ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇന്ത്യയുടെ നയതന്ത്രവീഴ്ചകളെക്കുറിച്ചും എം.കെ.ഭദ്രകുമാര്‍ സംസാരിക്കുന്നു. തുര്‍ക്കിയിലും ഉസ്ബക്കിസ്താനിലും അംബാസഡറായിരുന്ന അദ്ദേഹം വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ഭൗമരാഷ്ട്രീയ സംബന്ധിയായ ലേഖനങ്ങള്‍ എഴുതാറുണ്ട്. 

To advertise here,

ഇറാന്‍- ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലം

 പശ്ചിമേഷ്യാ മേഖലയില്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യം, ഏതാണ്ട് പത്തു കോടിയാണ് ജനസംഖ്യ. പെട്രോളിയം, പാചകവാതകം, പ്രകൃതി വിഭവങ്ങള്‍ എന്നിങ്ങനെ പ്രധാനപ്പെട്ട എല്ലാ വിഭവങ്ങളുമുണ്ട്. മേഖലയിലെ മറ്റ് അറബിരാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി അതിശക്തമായ കാര്‍ഷിക മേഖലയുമുണ്ട്, ഭക്ഷണകാര്യത്തില്‍ സ്വയംപര്യാപ്തം. വിദ്യാസമ്പന്നരായ ജനങ്ങള്‍. പാശ്ചാത്യ ഉപരോധങ്ങള്‍ ഉണ്ടെങ്കിലും ഗവേഷണരംഗത്ത് വളരെ മുന്നിലാണ്. പരസഹായമില്ലാതെ അവരുണ്ടാക്കിയ ആയുധങ്ങളാണ് ഇസ്രയേലിന്റെ സൈ്വരം കെടുത്തത്.

1979-ല്‍ ഇസ്ലാമികവിപ്ലവം നടന്നശേഷം ഇറാന്‍ ഈ വിഭവങ്ങളെ സ്വന്തം ആവശ്യങ്ങള്‍ക്ക് സ്വന്തം രീതിയില്‍ ഉപയോഗപ്പെടുത്തുന്നത് അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഉല്‍ക്കണ്ഠയ്ക്കു കാരണമായി, അത് ഇറാന്റെ മേല്‍ ഉപരോധം കൊണ്ടുവരുന്നതിനു വഴിവെച്ചു. ഭൗമരാഷ്ട്രീയപരമായി, വളരെ തന്ത്രപ്രധാനമായ സ്ഥാനത്താണ് ഇറാന്‍ സ്ഥിതി ചെയ്യുന്നത്. ലോകം രണ്ട് വ്യത്യസ്തചേരികളായി മാറുന്ന സമയത്ത് ഇറാന്‍ ഒരു ഗെയിംചേഞ്ചര്‍ ആണ്; അവര്‍ ആരുടെ ഭാഗത്താണോ നില്‍ക്കുന്നത് അവര്‍ക്ക് വലിയ മുന്‍തൂക്കം കിട്ടും.

ഷായെ സ്ഥാനഭ്രഷ്ടനാക്കിയതിനുശേഷം പാശ്ചാത്യശക്തികള്‍ക്ക് യാതൊരു സ്വാധീനവുമില്ലാത്ത ഭരണസംവിധാനമാണ് ഇറാനില്‍ രൂപപ്പെട്ടത്. ഇറാനിലെ ദേശീയതയുടെ പ്രതിഫലനമായിരുന്നു വിപ്ലവം. തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന മുഹമ്മദ് മൊസാദിക്കിനെ 1952-ല്‍ സി.ഐ.എ അട്ടിമറിച്ച് ഷാ കുടുംബത്തെ വീണ്ടും അവരോധിച്ചതു മുതല്‍ അമേരിക്കക്കും പാശ്ചാത്യശക്തികള്‍ക്കും എതിരായ ജനവികാരമുണ്ട്. നീതി, ചെറുത്തുനില്‍പ്പ് എന്ന സങ്കല്പം വിപ്ലവത്തിനു വേഗം കൂട്ടിയ ഘടകമാണ്. ഉപരോധം വഴി ലോകവിപണി പേര്‍ഷ്യക്കാര്‍ക്ക് മുന്നില്‍ കൊട്ടിയടച്ചു. റഷ്യ കഴിഞ്ഞാല്‍ ലോകത്തിലേക്കും വലിയ രണ്ടാമത്തെ പാചകവാതക ശേഖരം ഇറാനിലാണ്. ഉപരോധം കാരണം അത് കയറ്റുമതി ചെയ്യാനാവുന്നില്ല. ഖത്തറിലും കുവൈത്തിലും ഉള്ള അമേരിക്കന്‍ കമ്പനികള്‍ ഇറാനിലെ സമ്പന്നമായ പാചകവാതക ശേഖരത്തെ ഊറ്റിയെടുത്ത് സമ്പന്നരാവുകയാണ്.

