കേരളാകോണ്‍ഗ്രസിന്റെ സംസ്ഥാന കോര്‍ഡിനേറ്ററായി അപു ജോണ്‍ ജോസഫിനെ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി തിരഞ്ഞെടുത്തത് കഴിഞ്ഞ ദിവസമാണ്. പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ മകനാണ്. സൗമ്യമായി സംസാരിക്കുന്ന ഈ 52-കാരന് വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ട്. അപു സംസാരിക്കുന്നു.

To advertise here,

നല്ല ജോലിയും ചുറ്റുപാടുകളും ഒക്കെ വിട്ട് സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നും നാട്ടിലേക്ക് വരാനുള്ള തീരുമാനത്തിനു പിന്നില്‍...
2018 ജനുവരിയില്‍ വന്നതാണ്. ഇപ്പോള്‍ 2025 ജനുവരി. 17 വര്‍ഷമായി രാഷ്ട്രീയത്തില്‍ വന്നിട്ട്. എന്റെ മകന്‍ അന്ന് ഒന്നാം ക്ലാസ്സിലായിരുന്നു. ഞങ്ങള്‍ പരമ്പരാഗതമായി കൃഷിക്കാര്‍ ആണല്ലോ. പ്രായമാകുമ്പോള്‍ നോക്കാന്‍ പിള്ളേര്‍ വേണം. പിള്ളേര് അവിടെ വളര്‍ന്നു കഴിഞ്ഞാല്‍ തിരിച്ചുപോരാന്‍ പാടാ. മോന്‍ അവിടെ പത്താം ക്ലാസ് വരെ സ്പെന്‍ഡ് ചെയ്താല്‍ ജീവിതവും സുഹൃത്തുക്കളും എല്ലാം അവിടെയാവും. പിന്നെ അവിടെനിന്ന് നാട്ടിലേക്ക് പറിച്ചു നടാന്‍ വലിയപാടാ. അങ്ങനെ പെട്ടെന്നൊരു തീരുമാനം എടുക്കുകയായിരുന്നു.

രാഷ്ട്രീയത്തിലേക്കു വന്ന വഴി
ചെറുപ്പത്തില്‍ രാഷ്ട്രീയക്കാരന്‍ ആകണമെന്ന് ആഗ്രഹം തോന്നിയിരുന്നില്ല. പക്ഷേ, അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് താല്പര്യമുണ്ടായിരുന്നു. ഞങ്ങള്‍ ആരെങ്കിലും രാഷ്ട്രീയത്തില്‍ വരണമെന്ന് അപ്പച്ചനും താല്പര്യമില്ലായിരുന്നു. നാട്ടില്‍ വന്നപ്പോള്‍ അപ്പച്ചന് പ്രായമായിരുന്നു. എല്ലാ ജില്ലകളിലും എത്താനുള്ള ആരോഗ്യസ്ഥിതിയില്ല. അപ്പച്ചനുമായി നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിക്കാന്‍ പറ്റാത്തപ്പോഴൊക്കെ പ്രവര്‍ത്തകര്‍ എന്നെ വിളിച്ചു പറഞ്ഞു തുടങ്ങി. കഴിയുന്ന രീതിയില്‍ പ്രശ്നങ്ങള്‍ ഞാന്‍ പരിഹരിച്ചു, എന്നെ കൊണ്ട് കഴിയാത്തത് അപ്പച്ചനില്‍ എത്തിച്ച് പരിഹരിക്കും. അതിനു ഫലം കണ്ടു തുടങ്ങിയപ്പോള്‍ ഒരു പ്രോബ്ലം സോള്‍വറായി ആള്‍ക്കാര്‍ എന്നെ കാണാന്‍ തുടങ്ങി, എന്നെ ബന്ധപ്പെട്ട് തുടങ്ങി. പിന്നെ പാര്‍ട്ടി പരിപാടികള്‍ക്ക് വിളിച്ചു തുടങ്ങി. ആള്‍ക്കാരെ ഏകോപിപ്പിച്ച് നിര്‍ത്താനും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനും എനിക്കു കഴിവുണ്ടെന്ന് ഞാനും തിരിച്ചറിഞ്ഞത് അപ്പോഴാണ്. എനിക്കും തോന്നി കുഴപ്പമില്ല എന്ന്. (ചിരിക്കുന്നു.)

