവസം ഒരു ഡിവൈഎസ്പി ബലാല്‍സംഗക്കേസിന്റെ പേരില്‍ സസ്‌പെന്‍ഷനിലായത്. അപ്പോള്‍ ശരിക്കും പോലീസിന്റെ ഉള്ളില്‍ തന്നെയാണ് ഈ ക്രിമിനലുകളും, അതുപോലെ സ്ത്രീ പീഡകരൊക്കെയുള്ളത് എന്നത് വാസ്തവമാണ്. ഞാന്‍ സസ്‌പെന്‍ഷനില്‍ ആയിട്ട് ഇപ്പോള്‍ 19-ാമത്തെ മാസമാണ്. സസ്‌പെന്‍ഷന്‍ ആകുന്നത് കാരണം ഞാന്‍ മുഖ്യമന്ത്രിക്ക് ഒരു കത്ത് എഴുതിയതാണ്. പോലീസിനകത്തെ ഗുണ്ടാബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത്.

വിരമിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിയുള്ള ഒരു ഡിവൈഎസ്പി ഒരു ഗുണ്ടാവിരുന്നില്‍ പങ്കെടുത്തതിന് സസ്‌പെന്‍ഷനിലായി. അന്ന് ഞാന്‍ ഓര്‍മിപ്പിച്ചത് ഇരുപതും മുപ്പതുമൊക്കെ സര്‍വീസ് ബാക്കിയുള്ള ആളുകള്‍ക്കും ഈ ഗുണ്ടാബന്ധം ഉണ്ട് എന്നാണ്. അവര്‍ മുപ്പത് വര്‍ഷം പോലീസിനെ ഒറ്റുക്കൊടുത്തുകൊണ്ടിരിക്കും. അല്ലെങ്കില്‍ പോലീസിനെ ഒരു ക്രിമിനല്‍ കേന്ദ്രമാക്കി മാറ്റും. അതിനെതിരെ നടപടി എടുക്കണമെന്നും അന്വേഷിക്കണമെന്നും പറഞ്ഞിട്ടാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. കത്ത് എഴുതിയതിന്റെ പിറ്റേ ദിവസം എന്നെ സസ്‌പെന്‍ഡ് ചെയ്തു. ആ പരാതിയില്‍ ഒരന്വേഷണം നടന്നില്ല.

ശരിക്ക് പോലീസില്‍ വലിയ രീതിയിലുള്ള ഒരു മാറ്റം നടന്നുകൊണ്ടിരിക്കുകയാണ് എന്നൊക്കെയാണ് പറയപ്പെടുന്നത്. അവര്‍ റീല്‍സ് ഇടുന്നു, മറ്റ് ജനകീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. പക്ഷേ, നിലവിലെ സാഹചര്യങ്ങളോട് അല്ലെങ്കില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനെ അംഗീകരിക്കുന്നില്ല എന്നാണോ?

ഇതൊരു പുറംമോടിയാണ്. ഞങ്ങളുടെ സ്‌റ്റേഷനില്‍ സംഭവിച്ച ഒരു കാര്യം പറയാം. മറ്റുള്ളവരോട് വളരെ മോശമായിട്ട് പെരുമാറുന്ന, പോലീസുകാരെ തെറിവിളിക്കുന്ന ഒട്ടും മനുഷ്യത്വപരമല്ലാതെ പെരുമാറുന്ന ഒരു സിഐ വിവാദത്തിലായി. പുള്ളിക്കെതിരെ കഞ്ചാവുപ്രതിയെ വിട്ടതടക്കമുള്ള ആരോപണങ്ങളുണ്ടായി. അന്വേഷണമൊക്കെ വന്ന് കഴിഞ്ഞപ്പോള്‍ പെട്ടെന്ന് നെഗറ്റീവ് ഇമേജ് ആയപ്പോള്‍ അത് മാറ്റാന്‍ വേണ്ടി അദ്ദേഹം പ്രയോഗിച്ചത് എന്താണെന്നുവെച്ചാല്‍ പോലീസുകാരെ ടൂർ കൊണ്ടുപോവാന്‍ തീരുമാനിക്കലായിരുന്നു.