അറബിരാജ്യങ്ങളെ സംഘടിപ്പിച്ച് ഇറാനെതിരെ നിര്‍ത്താന്‍ അമേരിക്കയ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അവര്‍ അതിന്റെ മുകളില്‍ ഷിയാ- സുന്നി വ്യത്യാസങ്ങളൊക്കെ കൊണ്ടുവന്നു. അങ്ങനെ ഇറാനെ ഒരു 'ഭീഷണി'യാക്കി മാറ്റി. അറബിരാജ്യങ്ങളെ ഇസ്രയേലുമായി ബന്ധിപ്പിച്ച് ഇറാനെതിരായ ഐക്യമുന്നണി ഉണ്ടാക്കുക, ഇറാന്റെ മുന്നോട്ടുള്ള പോക്ക് തടയുക തുടങ്ങിയ ലക്ഷ്യങ്ങള്‍ വിജയകരമായി മുന്നോട്ടു പോവുകയായിരുന്നു ഇതുവരെ. മൂന്നാമത്തെ ഘടകം ഭീകരവാദത്തിന്റെ സമര്‍ത്ഥമായ ഉപയോഗമാണ്.

placeholder
അയത്തൊള്ള ഖമേനി| Photo: AP

ഭീകരത ഉപയോഗിച്ചത് 

ഇറാന്റെ പരമോന്നത നേതാവ് അലി ഖമീനിക്ക് തന്റെ വലതുകൈ അനക്കാൻ കഴിയുകയില്ല. അതുകൊണ്ടാണ് ഷാൾ പുതച്ച് പ്രത്യക്ഷപ്പെടുന്നത്. ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് സമൂഹത്തിന്റെ മേൽത്തട്ടിലെ പ്രമുഖരും ശാസ്ത്ര, സാങ്കേതികരംഗത്തെ പ്രധാനികളുമൊക്കെ രാജ്യം വിട്ടു, സൈന്യം ദുർബലമായി. ആ തക്കത്തിനാണ് പിറ്റേവർഷം, 1980-ൽ, അറബ് രാജ്യങ്ങളുടെ പിന്തുണയോടെ സദ്ദാം ഹുസൈൻ ഇറാൻ ആക്രമിക്കുന്നത്. വിപ്ലവത്തിന്റെ അടിത്തറ ശക്തിപ്പെടും മുമ്പ് അതിനെ നശിപ്പിക്കുക, പ്രതിവിപ്ലവം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. 1980 ഓഗസ്റ്റിൽ പാശ്ചാത്യശക്തികൾക്ക് രഹസ്യവിവരം കിട്ടി, വിപ്ലവകാരികളുടെ ഏറ്റവും പ്രധാന നേതാക്കൾ എല്ലാം ഒരിടത്ത് സമ്മേളിക്കുന്നതായി. അവരെ ഒറ്റയടിക്ക് ഉന്മൂലനം ചെയ്യാൻ സിഐഎയും മൊസാദും സമ്മേളന സ്ഥലത്ത് ബോംബുസ്ഫോടനം നടത്തി. ഒട്ടേറെ നേതാക്കൾ മരിച്ചു. അന്ന് കഷ്ടിച്ചു രക്ഷപ്പെട്ടയാളാണ് ഇന്നത്തെ പരമോന്നത നേതാവ് ഖമീനി. പക്ഷേ, അദ്ദേഹത്തിന് ഒരു കൈ നഷ്ടമായി.

