ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ എന്നാണ് തത്വം. ചിത്രകല പുതിയ സങ്കേതങ്ങളിലേയ്ക്ക് ഇറങ്ങി നടന്നുതുടങ്ങിയപ്പോള്‍ കാലക്രമേണ ചുമര്‍ചിത്രങ്ങള്‍ക്ക് ചുമരുകള്‍ നഷ്ടമായി. വര്‍ണങ്ങളുടെ ലാളിത്യവും അനുഷ്ഠാനങ്ങളുടെ നിഷ്ഠയും ഒന്നിച്ചു ചാലിച്ചെഴുതിയ ചിത്രങ്ങള്‍ക്ക് അതിന്റെ ശോഭ കെട്ടു. വിഖ്യാതമായ പല ചുമർചിത്രങ്ങളെയും കാലം കവര്‍ന്നു. നോട്ടക്കുറവില്‍ പലതും മരണത്തിന്റെ വക്കിലെത്തി. അങ്ങനെയാണ് അവ മാറാല കെട്ടിയ കൊട്ടാരക്കെട്ടുകളില്‍ നിന്നും  നിറംമങ്ങി മാഞ്ഞ ക്ഷേത്രച്ചുമരുകളില്‍ നിന്നും വീട്ടകങ്ങളിലേയ്ക്കും ഹോട്ടലുകളിലേയ്ക്കും  റിസോര്‍ട്ടുകളിലേയ്ക്കുമെല്ലാം മെല്ലെ നടന്നുകയറിത്തുടങ്ങിയത്. കേരളത്തിലെ ചുമർചിത്രങ്ങൾക്ക് ഇത് പുനരാവിഷ്കാരത്തിന്റെയും പുനരാലോചനയുടെയും കാലമാണ്. കേരളത്തിലെ പരമ്പരാഗത ചുമർചിത്രകലയുടെ നിലനിൽപ്പിലും പരിപോഷണത്തിലും ഗുരുവായൂരിന് സുപ്രധാന പങ്കുണ്ട്. ഇന്ന് ആ പാരമ്പര്യം നിലനിർത്തുന്നത് ഗുരുവായൂർ ദേവസ്വവും ദേവസ്വത്തിന്റെ കീഴിലുള്ള ചുമർചിത്ര പഠനകേന്ദ്രവുമാണ്. ഈ സാഹചര്യത്തിൽ കേരളീയ ചുമര്‍ചിത്രങ്ങളുടെ ഭൂത, ഭാവി, വര്‍ത്തമാനകാലത്തെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും സംസാരിക്കുകയാണ് ചുമര്‍ചിത്രകലാധ്യാപകനും ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്രപഠനകേന്ദ്രത്തിന്റെ ഇപ്പോഴത്തെ പ്രിന്‍സിപ്പലുമായ എം.നളിന്‍ബാബു.

To advertise here,

ഏതു കാലഘട്ടത്തിലാണ് കേരളത്തില്‍ ചുമര്‍ചിത്രകലയുടെ ആരംഭം

ഏഴ്-എട്ട് നൂറ്റാണ്ടുകളിലായാണ് കേരളത്തില്‍ ചുമര്‍ചിത്രകലയുടെ ആരംഭം. ഒരു കാലത്ത് കേരളത്തിന്റെ ഭാഗമായിരുന്ന ഇപ്പോള്‍ തമിഴ്‌നാടിന്റെ ഭാഗമായ തിരുനന്ദിക്കര എന്ന ഗുഹാക്ഷേത്രത്തിലെ ചിത്രമാണ് ഏറ്റവും പുരാതനമായ ചുമര്‍ചിത്രം. ഇത് അജന്തയില്‍ നിന്നും വന്ന സഞ്ചാരികളായ ചിത്രകാരന്മാര്‍ വരച്ചതാണെന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചുമര്‍ചിത്രങ്ങളുള്ളത് രാജസ്ഥാനിലാണ്. രണ്ടാമത് നമ്മുടെ കേരളത്തിലും. തിരുനന്ദിക്കരയില്‍ നിന്നുള്ള ചുമര്‍ചിത്രങ്ങളുടെ തുടക്കം കാലങ്ങള്‍ ചെന്നപ്പോള്‍ മറ്റു ക്ഷേത്രങ്ങളിലേക്കും വ്യാപിച്ചുവെന്നാണ് ചരിത്രം പറയുന്നത്.

