വിപ്ലവകരമായ ഒരുപാട് കാര്യങ്ങള്‍ നടപ്പിലാക്കിയതിന് ശേഷമാണ് കെ. രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുത്തതോടെ പുതിയ രാഷ്ട്രീയ ദൗത്യം ആരംഭിക്കുകയും ചെയ്തു. കേരളത്തില്‍ നിന്നുള്ള ഏക ഇടത് എംപി എന്ന നിലയില്‍ വ്യക്തി ജീവിതത്തെപറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും തിരഞ്ഞെടുപ്പിലെ തിരിച്ചടിയെപ്പറ്റിയും വിശദീകരിക്കുകയാണ് കെ. രാധാകൃഷ്ണന്‍. മാതൃഭൂമി ഡോട്ട് കോമുമായി നടത്തിയ സുദീര്‍ഘ സംഭാഷണം.

To advertise here,

പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു, സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുമെന്ന് കരുതുന്നുണ്ടോ.

ലോക്​സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഞാന്‍ പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അതിനര്‍ഥം ദേശീയതലത്തിലേക്ക് പൂര്‍ണമായി മാറുക എന്നതല്ല. ഇവിടെയും നമ്മുടെ പ്രവര്‍ത്തന മേഖലയാണ്. നമ്മുടെ പ്രവര്‍ത്തന മേഖലയെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോകാനാകില്ല. ഇവിടെയും അതിനൊപ്പം പാര്‍ലമെന്റിലും ചെയ്യേണ്ട കാര്യങ്ങള് ചെയ്ത് മുന്നോട്ടുപോവുക എന്നതാണ് നിലവില്‍ എടുത്തിരിക്കുന്ന തീരുമാനം. ഭാവിയില്‍ എന്ത് ചെയ്യണമെന്നത് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. 

കോളനി എന്നത് ചിലര്‍ക്ക് വെറുമൊരു വാക്കാണ്? പക്ഷെ ആ പദം തന്നെ വേണ്ടെന്ന് വെക്കാനുള്ള ചുവട് വെയ്പ്പ് വന്നതെങ്ങനെയാണ്.

കോളനികള്‍ ഇല്ലാതാക്കാനുള്ള തീരുമാനം വളരെ പെട്ടെന്ന് എടുത്ത ഒന്നല്ല. എന്റെ അച്ഛമ്മ നിരക്ഷര ആയിരുന്നെങ്കിലും വളരെ ലിബറല്‍ ആയിരുന്നു. കൃഷിഭൂമി കൃഷിക്കാര്‍ക്ക് കൊടുക്കാനുള്ള പോരാട്ടത്തിലൊക്കെ പങ്കെടുത്തിട്ടുള്ള ആളാണ്. എന്നിട്ടുപോലും നിയമം വന്ന് കൃഷിഭൂമി കര്‍ഷകര്‍ക്ക് ലഭിച്ചപ്പോളും ഞങ്ങള്‍ അവിടെ താമസിക്കാന്‍ തയ്യാറായില്ല. അവിടെ നിന്ന് മാറി മറ്റൊരു സ്ഥലത്താണ് താമസിച്ചത്. ഇത്തരം കോളനികളില്‍ നിന്ന് മാറിത്താമസിക്കാനാണ് തീരുമാനിച്ചത്. കാരണം അത് അനിവാര്യമായിരുന്നു. അതിന്റെ ഗുണം പിന്നീടാണ് മനസിലായത്. കോളനികളെക്കുറിച്ചുള്ള ആളുകളുടെ അവബോധം അങ്ങനെയായിരുന്നു. പിന്നീട് ഞാന്‍ മന്ത്രിയായപ്പോഴും പുതിയ കോളനികള്‍ സ്ഥാപിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. അല്ലാതെ പൊതുവായ രീതിയില്‍ വിവിധ ഇടങ്ങളിലായി ഭൂമി ഏറ്റെടുത്ത് നല്‍കുന്ന രീതിയുണ്ടായി. കോളനി ഒഴിവാക്കുന്നത് പെട്ടെന്ന് എടുത്ത തീരുമാനമല്ല. അത് സമയമെടുത്ത് പ്രതിഷേധങ്ങളുണ്ടാകാതെയാണ് ചെയ്തത്. പെട്ടെന്ന് നടപ്പിലാക്കിയാല്‍ അത് നല്ല കാര്യമാണെങ്കിലും വെറുതെ എതിര്‍ക്കാന്‍ അളുണ്ടാകും. അവര്‍ക്ക് പക്ഷംപിടിക്കാനും ആളുകളുണ്ടാകും. അതൊക്കെ ഒഴിവാക്കുന്നതിനൊപ്പമാണ് കോളനി എന്ന പദം പതിയെ പതിയെ ഒഴിവാക്കിയത്. അല്ലെങ്കില്‍ കോളനി എന്ന പദം അപകര്‍ഷതാ ബോധമുണ്ടാക്കുന്നതുകൊണ്ടാണ് മാറ്റിയത് എന്ന് പറഞ്ഞ് എതിര്‍ക്കും. പലയിടത്തായി ഇത് പറഞ്ഞതിലൂടെ പലപ്പോഴായി ആളുകളുടെ ഇടയിലും അങ്ങനെ തോന്നിത്തുടങ്ങി. അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ ആളുകള്‍ സ്വയം പുതിയ പേരുകള്‍ ഇട്ടുതുടങ്ങി. അങ്ങനെയാണ് ഉന്നതി, നഗര്‍, പ്രകൃതി തുടങ്ങിയ പേരുകള്‍ വരുന്നത്. അത് പിന്നീട് ഉത്തരവിലൂടെ സ്ഥിരീകരണം നടത്തുക മാത്രമാണ് ചെയ്തത്. മന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതിന് മുമ്പ് തന്നെ അതില്‍ തീരുമാനമെടുക്കാനായി എന്നതാണ് അതിലെ സന്തോഷം. 