അയാള്‍ തന്നെ ക്യാമറാമാനെയൊക്കെ വെച്ച് സെറ്റ് ആക്കി. പക്ഷേ അഞ്ചു പേരെ അതില്‍ പോകാന്‍ തയ്യാറായുള്ളൂ. ഈ അഞ്ചു പേരെ സ്‌റ്റേഷനില്‍നിന്ന് ചാവി കൊടുത്ത് യാത്രയാക്കുന്നത് മുതല്‍ തിരിച്ചുവരുന്നത് വരെ ഷൂട്ട് ചെയ്ത് റീല്‍ ആക്കി വിട്ടു. അത് ഭയങ്കര വൈറല്‍ ആയിട്ട് പോയി. അങ്ങനെ കൃത്രിമമായിട്ട് ഒരു ഇമേജ് ഉണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമം നടക്കുന്നുണ്ട്. പക്ഷേ, അതേസമയം വനിതാ ബറ്റാലിയനിലെ പോലീസുകാരികള്‍ റീല്‍സ് ചെയ്തു എന്ന് പറഞ്ഞിട്ട് അവര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുകയും ചെയ്തു.

പത്തു വര്‍ഷം മുന്നേ നേരത്തെ കോഴിക്കോട് കമ്മീഷണര്‍ ആയിരുന്ന എ.വി. ജോര്‍ജുമായിട്ട് ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് തുടങ്ങുന്നത്. ശരിക്ക് എന്തായിരുന്നു അന്ന് സംഭവിച്ചത്?

എ.വി. ജോര്‍ജുമായിട്ടുള്ള വിഷയം ഷോര്‍ട്ട് ഫിലിം നിര്‍മിച്ചതുമായി ബന്ധപ്പെട്ടാണ്. അതായത് പോലീസിന്റെ അകത്ത് നിന്നിട്ടുതന്നെ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു, ട്രാഫിക്കുമായിട്ട് ബന്ധപ്പെട്ട്. ട്രാഫിക് പോലീസ് ആണ് നിര്‍മിച്ചത്. അത് എഴുതിയത് ഞാനായിരുന്നു. അന്നതിന് നല്ല അഭിപ്രായങ്ങളൊക്കെ കിട്ടി, ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം ലഹരിമരുന്ന് വ്യാപനവുമായി ബന്ധപ്പെട്ട് ഷാഡോ പോലീസിലെ പോലീസുകാരെ വെച്ച് എഴുതിയ ഒരു സംഭവം ഷൂട്ട് ചെയ്യാന്‍ വേണ്ടി അനുമതിക്ക് വേണ്ടി കമ്മീഷണര്‍ ഓഫീസില്‍ ഏല്‍പ്പിച്ചിരുന്നു. അന്ന് എ.വി. ജോര്‍ജ് അനുമതിക്ക് വേണ്ടി അയക്കാതെ, അദ്ദേഹം ഇതേപോലെയൊരു ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നുവെന്നും സംവിധായകന്‍ രഞ്ജിത്ത് അതിന്റെ സ്വിച്ച്ഓണ്‍ നിര്‍വഹിക്കുമെന്നും ഇന്നേ ദിവസം റിലീസ് ചെയ്യുമെന്നൊക്കെ പറഞ്ഞ് അനൗണ്‍സ് ചെയ്തു. അങ്ങനെ അത് ഷൂട്ട് ചെയ്യുകയും ചെയ്തു. പക്ഷേ ഉദ്ദേശിച്ച ദിവസം അവര്‍ക്ക് റിലീസ് ചെയ്യാന്‍ പറ്റിയില്ല.

