സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുന്നതിനിടെ രാഷ്ട്രീയ വിവാദങ്ങളിലും ബാർകോഴ ആരോപണങ്ങളിലും നിർണായക വെളിപ്പെടുത്തലുകൾ നടത്തുകയാണ് മുൻമന്ത്രി കെ.ബാബു. ഉമ്മൻചാണ്ടി സർക്കാരിന്റെ പ്രവർത്തനങ്ങളെ വി.എം. സുധീരന്റെ നിലപാടുകൾ വരിഞ്ഞുമുറുക്കിയെന്നും തന്റെ രാഷ്ട്രീയ പരാജയത്തിന് കാരണങ്ങളിലൊന്ന് സുധീരന്റെ നടപടികളാണെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ കെ.ബാബു പറയുന്നു.

To advertise here,

1991-ൽ സി.പി.എമ്മിന്റെ ശക്തമായ കോട്ടയായിരുന്ന തൃപ്പൂണിത്തുറയിൽ മുതിർന്ന നേതാവ് എം.എം. ലോറൻസിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് താങ്കൾ പാർലമെന്ററി ജീവിതം ആരംഭിക്കുന്നത്. തുടർന്ന് ഏഴു തവണ മത്സരിച്ച് ആറു തവണയും എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ജയിക്കാൻ സാധ്യതയുണ്ടായിരുന്നിട്ടും മത്സരരംഗത്തുനിന്ന് സ്വയം പിന്മാറി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നുള്ള മാന്യമായ ഒരു വിരമിക്കൽ. ആദ്യ മത്സരവും വിജയവും എങ്ങനെ സംഭവിച്ചു?

സത്യം പറഞ്ഞാൽ, തൃപ്പൂണിത്തുറയിൽ മത്സരിക്കുമെന്നത് ഞാൻ ഒരിക്കലും ആലോചിച്ചിട്ടില്ല. ഉമ്മൻചാണ്ടിയോട് ഞാനന്ന് പറഞ്ഞത് തോൽക്കാൻ ആണെങ്കിൽ വടക്കേക്കര മതി, ജയിക്കാൻ ആണെങ്കിൽ പള്ളുരുത്തി തരണമെന്നായിരുന്നു. കാരണം, തൃപ്പൂണിത്തുറ അന്നും ഇന്നും സിപിഎമ്മിന്റെ ശക്തമായ കോട്ടയാണ്. കോൺഗ്രസിന് ഏറ്റവും ദുർബലമായ സംഘടനാ സംവിധാനമുള്ള സ്ഥലവുമായിരുന്നു അത്. എ.കെ. ആന്റണി വിളിച്ച് ‘തൃപ്പൂണിത്തുറയിലാണ് തീരുമാനം’ എന്ന് പറഞ്ഞപ്പോൾ, അതൊരു വലിയ വെല്ലുവിളിയായി തോന്നി.

സിപിഎമ്മും എൽഡിഎഫും എന്നെ ഗൗരവമായ സ്ഥാനാർഥിയായി പോലും അന്ന് കണ്ടിരുന്നില്ല. പക്ഷേ, ഞാൻ രാപകലില്ലാതെ വീടുകൾ കയറി പ്രവർത്തിച്ചു. രാത്രി രണ്ടുമണിവരെ പ്രചാരണം നടത്തി. ഗ്യാസ് ലൈറ്റുമായി ആളുകളെ വിളിച്ച് ഓരോ വീടിലും കയറി വോട്ട് അഭ്യർഥിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എന്റെ കാലിന്റെ അടിഭാഗം മുഴുവൻ പൊട്ടി വ്രണമായിരുന്നു. അത്രയധികം വീടുകൾ ഞാൻ കയറി. ഞാൻ ജയിക്കും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. ഏകദേശം 1500 വോട്ടിന് ജയിക്കുമെന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്. ഒടുവിൽ അതിനടുത്ത ഭൂരിപക്ഷത്തിൽ ഞാൻ ജയിച്ചു.

അന്ന് കൂടെനിന്ന തൃപ്പൂണിത്തുറയിലെ കുടുംബങ്ങൾ ഇന്നുവരെ കൂടെനിന്നു. തിരഞ്ഞെടുപ്പിൽ ‘ബാബു ശൈലി’ തന്നെ കൊണ്ടുവന്നു?