അപ്പച്ചനായിട്ട് ഉണ്ടാക്കിയ ഒരു പാര്‍ട്ടിയും രാഷ്ട്രീയ പ്രസ്ഥാനവുമുണ്ട്. അവ അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ കേടുപാടുകൂടാതെ നില്‍ക്കണം. മറ്റു ചില പാര്‍ട്ടികളില്‍ കണ്ടതു പോലെ അത് ശിഥിലമാവുകയോ എന്തെങ്കിലും പ്രശ്നങ്ങളില്‍ പെടുകയോ ചെയ്യാതെ നിലനില്‍ക്കണം. ഈ പാര്‍ട്ടിയെ ഒന്നിച്ചു കൊണ്ടുപോകാനും നേതാക്കന്മാരെയൊക്കെ ഏകോപിപ്പിച്ച് ഒറ്റക്കെട്ടായി നിര്‍ത്താനും എല്ലാ ജില്ലയിലും അപ്പച്ചനു പോകാന്‍ പറ്റാതെ വന്നപ്പോഴാണ് സത്യം പറഞ്ഞാല്‍ ഞാന്‍ ഇതിലേക്ക് ഇറങ്ങിയത്. പക്ഷേ വന്നു കഴിഞ്ഞപ്പോള്‍ ആളുകളെ പിടിച്ചുനിര്‍ത്താനും കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനും ഒക്കെയുള്ള സാമര്‍ത്ഥ്യം എനിക്കുമുണ്ട് എന്ന കാര്യം തിരിച്ചറിഞ്ഞു. പാര്‍ട്ടി സ്ഥാനങ്ങള്‍ പിന്നാലെ വന്നു. അത് സ്വാഭാവികമായ വളര്‍ച്ചയായിരുന്നു. കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങളായി പാര്‍ട്ടിയെ നല്ല രീതിയില്‍ ഏകോപിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം, സംസ്ഥാന കോര്‍ഡിനേറ്റര്‍ പദവി ഇപ്പോഴാണ് കിട്ടിയതെങ്കിലും.

അപുവിന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തെക്കുറിച്ച്  പിതാവ് പറയുന്നത്
അപ്പച്ചന്‍ ഇതുവരെ എന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഒരു നിശബ്ദ പ്രേക്ഷകനായി ഒരു വശത്തു നിന്നു എന്ന് മാത്രം. ചിലപ്പോള്‍ ചില കാര്യങ്ങളില്‍ ഇടപെട്ട് സംസാരിക്കാനൊക്കെ പറയും. രാഷ്ട്രീയത്തില്‍ എങ്ങനെ പോകണം, കരിയര്‍ എങ്ങനെ ആസൂത്രണം ചെയ്യണം എന്ന രീതിയില്‍ ഒരു സംസാരവും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിട്ടില്ല. താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചു മികവ് തെളിയിച്ച് ഉയര്‍ന്നുവരട്ടെ, നമുക്ക് ആലോചിക്കാം എന്ന് അദ്ദേഹം മാധ്യമങ്ങളോട് പണ്ടു പറഞ്ഞത് തന്നെയാണ് ഇപ്പോഴും നിലപാട്.