placeholder
കെ.രാധാകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഷൊർണൂർ ഗസ്റ്റ് ഹൗസിൽ. ഫോട്ടോ:

ഒ.ആര്‍. കേളുവിന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ചെറിയ വിവാദം തലപൊക്കി, താങ്കള്‍ക്ക് നല്‍കിയിരുന്ന വകുപ്പുകള്‍ എടുത്തുമാറ്റി, പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മാത്രമാണ് നല്‍കിയത്, അതിനെ എങ്ങനെ കാണുന്നു.

അതെല്ലാം പാര്‍ട്ടിയുടേ തീരുമാനമാണ്. ഞങ്ങളെയെല്ലാം മന്ത്രിയാക്കി ഏതൊക്കെ വകുപ്പ് നല്‍കണമെന്ന് പാര്‍ട്ടിയാണല്ലോ തീരുമാനിക്കുന്നത്. അതൊക്കെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്താണ് തീരുമാനമെടുക്കുന്നത്. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ത കാഴ്ചപ്പാടുണ്ടാകും. നമ്മളെപ്പോലെയുള്ള ആളുകളെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിനെ കുറിച്ചാണല്ലോ ചിന്തിക്കേണ്ടത്. ആ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്ക് ആദ്യമായാണ് പാര്‍ട്ടി മന്ത്രിസ്ഥാനം കൊടുക്കുന്നത്. പടിപടിയായി ആ സഖാവിനെ വളര്‍ത്തിക്കൊണ്ട് വന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമാക്കി. ഇപ്പോള്‍ മന്ത്രിയാക്കി. അതൊരു പ്രധാനപ്പെട്ട കാര്യമാണ്. ഓരോ സാമൂഹ്യ ഘടകങ്ങള്‍ ഉണ്ടല്ലോ അതൊക്കെ പരിശോധിച്ചതിന് ശേഷമാകും പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ടാകുക. പിന്നെ ഈയൊരു വകുപ്പ് മോശം വകുപ്പാണ് എന്നുള്ളത് സമൂഹത്തിന്റെ ചിന്തയില്‍ നിന്ന് വരുന്ന തെറ്റായ ധാരണയാണ്. അത് മുമ്പ് പറഞ്ഞില്ലെ കോളനിക്കാരാണ് എന്നുള്ള ചിന്ത. ഈയൊരു ബോധം ജാതി വ്യവസ്ഥയുടെ ഭാഗമായി സൃഷ്ടിച്ചതാണ്. വ്യത്യസ്ത തട്ടുകളാക്കി മനുഷ്യനെ വിഭജിച്ചു. ഇന്നും നമ്മുടെ മനസില്‍ നിന്ന് മായുന്നില്ല. എത്ര തന്ത്രപരമായാണ് ജാതിവ്യവസ്ഥ കൊണ്ടുവന്നത് എന്നതിന് തെളിവാണ്. ഏറ്റവും താഴേ കിടക്കുന്നവരെ ഉയര്‍ത്തിക്കൊണ്ട് വരുന്ന വകുപ്പാണിത്. അതുകൊണ്ട് തന്നെ ഇത് ഏറ്റവും പ്രധാനപ്പെട്ട വകുപ്പാണ് എന്നതാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ എന്റെ കാഴ്ചപ്പാട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവതരിക്കപ്പെടുകയും അതിന്റെ ചിന്തകള്‍ ലോകത്തെമ്പാടും വളരുകയും ചെയ്തതിന്റെ ഫലമായാണ് ഇന്ന് കാണുന്ന പല മാറ്റങ്ങളുമുണ്ടായത്. ലോകത്തെമ്പാടുമുള്ള അടിമത്ത സമൂഹങ്ങള്‍ മുഴുവന്‍ ഉയര്‍ത്തെഴുനേറ്റു.  ലോകത്തുനിന്ന് സാമ്രാജ്യത്വ ശക്തികളുടെ കോളനികള്‍ സ്വതന്ത്രമാക്കപ്പെട്ടതിന് പിന്നിലും ചൂഷിതരില്ലാത്ത സമത്വ ലോകത്തിനുവേണ്ടിയുള്ള കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ സ്വാധീനം പ്രകടമാണ്. കോളനികളെ അടിച്ചമര്‍ത്തിവെക്കാന്‍ സാധിക്കില്ലായെന്ന് സാമ്രാജ്യശക്തികള്‍ തിരിച്ചറിഞ്ഞു. അതിനൊപ്പം സ്വാതന്ത്ര്യസമര പോരാട്ടങ്ങളും നടന്നു. ഇത്തരം പോരാട്ടങ്ങളെ വിജയത്തിലെത്തിക്കാനും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് സാധിച്ചു. ഇന്ത്യയിലെ സ്വാതന്ത്ര്യസമര പോരാട്ടത്തിലേക്ക് കര്‍ഷകർ ഉള്‍പ്പെടെയുള്ള അടിസ്ഥാന ജനതയെ അണിനിരത്തിയത് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് സ്വാധീനമുണ്ടായിരുന്നത് കൊണ്ടാണ്. 