കേരളത്തിലെ ശ്രദ്ധേയമായ ചുമര്‍ചിത്രങ്ങളുള്ള ക്ഷേത്രങ്ങള്‍ ഏതൊക്കെയാണ്.

കേരളത്തില്‍ നിരവധി ക്ഷേത്രങ്ങളില്‍ ചുമര്‍ചിത്രങ്ങളുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചിത്രങ്ങളാണ് ഭൂരിഭാഗവും. കണക്കുകളനുസരിച്ച് ഏകദേശം 165 ഓളം ക്ഷേത്രങ്ങളില്‍ പഴയരീതിയിലുള്ള ചുമര്‍ചിത്രങ്ങളുണ്ട്. സാധാരണയായി നാലമ്പലത്തിന്റെ ചുമരിലാണ് ചിത്രങ്ങള്‍ വരയ്ക്കുക. ചിത്രങ്ങളില്‍ പൊതുവെയുള്ളത് പഞ്ചമാലകളുള്ള രീതിയാണ്. പക്ഷിമാല, മൃഗമാല, ഭൂതമാല, വനമാല, ചിത്രമാല എന്നീ അഞ്ച് രീതികളിലാണ് കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം ചുമര്‍ചിത്രങ്ങള്‍ വരച്ചുവരുന്നത്. പൊതുവെ കേരളത്തില്‍ ഈ പഞ്ചമാലയുള്ള ക്ഷേത്രങ്ങള്‍ വളരെ കുറവാണ്, കേരളത്തില്‍ ഗുരുവായൂര്‍, പത്മനാഭസ്വാമി ക്ഷേത്രം എന്നിങ്ങനെ വളരെ ചുരുക്കം ക്ഷേത്രങ്ങളിലേ പഞ്ചമാലയുള്ളൂ. 

സാധാരണ ചിത്രമാല, വനമാല, പക്ഷിമാല എന്നിവയാണ് മിക്ക ക്ഷേത്രങ്ങളിലും ഉണ്ടാകുന്നത്. കോട്ടയം ജില്ലയിലെ പുണ്ഡരീകപുരം, ആര്‍പ്പൂക്കര, പാണ്ഡവം, കണ്ണൂര്‍ ജില്ലയിലെ തൊടീക്കളം എന്നീ ക്ഷേത്രങ്ങളിലെല്ലാം ഒരുപാട് ശ്രദ്ധേയമായ ചുമര്‍ചിത്രങ്ങളുണ്ട്. 

ക്ഷേത്രത്തില്‍ മാത്രമല്ല, കൊട്ടാരങ്ങളിലും ക്രിസ്തീയ ദേവാലയങ്ങളിലുമെല്ലാം പരമ്പരാഗതമായ രീതിയില്‍ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. കായംകുളത്തിനടുത്തുള്ള കൃഷ്ണപുരം കൊട്ടാരത്തില്‍, ഗജേന്ദ്രമോക്ഷമാണുള്ളത്. ഏറ്റവും വലിയ ചിത്രമാണത്. എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി കൊട്ടാരത്തില്‍ രാമായണത്തെ പ്രതിപാദിക്കുന്ന ചിത്രങ്ങളാണുള്ളത്. 

കാഞ്ഞൂര്‍, അകപ്പറമ്പ് അങ്കമാലി, കോട്ടയം ചെറിയപള്ളി, ഒല്ലൂര്‍ പള്ളി എന്നിവിടങ്ങളില്‍ ക്രിസ്തീയ വിഷയങ്ങള്‍ ചെയ്ത ചിത്രങ്ങള്‍ പ്രകൃതിദത്തമായ നിറങ്ങള്‍ ഉപയോഗിച്ച് വരച്ചിട്ടുണ്ട്. 

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ ഏതുകാലഘട്ടത്തിലാണ് രൂപപ്പെട്ടത്. 

പുലാക്കാട്ട് രാമന്‍ നായര്‍ എന്ന മഹാനായ ചിത്രകാരനാണ് ഗുരുവായൂര്‍ശൈലി എന്ന രീതിയില്‍ ചിത്രം വരച്ചിട്ടുള്ളത്. ഏകദേശം 200-250 വര്‍ഷങ്ങളോളം പഴക്കം മാത്രമാണുള്ളത്.