എനിക്ക് ഈ നിയോജകമണ്ഡലം ഒരു കുടുംബമാണ്. ഓരോ വീടുമായും എനിക്ക് വ്യക്തിപരമായ ബന്ധമുണ്ട്. ഒരു വീട്ടിൽ മരണം സംഭവിച്ചാൽ ആദ്യം അറിയിക്കുന്നത് എന്നെയായിരിക്കും. കല്യാണക്കുറി കിട്ടിയാൽ അവിടെ പോകാതെ ഇരിക്കാൻ എനിക്ക് പറ്റില്ല. വൈകിയാലും ഞാൻ പോകും. രാത്രി വൈകിയും വീടുകളിൽ പോകും. ചിലപ്പോൾ ആളുകൾ ഉറങ്ങിയിരുന്നാൽ അവരെ ബുദ്ധിമുട്ടിക്കാതെ തിരികെപോവും. ആ ബന്ധമാണ് എന്നെ ആറുതവണ വിജയത്തിലേക്ക് നയിച്ചത്. ഈ ശൈലിക്ക് വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. 1996ലെ തിരഞ്ഞെടുപ്പിൽ ‘ഇത്ര കല്യാണവീടുകൾ, ഇത്ര മരണവീടുകൾ’ എന്ന് പറഞ്ഞ് സിപിഎം എനിക്കെതിരെ ബോർഡുകൾ വെച്ച് പ്രചാരണം നടത്തി. അവസാനം അവർ പോലും ആ രീതിയിൽ പോകാൻ തുടങ്ങി.

2011-ൽ താങ്കൾ എക്സൈസ് മന്ത്രിയാകുന്നു. അതിനു മുൻപും പിൻപുമുള്ള കെ.ബാബുവിനെ ഓർത്തെടുക്കാമോ?

സത്യം പറഞ്ഞാൽ, എക്‌സൈസ് വകുപ്പ് തരരുതെന്ന് ഉമ്മൻചാണ്ടിയോട് ഞാൻ നേരിട്ട് പറഞ്ഞതാണ്. ജീവിതത്തിൽ മദ്യം ടേസ്റ്റ് ചെയ്തിട്ടില്ലാത്ത ഒരാളാണ് ഞാൻ. പുകവലിച്ചിട്ടില്ല. ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ല. അങ്ങനെ ഒരാൾക്ക് ഈ വകുപ്പ് നൽകുന്നത് തന്നെ അപകടകരമാണെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ എടുക്കാതെ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കോംപൻസേറ്റ് ചെയ്യാൻ ഫോറസ്റ്റ് വകുപ്പും കൂടി തരാമെന്ന് പറഞ്ഞെങ്കിലും ഞാനത് നിരസിച്ചു. എക്‌സൈസ് മാത്രം തന്നെ വലിയ ഉത്തരവാദിത്വമാണെന്ന് എനിക്ക് വ്യക്തമായിരുന്നു.

ചുമതലയേറ്റശേഷം ഞാൻ ആദ്യമായി ഒപ്പിട്ട ഫയൽ തന്നെ എന്റെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന 14 ബിവറേജസ് ഔട്​ലെറ്റുകൾ തുടങ്ങേണ്ടതില്ലെന്ന് ഞാൻ രേഖപ്പെടുത്തി. മദ്യവിരുദ്ധ നിലപാട് വ്യക്തമാക്കുന്ന ഒരു ഫയലിൽ തന്നെ ആദ്യ ഒപ്പ് ഇടണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. തുടർന്ന് ഞങ്ങൾ കർശനമായ മദ്യനയം നടപ്പാക്കി. ബാറുകൾ അടച്ചുപൂട്ടി, ബാറുകളുടെ സമയം കുറച്ചു, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി. സ്‌കൂളുകളിൽ ലഹരിവിരുദ്ധ ക്ലബ്ബുകൾ ആരംഭിച്ചു. കേരളത്തെ മദ്യമില്ലാത്ത സംസ്ഥാനമാക്കാൻ പോലും ശ്രമിച്ചു.

അതേസമയം, സിപിഎമ്മിന്റെ ഭരണകാലത്ത് കൂടുതൽ ലിബറൽ സമീപനമാണ് സ്വീകരിച്ചത്. കൂടുതൽ ബാറുകൾ തുറന്നു, നിയന്ത്രണങ്ങൾ ശിഥിലമാക്കി. എന്നാൽ, അവിടെ നിന്ന് വലിയ വിമർശനങ്ങൾ ഉണ്ടായില്ല. കോൺഗ്രസിനകത്ത് അങ്ങനെ അല്ല. എല്ലാവരും ഒരേ നയം പറയുന്നുണ്ടെങ്കിലും അത് പ്രായോഗികമായി നടപ്പാക്കാൻ പലപ്പോഴും സാധിക്കാത്ത അവസ്ഥയാണ്. ഈ 'ഹിപ്പോക്രസി' ആണ് വലിയ പ്രശ്നമായി മാറിയത്. ബാറുകൾ അടച്ചുപൂട്ടിയ സമയത്താണ് ഒരു ബാർ ഹോട്ടൽ ഉടമ കെ.എം. മാണിക്കെതിരെ ആരോപണം ഉന്നയിച്ചത്. അന്ന് എന്റെ പേരൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ബാറുകൾ തുറക്കാതിരുന്നതോടെ അസന്തുഷ്ടി വർധിച്ചു. ബാർ ഉടമകൾ രാഷ്ട്രീയമായി ഇടപെട്ടു. കൂടുതൽ മന്ത്രിമാരുടെ പേരുകൾ ഉൾപ്പെടുത്താൻ ശ്രമിച്ചു. അങ്ങനെ എന്റെ പേരും, രമേശ് ചെന്നിത്തലയുടെ പേരും, വി.എസ്. ശ്രീകുമാറിന്റെ പേരും ചേർന്നു.