നിശ്ചിതമായ ജോലി സമയവും ശമ്പളവും ഉള്ള ഐ.ടി. ജോലിയില്‍നിന്ന് അത് രണ്ടും ഇല്ലാത്ത രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍
രാഷ്ട്രീയ ജീവിതത്തോട് കുടുംബത്തിനു വലിയ താല്പര്യമൊന്നുമില്ല. എന്നെ കാണാന്‍ കിട്ടുന്നില്ല എന്നാണ് പരാതി. പണ്ട് ഞങ്ങള്‍ക്കും ഉണ്ടായിരുന്നു അപ്പച്ചനെ കാണാന്‍ കിട്ടുന്നില്ല എന്ന പരാതി. മന്ത്രിയായിരിക്കുമ്പോള്‍ അപ്പച്ചന്‍ തിരുവനന്തപുരത്തായിരിക്കും, ഞങ്ങള്‍ നാട്ടിലും. അപ്പച്ചന്‍ വാരാന്ത്യങ്ങളിലേ വരൂ. അത്രയും തിരക്കില്ലെങ്കിലും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമയം കിട്ടാത്ത ത്യാഗജീവിതമാണ് രാഷ്ട്രീയക്കാരുടേതെന്ന് അതിലിറങ്ങിയപ്പോഴാണ് മനസ്സിലായത്. പൊതുജനം രാഷ്ട്രീയക്കാരെ വേറെ കണ്ണുകളിലാണ് കാണുന്നത്. എല്ലാവരും അഴിമതിക്കാരും പ്രശ്നക്കാരും ആണെന്നും, എല്ലാം കുട്ടിച്ചോറാക്കുന്നവരാണെന്നും എന്നൊക്കെ. പക്ഷേ, അവര്‍ സ്വന്തം കുടുംബത്തെയും വ്യക്തിജീവിതത്തെയും വേണ്ടെന്നുവെച്ചിട്ടാണ് 24 മണിക്കൂറും രാഷ്ട്രീയപ്രവര്‍ത്തനത്തിന് നില്‍കുന്നത്.

ത്രിതല തിരഞ്ഞെടുപ്പ് അടുത്തെത്തി. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പാണ്...
യു.ഡി.എഫ്. സ്ഥിരത കൈവരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമായ അജന്‍ഡയും രാഷ്ട്രീയ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ 80- 85 സീറ്റില്‍ ജയിക്കാനുള്ള സാഹചര്യം കേരളത്തില്‍ ഇന്നുണ്ട്. യു.ഡി.എഫിന്റെ ഏകോപനവും ഓരോ ഘടകകക്ഷികളുടെയും ഉത്തരവാദിത്തത്തോടുള്ള പ്രവര്‍ത്തനവും വളരെ പ്രധാനമാണ്. കുറച്ചുകാലമായി ഭരണം ഇല്ലാത്തതിനാല്‍ വിവിധ കാരണങ്ങളാല്‍ താഴെത്തട്ടില്‍ കാര്യമായ പ്രവര്‍ത്തനം ഒരു പാര്‍ട്ടിയിലും നടക്കുന്നില്ല. എല്ലാവരും ഒറ്റക്കെട്ടായി ഐക്യത്തോടെ മുന്നോട്ടു പോയാല്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും നല്ല രീതിയിലുള്ള വിജയം ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം.

ഒരു തുടര്‍ഭരണം കൂടി താങ്ങാനുള്ള കെല്‍പ്പ് നമ്മുടെ സംസ്ഥാനത്തിനില്ല. ഒരു പ്രാവശ്യം കൂടി അവര്‍ വന്നാല്‍ ഈ സംസ്ഥാനം തീര്‍ന്നു പോകും. എല്ലാം കുട്ടിച്ചോറാവും. അതുകൊണ്ട് ജനങ്ങളോടും യു.ഡി.എഫിന് വലിയ ഉത്തരവാദിത്തമുണ്ട്. അത് തിരിച്ചറിഞ്ഞ് കൂട്ടായ ഒരു പ്രവര്‍ത്തനം നടത്തണം. ഇത് എല്ലാവരുടെയും നിലനില്‍പ്പിന്റെ പ്രശ്നമാണ്, സംസ്ഥാനത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്, യു.ഡി.എഫിലെ ഓരോ ഘടകകക്ഷികളുടെയും നിലനില്‍പ്പിന്റെ പ്രശ്നമാണ്.