രണ്ടാഴ്ചയ്ക്ക് മുമ്പ് പോലും ഈ ഭീകരത ഇസ്രയേല്‍ ആയുധമാക്കിയിരുന്നു. ഇറാനിലെ സൈനിക നേതൃത്വത്തിലെ പ്രധാന വ്യക്തികളെയും പ്രമുഖരെയും ഒക്കെ വധിച്ചു, ഖമീനി എവിടെയാണുള്ളത് എന്ന് തങ്ങള്‍ക്കറിയാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നടന്നത് കൊലപാതകമല്ലേ?  കൊലപാതകം രാഷ്ട്രീയതന്ത്രമായി എടുക്കുന്ന രാജ്യമല്ലേ ഇസ്രയേല്‍? ഇതിനെക്കാള്‍ വലിയ തീവ്രവാദമുണ്ടോ? അമേരിക്കയും ഇസ്രയേലും ഭീകരവാദത്തെ ഒരു ആയുധമായി ഉപയോഗിക്കുകയാണ്. ഇറാന്‍ ഒരിക്കലും അത് ചെയ്തിട്ടില്ല.

ഉപരോധവും ഇറാനിയന്‍ മോഹങ്ങളും 

ഇറാന്‍ തങ്ങള്‍ക്കൊപ്പമില്ലാത്തതിനാല്‍ പശ്ചിമേഷ്യയിലെ സ്വാധീനം കൈവിട്ടു പോകുന്നതില്‍ പാശ്ചാത്യശക്തികള്‍ക്ക് ഉല്‍ക്കണ്ഠ ഉണ്ടായിരുന്നു. അവിടെ ഫലപ്രദമായ പ്രാദേശികനയം ഉണ്ടാകണമെങ്കില്‍ ഇറാനുമായി നല്ല ബന്ധം വേണം. ഇക്കാര്യം നന്നായി മനസ്സിലാക്കിയ അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്നു ബരാക്ക് ഒബാമ. അദ്ദേഹം അധികാരത്തില്‍ വന്നശേഷം 2009-ല്‍ കെയ്റോ സര്‍വകലാശാലയിലും പിന്നീട് ഇസ്താംബൂളിലും നടത്തിയ പ്രസംഗങ്ങളില്‍ അത് വ്യക്തമായിരുന്നു. 1952-ലെ സിഐഎ അട്ടിമറിക്ക് അദ്ദേഹം ഇറാനോട് പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തു.

അമേരിക്കയുമായി വളരെ നല്ല ബന്ധം സ്ഥാപിക്കണമെന്ന് ഇറാന് ശരിക്കും ആഗ്രഹമുണ്ട്. ഒരു ലോകശക്തിയാകാന്‍ എല്ലാ പശ്ചാത്തലവും ആഗ്രഹവുമുള്ള രാജ്യമാണ് ഇറാന്‍. പാശ്ചാത്യലോകവുമായുള്ള ബന്ധം ശരിയാക്കിയില്ലെങ്കില്‍ അവരുടെ വിഭവങ്ങള്‍ മണ്ണിനടിയില്‍ തന്നെ കിടക്കും, ലോകവിപണി അവര്‍ക്കു മുന്നില്‍ അടഞ്ഞുകിടക്കും. അവരുടെ സ്വത്തുക്കള്‍ പണമാക്കാന്‍ കഴിയില്ല, അവര്‍ക്ക് വികസിക്കാനാവില്ല. ചുറ്റുമുള്ള രാജ്യങ്ങളൊക്കെ വളരെ സമ്പന്നമാണ്. സൗദി അറേബ്യയുടെ സമൃദ്ധി എണ്ണ കൊണ്ടുമാത്രമാണ്. ഇറാന് അതിനേക്കാള്‍ പാചകവാതകമുണ്ട്, പലതരം അപൂര്‍വ്വ ധാതുക്കളും മൂലകങ്ങളും ഉണ്ട്.

placeholder
ഡൊണാള്‍ഡ് ട്രംപ്‌ | Photo: AP

ഇത്രയധികം സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിട്ടും ഇറാന്‍ ഹമാസും ഹിസ്ബുള്ളയും പോലുള്ള പ്രോക്സികളെ ആയുധമണിയിക്കുന്നത് 