ഗുരുവായൂര്‍ശൈലി രവിവര്‍മ കാലഘട്ടവുമായി കൂട്ടിയിണക്കുമ്പോള്‍ ദൈവിക രൂപങ്ങളെ മനുഷ്യരൂപങ്ങളുമായി താരതമ്യപ്പെടുത്തി വരയ്ക്കുന്ന ഒരു രീതിയാണ്. അതുപോലെ പശ്ചാത്തലത്തില്‍ ഒരുപാട് വര്‍ണനകള്‍ കൊടുക്കാതെ അതില്‍ മഷിപ്പൂക്കളും വള്ളികളുമൊക്കെ നല്‍കുന്നത് ഗുരുവായൂര്‍ ശൈലിയാണ്. കൈയും കാലും എല്ലാം മനുഷ്യസഹജമായ രീതിയിലാണ് വെക്കുന്നത്. ഇത്തരം ശൈലീപരമായ രീതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എപ്പോഴും ഉണ്ട്. പുലാക്കാട്ട് രാമന്‍ നായരിലൂടെ ആവിഷ്‌കരിച്ച ശൈലിയാണിത്. അന്നത്തെ കാലഘട്ടത്തിലെ മനുഷ്യരുടെ രൂപങ്ങള്‍ താരതമ്യപ്പെടുത്തിയാണ് ചിത്രങ്ങള്‍ വരയ്ക്കാനായി ഇത്തരത്തിലുള്ള രീതി കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന കരുമാപ്പറമ്പത്ത് അച്യുതന്‍ നായരും ഇത്തരത്തില്‍ വരയ്ക്കുന്ന കലാകാരനാണ്. അദ്ദേഹവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വരച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യനായ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരാണ് എന്റെ ഗുരുനാഥന്‍. ഇദ്ദേഹവും അച്യുതന്‍ നായരോടൊപ്പം ഗുരുവായൂരില്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 1989 ല്‍ ഗുരുവായൂര്‍ ദേവസ്വം കൃഷ്ണന്‍ കുട്ടിനായരെ പ്രിന്‍സിപ്പലാക്കി ഗുരുവായൂര്‍ ചുമര്‍ചിത്രകലാപഠനകേന്ദ്രം ആരംഭിക്കുന്നത്. കെ.കെ.വാര്യരും എം.കെ.ശ്രീനിവാസന്‍ മാഷെയും പോലുള്ള ചിത്രകാരന്മാരും അദ്ദേഹത്തൊടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചിത്രം വരച്ചിരുന്നു. 

ചുമര്‍ചിത്രത്തിന് പ്രകൃതിദത്ത നിറങ്ങള്‍ ലഭിക്കാനായി ഉപയോഗിക്കുന്നത് എന്തൊക്കെയാണ്? പ്രതലമൊരുക്കല്‍ എങ്ങനെയാണ്? ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉപയോഗിച്ച നിറങ്ങളുടെ സവിശേഷതകള്‍ എന്തൊക്കെയാണ്

കേരളീയ ചുമര്‍ചിത്രങ്ങള്‍ വരക്കുന്നത് പഞ്ചവര്‍ണങ്ങളിലാണ്. കാവി മഞ്ഞ, കാവി ചുവപ്പ്, പച്ച, കറുപ്പ്, വെളുപ്പ് നിര്‍മിച്ചെടുക്കുന്ന വര്‍ണങ്ങളിലാണ് വരയ്ക്കുക. ആദ്യം മഞ്ഞ നിറം ഉപയോഗിച്ച് വരയ്ക്കും. പിന്നെ ചുവപ്പ് നിറം പിന്നെ പച്ച അവസാനം കറുപ്പ്. കാഠിന്യം കുറഞ്ഞ കല്ലുകളരച്ചെടുത്ത് അഴുക്കുകള്‍ കളഞ്ഞ് അതിന്റെ തെളിയൂറ്റി അത് വെയിലത്തുവെച്ച് ഉണക്കിക്കിട്ടുന്ന വര്‍ണമാണ് മഞ്ഞനിറമായി ഉപയോഗിക്കുന്നത്. ചുവപ്പും ഇതേപോലെ കല്ലുകള്‍ അരച്ചെടുത്താണ് ഉണ്ടാക്കുന്നത്. പച്ച നീലയമരിയുടെ ഇല ഇടിച്ചുപിഴിഞ്ഞ് ചാറില്‍ വെയിലത്തുവെച്ച് ഉണക്കിക്കിട്ടിയതില്‍ ഇരുവിക്കറ (അറബിരാഷ്ട്രങ്ങളില്‍ മാത്രം കണ്ടുവരുന്ന ഒരു മരത്തിന്റെ കറ). ചേര്‍ത്ത് പച്ചനിറമായി  ഉപയോഗിക്കും. കറുപ്പിന് എണ്ണക്കരിയാണ് ഉപയോഗിക്കുന്നത്. വിളക്കിനു മുകളില്‍ എണ്ണ ഒഴിച്ച് തിരികത്തിച്ച് ഒരു മണ്‍കുടം കമിഴ്ത്തിവെച്ച് കിട്ടുന്ന കരിയാണ് കറുപ്പ് നിറമായി ഉപയോഗിക്കുന്നത്. 