അതിനുശേഷം ഒരു ഷോര്‍ട്ട് ഫിലിം ഇതുപോലെ ചെയ്തു. അതിന്റെ റിലീസ് ടാഗോര്‍ ഹാളില്‍ വെച്ചായിരുന്നു. ഇവരുടെ റിലീസിന്റെ രണ്ടു ദിവസം മുമ്പായിരുന്നു അത് തീരുമാനിച്ചത്. അപ്പോള്‍ എ.വി. ജോര്‍ജ് തന്റെ അധികാരം ഉപയോഗിച്ചിട്ട് ഇത് മാറ്റിവെക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പക്ഷെ, അതിന് വഴങ്ങിയില്ല. അപ്പോള്‍ ആള്‍ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. താന്‍ സര്‍വീസില്‍ കാണില്ല എന്നൊക്കെ പറഞ്ഞു. അന്നുവരെ ഞാന്‍ അദ്ദേഹത്തോട് മോശമായിട്ട് സംസാരിച്ചിട്ടില്ല. ഞാന്‍ പറഞ്ഞു, പി.എസ്.സി എഴുതി കിട്ടിയ ജോലിയാണ് അതുകൊണ്ടുതന്നെ സര്‍വീസില്‍ ഞാന്‍ ഉണ്ടാവും, എന്നെ ട്രാന്‍സ്ഫര്‍ ചെയ്യാനോ ശിക്ഷിക്കാനോ ഒക്കെ പറ്റുമായിരിക്കും എന്നും പറഞ്ഞു. ഇതോടെ പുള്ളി ഗെറ്റ്ഔട്ട് അടിച്ചു. അതാണ് തുടക്കം.

ശേഷം എന്നെ ഷോര്‍ട്ട് ഫിലിം റിലീന്റെ അന്ന് പോവാന്‍ അനുവദിക്കാതെ ട്രാഫിക്കിലേക്ക് മാറ്റി ജോലിക്കിട്ടു. ആള് മലാപ്പറമ്പ് ഭാഗത്ത് നിന്ന് വരുമ്പോള്‍ എന്നെ കാണാനാവുന്ന തരത്തിലായിരുന്നു ഡ്യൂട്ടിക്ക് നിയോഗിച്ചത്. ശേഷം എ.വി. ജോര്‍ജ് ഇവിടെ നിന്നും മാറി, പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് തിരിച്ചു വന്നതിനു ശേഷമാണ് രണ്ടാമത്തെ അധ്യായം തുടങ്ങുന്നത്.

ഇപ്പോള്‍ പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിയിരിക്കുകയാണല്ലോ? നേരത്തെ സസ്‌പെന്‍ഷനും അതുപോലെ കാരണം കാണിക്കല്‍ നോട്ടീസുമൊക്കെ ആയിരുന്നല്ലോ? ഇതിപ്പോ ഏകദേശം അവര് തീരുമാനിച്ച് ഉറപ്പിച്ച് തന്നെയാണ് ഒരു പിരിച്ചുവിടല്‍ കത്ത് നല്‍കിയിട്ടുണ്ടാവുക. എങ്ങനെയാണ് ഇതിനെ നേരിടാന്‍ പോകുന്നത്?

പത്തനംതിട്ടയിലേക്ക് ഒരു പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ആയിട്ടാണ് ഞാന്‍ എത്തിപ്പെടുന്നത്. അവിടെ ആറന്മുള സ്റ്റേഷനിലായിരുന്നു ജോലി. പോലീസുകാരോട് വളരെ മോശമായിട്ടുള്ള പെരുമാറ്റം, കൈക്കൂലി, അഴിമതി ഇതൊക്കെ അവിടെ സജീവമായിരുന്നു. ഞാന്‍ അതിനെതിരെ പ്രതികരിച്ചു. അതിന്റെ പേരില്‍ എനിക്ക് നടപടി വന്നു. അവിടുത്തെ സിഐക്ക് എതിരെയും ചില നടപടികള്‍ ഉണ്ടായിരുന്നു. കാരണം പരസ്യമായിട്ട് ഇത്തരം അഴിമതി വിവരങ്ങളെല്ലാം പുറത്തുവരുമ്പോള്‍ നടപടി എടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ഒപ്പം പോലീസുകാരുടെ ഗുണ്ടാബന്ധത്തെ കുറിച്ചുകൂടി എഴുതുക കൂടി ചെയ്തപ്പോഴാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇനി ഞാന്‍ ഈ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ച് ഏത് സ്റ്റേഷനില്‍ ചെല്ലുകയാണെങ്കിലും അവര്‍ക്ക് ഒരു പേടിയുണ്ടാകും. കാരണം ഇത്രയുമായ സ്ഥിതിക്ക് എന്നെ സര്‍വീസില്‍ കയറ്റാതിരിക്കാനുള്ള ശ്രമം അവര്‍ നടത്തും. ആ തീരുമാനത്തിന്റെ പുറത്താണ് ഇപ്പോ തിരിച്ചു വിടാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നുവേണം കരുതാന്‍. നിയമപരമായിട്ട് കോടതിയില്‍ പോയാല്‍ തിരിച്ചു വരും എന്ന് തന്നെയാണ് എന്റെ വിശ്വാസം. മറുപടി കൊടുക്കും. സ്വാഭാവികമായിട്ട് അവര്‍ മറുപടി തൃപ്തികരില്ല എന്ന് പറഞ്ഞ് തിരിച്ചയക്കാനാണ് സാധ്യത.