പാകിസ്താന്‍- ഇന്ത്യ പ്രശ്നം എടുക്കുക. പാകിസ്താനെക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ള രാജ്യമാണ് ഇന്ത്യ. കശ്മീര്‍ പ്രദേശം തങ്ങളുടെതാണെന്ന് പാകിസ്താന്‍ വിശ്വസിക്കുന്നു. വിഭജനത്തിലെ കള്ളക്കളി കാരണമാണ് മുസ്ലിം ഭൂരിപക്ഷപ്രദേശമായ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായതെന്ന് അവര്‍ വിചാരിക്കുന്നു. അതില്‍ അവര്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്. ഇന്ത്യയ്ക്ക് അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും താല്പര്യമില്ല. അവിടെയാണ് ബദല്‍ യുദ്ധത്തിന്റെ (അസിമെട്രിക് വാര്‍ഫെയര്‍) പ്രശ്നം വരുന്നത്. തുല്യരല്ലാത്ത രണ്ടു ശക്തികള്‍ തമ്മിലുള്ള യുദ്ധത്തിലെ ദുര്‍ബലന്‍/ ദുര്‍ബല മറ്റു വഴികള്‍ അന്വേഷിക്കുന്ന രീതിയാണിത്.

അമേരിക്കന്‍ പിന്തുണയോടെ ഇറാനെ നിരന്തരമായി ഇസ്രയേല്‍ ആക്രമിക്കുന്നു. നേരിട്ടു തിരിച്ചടിക്കാന്‍ ഇറാനു പറ്റുന്നില്ല. അമേരിക്ക ഇടപെടും എന്നതാണ് കാരണം. ചുറ്റുമുള്ള അറബ്‌ രാജ്യങ്ങളെല്ലാം സംഘടിച്ച് ഇറാനെതിരെ നില്‍ക്കുകയാണ്. ഇറാനിലെ തലപ്പത്തിരിക്കുന്നവര്‍ക്കെതിരെ നിരന്തരമായ വധശ്രമങ്ങള്‍ നടക്കുന്നു. പറ്റുന്ന രീതിയില്‍ അവര്‍ ചെറുക്കാന്‍ ശ്രമിക്കുന്നു എന്നാണ് എനിക്ക് പറയാന്‍ പറ്റുക. അവരുടെ നീതി, ചെറുത്തുനില്‍പ്പ് എന്ന സങ്കല്പത്തിന്റെ രീതി അതാണ്. ഇസ്രയേലിനെതിരെ നില്‍ക്കുന്ന ഹമാസും ഹിസ്ബുള്ളയും പോലുള്ള ശക്തികള്‍ക്ക് ചില പരിമിതികള്‍ ഉണ്ടായിരുന്നു. ഇസ്രയേലിനെ നേരിട്ടാക്രമിക്കാന്‍ കഴിയാത്തതിനാല്‍ ഇറാന്‍ അവരെ ചെറുത്തുനില്‍ക്കാന്‍ പ്രോത്സാഹിപ്പിച്ചു, സംഘടിപ്പിച്ചു. അതാണ് പ്രതിരോധത്തിന്റെ അച്ചുതണ്ട്.

അറബി രാജ്യങ്ങളും അമേരിക്കയും പശ്ചിമേഷ്യയും 

വാക്കാല്‍ പലസ്തീനെ അനുകൂലിക്കുമെങ്കിലും അറബ് രാജ്യങ്ങള്‍ക്ക് അവരോട് തീരെ അനുഭാവമില്ല. അതതു സമ്പദ് വ്യവസ്ഥകളില്‍നിന്നു ചൂഷണം ചെയ്യുന്ന സമ്പത്ത് ഭരണാധികാരികള്‍ പാശ്ചാത്യ രാജ്യങ്ങളിലാണ് നിക്ഷേപിക്കുന്നതും സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നതും. സ്വന്തം സ്വത്തുവകകളുടെ സംരക്ഷണമാണ് അവര്‍ക്ക് മുഖ്യം. അത് പാശ്ചാത്യരാജ്യങ്ങള്‍ പിടിച്ചെടുത്താല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മനസ്സില്‍ അമേരിക്കയോട് വെറുപ്പുണ്ടെങ്കിലും വിധേയത്വമില്ല, പകരം ഭയമാണുള്ളത്. ഇറാനെപ്പോലെ ജനാധിപത്യ സംവിധാനങ്ങള്‍ ഈ രാജ്യങ്ങളിലില്ല. ഇറാനില്‍ നാലുവര്‍ഷം കൂടുമ്പോള്‍ തിരഞ്ഞെടുപ്പ് നടത്തും, പുതിയ ഭരണകൂടം വരും. ഏറ്റവും താഴേക്കിടയില്‍ ഉള്ളവര്‍ക്കും ഉയരങ്ങളില്‍ എത്താനുള്ള അവസരമുണ്ട്. മുന്‍ പ്രസിഡന്റ് അഹ്‌മദി നെജാദ് ചെരുപ്പുകുത്തിയുടെ മകനാണ്.

സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പോലെ സ്വന്തം അഭിപ്രായവും തീരുമാനവും ഉള്ള, സ്വന്തം ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നേതാക്കളെ പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഇഷ്ടമല്ല. സല്‍മാനെതിരായ ജമാല്‍ ഖഷോഗി കൊലക്കേസ് ഉദാഹരണം. സിഐഎ ചാരന്‍ ആയിരുന്നു ഖഷോഗി. സല്‍മാന് റഷ്യയില്‍നിന്നും ചൈനയില്‍നിന്നുമൊക്കെ പിന്തുണ ലഭിച്ചു. പുരോഗമനവാദിയായ രാജകുമാരന്‍ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു, എണ്ണയില്ലാത്ത ഒരു ഭാവികാലത്തിനുവേണ്ടി രാജ്യത്തെ സജ്ജമാക്കാന്‍ ശ്രമിക്കുന്നു. വന്‍ശക്തികള്‍ അത് നിരീക്ഷിക്കുന്നുണ്ട്.

സൗദി അറേബ്യയെയും ഇറാനെയും അടുപ്പിക്കാന്‍ ചൈന ശ്രമിച്ചു. മൂന്നുവര്‍ഷം മുമ്പ് ബീജിങില്‍ നടന്ന ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയുണ്ടായി. പാശ്ചാത്യരാജ്യങ്ങള്‍ക്ക് കരുക്കളാകാന്‍ സ്വയം അനുവദിക്കരുത്, സംഘട്ടനങ്ങളിലേക്ക് കടക്കരുത്, ഒന്നിച്ചു നില്‍ക്കണം എന്നിങ്ങനെ പോവുന്നു ധാരണകള്‍. തുടര്‍ന്ന് നയതന്ത്രബന്ധങ്ങള്‍ പുനഃസ്ഥാപിച്ചു. യുദ്ധം തുടങ്ങുംമുമ്പ് അമേരിക്കയോട് സൗദി അറേബ്യ പറഞ്ഞു, തങ്ങളുടെ വ്യോമമേഖലയില്‍ കൂടി അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ പറക്കാന്‍ പാടില്ലെന്ന്. അതിനാല്‍ കടല്‍മാര്‍ഗ്ഗം മാത്രമേ ഇറാനെ ആക്രമിക്കാന്‍ പറ്റൂ എന്ന സാഹചര്യം വന്നു.
 
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും കിരാതമായ യുദ്ധമാണ് ഗാസയില്‍ നടക്കുന്നത്. അറബ് രാജ്യങ്ങള്‍ക്കൊന്നും മിണ്ടാന്‍ കഴിയാത്തതില്‍ ശക്തമായ അമര്‍ഷം മേഖലയിലുണ്ട്. അത് ഭരണാധികാരികള്‍ക്കും അറിയാം. അതിനാല്‍ തുടര്‍ന്നും ഇസ്രയേലും അമേരിക്കയുമായി സഹകരിച്ചു മുന്നോട്ടുപോകാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ട്.

placeholder
ഇസ്രയേലിലെ ടെൽ അവീവിൽ മിസൈൽ ആക്രമണത്തിനിടെയുണ്ടായ സ്ഫോടനം | Photo: AP/PTI

ഇറാന്റെ ആണവപദ്ധതിയും ഒബാമയും ഇസ്രയേലും

ഇറാനെ ഒറ്റപ്പെടുത്താനും ലോകവിപണിയില്‍നിന്ന് അകറ്റിനിര്‍ത്താനും ഉപരോധം അടിച്ചേല്‍പ്പിക്കാനും ഉദ്ദേശിച്ചാണ് ഇസ്രയേല്‍ ആണവപ്രശ്നം കുത്തിപ്പൊക്കി കൊണ്ടുവന്നത്. 1979-ലെ വിപ്ലവത്തിന് ശേഷം ഇമാം ഖൊമീനി ഇറക്കിയ ഫത്‌വ ഇറാന്‍ ബോംബ് ഉണ്ടാക്കരുതെന്നായിരുന്നു. വിപ്ലവത്തിനു മുമ്പ് ഭരിച്ചിരുന്ന ഷായുടെ ബോംബ് നിര്‍മ്മാണ പദ്ധതി ഖൊമീനി അവസാനിപ്പിച്ചു. ഇസ്രയേലിനെ ബോംബുണ്ടാക്കാന്‍ സഹായിച്ചിരുന്ന അമേരിക്ക ഇറാനെയും സഹായിക്കുന്നുണ്ടായിരുന്നു. ഇന്ന് ആരും ഇതേക്കുറിച്ച് പറയുന്നില്ല.

