ഐ.എസ്.ആര്‍.ഒയുടെ അതിശയകരമായ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ഡോ. എസ്.സോമനാഥ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും വിരമിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. രാജ്യത്തിനാകെ ആവേശം പകര്‍ന്ന ചന്ദ്രയാനും സൗരദൗത്യവും അടക്കമുള്ള ഒട്ടേറെ ദൗത്യങ്ങള്‍ക്കു മാത്രമല്ല, ബഹിരാകാശ ഗവേഷണരംഗത്തെ വിപ്ലവകരമായ നിരവധി നയംമാറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച സോമനാഥ് മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.

To advertise here,

താങ്കളുടെ നേതൃത്വത്തിലാരംഭിച്ച മറ്റൊരു ദൗത്യം കൂടി വിജയം കൈവരിച്ചിരിക്കുകയാണ്. ബഹിരാകാശത്തുവെച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്പെയ്ഡെക്സ് ദൗത്യം. അഭിനന്ദനങ്ങള്‍. ഇതിന്റെ പിന്നിലെ ശ്രമങ്ങളെക്കുറിച്ച് പറയുമോ.

സ്പെയ്ഡെക്സ് ദൗത്യം (സ്പെയ്സ് ഡോക്കിങ് എക്സ്പെരിമെന്റ്) ഞങ്ങള്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ട് കുറച്ചു വര്‍ഷമായി. രണ്ടു ഉപഗ്രഹങ്ങള്‍ക്ക് പകരം ഒരു ഉപഗ്രഹത്തെ വിക്ഷേപിച്ച് നേരത്തെ വിട്ട ഒരു ഉപഗ്രഹവുമായി മറ്റൊരു സമയത്ത് ഡോക്ക് ചെയ്യാം എന്നാണ് ഞങ്ങള്‍ ആദ്യം വിചാരിച്ചത്. പിന്നീട് സമാനമായ രണ്ടു ഉപഗ്രഹങ്ങളെ വിക്ഷേപിക്കാം എന്നായി. ചെറിയ ഉപഗ്രഹങ്ങളെ വിക്ഷേപിച്ച് പണച്ചെലവ് കുറച്ചു കൊണ്ടുവരണം എന്നും വിചാരിച്ചിരുന്നു. പക്ഷേ ഉപഗ്രഹം ചെറുതാകും തോറും പ്രശ്നങ്ങള്‍ കൂടും, ഇന്ധനം വളരെ കുറച്ചേ ഉണ്ടാവുകയുള്ളൂ എന്നതുപോലെ. അതുപോലെ എസ്.എസ്.എൽ.വി. എന്ന പുതിയ റോക്കറ്റ് ഉപയോഗിക്കാം എന്നും കരുതി. അങ്ങനെയൊക്കെ ആലോചിച്ചെങ്കിലും ഒടുവില്‍ പി.എസ്.എല്‍.വി. ഉപയോഗിക്കാം എന്ന അന്തിമ തീരുമാനത്തിലെത്തി.

മണിക്കൂറില്‍ 24,000 കിലോമീറ്ററിലധികം വേഗത്തില്‍ പായുന്ന രണ്ട് ഉപഗ്രഹങ്ങളെ വളരെ കൃത്യമായി അടുപ്പിച്ചു കൊണ്ടുവരുന്നത് സങ്കീര്‍ണമായ കാര്യമാണ്. ഇവയുടെ ആപേക്ഷികവേഗം കുറച്ചുകൊണ്ടു വരും. അടുത്തടുത്ത് വളരെ ഉയര്‍ന്ന സ്പീഡില്‍ പോവുന്ന രണ്ട് കാറുകള്‍ തമ്മിലുള്ള സ്പീഡ് വ്യത്യാസം ഇല്ലാതാവുമ്പോള്‍ ഒന്നിനെ മറ്റേതുമായി ബന്ധിപ്പിക്കാന്‍ പറ്റും. അതുപോലെ ആപേക്ഷിക വേഗം കുറയ്ക്കുന്നതിന് പുതിയ സെന്‍സറുകള്‍ വികസിപ്പിക്കണം, പുതിയ അല്‍​ഗൊരിതം ഉണ്ടാക്കണം, പുതിയ പരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടാക്കണം. ഇതെല്ലാമാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇസ്രോ ചെയ്തിരുന്നത്.