മാണി ഗ്രൂപ്പിനെ കുറിച്ച്. അവര്‍ ഐക്യജനാധിപത്യ മുന്നണിയില്‍ വരാനുള്ള സാധ്യതകള്‍...
രാഷ്ട്രീയപരമായിട്ട് അവര്‍ക്ക് ഇടതുമുന്നണിയില്‍ തുടരാനാവില്ല. പ്രവര്‍ത്തകര്‍ക്കൊന്നും ഒരുകാലത്തും സി.പി.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഉള്‍ക്കൊള്ളാനാവില്ല. ആശയപരമായി അത്രയ്ക്ക് ഭിന്നതകളുണ്ട്. വനനിയമം പോലുള്ള കാര്യങ്ങള്‍, വെള്ളക്കരവും വൈദ്യുതി ബില്ലുമൊക്കെ കൂട്ടുന്നത്... ഒരു മന്ത്രി ഉണ്ടെങ്കില്‍ പോലും മാണിഗ്രൂപ്പിന് മുന്നണിയില്‍ ഒരു വോയിസും ഇല്ല. അവരുടെ വകുപ്പില്‍ തന്നെ ഒരു ഫയല്‍ നീങ്ങണമെങ്കില്‍ മുഖ്യമന്ത്രി കാണണമെന്നാണ് പറയുന്നത്. അവിടെ നടക്കുന്നതു ഏകാധിപത്യ ഭരണമാണ്.

പക്ഷേ ഇങ്ങോട്ട് വന്നാല്‍ എന്താണ് സ്ഥിതി എന്നതില്‍ അവര്‍ക്ക് ആശങ്കയുണ്ടാകും. പ്രായോഗിക രാഷ്ട്രീയം വെച്ച് നോക്കിയാല്‍ യു.ഡി.എഫിലേക്കുള്ള വരവ് എളുപ്പമല്ല. യു.ഡി.എഫില്‍ ആയിരുന്നപ്പോള്‍ മത്സരിച്ചിരുന്ന എല്ലാ സീറ്റുകളിലും കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പുകാര്‍ മത്സരിച്ചു. കോട്ടയം ജില്ലയില്‍ അതിലെ 30% സീറ്റില്‍ അവര്‍ തോറ്റു. സാധാരണ ജയിച്ചിരുന്ന പല സീറ്റുകളിലും ജയിച്ച് മെമ്പര്‍മാരായത് കോണ്‍ഗ്രസിന്റെ അല്ലെങ്കില്‍ ജോസഫ് ഗ്രൂപ്പിന്റെ പ്രവര്‍ത്തകരാണ്. മാണിഗ്രൂപ്പുകാര്‍ തിരിച്ചുവരുമ്പോള്‍ അതേ സീറ്റുകള്‍ പ്രതീക്ഷിക്കും. പക്ഷേ, ഏതെങ്കിലും സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസോ, ജോസഫ് ഗ്രൂപ്പോ തയ്യാറാകുമോ? പിന്നെയുള്ളത് സി.പി.എമ്മിന്റെ കുത്തക സീറ്റുകളാണ്, അവിടെ മത്സരിച്ചാല്‍ തോറ്റു പോകും. ഇത്തരം പ്രശ്നങ്ങളില്‍ ചര്‍ച്ചകള്‍ നിന്നുപോകും. അതുപോലെ തന്നെ നിയമസഭയിലും. ലീഗ് തിരുവമ്പാടി സീറ്റ് വിട്ടുകൊടുക്കും എന്നൊക്കെ കേള്‍ക്കുന്നു. ലീഗ് അങ്ങനെ സീറ്റ് വിട്ടുകൊടുക്കുകയാണെങ്കില്‍ പകരം കോണ്‍ഗ്രസ് ഒരു സീറ്റ് വിട്ടുകൊടുക്കേണ്ടിവരും. മാണി ഗ്രൂപ്പ് തോറ്റ ഏഴു സീറ്റുകളില്‍ ജയിച്ച കോണ്‍ഗ്രസ്, ജോസഫ് ഗ്രൂപ്പ് സിറ്റിങ് എം.എല്‍.എമാര്‍ സീറ്റ് വിട്ടു കൊടുക്കുമോ? അതായത്, പ്രായോഗിക രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ മുന്നണിമാറ്റം അത്ര എളുപ്പമുള്ള കാര്യമല്ല.

മാണി ഗ്രൂപ്പിന്റെ യു.ഡി.എഫിലേക്കുള്ള തിരിച്ചുവരവില്‍ ജോസഫ് ഗ്രൂപ്പില്‍ എതിര്‍പ്പുണ്ടെന്നാണോ?
അങ്ങനെ ഒരു ചര്‍ച്ച ഇതുവരെ വന്നിട്ടില്ല. എതിര്‍പ്പുണ്ടോ എന്ന ചോദ്യത്തിന് മറുപടി ജോസഫ് ഗ്രൂപ്പ് നേതാക്കന്മാരാണ് പറയേണ്ടത്. പിന്നെ, ജോസ് കെ. മാണി പോലും അത് നിഷേധിച്ചിട്ടുണ്ട്.