വിജിലൻസ് കോടതിയുടെ ഒരു പരാമർശം വന്ന ദിവസം തന്നെ 2016 ജനുവരി 23ന് രാജി എഴുതിക്കൊടുത്തു. തുടർന്ന് കുറച്ച് ദിവസം ഞാൻ മാറിനിന്നു. പിന്നീട് ഹൈക്കോടതി ആ പരാമർശം നീക്കം ചെയ്തതോടെ ഉമ്മൻചാണ്ടി എന്നോട് തിരികെ വരാൻ ആവശ്യപ്പെട്ടു. എനിക്ക് താത്​പര്യമുണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹം പറഞ്ഞാൽ എനിക്ക് 'ഇല്ല' എന്ന് പറയാൻ പറ്റില്ല. അതുകൊണ്ടാണ് വീണ്ടും മന്ത്രിയായി ചുമതലയേറ്റത്. പിന്നീട് സമ്മർദങ്ങൾ വർധിച്ചു. യുഡിഎഫിലെ ഘടകകക്ഷികളും വിമർശിക്കാൻ തുടങ്ങി. മതനേതൃത്വത്തിൽ നിന്നുമെല്ലാം സമ്മർദം ഉണ്ടായി. പലരും സ്വകാര്യമായി ഒരുപോലെ സംസാരിച്ചിട്ടും പൊതുവേദിയിൽ മറിച്ച് പറയുന്ന അവസ്ഥയായിരുന്നു. ഇത് കോൺഗ്രസിനകത്തെ 'ഹിപ്പോക്രസി'യുടെ ഭാഗമാണ്. ഒരു ഘട്ടത്തിൽ കാര്യങ്ങൾ വളരെ സങ്കീർണമായി.

ഉമ്മൻചാണ്ടി എന്നെ വീട്ടിലേക്ക് വിളിപ്പിച്ച് ഒരു കടലാസ് കയ്യിൽതന്ന് 'ഇത് എഴുത്' എന്ന് പറഞ്ഞു. ബാറുകൾ പൂർണമായി അടച്ചുപൂട്ടാനുള്ള നയരേഖയായിരുന്നു അത്. അടുത്ത ദിവസം യുഡിഎഫ് യോഗത്തിൽ അദ്ദേഹം അത് വായിച്ചു. ആരും പ്രതീക്ഷിക്കാത്ത തീരുമാനമായിരുന്നു അത്. എതിർക്കാൻ ആരും മുന്നോട്ട് വന്നില്ല. ഞങ്ങൾ എടുത്തത് ഏറ്റവും കർശനമായ മദ്യനയമാണ്. എന്നാൽ അന്ന് എതിർത്തവരിൽ പലരും ഇന്ന് മിണ്ടുന്നില്ല. ഇപ്പോൾ എല്ലായിടത്തും മദ്യം ലഭ്യമാണ്. അതിനൊപ്പം രാസലഹരിയും വ്യാപിച്ചു. കേരളം പുതിയ പ്രശ്നങ്ങൾ നേരിടുകയാണ്.

എനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഒന്നും ഇതുവരെ തെളിയിച്ചിട്ടില്ല. രണ്ടുതവണ വിജിലൻസ് അന്വേഷണം നടന്നു. പത്ത് വർഷമായി അന്വേഷണം നടക്കുന്നു. ഒന്നും കണ്ടെത്തിയിട്ടില്ല. ഇത് എല്ലാം നഷ്ടം സംഭവിച്ചവരുടെ പ്രതികാരമാണ് എന്നതാണ് യാഥാർഥ്യം.

കെ.എം. മാണിയുടെ ആത്മകഥയിൽ ഒരു പരാമർശമുണ്ട്-‘ഗുണനിലവാരമില്ലാത്തതിനാൽ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് തീരുമാനിച്ച 418 ബാറുകളെക്കുറിച്ചാണ് അത്. ഈ ബാറുകൾ ഗുണനിലവാരം മെച്ചപ്പെടുത്തിയാൽ വീണ്ടും പ്രവർത്തനാനുമതി നൽകാമെന്നൊരു ധാരണ ഉണ്ടായിരുന്നു. അതനുസരിച്ച് പല ബാർ ഉടമകളും വലിയ തുക മുടക്കി സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഈ വിഷയവുമായി ബന്ധപ്പെട്ട ഫയൽ ക്യാബിനറ്റിൽ വകുപ്പ്മന്ത്രിയായ കെ.ബാബു നേരിട്ട് കൊണ്ടുവന്നു. നിയമപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ നിയമവകുപ്പ് മന്ത്രിയെന്ന നിലയിൽ ഞാൻ കൂടി ആ ഫയൽ കാണേണ്ടതായിരുന്നു. എന്നാൽ,  നിയമവകുപ്പിനെ മറികടന്ന് ഫയൽ ക്യാബിനറ്റിൽ കൊണ്ടുവരികയാണ് കെ.ബാബു ചെയ്തത്’?