ഭാവിയില്‍ മനുഷ്യരെ ബഹിരാകാശത്ത് കൊണ്ടുപോകാനും ചന്ദ്രയാന്‍ നാലിനുമൊക്കെ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള ഡോക്കിങ് മെക്കാനിസം ആണ് വികസിപ്പിക്കുന്നത്. നമ്മുടെ ഗഗന്‍യാനിലും ഉപയോഗിക്കുന്ന ഡോക്കിങ് പ്രക്രിയ ഇതു തന്നെയായിരിക്കും. സെന്‍സറുകളും സോഫ്റ്റ്​വെയറും അല്‍​ഗൊരിതവും ഏകദേശം ഇതുപോലെയൊക്കെ തന്നെയാണ്. പക്ഷേ, അതിന്റെ മെക്കാനിസം വ്യത്യസ്തമായിരിക്കും. അതിനുള്ള ഒരു പരിശീലനം കൂടിയാണ് ഈ ഡോക്കിങ്. അതുകൊണ്ടുതന്നെ, ഇന്ത്യയുടെ ബഹിരാകാശരംഗത്തെ ഭാവിപര്യവേക്ഷണങ്ങള്‍ക്ക് ശക്തമായ അടിത്തറയാവും ഈ വിജയം.

ദൗത്യത്തിന് കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യം വരുമോ.

ഒരുപാട് വേണ്ടിവരും. ഇതൊരു തുടക്കം മാത്രമാണ്. ഈ രണ്ടു ഉപഗ്രഹങ്ങളുടെയും ഭ്രമണപഥം വൃത്താകാരത്തിലാണ്. ഇനി നമ്മള്‍ ചന്ദ്രയാന്‍ നാലിനു പോകുമ്പോള്‍ ഭ്രമണപഥം ദീര്‍ഘവൃത്താകൃതിയില്‍ (എലിപ്റ്റിക്കല്‍) ആകും, അപ്പോള്‍ ഡോക്ക് ചെയ്യുന്ന പ്രക്രിയയിലും വ്യത്യാസമുണ്ടാവും. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ആപേക്ഷിക ദൂരത്തിലും വ്യത്യാസം വരും. ഇനി അത്തരത്തിലുള്ള പരീക്ഷണങ്ങളും ചെയ്തു നോക്കണം.

ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന ഗഗന്‍യാന്‍ ഈ വര്‍ഷമാണ് എന്നു കേട്ടിരുന്നു.

ഈ വര്‍ഷത്തിന്റെ തുടക്കത്തിൽ തന്നെ ആളില്ലാത്ത പരീക്ഷണദൗത്യം നടത്തിക്കഴിഞ്ഞു. ആളില്ലാത്ത മൂന്ന് ദൗത്യങ്ങള്‍ക്കു ശേഷം അവയുടെ പ്രകടനം വിലയിരുത്തി ജയപരാജയ സാധ്യതകളൊക്കെ നോക്കിയതിനുശേഷമേ ആളിനെ അയക്കുന്ന കാര്യം തീരുമാനിക്കൂ.

ചന്ദ്രയാന്‍ നാലിനെയും അഞ്ചിനെയും കുറിച്ച്.

ഐ.എസ്.ആര്‍.ഒയുടെ പ്രോഗ്രാമുകളെ കുറിച്ച് സംസാരിക്കേണ്ടത് ഇപ്പോഴത്തെ ചെയര്‍മാന്‍ ആണ്. അതിനെക്കുറിച്ചു ഞാനിനി പറയുന്നത് ശരിയല്ല. പുറത്തുപോയ ചെയര്‍മാന്‍ ആണ് ഞാന്‍. 

എത്ര ആവേശകരമായിരുന്നു ഇസ്രോയിലെ താങ്കളുടെ യാത്ര.

ആവേശം കൊള്ളിച്ച പല കാര്യങ്ങളുണ്ട്. ഒന്നാമത്തേത് നമ്മള്‍ സ്പെയ്സ് സെക്ടര്‍ റിഫോം എന്ന് പറയുന്ന പരിഷ്‌കാര പ്രക്രിയയിലൂടെ കടന്നു പോവുകയായിരുന്നു. ബഹിരാകാശ മേഖല കേന്ദ്രസര്‍ക്കാരും ഐ.എസ്.ആര്‍.ഒയും മാത്രം കൈകാര്യം ചെയ്യുന്ന രീതിയില്‍ നിന്നും സ്വകാര്യ സംരംഭകര്‍ കൂടി ഉള്‍പ്പെട്ട ഒരു ഇക്കോ സിസ്റ്റത്തിലേക്ക് കൊണ്ടുവരിക, സാമ്പത്തിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, അതിനുള്ള നയം നടപ്പാക്കുക എന്നുള്ളതായിരുന്നു ആദ്യത്തെ പ്രധാനപ്പെട്ട കാര്യം. അത് നന്നായി നടന്നു. സ്വകാര്യമേഖലയില്‍ ഇപ്പോള്‍ തന്നെ 250 സ്റ്റാര്‍ട്ടപ്പുകളായി. രണ്ടാമത്തെ കാര്യം നമുക്ക് അടുത്ത 25 വര്‍ഷത്തേക്കുള്ള വിഷന്‍ ഉണ്ടാക്കുക എന്നതായിരുന്നു. അതു പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു, അതിന് ഗവണ്‍മെന്റിന്റെ പിന്തുണയും അംഗീകാരവും നേടാന്‍ കഴിഞ്ഞു.