ഓരോ നോട്ടീസ് കിട്ടുമ്പോഴും ഓരോ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും ഉമേഷ് ഫെയ്​സ്ബുക്കിൽ പോസ്റ്റുചെയ്യും. അതിന്റെ അടിയിലൊക്കെ വരുന്ന ഒരുപാട് കമന്റുകളുണ്ട്. ചിലത് വലിയ രീതിയില്‍ പിന്തുണയ്ക്കുന്നതും മറ്റ് ചിലത് നിങ്ങള്‍ അര്‍ബന്‍ നക്‌സല്‍ ആണ് എന്നൊക്കെ പറഞ്ഞിട്ടാണ്. ശരിക്കും താങ്കള്‍ ഒരു വിപ്ലവകാരി ആണോ, പോലീസുകാരന്‍ ആണോ, അര്‍ബന്‍ നക്‌സല്‍ ആണോ ആരാണ്?

ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. അര്‍ബന്‍ നക്‌സല്‍ എന്ന് പറഞ്ഞ് ചാപ്പ കുത്തുന്നത് പ്രണയിച്ച സമയത്തുള്ള നോട്ടീസിലാണ്. ഞാനും ആതിരയും പ്രണയത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ക്കും വീട്ടിലുമെല്ലാം അറിയാമായിരുന്നു. നാട്ടുകാര്‍ക്കൊന്നും അറിവുണ്ടായിരുന്നില്ല. പക്ഷെ, പോലീസിനുള്ളില്‍നിന്ന് അന്വേഷണം വന്നു. ആതിര താമസിക്കുന്ന ഫ്‌ളാറ്റിന്റെ ബ്രോക്കറുടേയും ആതിരയുടെ അച്ഛന്റെയും അമ്മയുടെയുമെല്ലാം മൊഴിയെടുത്തു. അന്ന് സുദര്‍ശനാണ് ഇവിടെ ഡിവൈഎസ്പി. ഇവരുടെയെല്ലാം മൊഴിയുടെ അടിയില്‍ ടിയാന്‍ തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരനും മാവോയിസ്റ്റ് അനുഭാവിയും ആണെന്ന് എനിക്കറിയാം എന്ന് ഡിവൈഎസ്പി സുദര്‍ശന്‍ എഴുതിവെച്ചു. അത് അവര്‍ അന്വേഷിക്കാന്‍ വേണ്ടി പ്രത്യേക സംഘത്തെ തന്നെ വിട്ടു. പക്ഷേ ഒരു മാവോയിസ്റ്റിനെ പോലും എനിക്ക് അറിയാത്തതുകൊണ്ടും ബന്ധമില്ലാത്തതുകൊണ്ടും അവര്‍ക്ക് അത് തെളിയിക്കാന്‍ പറ്റിയില്ല.

ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ആയിരിക്കും എന്നെ അര്‍ബന്‍ നക്‌സലായി ചാപ്പകുത്തി കമന്റ് ഇടുന്നത്. അവര്‍ക്ക് പ്രതിരോധിക്കാന്‍ ഒന്നുമില്ലെങ്കില്‍ ഏന്തെങ്കിലും ചാപ്പ കുത്തുക എന്നതാണല്ലോ. പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ സംഘിയാക്കി. ഒരു ഡിജിപി തന്നെ അയാള്‍ ആര്‍എസ്എസ് ആണ് പറയുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോള്‍ വലതുപക്ഷ നിലപാടാണ് എന്നൊക്കെയാണ് പറയുന്നത്. ഇനി ഒരു ഭരണമാറ്റം ഒക്കെ വന്നു കഴിഞ്ഞാല്‍ ഈ കമന്റ് പറയുന്ന ആള്‍ക്കാരായിരിക്കും എന്നെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുക.