അത് ശരിയല്ല. ബാർ തുറക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ നേരിട്ട് കാണാതെ അന്ന് നിയമമന്ത്രിയായിരുന്ന കെ.എം മാണി അനിതരസാധാരണ വേഗത്തിലാണ് നടപടികളെടുത്തത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയായിരുന്നു. അതിനാൽ ലൈസൻസുകൾ താത്കാലികമായി പുതുക്കി നൽകുകയും, തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ നയം തീരുമാനിച്ച് അതനുസരിച്ച് സ്ഥിരമായ പുതുക്കൽ നടത്തുകയും ചെയ്യാം എന്നായിരുന്നു എന്റെ നിർദേശം. ഇത് പ്രവർത്തിച്ചുകൊണ്ടിരുന്ന ഹോട്ടലുകളുടെ കാര്യത്തിലായിരുന്നു; ആ 418 ഹോട്ടലുകളുടെ കാര്യത്തിലല്ല.

ക്യാബിനറ്റിൽ അന്ന് ഉണ്ടായ സംഭവം സാധാരണ പറയാറില്ലാത്തതാണ്. എന്നിരുന്നാലും, ഇപ്പോൾ പറയേണ്ടിവരുന്നു. ഈ ഫയൽ നിയമമന്ത്രി കാണേണ്ടതില്ലെന്നാണ് ഞാൻ അഭിപ്രായപ്പെട്ടത്, കാരണം അതിന് മുമ്പ് അത്തരത്തിലുള്ള ഒരു കീഴ്വഴക്കം ഉണ്ടായിരുന്നില്ല. ഇതിനു മുമ്പും ഞാൻ ലൈസൻസ് പുതുക്കൽ സംബന്ധിച്ച ഫയലുകൾ ക്യാബിനറ്റിൽ കൊണ്ടുവന്നിട്ടുണ്ട്.

അന്ന് കെ.എം. മാണി നിയമമന്ത്രിയായതിനാൽ ഫയൽ കാണണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഫയൽ അദ്ദേഹത്തിന് അയച്ചു. ക്യാബിനറ്റിന് ശേഷം അദ്ദേഹം ഓഫീസിൽ ഉണ്ടായിരുന്നില്ല; യാത്രയിലായിരുന്നു. ഫയൽ കാണുന്നതിനുമുമ്പ് തന്നെ അദ്ദേഹം ഫോൺ ചെയ്ത് ലൈസൻസ് പുതുക്കുന്നതിന് തനിക്ക് എതിർപ്പില്ലെന്ന് അറിയിച്ചു. എന്നാൽ, അദ്ദേഹം ഫയൽ കാണാതെ അനുമതി നൽകുന്നത് ശരിയല്ലെന്ന് ഞാൻ കരുതിയതിനാൽ, അതിനെ ഞാൻ സമ്മതിച്ചില്ല. സംഭവിച്ചത് ഇതുതന്നെയാണ്.

എക്‌സൈസ് വകുപ്പ് ഏറ്റെടുത്താൽ ഇമേജിന് കരിനിഴൽ വീഴും എന്നൊരു ഭയം താങ്കൾക്കുണ്ടായിരുന്നു. അതങ്ങനെ തന്നെ സംഭവിച്ചുവല്ലേ?

കേരളത്തിലെ കോൺഗ്രസ് മന്ത്രിക്ക് എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എല്ലായിടത്തുനിന്നും വിമർശനങ്ങൾ ഉയരും. എൽഡിഎഫ് സർക്കാരിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കുറവാണ്. അവിടെ പാർട്ടി നിലപാട് എല്ലാവരും ഒരുമിച്ച് പിന്തുടരും. എന്നാൽ കോൺഗ്രസിൽ ചിലപ്പോൾ ഉത്തരവാദിത്തമുള്ള ആളുകൾ തന്നെ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകൾ എടുക്കുന്ന സാഹചര്യമുണ്ട്.

ഞാൻ പലതവണ മുഖ്യമന്ത്രിയോട് തന്നെ പറഞ്ഞിട്ടുണ്ട് എനിക്ക് ഈ വകുപ്പ് വേണ്ടെന്ന്. എനിക്ക് ഫിഷറീസ്, തുറമുഖം, ഹാർബർ എൻജിനീയറിങ്, എയർപോർട്ട് തുടങ്ങിയ വകുപ്പുകൾ ഉണ്ടായിരുന്നു; അതിൽ ഞാൻ തൃപ്തനായിരുന്നു. എക്‌സൈസ് വകുപ്പ് ഒഴിവാക്കണമെന്ന എന്റെ അഭ്യർത്ഥന ഉണ്ടായിരുന്നിട്ടും, അത് തുടരേണ്ടിവന്നു.