അതുപോലെ ഐ.എസ്.ആര്‍.ഒയ്ക്കുള്ളില്‍ നിരവധി പുതിയ മേഖലകളില്‍ ഗവേഷണം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. ഉപഗ്രഹ, റോക്കറ്റ് നിര്‍മ്മാണം, വിക്ഷേപണം എന്നിവയ്ക്കു പുറമേ ഭാവിയില്‍ വരാന്‍ സാധ്യതയുള്ള, ഭാവിയിലേക്ക് ആവശ്യമുള്ള പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനുള്ള ശ്രമം- ആ ലക്ഷ്യത്തിലേക്കുള്ള നിരവധി പ്രോജക്ടുകള്‍ തുടങ്ങിവയ്ക്കാന്‍ കഴിഞ്ഞു. അതിന്റെ ഗുണഫലങ്ങള്‍ ഓരോന്നായി വരുംവര്‍ഷങ്ങളില്‍ കാണാനാവും. ഈ സ്പെയ്സ് ഡോക്കിങ് അതില്‍ ഒരെണ്ണമാണ്, അതുപോലെ ഒരുപാട് സംഗതികള്‍ ഉണ്ട്. ക്വാണ്ടം ടെക്നോളജികള്‍ പോലുള്ളവ. അതൊക്കെ വരുംവര്‍ഷങ്ങളില്‍ മനസ്സിലാക്കാനാവും. എന്റെ പ്രവര്‍ത്തനകാലത്തിന്റെ ഒരു ചുരുക്കം ഇതാണെന്നു പറയാം.

അങ്ങയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടം 2023-ലെ ചന്ദ്രയാന്‍ മൂന്നിന്റെ വിജയമാണോ.

അല്ല, എന്റെ വ്യക്തിപരമായിട്ടുള്ള ഏറ്റവും വലിയ നേട്ടം എല്‍.വി.എം. 3  റോക്കറ്റ് എൻജിന്റെ വികസനമാണ്. 2000 മുതല്‍ 2002 വരെ അതിന്റെ പ്രോജക്ടും റിപ്പോര്‍ട്ടും ഉണ്ടാക്കുന്ന ജോലിയിലായിരുന്നു. പിന്നീട് ആ പ്രോജക്ടില്‍ ഡെപ്യൂട്ടി ഡയറക്ടറും ഡയറക്ടറുമായി. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം റോക്കറ്റ് നിര്‍മ്മിച്ച് വിജയകരമായി വിക്ഷേപിച്ചു. അതാണ് എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ല്. ആ റോക്കറ്റാണ്  (ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് -3)  ചന്ദ്രയാന്‍ രണ്ടിനെയും മൂന്നിനെയും വിക്ഷേപിച്ചത്, ഭാവിയില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാനിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും കപ്പാസിറ്റി ഉള്ള റോക്കറ്റ് ആണത്. നാലര ടണ്‍ ഭാരം കൊണ്ടുപോകാന്‍ കഴിയും. നമ്മുടെ സ്വന്തം ക്രയോജനിക് സാങ്കേതികവിദ്യ, ഏറ്റവും വലിയ സോളിഡ് റോക്കറ്റ് അങ്ങനെ നിരവധി പ്രത്യേകതകള്‍ അതിനുണ്ട്.

നമ്മുടെ ഭാവി ആവശ്യങ്ങള്‍ക്ക് പി.എസ്.എല്‍.വി. മതിയാവുമോ

ഇല്ല. ഭാവിയില്‍ നമുക്ക് ഇതിനെക്കാള്‍ വലിയ റോക്കറ്റുകള്‍ വേണ്ടിവരും. അത് കണക്കിലെടുത്താണ് എന്‍.ജി.എല്‍.വി. (നെക്സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍) എന്ന റോക്കറ്റ് വികസിപ്പിക്കുന്നത്. വലിയ റോക്കറ്റുകള്‍ക്ക് കൂടുതല്‍ ഭാരമേറിയ ഉപഗ്രഹങ്ങള്‍ കൊണ്ടുപോകാനാകും. മാത്രമല്ല, അവ പുനരുപയോഗിക്കാനാവും. ചെലവ് ഗണ്യമായി കുറയും, ഇരട്ടി പേലോഡ് കൊണ്ടുപോകാനും ആകും. മനുഷ്യനെ കൊണ്ടുപോകുന്നതു പോലുള്ള കാര്യങ്ങള്‍ക്കും ഇത്തരം റോക്കറ്റ് ആവശ്യമാണ്. ബഹിരാകാശ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ അത്തരം റോക്കറ്റുകള്‍ ആവശ്യമുണ്ട്.