ഇറാന്‍ എന്‍പിടിയില്‍ (ആണവ നിര്‍വാപന കരാര്‍) അംഗമാണ്. അംഗരാജ്യങ്ങള്‍ക്ക് ബോംബുണ്ടാക്കാന്‍ അനുമതിയില്ല. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) ഇന്‍സ്പെക്ടര്‍മാര്‍ ഇടയ്ക്കിടെ വന്ന് പരിശോധിക്കുന്ന സംവിധാനമാണ് അവിടെയുള്ളത്. യുദ്ധത്തിനുശേഷം ഇറാന്‍ ഐഎഇഎയുടെ പരിശോധന വിലക്കിയിട്ടുണ്ടെങ്കിലും എന്‍പിടിയില്‍നിന്നു പിന്മാറിയിട്ടില്ല. ഐഎഇഎയെ കൊണ്ടുവന്നത് തന്നെ ചാരപ്പണിക്കായിരുന്നു. അതിനാല്‍ അവിടെ എന്താണ് നടക്കുന്നതെന്ന് അമേരിക്കയ്ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മേധാവിയായ തുള്‍സി ഗബാഡ് ഇറാന് ആണവായുധം ഉണ്ടാക്കണമെങ്കില്‍ കുറഞ്ഞത് മൂന്നുവര്‍ഷം വേണ്ടി വരുമെന്ന് സെനറ്റില്‍ മൊഴി നല്‍കിയത്.

ഞാൻ ഇസ്ലാമിക വിപ്ലവകാലത്തും 1989-ൽ ഇറാഖ് യുദ്ധം കഴിഞ്ഞ സമയത്തും ഇറാന്റെ ചുമതലയുള്ള വിഭാഗത്തിലായിരുന്നു. 1992 മുതൽ മൂന്നര വർഷക്കാലം എനിക്ക് ഇറാൻ-പാകിസ്താൻ- അഫ്ഗാനിസ്താൻ, കശ്മീർ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്നു. ഇറാന്റെ അണുബോംബ് സംബന്ധിച്ച ഇസ്രയേലിനുണ ഞാൻ ആദ്യം കേൾക്കുന്നത് 1989-ലാണ്. അന്നത്തെ ഇസ്രയേൽ അംബാസഡർ ആണ് എന്നോത് പറഞ്ഞത്. അർദ്ധമുസ്ലിമായ ഒബാമക്ക് കുറച്ചുകൂടി കാര്യങ്ങൾ മനസ്സിലായിരുന്നു. ആണവപ്രശ്നം മനപ്പൂർവം ഉണ്ടാക്കിയ വിവാദമാണ്, ശരിക്കും ഒരു പ്രശ്നമല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം ഇറാനുമായി സംസാരിക്കാൻ തീരുമാനമെടുത്തു.

2015-ൽ പ്രശ്നപരിഹാരത്തിന് സംയുക്ത, സമഗ്ര കർമപദ്ധതി (ജെസിപിഒഎ) കൊണ്ടുവന്നു. ഞെട്ടിപ്പോയ ഇസ്രയേൽ അതിനെ നഖശിഖാന്തം എതിർത്തു. കരാറിനെതിരെ അമേരിക്കൻ കോൺഗ്രസിൽ വലിയ പ്രതിഷേധമുണ്ടായി. 3.6 ശതമാനത്തിൽ അധികം യുറേനിയം ഇറാൻ സമ്പുഷ്ടീകരിക്കരുതെന്നതാണ് കരാറിലെ ഒരു വ്യവസ്ഥ. എൻപിടിയിൽ അത്തരത്തിലുള്ള പരിധികൾ ഒന്നുമില്ല. ജർമ്മനിയും ജപ്പാനും ഒക്കെ അതിനപ്പുറംപോകുന്നുണ്ട്.