മുനമ്പം പ്രശ്നവും സഭാനേതൃത്വവും
പഴയ രീതിയില്‍ സഭാനേതൃത്വവുമായി ഒരു കമ്മ്യൂണിക്കേഷന്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് അടിസ്ഥാനപ്രശ്നം. പണ്ട് മാണി സാറും പി.ജെ. ജോസഫും ഒക്കെ സഭാ നേതൃത്വവുമായി ഇടക്കിടെ സംസാരിക്കുമായിരുന്നു. മുനമ്പത്തിന്റെ കാര്യത്തില്‍ ആശയവിനിമയത്തകരാറാണ് പ്രശ്നമായത്. മുനമ്പത്ത് സമരം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് കേരളം പ്രശ്നം മനസ്സിലാക്കുന്നത്. ലത്തീന്‍സഭയുടെ വിഷയമായതുകൊണ്ട് തീര- മലബാര്‍ മേഖലയില്‍ വലിയ സംസാരവിഷയമായിരുന്നില്ല. ഒക്ടോബര്‍ 15-ന് അസംബ്ലി തീര്‍ന്നതിന്റെ തലേദിവസമോ മറ്റോ ആയിരുന്നു വഖഫ് ഭേദഗതിക്കെതിരെ നിയമസഭയില്‍ ബില്ലു വന്നത്. അപ്പോള്‍ മുനമ്പം ഒരു വിഷയമായിരുന്നില്ല. ആ വിടവില്‍ ബി.ജെ.പി, മുനമ്പത്തുകാരെ പുറത്താക്കാന്‍ 140 എം.എല്‍.എമാരും ഒരുമിച്ച് കൈപൊക്കി എന്നൊക്കെ പ്രചാരണം നടത്തി.

ചില ആശയങ്ങള്‍, ഉദാഹരണത്തിന് വഖഫ് ട്രൈബ്യൂണല്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ല എന്നതൊക്കെ, ഭരണഘടനാവിരുദ്ധമാണ് അങ്ങനെയുള്ള കാര്യങ്ങളിലൊക്കെ മാറ്റം വന്നേ പറ്റൂ. പക്ഷേ എന്നും ഇതൊരു തര്‍ക്കവിഷയമായി നിലനില്‍ക്കണം എന്ന ഉദ്ദേശത്തോടെ കേന്ദ്രം മുസ്ലീം സമുദായം ഒരുതരത്തിലും അംഗീകരിക്കാന്‍ സാധ്യതയില്ലാത്ത വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ടാണ് ഈ ഭേദഗതിക്കെതിരെ രാജ്യത്ത് എതിര്‍പ്പുയരുന്നത്. അന്നുതന്നെ യു.ഡി.എഫ് ഒരു വിശദീകരണം കൊടുത്തിരുന്നെങ്കില്‍ പ്രശ്നം അവിടെ നിന്നേനെ. ശരിയായ കാര്യങ്ങള്‍ ശരിയായ സമയത്ത് പറയേണ്ട സ്ഥലങ്ങളില്‍ നമ്മള്‍ പറയുകയും വിശദീകരിക്കുകയും ചെയ്താല്‍ പ്രശ്നം അപ്പോള്‍ തന്നെ പരിഹരിക്കപ്പെടും. സഭാ നേതൃത്വവുമായി നല്ല രീതിയിലുള്ള ആശയവിനിമയവും  ഇടപെടലും ഉണ്ടാവുകയാണെങ്കില്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ. ആ രീതിയിലുള്ള ഒരു സ്ട്രാറ്റജിയുമായി യു.ഡി.എഫ്, പ്രത്യേകിച്ച് കോണ്‍ഗ്രസ് മുന്നോട്ടു വരണം.

അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?
അങ്ങനെ പറയാന്‍ പറ്റത്തില്ല. അത് പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണ്. പാര്‍ട്ടിക്ക് ഏതൊക്കെ സീറ്റ് ലഭിക്കുന്നു, സ്ഥാനാര്‍ഥികള്‍ ആരൊക്കെ എന്ന് പാര്‍ട്ടി തീരുമാനിക്കും.

വനസംരക്ഷണ നിയമം ചര്‍ച്ചയാക്കുകയാണ് പി.വി. അന്‍വര്‍ എം.എല്‍.എ. കേരളാകോണ്‍ഗ്രസിന്റെ പരമ്പരാഗത മേഖലയില്‍ മറ്റു കക്ഷികള്‍ കടന്നു കയറുകയാണോ
ഇടതുമുന്നണിയില്‍ സ്വാധീനമുള്ള ഒരു പാര്‍ട്ടിയാണ് മാണി ഗ്രൂപ്പ് എങ്കില്‍, സര്‍ക്കാരില്‍ അവര്‍ക്ക് എന്തെങ്കിലും സ്വാധീനമുണ്ടെങ്കില്‍ ഇതൊക്കെ നടക്കുമോ? അവിടെവച്ച് തന്നെ ചോദ്യം ചെയ്യേണ്ട കാര്യങ്ങള്‍ അല്ലേ ഇതൊക്കെ? മാണിസാര്‍ സംസാരിക്കുന്നതും മറ്റു നേതാക്കള്‍ സംസാരിക്കുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ഇപ്പോള്‍ ഇടതുപക്ഷത്ത് മാണി ഗ്രൂപ്പ് നിസ്സഹായരാണ്, ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഇനി ഇങ്ങോട്ട് വന്നാല്‍ പോലും അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് പരിമിതി ഉണ്ടെന്നാണ് എന്റെ വിശ്വാസം.

ഏത് നിയമം ഏത് സര്‍ക്കാര്‍ കൊണ്ടുവന്നാലും ജനങ്ങളുടെ ക്ഷേമത്തിനാണ് മുന്‍ഗണന കൊടുക്കേണ്ടത്. അതിന് കോട്ടം തട്ടുന്ന രീതിയിലുള്ള നയങ്ങള്‍ വരുമ്പോള്‍ അതിനെ എതിര്‍ക്കേണ്ടത് അത്യാവശ്യമാണ്. ഈ പുതിയ നിയമത്തില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ട്. കാടിന്റെ അടുത്തുകൂടി പോയാല്‍ കണ്ണുമടച്ച് കേസെടുക്കാം എന്ന രീതിയില്‍ വ്യാഖ്യാനിക്കാം. ഞങ്ങളുടെ അടിസ്ഥാനപരമായ ആവശ്യം അത് റദ്ദാക്കണമെന്നുതന്നെ. അല്ലെങ്കില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായം ആരാഞ്ഞ് വേണ്ട ഭേദഗതികളോടെ നടപ്പാക്കണം.

പുതിയ രാഷ്ട്രീയത്തെക്കുറിച്ച്. സൗജന്യങ്ങളുടെ രാഷ്ട്രീയം തുടരാന്‍ പറ്റുമോ?
ഒരു ക്ഷേമരാഷ്ട്രമായി തുടരാനുള്ള സാമ്പത്തികശേഷി രാജ്യത്തിനുണ്ടെങ്കില്‍ സൗജന്യങ്ങള്‍ തുടരുന്നതില്‍ കുഴപ്പമൊന്നുമില്ല. നമ്മുടെ ഇന്ത്യ ഇപ്പോഴും ഒരു വികസ്വര രാഷ്ട്രമാണ്. ഈ സൗജന്യ രാഷ്ട്രീയം നമ്മുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയല്ലാതെ യാതൊരു ഗുണവും ചെയ്യില്ല. ശമ്പളം കൊടുക്കാന്‍ വേണ്ടി മാത്രമാണ് കടമെടുക്കുന്നത്. പിന്നെ ആനുകൂല്യങ്ങള്‍ കൊടുക്കാനും. ആനുകൂല്യങ്ങള്‍ കൊടുത്തു കൊണ്ടിരുന്നാല്‍ നമ്മുടെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടില്ല എന്നുള്ളത് ഇതുവരെ അവരുടെ ധനകാര്യമന്ത്രിക്ക് അറിയാന്‍ മേലാ.