placeholder
കെ.രാധാകൃഷ്ണൻ. Photo: അരുൺ കൃഷ്ണൻകുട്ടി | മാതൃഭൂമി

കേരളത്തിലുള്‍പ്പെടെ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് കടന്നുപോകുന്നത്. ഈ പ്രതിസന്ധിക്ക് കാരണമെന്താണെന്നാണ് കരുതുന്നത്?

ലോകത്തെമ്പാടും മുതലാളിത്ത ശക്തികള്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ തകര്‍ക്കാന്‍ എപ്പോഴും ശ്രമിക്കും. അതിന്റെ ഭാഗമായാണ് 1957ലെ വിമോചന സമരവും നെഹ്റു സര്‍ക്കാര്‍, തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിടാനും കാരണമായത്. വിമോചന സമരത്ത് സിഐഎയുടെ സഹായവും ലഭിച്ചിരുന്നുവെന്ന് പിന്നീട് അതില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കേരളം നടത്തിയ പുരോഗമനമായ മാറ്റങ്ങള്‍ രാജ്യത്തുടനീളം വ്യാപിക്കുന്നത് മുതലാളിത്ത ശക്തികള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.   അതിനെ തകര്‍ക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളാണ് വേണ്ടതെന്ന് നോക്കി പുതിയ തലമുറയെ അതിന് വേണ്ടി പ്രാപ്തമാക്കും. ഉദാഹരണത്തിന് 25 വര്‍ഷം മുമ്പുള്ള ത്രിപുരയും അതിനുശേഷമുള്ള ത്രിപുരയും തമ്മില്‍ വലിയ മാറ്റമുണ്ട്. വലിയ പുരോഗതിയാണ് അവിടെ ഉണ്ടായത്. 25 വര്‍ഷം തൃപുരയില്‍ പാര്‍ട്ടി അധികാരത്തിലുണ്ടായി. അപ്പോള്‍ പുതിയ തലമുറയെ കുറവുകള്‍ ഉണ്ടെന്ന് തെറ്റിധരിപ്പിക്കുകയാണ് ചെയ്തത്. എങ്ങനെ ഇവിടെവരെയെത്തി എന്ന നാടിന്റെ ചരിത്രമൊന്നും പുതിയ തലമുറയ്ക്ക് അറിയില്ല. എങ്ങനെയാണ് ഈ നാട് പുരോഗതിയുടെ പാതയിലെത്തിയത് എന്നതിന്റെ ചരിത്രം അവര്‍ക്കറിയില്ല. അവരോട് ഇത്തരം മുതലാളിത്ത ശക്തികള്‍ പറയുന്നത് നിങ്ങളുടെ കൈയില്‍ ഐ ഫോണുണ്ടോ, സ്മാര്‍ട്ട് ഫോണുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ചോദിക്കുന്നത്. നമ്മുടെ കേരളത്തിലെ കാര്യം തന്നെ നോക്കു, ഇത് ഭ്രാന്താലയമെന്നാണ് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത്. അവിടെ നിന്നാണ് പടിപടിയായി പുരോഗതിയിലേക്കെത്തിയത്. ഇതൊന്നും പുതിയ തലമുറയുടെ വിഷയങ്ങളല്ല. അതുകൊണ്ടാണ് പലപ്പോഴും നിഷേധാത്മക സമീപനങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. അത് പറഞ്ഞുകൊടുക്കാനും നമുക്ക് സാധിക്കാതെ വരുന്നുണ്ട്. എപ്പോഴും മനുഷ്യന്‍ സ്വാര്‍ഥനാണ്. നിങ്ങള്‍ക്ക് എന്ത് കിട്ടി എന്ന ചോദ്യത്തിലാണ് ഇവരെ വശത്താക്കുന്നത്. സമത്വാധിഷ്ഠിത സമൂഹമെന്ന കാഴ്ചപ്പാട് എനിക്ക് എന്ത് കിട്ടുമെന്ന ചിന്തിച്ചു തുടങ്ങുമ്പോള്‍ തന്നെ ദുര്‍ബലമാകും. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് ഉണ്ടായ വളര്‍ച്ചയക്ക് കാരണം പുതിയ തലമുറയുടെ മാറ്റമാണെന്നാണോ കരുതുന്നത്?