ഏറെ അച്ചടക്കമുള്ള ഒരു സേനയാണ് എന്നാണ് പോലീസ് അവകാശപ്പെടുന്നത്. അപ്പോള്‍ ഉമേഷ് ഇത്തരം കാര്യത്തിലൊക്കെ കുറെ കൂടി ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ. പോലീസിന്റെ ഭാഗമായി പോലീസിനെതിരെ തന്നെ പറയുന്നത് പ്രശ്‌നമല്ലേ. പലരും ഇങ്ങനെ പറയാന്‍ താല്‍പര്യപ്പെടാത്ത ആളുകളാണ്. ചിലപ്പോള്‍ പേടി കൊണ്ടായിരിക്കും. അവരുടെ ജോലി പോകും എന്നുള്ള ഭയം കൊണ്ടുമാവാം. അക്കാര്യത്തില്‍ എന്താണ് നിലപാട്?

യാദൃച്ഛികമായിട്ടാണ് ഞാന്‍ എഴുത്തിലേക്ക് വരുന്നത്. എഴുതാതെ ഉറങ്ങാന്‍ പറ്റില്ല എന്നുള്ള ഒരു സാഹചര്യം വന്നപ്പോഴാണ് എഴുതിയത്. എഴുതി കഴിയുമ്പോള്‍ കുറെ റിലാക്‌സ്ഡ് ആകും. ഈ കുറഞ്ഞ കാലയളവില്‍ മാത്രം നൂറില്‍ അധികം ആളുകള്‍ ആത്മഹത്യ ചെയ്ത ഒരു ഡിപ്പാര്‍ട്ട്‌മെന്റ് ആണ് പോലീസ്. മിക്കതും വലിയ സമ്മര്‍ദം കൊണ്ടാണ്. പക്ഷേ, യഥാര്‍ഥ കാരണങ്ങള്‍ പുറത്തുവരുന്നില്ല. പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ സമ്മര്‍ദമുണ്ടാകുമ്പോള്‍ പ്രതികരിച്ചിട്ടില്ലെങ്കില്‍ നമ്മള്‍ ഇതിനുള്ളില്‍ തന്നെ വീര്‍പ്പുമുട്ടി വീര്‍പ്പുമുട്ടി ഒരുപക്ഷേ ഞാനും ആത്മഹത്യയിലേക്ക് പോയിട്ടുണ്ടാകും. എനിക്ക് തോന്നുന്നു ഞാന്‍ എഴുതുന്നതുകൊണ്ട് ജീവിച്ചിരിക്കുന്നത് എന്നാണ്. അതാണല്ലോ പ്രധാനം. അച്ചടക്ക നടപടിയും ശമ്പള ഇന്‍ക്രിമെന്റ് കട്ട് ചെയലൊക്കെ പിന്നീടു വരുന്ന കാര്യമല്ലേ.

ജോലി പോകും എന്ന് ഏതാണ്ട് ഉറപ്പായ അവസ്ഥയിലാണ്. എങ്ങനെയാണ് മുന്നോട്ടുപോക്ക്. നിയമ നടപടികള്‍ക്കപ്പുറം ഒരുപാട് സാമ്പത്തികമായ പ്രശ്‌നങ്ങളൊക്കെ ഉണ്ടാവുമല്ലോ?

നിലവില്‍ 18 മാസത്തില്‍ അധികമായി ഞാന്‍ സസ്‌പെന്‍ഷനില്‍ ആയിരുന്നല്ലോ. പിരിച്ചു വിടാന്‍ സാധ്യതയുണ്ട് എന്ന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ പിരിച്ചുവിട്ടു കഴിഞ്ഞാല്‍ ഉടനെ തന്നെ ഒരു പുതിയ ഒരു ജോലിക്കായുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു. അതുമായി മുന്നോട്ട് പോവും.