പശയ്ക്കുവേണ്ടി ആര്യവേപ്പിന്റെ പശയാണ് ഉപയോഗിക്കുന്നത്. മിനുക്കിയ ചിരട്ടയില്‍ കളര്‍ ഇട്ട് വേപ്പിന്‍പശ നന്നായി അരച്ച് അതിന്റെ തെളിയെടുത്തിട്ടാണ് വരയ്ക്കാനായി ഉപയോഗിക്കുന്നത്. പാടത്തിന്റെ വക്കിൽ മഞ്ഞുമാസത്തിലുണ്ടാവുന്ന
ഈയാംപുല്ല് (Arrow grass) പറിച്ചെടുത്ത് പാലില്‍ പുഴുങ്ങി വെയിലത്ത് വെച്ച് ഉണക്കി ഓരോന്നുമെടുത്ത് മുളന്തണ്ടില്‍ വെച്ച് കെട്ടിയാണ് പണ്ട് കാലങ്ങളില്‍ ബ്രഷായി ഉപയോഗിച്ചിരുന്നത്. 

placeholder
ഗുരുവായൂർ ചുമർചിത്ര പഠനകേന്ദ്രത്തിലെ വിദ്യാർഥികൾ വരച്ച ഗജരാജൻ ഗുരുവായൂർ കേശവന്റെ ചിത്രം. ഗുരുവായൂരിലെ ​​കേശവന്റെ പ്രതിമയ്ക്ക് സമീപമാണ് ഇതുള്ളത്

ചിത്രം വരയ്ക്കുന്ന പ്രതലം തയ്യാറാക്കാനായി നീറ്റിയ കുമ്മായവും മണലും ഊഞ്ഞാല്‍വള്ളിച്ചെടിയും യോജിപ്പിക്കണം. രണ്ടു ചട്ടി മണലിന് ഒരു ചട്ടി കുമ്മായത്തില്‍ ഊഞ്ഞാല്‍വള്ളിയുടെ വെള്ളം ചേർത്ത്   നന്നായി കൂട്ടിവെയ്ക്കണം. ക്ഷേത്രങ്ങളിലൊക്കെ ഒരാഴ്ച വരെ കൂട്ടിവെയ്ക്കും. 

ആദ്യഘട്ടം ഈ മിശ്രിതം പരുക്കന്‍ പ്രതലത്തില്‍ തേച്ച് പിടിപ്പിക്കും. രണ്ടാംഘട്ടം ഇതേ മിശ്രിതത്തില്‍ പഞ്ഞി കൂട്ടി അരച്ച് മിനുസ്സമുള്ള ചുമരില്‍ തേച്ചുപിടിപ്പിക്കും. അപ്പോള്‍ പ്രതലം നല്ലപോലെ മിനുസമായിരിക്കും. ശേഷം കുമ്മായത്തില്‍ കരിക്കിന്‍വെള്ളം തോര്‍ത്ത് വെച്ചരിച്ച് അതിൽ കുമ്മായം  ചേർത്ത് മൃദുവായി ഏകദേശം 28 കോട്ട് ചുമരില്‍ അടിക്കണം. ഏകദേശം ഒരു പപ്പടക്കനം വേണം. ആചാര്യന്‍മാര്‍ പുളിയിലക്കനം എന്നാണ് പറയുക. അങ്ങനെ ചുമരിന് വെള്ളനിറം വന്നതിനുശേഷമാണ് പ്രകൃതിദത്തമായ നിറങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ വരയ്ക്കുന്നത്. 