കേരളത്തിലെ കാര്യം പറയാം. ഇവിടെ പ്രാഥമിക ആവശ്യങ്ങള്‍ എല്ലാം പരിഹരിക്കപ്പെട്ടുകഴിഞ്ഞു. എല്ലാം പരിഹരിക്കപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ മനുഷ്യന്‍ വേറെ ആവശ്യങ്ങളിലേക്ക് പോകും. അതാണ് ഞാന്‍ ത്രിപുരയുടെ കാര്യം സൂചിപ്പിച്ചത്. അതിന് വേണ്ടി ചെറുപ്പക്കാരെ പ്രാപ്തരാക്കുകയാണ് ചെയ്യുക. ഈ ആശയത്തെ തകര്‍ക്കുന്നതിന് വേണ്ടി ബോധപൂര്‍വമായി അവര്‍ ശ്രമിക്കുകയാണ്. അതില്‍ ആ ആശയം കൊണ്ട് നേട്ടമുണ്ടാകേണ്ട വിഭാഗങ്ങളും പെട്ടുപോകും. പിന്നെ ലോക്​സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയം കൂടി ഉണ്ടായിരുന്നു. അതായത് ദേശീയതലത്തില്‍ ഒരു ബദല്‍ ഗവണ്‍മെന്റ് വരണമെന്ന് ജനം ആഗ്രഹിച്ചു. ആ ഗവണ്‍മെന്റിനെ ആര് നയിക്കും. ഇടതുപക്ഷത്തിന് നയിക്കാന്‍ സാധ്യതയുണ്ടോ?  2004ലേപോലെ ഇടപെടാന്‍ സാഹചര്യമുണ്ടാകണം എന്നാണ് ഇടതുപക്ഷം ആഗ്രഹിച്ചത്.  ദേശീയ തലത്തിലെയും സംസ്ഥാന തലത്തിലെയും തിരഞ്ഞെടുപ്പുകളെ ജനം വേറെ രീതിയിലാണ് നോക്കിക്കണ്ടത്. ദേശീയ തലത്തില്‍ ബദല്‍ ഗവണ്‍മെന്റിനെ നയിക്കാനുള്ള ശേഷി ഇടതുപക്ഷത്തിനില്ല. അങ്ങനെ ജനം ചിന്തിച്ചിട്ടുണ്ടാകും. അതില്‍ തെറ്റുപറയാന്‍ പറ്റില്ല. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് വരാന്‍ സാധ്യത എന്ന് ചിന്തിക്കാന്‍ ജനം തയ്യാറായി. പക്ഷേ, പറയാനുള്ളത് പറയാതിരിക്കാനാവില്ല. അതുകൊണ്ട് മറ്റേതൊരു പ്രസ്ഥാനവും ചെയ്യുന്നതിനേക്കാള്‍ ആശയക്കരുത്തോടെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടുപോകുന്നത്. ആളെണ്ണം കുറവാണെങ്കിലും പറയാനുള്ളത് പറയും.  ഇടതുപക്ഷ പ്രസ്ഥാനത്തിന് ഇപ്പോഴും ഇവിടെ ഇടമുണ്ട്. അതുകൊണ്ടാണ് 2019ല്‍ വലിയ തിരിച്ചടി നേരിട്ടെങ്കിലും 2020ല്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് വലിയ തിരിച്ചുവരവുണ്ടായത്. അതുകൊണ്ട് ഇനിയും പ്രതിസന്ധിയില്‍ നിന്ന് പാര്‍ട്ടി തിരിച്ചുവരുമെന്ന് ഉറപ്പാണ്. 

placeholder
കെ.രാധാകൃഷ്ണൻ ദേവസ്വംമന്ത്രിയായ കാലത്ത് ഒരു ചടങ്ങിൽ. ഫയൽ ചിത്രം | ഫോട്ടോ: അഖിൽ. ഇ.എസ്. | മാതൃഭൂമി

ഇടതിന് ഇത്രയധികം സ്വാധീനമുണ്ടായിട്ടും എന്തുകൊണ്ട് ഇടത് വോട്ടുകളില്‍ വിള്ളലുണ്ടായത്? 