ഇറാന്‍ ചിന്തിച്ചപ്പോള്‍ അതായിരുന്നു ശരി. എന്തായാലും അവര്‍ ബോംബുണ്ടാക്കാന്‍ പോകുന്നില്ലല്ലോ. രാജ്യത്തിന്റെ എല്ലാ സാമ്പത്തികപ്രശ്നങ്ങളും പരിഹരിക്കാനാവും. അതാണ് കൂടുതല്‍ വിലപ്പെട്ടത് എന്നു കരുതി അവര്‍ കരാര്‍ ഒപ്പിട്ടു, അത് ഐക്യരാഷ്ട്ര സഭയും അംഗീകരിച്ചു. പക്ഷേ, ഇസ്രയേല്‍ വലിയ പ്രശ്നമുണ്ടാക്കി. തിരഞ്ഞെടുപ്പ് അടുത്തു വരികയായിരുന്നതിനാല്‍ ഇറാന്റെ മേലുള്ള ഉപരോധം പിന്‍വലിക്കുന്നതിന് ഒബാമ അറച്ചു. വീണ്ടും ഡെമോക്രാറ്റിക് ഭരണകൂടം വരുമെന്നും അപ്പോള്‍ അത് ചെയ്യാമെന്നും അദ്ദേഹം കരുതി. കണക്കുകൂട്ടല്‍ തെറ്റി, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ട്രംപ് പ്രസിഡണ്ടായി. കരാര്‍ റദ്ദാക്കും എന്നു പറഞ്ഞാണ് ട്രംപ് വോട്ട് പിടിച്ചത്. പറഞ്ഞപോലെ അദ്ദേഹം ജൂതലോബിക്ക് കൊടുത്ത വാഗ്ദാനം നിറവേറ്റി.

ഇസ്രയേലിന്റെ അജയ്യത തകര്‍ത്ത 12 ദിനയുദ്ധം 

ഇസ്രയേലിനെ പരാജയപ്പെടുത്താന്‍ ആവില്ല, മേഖലയിലെ രണ്ടു കൊമ്പുള്ള മുയലാണ് അവരെന്ന് എല്ലാവരും കരുതിയിരുന്നു. ഹമാസിനെയും ഹിസ്ബുള്ളയെയും അടിച്ചു തകര്‍ക്കുക, എതിര്‍ക്കാന്‍ ശക്തിയും താല്പര്യവും മനോവീര്യവും ഇല്ലാത്ത അറബ് രാജ്യങ്ങളെ അമര്‍ത്തി മേല്‍ക്കോയ്മ സ്ഥാപിക്കുക, അവരില്‍നിന്നു സ്ഥലങ്ങള്‍ പിടിച്ചെടുക്കുക- അങ്ങനെയാണ് അവര്‍ ആ അജയ്യത ഉണ്ടാക്കിയെടുത്തത്. പക്ഷേ, ഈ യുദ്ധത്തോടെ അവരുടെ സമ്പദ്വ്യവസ്ഥ പത്തു പതിനഞ്ചു വര്‍ഷം പിന്നോട്ടായിരിക്കുന്നു. അത്രയ്ക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. യുദ്ധം തുടര്‍ന്നാല്‍ അഞ്ച്, ആറു ദിവസത്തില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാനുള്ള ആയുധശേഖരം അവര്‍ക്കില്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവരുടെ യുദ്ധങ്ങള്‍ രണ്ടു ദിവസമോ മൂന്നേമുക്കാല്‍ ദിവസമോ മാത്രം നീണ്ടു നില്‍ക്കുന്നവയായിരുന്നു. ഇനിയും ഇറാന്റെ കൈവശം കുറഞ്ഞത് 22,000 ദീര്‍ഘദൂരമിസൈലുകള്‍ ഉണ്ടെന്ന് അമേരിക്കയില്‍ തന്നെ വെളിപ്പെടുത്തലുണ്ടായി. യുദ്ധം 20 ദിവസം നീണ്ടെങ്കില്‍ ഇസ്രയേല്‍ എന്ന രാജ്യം ഇല്ലാതാവുമായിരുന്നു.

യുദ്ധം അവസാനിച്ചത് അമേരിക്കയും ഇസ്രയേലും പരിഭ്രാന്തരായിട്ടാണ് എന്ന് ഖമീനി പറഞ്ഞത് ശരിയാണോ 
 
ശരിയാണ്. അദ്ദേഹത്തിന് മാത്രമല്ല, ലോകത്ത് എല്ലാവര്‍ക്കും അത് മനസ്സിലായിട്ടുണ്ട്. നമ്മുടെ ചില ടെലിവിഷന്‍ ചാനലുകള്‍ക്കൊഴികെ.