ബാർകോഴ കേസിൽ വി.എം. സുധീരന്റെ നിലപാടുകളോട് താങ്കളുടെ അഭിപ്രായമെന്താണ്?

ബാർകോഴ കേസിൽ വി.എം. സുധീരന്റെ നിലപാടുകളോട് എനിക്ക് യോജിപ്പില്ല. ഒരു പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹം തൊട്ടതിനും പിടിച്ചതിനുമൊക്കെ സർക്കാരിനെ ശ്വാസംമുട്ടിച്ചു. കെപിസിസിയുടെ ഒരു കമ്മിറ്റിയിൽ അദ്ദേഹമൊഴിച്ച് എല്ലാവരും ലൈസൻസ് പുതുക്കണം എന്ന നിലപാട് എടുത്തു. അതുകൊണ്ട് മുഖ്യമന്ത്രിക്ക് അദ്ദേഹത്തോടൊപ്പം നിൽക്കേണ്ടിവന്നു.

2011 വരെ എന്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ എക്‌സൈസ് വകുപ്പ് ഏറ്റെടുത്തതിന് ശേഷം താങ്കൾ തോൽവിയിലേക്ക് പോകുന്നു. എങ്ങനെ സംഭവിച്ചു?

ഞങ്ങളുടെ സർക്കാരിന്റെ കാലത്ത് വലിയ വികസന പ്രവർത്തനങ്ങൾ നടന്നു. ഇന്നും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പദ്ധതിയാണ് വിഴിഞ്ഞം. ആ പദ്ധതിയുടെ വകുപ്പ് മന്ത്രി ഞാൻ തന്നെയായിരുന്നു. മുഴുവൻ കാര്യങ്ങളും എന്റെ വകുപ്പിലൂടെയാണ് മുന്നോട്ട് കൊണ്ടുപോയത്. മുഖ്യമന്ത്രിയുടെ പൂർണമായ അറിവോടും പിന്തുണയോടും കൂടിയാണ് അത് നടപ്പാക്കിയത്. എന്നാൽ അതിന്റെ ക്രെഡിറ്റ് എടുക്കാൻ എനിക്ക് സാധിച്ചില്ല; ആ സർക്കാരിനുതന്നെ അതിന്റെ നേട്ടം ലഭിച്ചില്ല. അത് മാത്രമല്ല, ഫിഷറീസ് വകുപ്പ്, ഹാർബർ വകുപ്പ് തുടങ്ങി പല മേഖലകളിലും നിരവധി പ്രവർത്തനങ്ങൾ നടന്നു. എന്നാൽ ഈ ഒരൊറ്റ വിവാദം കാരണം വലിയ രീതിയിൽ ചീത്തപ്പേർ ഏറ്റെടുക്കേണ്ടി വന്നു. അത് തന്നെയാണ് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി.

യഥാർഥത്തിൽ ബാറുടമകളുടെ ശക്തി താങ്കൾ അളന്നിട്ടുണ്ടോ?

ബാർ ഉടമകൾക്ക് ആരെയും സ്വാധീനിക്കാനുള്ള ശക്തിയുണ്ട്. ഞങ്ങൾ അതിനെ ചെറുത്തുനിൽക്കാൻ ശ്രമിച്ചു. എന്നാൽ, ചില കാര്യങ്ങളിൽ ഞങ്ങളുടെ നിലപാട് പ്രായോഗികമായിരുന്നില്ല എന്നതായിരുന്നു അന്നും എന്റെ അഭിപ്രായം. ബാറുകൾ പൂർണ്ണമായി അടച്ചുപൂട്ടാനുള്ള തീരുമാനം എടുത്തപ്പോൾ, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാൻ അന്നുതന്നെ സൂചിപ്പിച്ചിരുന്നു. എന്നാൽ പാർട്ടി നേതൃത്വത്തിന്റെ സമ്മർദ്ദം, ഘടകകക്ഷികളുടെ എതിർപ്പ്, പ്രതിപക്ഷത്തിന്റെ ആക്രമണം, മതനേതൃത്വത്തിന്റെ ഇടപെടൽ എന്നിവ എല്ലാം കൂടി വന്നപ്പോൾ മുഖ്യമന്ത്രി ഒരു നിർബന്ധിത സാഹചര്യത്തിലായി. ഒടുവിൽ അത് ഒരു 'അറ്റകൈ' പ്രയോഗിക്കേണ്ടിവന്നു. 2016ലെ തിരഞ്ഞെടുപ്പിലെ എന്റെ തോൽവിക്ക് ഈ വിഷയവുമായി വലിയ ബന്ധമില്ല.

2016-ലെ തോൽവി പ്രതീക്ഷിച്ചിരുന്നോ?