ബിജെപിക്ക് സമ്പത്താണ് കൈവശമുള്ളത്. വലിയൊരു സോഷ്യല്‍ എഞ്ചിനീയറിങ്ങാണ് അവര്‍ നടത്തിയത്. കോടാനുകോടി രൂപയാണ് ഓരോ വിഭാഗത്തെയും മാറ്റിമറിക്കാന്‍ ചെലവഴിച്ചത്. കേരളത്തിലെ ഇടതുപക്ഷ സ്വാധീനം കുറയ്ക്കുക എന്നത് അവരുടെ പദ്ധതിയാണ്. അതുപോലെയാണ് ബംഗാളിലും ത്രിപുരയിലുമൊക്കെ ചെയ്തത്. ബംഗാളില്‍ തകര്‍ത്തതിന് പിന്നാലെ ത്രിപുരയിലും ഇടതുപക്ഷത്തെ തകര്‍ത്തു. ഇതിന് പിന്നാലെ 2018ല്‍ അവരുടെ പ്രഖ്യാപനമുണ്ടായത് അടുത്ത ലക്ഷ്യം കേരളമാണ് എന്നാണ്. കേരളത്തിലെ ഇടതുപക്ഷത്തെക്കൂടി തകര്‍ത്തുകഴിഞ്ഞാല്‍ പിന്നെ ഇന്ത്യയില്‍ പ്രതിഷേധിക്കാനോ പറയാനോ ആരുമുണ്ടാകില്ല. ചെറിയ പാര്‍ട്ടിയായിട്ടുകൂടി അതിന്റെ ആശയം വലുതാണെന്ന് തിരിച്ചറിഞ്ഞ് അതിനെ തകര്‍ക്കാന്‍ കൃത്യമായ പദ്ധതിയോടുകൂടി അവര്‍ പ്രവര്‍ത്തിക്കുകയാണ്. അവസാനത്തെ കമ്മ്യൂണിസ്റ്റുകാരെക്കൂടി ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. ജാതി സമുദായ പ്രസ്ഥാനങ്ങളെ എല്ലാം അവര്‍ ഒരുമിപ്പിക്കാന്‍ ശ്രമിച്ചു. പലരീതിയില്‍ ഓരോ വിഭാഗങ്ങളെയും കൈയിലെടുക്കാന്‍ തുടങ്ങി. വിശ്വാസത്തെ കൂട്ടുപിടിച്ചു. സങ്കുചിതമായ രീതിയില്‍ സമൂഹത്തെ വിഭജിച്ച് നേട്ടം കൊയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാനല്ല ഇങ്ങനെ വിഭജിക്കുന്നത്. അത് കൃത്യതയോടെ മനസിലാക്കാനും മനസിലാക്കിക്കൊടുക്കാനും കഴിയാത്തതിന്റെ പ്രശ്നങ്ങളും ഉണ്ട്. 

ഇടത് ആശയങ്ങളിലേക്ക് വന്നതും പാര്‍ട്ടി പ്രവര്‍ത്തകനായതും വലിയ പ്രതിസന്ധികളെ തരണം ചെയ്താണെന്ന് കേട്ടിട്ടുണ്ട്, അന്നത്തെ കാലത്തെപ്പറ്റി പറയാന്‍ സാധിക്കുമോ? 