താങ്കളെ പോലെ എല്ലാ പോലീസുകാരും ഇങ്ങനെ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ സേനയുടെ അവസ്ഥ എന്താവും?

അതാണ് ഇപ്പോള്‍ ഇവരുടെ ഭയം. കാരണം കഴിഞ്ഞ പത്ത് വര്‍ഷമായി പോലീസിലെ പുഴുക്കുത്തുകള്‍ക്കെതിരേ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ ഞാന്‍ പ്രതികരിക്കുന്നു, പോസ്റ്റിടുന്നു, ഇത്തരക്കാരെ ചൂണ്ടിക്കാണിക്കുന്നു. പക്ഷെ, കാരണം കാണിക്കല്‍ നോട്ടീസും ഇന്‍ക്രിമന്റ് കട്ടിങ്ങും സസ്‌പെന്‍ഷന്‍ നോട്ടീസുമൊക്കെ നല്‍കിയതല്ലാതെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സ്വാഭാവികമായിട്ടും അത് ഒരുപാട് പോലീസുകാര്‍ക്ക് ഊര്‍ജം നല്‍കുന്നുണ്ട്. ഇപ്പോ പോലീസുകാര്‍ ഇത്തരം മണ്ടന്‍ മെമ്മോ ഒക്കെ കിട്ടുമ്പോള്‍ കിടിലം മറുപടികള്‍ കൊടുക്കുന്നുണ്ട്. പറ്റില്ല എന്ന് പറയുന്നുണ്ട്. തിരിച്ചു ചോദ്യം ചെയ്യുന്നുണ്ട്. അല്ലെങ്കില്‍ ഞങ്ങള്‍ക്കത് ചെയ്യാന്‍ പറ്റില്ല എന്ന് തുറന്ന് പറയുന്ന ഒരു തലമുറ പോലീസില്‍ വളര്‍ന്നു വരുന്നുണ്ട്. ഇത്തരക്കാര്‍ക്ക് കൂടിയുള്ള ഒരു മറുപടിയായിട്ടായിരിക്കും എന്നെ പിരിച്ചു വിടുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇങ്ങനെയുള്ള പോലീസുകാരോട് എന്താണ് ഉമേഷിന് പറയാനുള്ളത് അങ്ങോട്ട് പ്രതികരിക്കണം എന്നാണോ?

എന്നെ പോലെ ആവണമെന്ന് ഒരു പോലീസുകാരോടും പറയാറില്ല. മെമ്മോ ഒക്കെ കിട്ടുമ്പോള്‍ മറുപടി എഴുതാനൊക്കെ പോലീസുകാര്‍ എന്നെ വിളിക്കാറുണ്ട്. എന്നാല്‍, ഞാന്‍ കൊടുക്കുന്ന തരത്തിലുള്ള മറുപടികള്‍ അവരെകൊണ്ട് കൊടുപ്പിക്കില്ല. നല്ല രീതിയില്‍ സോള്‍വ് ആക്കാനാണ് പറയുക. പക്ഷേ, ഒരിക്കലും അടിമയായിട്ട് ജീവിക്കരുത് എന്ന് പറയും. ഒരാളെ ദ്രോഹിക്കാനോ മേലുദ്യോഗസ്ഥന് കൈക്കൂലി വാങ്ങി കൊടുക്കാനോ ഒന്നും പോലീസുകാര്‍ ഇടനിലക്കാരാവരുത്. ഓരോരുത്തരും അവരവരുടെ ജോലി ചെയ്താല്‍ മതി. അച്ചടക്കം ആവാം അടിമത്തം ആവണ്ട എന്നാണ് എനിക്ക് പറയാനുള്ളത്.

ഇങ്ങനെ മുന്നോട്ട് പോകുമ്പോള്‍ ഈ സേനയിലേക്ക് വരേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ടോ?