ജലച്ചായം, അക്രിലിക്, പ്രകൃതിദത്തമായ നിറങ്ങള്‍ അങ്ങിനെ എല്ലാരീതിയിലും പഠനകേന്ദ്രത്തില്‍ പഠിപ്പിക്കുന്നുണ്ട്. കോഴ്‌സില്‍ ആദ്യം ഡ്രോയിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച് തുടങ്ങും. ഔട്ട് ഡോര്‍, മോഡല്‍, മനുഷ്യരൂപങ്ങള്‍, അനാട്ടമി പ്രോപ്പോഷന്‍സ് എന്നിവ ആദ്യത്തെ രണ്ട് വര്‍ഷം പഠിപ്പിക്കുന്നുണ്ട്. അതിനുശേഷം അവര്‍ ചുമര്‍ചിത്രം വരയ്ക്കാൻ പ്രാപ്തരാകും.

ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ അളവ്, താലം എന്നിവ പ്രധാനമാണ്. മുഖത്തിന്റെ ഇത്ര ഭാഗം ഉടല്‍ വേണം. ഉടലിന്റെ ഇത്രഭാഗം ശരീരഭാഗം വേണം എന്നിങ്ങനെയുള്ള അളവുകളാണ് അളവ്, താലം എന്ന് പറയുന്നത്. പ്രകൃതിദത്തമായ നിറം ഉപയോഗിക്കേണ്ടതില്ല എന്നു ചിലര്‍ ആവശ്യപ്പെടുന്നതിനാലാണ് ഇന്നിപ്പോള്‍ മിക്ക ക്ഷേത്രങ്ങളിലും അക്രിലിക് കളര്‍ ഉപയോഗിച്ച് വരയ്ക്കുന്നത്. പ്രകൃതിദത്തമായി നിറം ഉണ്ടാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടും സമയക്കൂടുതലും ഇതിന് കാരണമാകാം. 

ഇപ്പോള്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കാറുണ്ടോ? പ്രകൃതിദത്ത നിറങ്ങളുടെ ലഭ്യതക്കുറവും അധ്വാനക്കൂടുതലുമാണോ കാരണം? ഗുരുവായൂരില്‍ അങ്ങനെ പില്‍ക്കാലത്ത് ഉപയോഗിച്ചിട്ടുണ്ടോ.

പ്രകൃതിദത്തമായ ചിത്രങ്ങള്‍ വരയ്ക്കേണ്ടിവരുന്ന സ്ഥലങ്ങളിൽ അത് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പച്ച, നീല നിറങ്ങളിലുള്ള രൂപങ്ങളെ സത്വഗുണമുള്ള രൂപങ്ങളെന്നും മഞ്ഞ, ചുവപ്പ് നിറങ്ങളെ രജോ ഗുണമുള്ളവയെന്നും വെള്ള നിറത്തെ തമോഗുണമുള്ളത് എന്നുമാണ് പറയുക. ശ്രീകൃഷ്ണന്‍, ശ്രീരാമന്‍ എന്നിവയൊക്കെ പച്ച നിറത്തിലാണ് വരുന്നത്. ഗണപതി, മോഹിനി എന്നിവ രജോഗുണങ്ങളുള്ള ദേവന്മാരാണ്. വെള്ളയില്‍ ശിവന്‍, ദക്ഷിണാമൂര്‍ത്തി സങ്കല്‍പത്തില്‍ ശിവന്‍, നടരാജന്‍, ലക്ഷ്മണന്‍, ബലരാമന്‍ എന്നിവരൊക്കെ തമോഗുണമുള്ളവയാണ്. 

placeholder
ഏറവു മഹാവിഷ്ണു ഷേത്രത്തില്‍ ചുമര്‍ ചിത്രം വരയ്ക്കുന്നു

ശ്രീകോവിലില്‍ വരയ്ക്കുമ്പോള്‍ രജോ, തമോ, സത്വ രീതികളിലാണ് വരയ്ക്കുക. ഓരോ ഗുണങ്ങള്‍ക്കനുസരിച്ചുള്ള രൂപങ്ങള്‍ വരയ്ക്കുന്ന സമ്പ്രദായം കേരളീയ ചുമര്‍ ചിത്രകലയിലെ എടുത്തുപറയേണ്ട ഒരു രീതിയാണ്. അതുപോലെ വര്‍ണങ്ങള്‍ക്കും രേഖകള്‍ക്കും തുല്യപ്രാധാന്യമുള്ള ശൈലിയാണ് കേരളത്തിലെ ചുമര്‍ചിത്രങ്ങളുടേത്.