എന്റെ അച്ഛന്റെയും അമ്മയുടെയും കുടുംബം എന്നത് പൊതുവെ കമ്മ്യൂണിസ്റ്റ് അനുഭാവി കുടുംബമായിരുന്നു. അവരെ കമ്മ്യൂണിസ്റ്റ് അനുഭാവികളാക്കി മാറ്റിയ ഒരുപാട് സാമൂഹ്യ സാഹചര്യങ്ങള്‍ ആ സമയത്തുണ്ടായിരുന്നു. മനുഷ്യനായി ജീവിക്കാന്‍ പറ്റുന്ന ഒരു സാഹചര്യമല്ലായിരുന്നു അന്ന്. മനുഷ്യനായി ജീവിക്കാന്‍ ആളുകളെ പ്രാപ്തരാക്കുന്ന ആശയമായിട്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പ്രവര്‍ത്തിച്ചത്. അടിമകളെപ്പോലെ ജീവിച്ച ജനതയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ്  നടന്നിരുന്നത്. പുരോഗമന പോരാട്ടത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ആവശ്യം നിരക്ഷരരായിരുന്നിട്ടും ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് മനസിലായി.  ഇതിനെക്കുറിച്ച് വലിയ ആശയപരമായ അറിവുകളൊന്നുമില്ലെങ്കിലും തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പ്രസ്ഥാനമാണിത് എന്ന് അവര്‍ മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഞാനൊക്കെ വളര്‍ന്നുവന്ന സാഹചര്യം ആ പശ്ചാത്തലത്തിലാണ്. ചെറുപ്പത്തിലെ അനുഭവിച്ച ഒരുപാട് കാര്യങ്ങളുണ്ട്. അതാണ് കൂടുതല്‍ സാമൂഹ്യപ്രവര്‍ത്തനത്തിലേക്ക് വരണമെന്ന തോന്നല്‍ ഉണ്ടാക്കിയത്.  സാമൂഹ്യപരമായ ഒരുപാട് അടിച്ചമര്‍ത്തലുകള്‍, ഒരുപാട് ഇല്ലായ്മകള്‍ ആ ദുരിതങ്ങള്‍ ഇല്ലാതാകുന്ന അവസ്ഥ സമത്വാധിഷ്ഠിതമായ സമൂഹം, ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ എനിക്ക് ഇതെപ്പറ്റി ധാരണകളുണ്ടായിരുന്നു. ഈ ചിന്തകളാണ് എന്നെ കൂടുതല്‍ ഇടതുപക്ഷ പ്രസ്ഥാനത്തോട് അടുപ്പിച്ചത്. ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഞാന്‍ ജയിലില്‍ പോയില്ലെങ്കിലും അതിനേക്കാള്‍ മോശമായ സാഹചര്യങ്ങളില്‍ കൂടി കടന്നുപോയിട്ടുണ്ട്. എന്റെ അച്ഛമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവിനെ പോലീസ് ഭരണകൂടത്തിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. നിരക്ഷരനായിരുന്നു അദ്ദേഹം. മക്കളില്ലാതിരുന്ന അവര്‍ വളരെ വിദൂരമായ സ്ഥലത്താണ് താമസിച്ചിരുന്നത്. അധികം ആള്‍ക്കാരില്ലാത്ത സ്ഥലത്തായിരുന്നു താമസം. അങ്ങനെ അവിടെ തുണയായിട്ട് താമസിക്കാന്‍ എന്നെ വീട്ടില്‍ നിന്ന് അയച്ചു. ആറ് മാസത്തോളം ഞാനവിടെ താമസിച്ചു. അന്ന് കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം വെച്ച് നോക്കിയാല്‍ അതിലും ഭേദം ജയിലില്‍ പോകുന്നതായിരുന്നു നല്ലതെന്ന് തോന്നിയിട്ടുണ്ട്. നിക്കറിട്ടിരുന്ന പ്രായത്തിലും അതുകൊണ്ട് അടിയന്തരാവസ്ഥയ്ക്കെതിരായ പ്രതിഷേധത്തില്‍ പങ്കാളികളായി.  

ജനങ്ങളുടെ പ്രശ്നങ്ങളുടെ ഭാഗമാകുന്നതെങ്ങനെയാണ്.