ആ തോൽവി ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രധാനമായും എന്റെ സ്ഥാനാർത്ഥിത്വം വളരെ വൈകിയതാണ് ഒരു കാരണമായി. അന്നത്തെ കെപിസിസി പ്രസിഡന്റ് എനിക്ക് സീറ്റ് നൽകാൻ തയ്യാറായിരുന്നില്ല. മറ്റൊരാളെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുകയും ചെയ്തു. ഏകദേശം 15 ദിവസത്തോളം അനിശ്ചിതത്വം നിലനിന്നു. ഉമ്മൻചാണ്ടിയുടെ ശക്തമായ നിലപാടാണ് ഒടുവിൽ എനിക്ക് സ്ഥാനാർത്ഥിത്വം ഉറപ്പാക്കിയത്. അദ്ദേഹം തന്നെ പറഞ്ഞു - എനിക്ക് സീറ്റ് ലഭിക്കാത്ത പക്ഷം താനും മത്സരിക്കില്ലെന്ന്. അത്തരം ഒരു നിലപാട് ഇന്ത്യയിലെ ഏതെങ്കിലും നേതാവ് എടുക്കുമോയെന്ന് സംശയമാണ്. ഒടുവിൽ നിരവധി ചർച്ചകളും സംഘർഷങ്ങളും കഴിഞ്ഞാണ് എനിക്ക് സ്ഥാനാർത്ഥിത്വം ലഭിച്ചത്.

രണ്ടാമത്തെ കാര്യം, തൃപ്പൂണിത്തുറ കോൺഗ്രസിന്റെ കോട്ടയല്ല. സിപിഎമ്മിന് ശക്തമായ സംഘടനാ അടിത്തറയുള്ള മണ്ഡലമാണ് അത്. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ കേഡറും ബ്രാഞ്ച് കമ്മിറ്റികളും ഉള്ള പ്രദേശം കൂടിയാണ്. അത്തരം മണ്ഡലത്തിൽ ഞാൻ ആറുതവണ ജയിച്ചത് വലിയ പരിശ്രമത്തിന്റെ ഫലമാണ്. പലരും കരുതുന്നതുപോലെ ഇത് എളുപ്പത്തിൽ ജയിക്കാവുന്ന സീറ്റ് ആയിരുന്നില്ല. 10,000 മുതൽ 15,000 വരെ വോട്ടിന് തോൽക്കാൻ സാധ്യതയുള്ള മണ്ഡലമായിരുന്നു അത്. കഠിനാധ്വാനം കൊണ്ടാണ് ഞാൻ അതിനെ കോൺഗ്രസിന്റെ ഉറച്ച സീറ്റാക്കി മാറ്റിയത്. അതാണ് ഈ മഹാന്മാരെല്ലാം കൂടി നശിപ്പിച്ചത്. 2016ൽ പുതിയ ഘടകങ്ങൾ കൂടി രംഗത്ത് വന്നു. എസ്എൻഡിപിയുടെ പാർട്ടി ആയ ബി.ഡി.ജെ.എസ് രൂപീകരിക്കുകയും അവർ ബിജെപിയുമായി കൈകോർക്കുകയും ചെയ്തു. അതോടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി. ചില വിഭാഗങ്ങളുടെ പിന്തുണ എനിക്ക് നഷ്ടപ്പെട്ടു. അതുണ്ടായിരുന്നെങ്കിലും ഞാൻ ജയിച്ചേനെ.

മൂന്നാമത്തെ കാര്യം, പാർട്ടിക്കുള്ളിലെ ഒരു വിഭാഗം തന്നെ സിപിഎമ്മിനേക്കാൾ വാശിയിൽ എന്നെ തോൽപിക്കാൻ ശക്തമായി പ്രവർത്തിച്ചു. പലയിടത്തും യോഗങ്ങൾ സംഘടിപ്പിച്ചു, ബോർഡുകൾ സ്ഥാപിച്ചു, വീടുകളിലെത്തി പ്രചാരണം നടത്തി. ആരുടെയും പേര് ഞാൻ പ്രത്യേകം പറയുന്നില്ല. പക്ഷേ അതിനെ അതിജീവിക്കാനാകുമെന്ന് ഞാൻ ധരിച്ചിരുന്നു. അത് സാധിച്ചില്ല. ഇതൊക്കെ സംഭവിച്ചിട്ടും 4400 വോട്ടിനാണ് ഞാൻ തോറ്റത്. സാങ്കേതികമായി ഞാൻ തോറ്റു എന്നത് ശരിയാണ്, പക്ഷേ അത് ജനങ്ങളുടെ ആഗ്രഹമല്ലായിരുന്നു എന്നതാണ് എന്റെ വിശ്വാസം.

ആ തോൽവി ശരിക്ക് താങ്കൾക്ക് വലിയൊരു ആഘാതമായി. ശരിയാണോ?