അന്യസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സര്‍വകലാശാലകളുടെ സിലബസ് ഒരു 25 വര്‍ഷം പിന്നിലാണ്. തൊഴില്‍ സാധ്യത ഇല്ലാത്തതിനാല്‍ കാരണം നമ്മുടെ കുട്ടികള്‍ അന്യസംസ്ഥാനങ്ങളിലേക്ക് പഠിക്കാന്‍ പോകുന്ന സാഹചര്യമാണ്. നമ്മുടെ വിദ്യാഭ്യാസ രീതിയിലും നയങ്ങളിലും അടിസ്ഥാനപരമായ മാറ്റം വരുത്തി തൊഴില്‍ സാധ്യതകളുള്ള കോഴ്സുകള്‍ ഒക്കെ കൊണ്ടുവരണം, തൊഴിലവസരങ്ങള്‍ ഉണ്ടാക്കണം. വലിയതോതില്‍ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ക്കുള്ള ഭൂമി നമുക്കില്ല. പക്ഷേ വേറെ ഒരുപാട് സാധ്യതകള്‍ ഉണ്ട്, ടൂറിസവും കൃഷിയും പോലെ. നമ്മുടെ നാട്ടില്‍ ഏറ്റവും അവഗണിക്കപ്പെട്ടു കിടക്കുന്ന മേഖലയാണ് കൃഷി, അവിടെ അനന്തസാധ്യതകളുണ്ട് കേരളത്തിന്.

നിലവിലെ രീതി തുടര്‍ന്നു പോകാന്‍ ഒരു സര്‍ക്കാരിന്റെ ആവശ്യമില്ല. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വേണ്ടിയാണ് സര്‍ക്കാര്‍. നിലവിലെ സാഹചര്യം തുടര്‍ന്നുകൊണ്ടുപോകാന്‍ ഇവിടുത്തെ ബ്യൂറോക്രസി മാത്രം മതിയാകും. എന്റെ അപ്പച്ചനടക്കമുള്ള കേരള കോണ്‍ഗ്രസ് നേതാക്കന്മാര്‍ മുഴുവന്‍ അത്തരം പുരോഗമനാശയങ്ങള്‍ കൊണ്ടുവന്നിട്ടുള്ളവരാണ്. ഒന്നരലക്ഷം കോടി രൂപ കടം ഉണ്ടായിരുന്ന കേരളത്തിലെ നാലര ലക്ഷം കോടി കടത്തില്‍ എത്തിച്ചിട്ടും ഇടതുസര്‍ക്കാരിന് കാണിക്കാന്‍ എന്തെങ്കിലും ഉണ്ടോ?  ഉമ്മന്‍ ചാണ്ടി സാര്‍ ഇറങ്ങിപ്പോയപ്പോള്‍ എത്രയെത്ര പദ്ധതികളുണ്ടായിരുന്നു- കണ്ടെയ്നര്‍ ടെര്‍മിനല്‍, കൊച്ചി മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട, അപ്പച്ചന്റെ വകുപ്പിലാണെങ്കില്‍ മിക്കവാറുമുള്ള എല്ലാ പഞ്ചായത്തിലും കുടിവെള്ളം, തടയണ പോലുള്ള പദ്ധതികള്‍, മാണി സാറിന്റെ കാരുണ്യ ലോട്ടറി പദ്ധതി അങ്ങനെ ചൂണ്ടിക്കാണിക്കാന്‍ നിരവധി പദ്ധതികള്‍ ഉണ്ടായിരുന്നു. എന്തെങ്കിലും ഒരു കാര്യം ഇവര്‍ക്ക് ചൂണ്ടിക്കാണിക്കാനുണ്ടോ?  

അപ്പച്ചന്‍ ഇപ്പോഴും പാടാറുണ്ടോ?
വീട്ടിലിരിക്കുമ്പോള്‍ ഇടക്കിടക്ക് മൂളും

പാട്ടില്‍ കൂടെ കൂടാറുണ്ടോ?
പിന്നെ പിന്നെ! ഞങ്ങള്‍ ഒരുമിച്ച് പാടാറുണ്ട്.