ചെറിയ പ്രായത്തില്‍ തന്നെ സ്വന്തമായി അധ്വാനിക്കാനും വ്യത്യസ്ത ജോലികള്‍ ചെയ്യാനും തുടങ്ങിയിരുന്നു. ഞാന്‍ ചെയ്യാത്ത മാനുവല്‍ ലേബര്‍ ഒന്നുമുണ്ടാകില്ല ചിലപ്പോള്‍. ആദ്യം ഒരുരൂപ കൂലിക്കാണ് ജോലി ചെയ്ത് തുടങ്ങിയത്. പിന്നെ അത് രണ്ടായി, മൂന്നായി, അഞ്ചായി. കൃഷിപ്പണിക്ക് പോയിത്തുടങ്ങി. കന്നുപൂട്ടാന്‍ പോയാല്‍ എട്ടുരൂപ കിട്ടുമായിരുന്നു. ഇങ്ങനെ ഓരോ അനുഭവങ്ങളാണ് എന്നെ കൈപിടിച്ചുയര്‍ത്തിയത്.  പിന്നീട് വിദ്യാര്‍ഥി ആയിരിക്കെ എസ്എഫ്ഐയുടെ പ്രവര്‍ത്തകനായി. പക്ഷേ, പഠിക്കുന്ന കാര്യത്തിനേക്കാള്‍ ചുറ്റുപാടും താമസിക്കുന്ന ആളുകളുടെ ക്ഷേമകാര്യങ്ങളിലാണ് കൂടുതലും ഇടപെട്ടത്. കാരണം അന്ന് കൂലിപ്പണി നടക്കുന്നത് കൂടുതലും നാട്ടിന്‍പുറത്തുള്ളവരാണ്. അന്ന് ഓഫീസുകളില്‍ പോയി വരണമെങ്കില്‍ തന്നെ ഒരുദിവസം വേണ്ടി വരും. ഒരുദിവസം പണിക്ക് പോകാതിരുന്നാല്‍ സാധാരണക്കാരായ അവരെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. അങ്ങോട്ടും തിരിച്ചുമുള്ള വണ്ടിക്കൂലി, ഭക്ഷണം അങ്ങനെ വലിയ ചെലവുകളാണ്. വിദ്യാര്‍ഥി ആയിരുന്നതിനാല്‍ എനിക്ക് കണ്‍സഷനുണ്ട്. അറുപത് പൈസ കൊടുത്താല്‍ എനിക്ക് തൃശ്ശൂരിലെത്താം. അവിടെ നിന്ന് 10 പൈസ കൊടുത്താല്‍ കേരളവര്‍മ കോളേജിലുമെത്താം. അതുകൊണ്ട് ഇവരുടെ ഒക്കെ ആവശ്യങ്ങള്‍ക്കായി എസ്സി/എസ്ടി കോര്‍പ്പറഷനിലും ഹൗസിങ് ബോര്‍ഡിലുമൊക്കെ ക്ഷേമനിധി വിഹിതം ഞാന്‍ കൊണ്ടുപോയി അടയ്ക്കും. പിന്നെ ചെറുപ്പം മുതല്‍ താലൂക്ക് ഓഫീസുകള്‍ മുതല്‍ പഞ്ചായത്ത് ഓഫീസുകള്‍ വരെ കയറി ഇറങ്ങും. പട്ടികജാതി-പട്ടികവര്‍ഗ വകുപ്പിന്റെ ഏറ്റവും താഴത്തെ ഓഫീസുകളെന്നത് താലൂക്ക് ഓഫീസുകളാണ്. അവിടെ കയറി ഇറങ്ങിയപ്പോളാണ് ഈ സംവിധാനം തകര്‍ക്കണമെന്ന് തോന്നിയത്. ഈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ അന്നൊക്കെ ഗൂഢസംഘമായാണ് പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍ അന്ന് ചെറിയ തുകയാണ് ഈ പാവങ്ങള്‍ക്ക് നല്‍കിയിരുന്നത്. ഏജന്റുകളുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ ആ തുകയും അടിച്ചുമാറ്റും. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് വീട് കെട്ടിമേയാന്‍ സഹായത്തിന് അപേക്ഷിക്കുന്നത്. ആ സ്ഥലത്ത് 27 പേര്‍ക്കാണ് അന്ന് സഹായം അനുവദിച്ച് കിട്ടിയത്. ഒരു കുടുംബത്തിന് എട്ടുരൂപയാണ് കിട്ടുക. അതില്‍ മൂന്ന് രൂപ അവര്‍ക്ക് കൊടുക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഒരു പൈസയും തരില്ലെന്ന് പറഞ്ഞ് ഞാനവിടെ നിന്ന് തര്‍ക്കിച്ച് ഇറങ്ങിപ്പോന്നു. പിന്നീട് കാലങ്ങള്‍ കഴിഞ്ഞ് രാഷ്ട്രീയത്തിലെത്തി മന്ത്രിയായപ്പോളാണ് ഈ താലൂക്ക് ഓഫീസുകളെല്ലാം നിര്‍ത്തലാക്കി. പകരം ബ്ലോക്ക് ലെവലിലേക്കും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ലെവലിലേക്കും വികേന്ദ്രീകരിച്ചു. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ചു. അങ്ങനെയാണ് താഴേക്കിടയിലേക്ക് ഓഫീസുകളെത്തിക്കാനുള്ള ശ്രമം നടത്തിയത്. ഇങ്ങനെ പല ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടുണ്ട്. ഇത്തരം നിരവധി അനുഭവങ്ങളില്‍ നിന്നാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് ഞാനെത്തുന്നത്. 

ഭക്ഷണ ശീലത്തില്‍ കുറെ നിര്‍ബന്ധങ്ങളുള്ള ആളാണ് എന്നറിയാം. പൊതുവെ പൊറോട്ട ഉള്‍പ്പെടെയുള്ള ഭക്ഷണത്തോട് നോ പറയുന്ന ആളുമാണ്. എന്താണ് ഈ നിര്‍ബന്ധത്തിന്റെ കാരണം.