ഒരുപാടു നേട്ടങ്ങളുടെ കാലമാണ് ഇസ്രോയ്ക്ക്. കേന്ദ്രത്തിന്റെ സമീപനം.

കേന്ദ്രസര്‍ക്കാരിന്റെ ഇസ്രോയോടുള്ള സമീപനത്തില്‍ ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട്. ബജറ്റ് വിഹിതം വര്‍ധിപ്പിച്ചതിനും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനും പുറമേ മൊത്തത്തിലുള്ള സമീപനത്തിലും തന്ത്രങ്ങളിലും മാറ്റം വന്നു. നേരിട്ടു പ്രധാനമന്ത്രിയുടെ കീഴില്‍ വരുന്ന വകുപ്പാണ് എന്നു മാത്രമല്ല, അദ്ദേഹം അതില്‍ വളരെ വ്യക്തിപരമായ താല്പര്യവുമെടുക്കുന്നു.

ഇസ്രോയില്‍ നിന്നും വിരമിച്ചല്ലോ. ഇനി എങ്ങനെ സമയം ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്.

21-ാം വയസ്സില്‍, കൊല്ലത്തെ ടികെഎം എഞ്ചിനീയറിങ് കോളേജില്‍ ഏഴാം സെമസ്റ്റര്‍ പഠിക്കുമ്പോഴാണ് എനിക്ക് നിയമനം കിട്ടിയത്. 39 വര്‍ഷം ജോലി ചെയ്ത ശേഷമാണ് വിരമിച്ചത്. ഇനിയെന്തെന്ന് ചോദിച്ചാല്‍ ഒരുപാട് വഴികള്‍ ഉണ്ടല്ലോ. തല്‍ക്കാലം അതൊന്നും പറയാന്‍ കഴിയില്ല. ഐ.എസ്.ആര്‍.ഒയുടെ ഉന്നത പദവികളില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മറ്റ് അസൈന്‍മെന്റുകള്‍ സ്വീകരിക്കാന്‍ പാടില്ല. ഒരുവര്‍ഷം കഴിയട്ടെ.

ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യമായ ആദിത്യ എല്‍-വണ്ണിന്റെ വിജയാഹ്ലാദത്തിനിടയിലാണല്ലോ അര്‍ബുദബാധ കണ്ടെത്തുന്നത്.

ശസ്ത്രക്രിയയും കീമോതെറാപ്പിയും വേണ്ടി വന്നു. നാലഞ്ച് മാസം ഞാന്‍ കഷ്ടപ്പെട്ടു. ഇതൊക്കെ വന്നാല്‍ സഹിക്കാതെ വഴിയില്ലല്ലോ. ഇപ്പോഴും അതിന്റെ ടെസ്റ്റുകളുണ്ട്, മരുന്നുകളുമുണ്ട്. ക്യാന്‍സറായതിനാല്‍ തുടര്‍ച്ചയായി നിരീക്ഷിക്കണമല്ലോ.

തത്വചിന്തയുള്ള ആളല്ലേ.

ഒറ്റവാക്കില്‍ ഉത്തരമില്ല. ജീവിതത്തില്‍ ഫിലോസഫി ഇല്ലാത്തയാള്‍ എന്ത് മനുഷ്യനാണ്. ഓരോ മനുഷ്യനും അവനവന്റേതായ ഫിലോസഫി ഉണ്ട്, ആത്മീയതയും ഉണ്ട്. അങ്ങനെയല്ലാത്ത ആരെങ്കിലും ഉണ്ടോ എന്ന് എനിക്കറിയില്ല. 

ഇപ്പോള്‍ത്തന്നെ ഭാരതം ബഹിരാകാശരംഗത്തെ മുന്‍നിര രാജ്യങ്ങളില്‍ പെടുന്നു. നമ്മള്‍ ഏറ്റവും മുന്നിലെത്തുന്ന കാലം.

നമ്മുടെ രാജ്യത്തിനും ജനങ്ങള്‍ക്കും എന്താണോ ഏറ്റവും പ്രധാനമായിട്ടുള്ളത്, അത് ചെയ്യുക എന്നതേയുള്ളൂ. ആരെയെങ്കിലും പിന്നിലാക്കി ഒന്നാമത് എത്തുക എന്നതല്ല നമ്മുടെ ലക്ഷ്യമെന്ന് എനിക്ക് തോന്നുന്നു.