ചതിയിലൂടെ തോറ്റു എന്നതാണ് എനിക്ക് വലിയ പ്രയാസമുണ്ടാക്കിയത്. ആളുകളെ നേരിടാൻ ബുദ്ധിമുട്ടുണ്ടായി. പക്ഷേ ഞാൻ പിന്നോട്ടില്ലെന്ന് തീരുമാനിച്ചു. മണ്ഡലം തിരികെ പിടിക്കണം. പിന്നീടങ്ങോട്ട് പൊതുപ്രവർത്തനങ്ങളിൽ എംഎൽഎയെപ്പോലെ തന്നെ സജീവമായി പ്രവർത്തിച്ചു. 2021ൽ എന്നെ സ്ഥാനാർഥിയാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു.

2021ലെ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ചർച്ചകൾ ഉണ്ടായി. ഒരു ഘട്ടത്തിൽ വലിയ തർക്കങ്ങൾ വരെ ഉണ്ടായി. അന്നത്തെ സാഹചര്യത്തിൽ ഫീൽഡ് റിപ്പോർട്ട് പരിശോധിക്കാൻ ഡൽഹിയിൽ നിന്ന് ആളുകളെ അയച്ചിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ വിജയസാധ്യത കൂടുതലുള്ള സ്ഥാനാർഥി ഞാൻ തന്നെയാണെന്ന് പറഞ്ഞിരുന്നു. ആ റിപ്പോർട്ടും ഉമ്മൻചാണ്ടിയുടെ പിന്തുണയും ചേർന്നാണ് എനിക്ക് വീണ്ടും സ്ഥാനാർത്ഥിത്വം ഉറപ്പായത്. 2021ൽ ആ അവസരം ലഭിക്കാതിരുന്നെങ്കിൽ, ഒരുപക്ഷേ എന്റെ രാഷ്ട്രീയ ജീവിതം തന്നെ അസ്തമിച്ചേനെ. ആ സമയത്ത് ഉമ്മൻ ചാണ്ടിയാണ് എന്നെ കൈപിടിച്ച് മുന്നോട്ട് കൊണ്ടുപോയത്.

അന്നത്തെ റെയ്ഡ് പ്രതീക്ഷിച്ചിരുന്നോ?

ഇല്ല, അത് അന്നത്തെ വിജിലൻസ് ഡയറക്ടറുടെ വ്യക്തിപരമായ വൈരാഗ്യത്തിന്റെ ഭാഗമായിരുന്നു എന്നാണ് എന്റെ വിശ്വാസം. ഒരു ദിവസം രാവിലെ വിജിലൻസ് ഉദ്യോഗസ്ഥർ വന്ന് സെർച്ച് വാറണ്ട് കാണിച്ചു പരിശോധന നടത്തി. മാധ്യമങ്ങളിൽ അത് 100 കോടി രൂപയുടെ അഴിമതി എന്ന രീതിയിൽ അവതരിപ്പിച്ചു. ഒടുവിൽ അത് 25 ലക്ഷം രൂപ അധികം ചെലവാക്കിയെന്ന ആരോപണത്തിൽ എത്തി. എന്റെ അക്കൗണ്ടിലേക്ക് അനധികൃത പണം വന്നതായി കണ്ടെത്തിയിട്ടില്ല. സ്വത്ത് സമ്പാദിച്ചതായി തെളിവുകളില്ല. എന്നാൽ സമൂഹത്തിൽ ഞാൻ ഒരു വലിയ അഴിമതിക്കാരനായി ചിത്രീകരിക്കപ്പെട്ടു. അത് തന്നെ ഏറ്റവും വലിയ മാനസിക ബുദ്ധിമുട്ടായിരുന്നു.

റെയ്ഡിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റമെന്താണ്?

ആ സമയത്ത് ആളുകളെ നേരിടാൻ ബുദ്ധിമുട്ടുണ്ടായി. ഞാനങ്ങനെ അഴിമതിക്കാരനല്ല. നൂറ് കോടിയുടെ അഴിമതിക്കാരനെന്ന പേര് ചെറിയ കാര്യമാണോ? അതുവരെ എന്നെ കണ്ടപോലെ അല്ലല്ലോ പിന്നെ കാണുക. അത് വലിയ ബുദ്ധിമുട്ടുണ്ടാക്കി. എന്റെ കുടുംബവും സുഹൃത്തുക്കളും വലിയ പിന്തുണ നൽകി. 'നേരിടണം' എന്നായിരുന്നു അവരുടെ നിലപാട്. ആ സമയത്തു ഉമ്മൻചാണ്ടിയായിരുന്നു പിൻബലം. ഭാര്യ ശക്തമായി കൂടെനിന്നു.