placeholder
വര. പ്രദീപ് കുമാർ

പ്രകൃതിയില്‍ ജീവജാലങ്ങള്‍ക്ക് അവര്‍ക്ക് വേണ്ട ഭക്ഷണം എന്താണ് എന്ന് കൃത്യമായി അറിയാം. ഗതികെട്ടാല്‍ പോലും അവയല്ലാതെ മറ്റൊരു ഭക്ഷണവും അവ കഴിക്കില്ല. ആരും പഠിപ്പിച്ചിട്ടല്ല മൃഗങ്ങളും പക്ഷിക്കളും മത്സ്യങ്ങളുമുള്‍പ്പെടുന്ന ജീവജാലങ്ങള്‍ അവയ്ക്ക് വേണ്ട ഭക്ഷണം കഴിക്കുന്നത്. മനുഷ്യനും അങ്ങനെയാണ്. നമ്മുടെ ശരീരം സൃഷ്ടിച്ചിരിക്കുന്നത് മിശ്രഭോജിയായിട്ടാണ്. അതുകൊണ്ട് തന്നെ എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത് എന്ന് വിവേചിച്ചറിയാന്‍ മറ്റ് ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യന് സാധിക്കും. വേണ്ടാത്തത് എന്താണ് എന്ന് തിരിച്ചറിഞ്ഞ് അത് കഴിക്കാതിരിക്കുന്നതാകും നല്ലത്. നമ്മുടെ രോഗങ്ങളുടെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നും നമ്മള്‍ കഴിക്കുന്ന ഭക്ഷണം കൂടിയാണ്. ആമാശയത്തെ സംരക്ഷിച്ചാല്‍ പകുതി അസുഖങ്ങളും പോകും. മീനും ഇറച്ചിയും എന്ന് വേണ്ട എല്ലാംകൂടി വാരിവലിച്ച് കഴിച്ച് വയറിനെ അസ്വസ്ഥമാക്കാതിരിക്കുക എന്നതാണ് പ്രധാനം. ഞാന്‍ കഴിക്കാത്ത ഭക്ഷണങ്ങളെക്കുറിച്ച് പറഞ്ഞാല്‍ കുറെയുണ്ട്. അതിന് പല കാരണങ്ങളും സാഹചര്യങ്ങളുമൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട്. ഷവര്‍മ, കുഴിമന്തി തുടങ്ങിയവയുടെ രൂചിയെന്താണെന്ന് പോലും ഞാനിതുവരെ അറിയാന്‍ ശ്രമിച്ചിട്ടില്ല. പരമാവധി മൈദ ഉപയോഗിക്കുന്ന ഭക്ഷണം ഒഴിവാക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്. മൈദയില്‍ നിന്ന് അസുഖം മാത്രമേ കിട്ടാനുള്ളു. അതറിഞ്ഞിട്ടും നമ്മളെന്തിനാണ് കഴിക്കുന്നത്. ലോകത്ത് കൂടുതല്‍ ഭക്ഷണവും മൈദയിലാണ് ഉണ്ടാക്കുന്നത്. അതുപക്ഷേ, മരുന്ന് കമ്പനികളുടെ ഒക്കെ താത്പര്യമാകും. അവര്‍ക്ക് രോഗികളുണ്ടെങ്കിലല്ലെ പറ്റു.

വിശപ്പിനെപ്പറ്റി കൂടുതല്‍ ഇടങ്ങളില്‍ പറയാറുണ്ട്. വിശപ്പില്ലായിരുന്നുവെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ.

വിശപ്പില്ലായിരുന്നുവെങ്കില്‍ എന്ന് പറയാനാകില്ല. വിശപ്പില്ലെങ്കില്‍ പിന്നെ ഒന്നുമുണ്ടാകില്ലായിരുന്നു. ഭക്ഷണത്തിന് വേണ്ടിയാണ് നമ്മള്‍ അലയുന്നത്. അത് വേണ്ട എങ്കില്‍ നമ്മള്‍ എവിടേക്കും പോകുമായിരുന്നില്ല. ഒന്നിനേക്കുറിച്ചും ചിന്തിക്കാതെ വെറും ഐഡിലായി പോകും. വിശപ്പാണ് നമ്മള്‍ ജോലിക്ക് പോകുന്നത്. അതാണ് അന്വേഷിക്കാന്‍ പഠിപ്പിച്ചത്. വിശക്കുന്നവര്‍ക്ക് ഭക്ഷണം കിട്ടാനുള്ള മാര്‍ഗമുണ്ടാകണം. എന്തുകൊണ്ടാണ് കൂടുതല്‍ ആളുകള്‍ വിശന്നിരിക്കേണ്ടി വരുന്നത്. എന്തുകൊണ്ടാണ് ചെറിയൊരു വിഭാഗം ആഡംബരത്തില്‍ ജീവിക്കുന്നത്. എല്ലാ മനുഷ്യനും ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന ഒരു ലോകമുണ്ടാകണം എന്നതാണ്. അതാണ് ഞാന്‍ പലപ്പോഴും എന്റെ ജീവിതത്തെ പറ്റി പറഞ്ഞിട്ടുള്ളത്.