ഒരിക്കലുമില്ല. ഈ പോലീസ് ജോലി ഞാന്‍ ആസ്വദിച്ച് ചെയ്യുന്നതാണ്. 22 വര്‍ഷമായി സര്‍വീസില്‍. അതില്‍ സസ്‌പെന്‍ഷനും മറ്റുമൊക്കെയായി രണ്ടരക്കൊല്ലം പുറത്തായിരുന്നു. ഇക്കാലത്ത് ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ആറന്മുളയിലെ സി.ഐ സികെ മനോജ് ഒഴികെ വേറെയാരും ഞാന്‍ ജോലി ചെയ്യുന്നില്ല എന്ന് പറഞ്ഞിട്ടില്ല. മുപ്പതോളം അച്ചടക്ക നടപടികളില്‍ ഒന്നുപോലും ഡ്യൂട്ടിയില്‍ ഒരു വീഴ്ച വരുത്തിയതോ ഒരു ഫയലില്‍ പോരായ്മ വരുത്തിയതോ പറയുന്നില്ല. എല്ലാം അഭിപ്രായം പറഞ്ഞതിന്റെ പേരിലൊക്കെയാണ് ഉണ്ടായിട്ടുള്ളത് പിന്നെ ആതിരയുടെ പ്രണയത്തിന്റെ പേരിലും പ്രണയിച്ചതിന്റെ പേരിലും സിനിമയെടുത്തതിന്റെ പേരിലുമൊക്കെയായിരുന്നു. സേനയ്ക്ക് അകത്ത് ഉള്ളപ്പോള്‍ ആത്മാര്‍ത്ഥമായിട്ടാണ് പണിയെടുത്തത്.

ഇത്രയും നീണ്ട നാളത്തെ കാരണം കാണിക്കല്‍ നോട്ടീസുകളും സസ്‌പെന്‍ഷനും എല്ലാം കൊണ്ട് ഉഴലുകയാണ്. വീട്ടില്‍ നിന്നുള്ള ഒരു പ്രതികരണം എങ്ങനെയാണ്?

ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ തന്നെ ഇത്തരം വിഷയങ്ങളിലൂടെയാണ് വരുന്നത്. മോളും ചെറുപ്പം തൊട്ട് ഇതൊക്കെ കാണുന്നു. ഈ പണിപോയാലും സാരമില്ല പൈസ ഉണ്ടാവണമെന്നും ഏറ്റവും കുറഞ്ഞത് നമുക്ക് ബിരിയാണി കഴിക്കാനുള്ള പൈസ ഉണ്ടാവണമെന്നാണ് നോട്ടീസ് കിട്ടിയപ്പോള്‍ മോള്‍ പറഞ്ഞത് അത്രയേ ഉള്ളൂ. അത് ഉണ്ടാക്കാന്‍ പറ്റുമെന്ന് അവര്‍ക്ക് കോണ്‍ഫിഡന്‍സ് ഉണ്ട്. പത്തനംതിട്ട പോയപ്പോള്‍ രണ്ട് മാസം അവിടെ ലീവ് പോലും ഇല്ലാതെ നിന്നു. ആറു മാസത്തിലധികമുള്ള ശമ്പളം ലഭിക്കാനുണ്ടായിരുന്നു. കയ്യില്‍ അഞ്ചു പൈസയില്ലാത്ത അവസ്ഥയിലായി. പൈസ തീരെ ഇല്ലാതെ ആകുമ്പോള്‍ നമുക്ക് കടം ചോദിക്കാന്‍ പോലും ഒരു മടിയായിരിക്കും. സുഹൃത്തുക്കളൊക്കെ ഭക്ഷണം കൊണ്ടുവരും. അതുമല്ലെങ്കില്‍ മെസ്സ് ഉണ്ടാകും.

ഡ്യൂട്ടി ഇല്ലാത്ത സമയത്താണെങ്കില്‍ ഒരു ടൈഗര്‍ ബിസ്‌കറ്റും വാങ്ങി റൂമില്‍പോയിരുന്ന് കഴിച്ച സമയമുണ്ട്. അത്രയും പൈസ ഇല്ലാത്ത സാഹചര്യങ്ങളിലൂടെ കടന്നുപോയിരുന്നു. പലപ്പോഴും ഇത് കളഞ്ഞിട്ട് പോന്നൂടെ എന്ന് ചോദിക്കാറുണ്ട് വീട്ടില്‍നിന്ന്. എന്തായാലും ഞാന്‍ ഇങ്ങനെ തന്നെ പോവും.