ഞാൻ ആഡംബരജീവിതം നയിക്കുന്ന ഒരാളല്ല. വിദേശയാത്രകളോ സുഖവാസത്തിന് പോവുകയോ ചെയ്യുന്ന ആളല്ല. അറുപത് വർഷത്തോളമായി ഞാൻ രാഷ്ട്രീയത്തിൽ ഇതിനിടെ രണ്ടേ രണ്ട് തവണമാത്രമാണ് ഞാൻ ദുബായിൽ പോയത്. എന്റെ ആഡംബരമെന്നാൽ ഒരു കാർ മാത്രമാണ്. ജനങ്ങളോടൊപ്പം ഇടപഴകി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് എനിക്ക് സന്തോഷം. അതുകൊണ്ടാണ് ഞാൻ പൊതുജീവിതത്തിലേക്ക് തിരികെ വന്നത്.

വാസ്തവത്തിൽ രാഷ്ട്രീയത്തിലെത്തിയ ശേഷം കെ.ബാബു എത്ര സ്വത്ത് സമ്പാദിച്ചു?

ഞാനങ്ങനെ സ്വത്തൊന്നും സമ്പാദിച്ചിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ അന്വേഷണത്തിൽ കണ്ടെത്തട്ടെ. കേരളത്തിലെ മുഴുവൻ രജിസ്റ്റർ ഓഫീസുകൾ വരെ പരിശോധിച്ചു. കുടുംബാംഗങ്ങളുടെ പേരിലുള്ള സ്വത്തുകൾ പോലും പരിശോധിച്ചു. ഞാൻ പൊതുപ്രവർത്തനങ്ങളിൽ മുഴുകിയിരുന്നതിനാൽ വീട്ടുകാര്യമൊന്നും അധികം ശ്രദ്ധിച്ചിരുന്നില്ല. എന്റെ ഭാര്യ സാമ്പത്തികമായി നല്ല പശ്ചാത്തലമുള്ള കുടുംബത്തിലാണ് വളർന്നത്. കുടുംബച്ചെലവുകളിൽ അവർക്കും അവരുടെ കുടുംബത്തിനും വലിയ പങ്കുണ്ട്.

ഉമ്മൻചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച്..?

ഉമ്മൻചാണ്ടിയെക്കുറിച്ച് പറയുമ്പോൾ, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് എന്റെ നിലപാട്. നിരവധി അന്വേഷണങ്ങൾ നടന്നിട്ടും ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. ആരോപണങ്ങൾ അദ്ദേഹത്തെ കാര്യമായി ബാധിച്ചിരുന്നു. അദ്ദേഹം വളരെ ദൈവവിശ്വാസമുള്ള ആളായിരുന്നു. ജീവിതത്തിൽ കർശനമായ ആത്മനിയന്ത്രണം പാലിച്ചിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തെ അനാവശ്യമായി കുറ്റപ്പെടുത്തിയത് വളരെ ദുഃഖകരമാണ്.

ഇത്തവണ തിരഞ്ഞെടുപ്പിൽ നിന്നാലും താങ്കൾ ജയിക്കുമായിരുന്നു. പിന്നെന്തിനാണ് ഇങ്ങനെയൊരു റിട്ടയർമെന്റ് പ്രഖ്യാപിച്ചത്?

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് മാത്രമാണ് ഞാൻ പിന്മാറുന്നത്. മത്സരിക്കാത്തത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. ഞാൻ പൂർണമായ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാത്രമാണ് പിന്മാറുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഒരു പ്രധാന കാരണമാണ്. പഴയപോലെ പ്രവർത്തിക്കാൻ കഴിയില്ലെന്ന ബോധ്യമാണ് ഈ തീരുമാനത്തിന് പിന്നിൽ. പാർട്ടി നേതൃത്വം വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സഹപ്രവർത്തകരും അതേ അഭിപ്രായം പങ്കുവച്ചു. എന്നാൽ, ഞാൻ മത്സരിക്കേണ്ടെന്ന നിലപാടെടുത്തു.

ദീപക് ജോയിയെ സ്ഥാനാർഥിയാക്കാനുള്ള നിർദേശം എന്റെ വ്യക്തിപരമായ തീരുമാനമാണ്. മറ്റു ചില നേതാക്കളും ഈ പേര് നിർദ്ദേശിച്ചിരുന്നു. ആ സാഹചര്യത്തിൽ ആ പേര് മുന്നോട്ടുവെക്കുകയായിരുന്നു. ഇനി ഞാൻ ഒരു സാധാരണ പാർട്ടി പ്രവർത്തകനായി തുടരും. അധികാരമോ സ്ഥാനമോ എന്നതിൽ എനിക്ക് ഇനി താത്പര്യമില്ല. രാഷ്ട്രീയം ഒരു നീണ്ട ഓട്ടമാണ്. അതിൽ പലരും വഴിമധ്യേ പുറത്ത് പോകും. അതുപോലെ ഒരു ഘട്ടത്തിലേക്ക് ഞാൻ എത്തിയെന്നാണ് ഞാൻ കാണുന്നത്. അതിൽ എനിക്ക് ആശങ്കയില്ല. ഞാൻ പാർട്ടിയോടൊപ്പം, പ്രവർത്തകരോടൊപ്പം തുടരും.