ഗുരുവായൂരില്‍ പ്രകൃതിദത്തമായ രീതിയിലാണ് ചുമര്‍ചിത്രങ്ങള്‍ വരച്ചുവരുന്നത്. ഗോപുരം, ശ്രീകോവില്‍ എല്ലായിടത്തും പ്രകൃതിദത്തമായരീതിയിലാണ് ചെയ്തിരിക്കുന്നത്. കേടുപാടുകള്‍വന്ന് മാഞ്ഞുപോയ സ്ഥലങ്ങളില്‍ മാത്രം പ്രകൃതിദത്തമായ രീതിയില്‍ റീ ടച്ച് ചെയ്യും. ഗുരുവായൂരിനകത്ത് മുഴുവനും പ്രകൃതിദത്തമായ രീതിയിലാണ് ചെയ്തിരിക്കുന്നത്, പക്ഷേ, പൂന്താനം ഓഡിറ്റോറിയം, ശ്രീവത്സം ഗസ്റ്റ് ഹൗസ്, പാഞ്ചജന്യം ഇവിടെയെല്ലാം അക്രിലിക് വര്‍ണങ്ങള്‍ കൊണ്ടാണ് ചിത്രങ്ങള്‍ ചെയ്തിരിക്കുന്നത്. 

ഗുരുവായൂരിലെ ചുമര്‍ചിത്രങ്ങളെ ഓരോന്നായി പരിചയപ്പെടുത്തുമോ? എവിടെയൊക്കെ, ഏതൊക്കെ ചിത്രങ്ങളാണുള്ളതെന്നും അവയുടെ പുരാണകഥാസന്ദര്‍ഭങ്ങളും.

2015 ല്‍ ഗുരുവായൂര്‍ ക്ഷേത്രഭാരവാഹികളുടെ നിര്‍ദേശപ്രകാരമാണ് ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതിലില്‍ മുഴുവനായും കൃഷ്ണന്‍ പ്രമേയമായ വിഷയങ്ങള്‍ ചെയ്തത്. ശ്രീകോവിലിനകത്ത് മൂന്ന് വശങ്ങളിലാണ് ചിത്രങ്ങളുള്ളത്. പടിഞ്ഞാറുഭാഗത്തെ ചുമര്‍ചിത്രം മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായരും പട്ടാമ്പി കൃഷ്ണവാര്യരും ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്. അതില്‍ ശരശയ്യ, കൃഷ്ണനും അര്‍ജുനനുമായുള്ള യുദ്ധം അങ്ങിനെ കുറേ ചിത്രങ്ങളുണ്ട്. തെക്കുവശം കെ.കെ.വാര്യർ ചെയ്തതില്‍ നടരാജന്‍, ഗണപതി, ഊഞ്ഞാലാടുന്ന പാര്‍വതി തുടങ്ങി കുറെയധികം ചിത്രങ്ങള്‍ ഉണ്ട്. വടക്കുവശത്ത് എം.കെ.ശ്രീനിവാസന്‍ വരച്ച ശ്രീകൃഷ്ണന്‍, ബലരാമനും കംസനും അങ്ങിനെ കുറെയധികം ചിത്രങ്ങളുമുണ്ട്.

placeholder

ഗുരുവായൂര്‍ ചുമര്‍ചിത്രങ്ങളിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കാമോ.

കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം ദേവീകഥാപാത്രങ്ങള്‍ക്ക് നല്ല രീതിയിലുള്ള പ്രാധാന്യം നല്‍കിയിട്ടുണ്ട്. അന്നപൂര്‍ണേശ്വരി, പാര്‍വതി, സരസ്വതി, രാധ എന്നിങ്ങനെയുള്ള സ്ത്രീകഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മട്ടാഞ്ചേരി കൊട്ടാരത്തിലെ പാര്‍വതി ചമയം പ്രശസ്തമായ ചിത്രമാണ്. പാര്‍വതിയെ വിവാഹത്തിന് വേണ്ടി അണിയിച്ചൊരുക്കുന്നത്, രുഗ്മിണീ സ്വയംവരം, സരസ്വതി വീണപിടിച്ചിരിക്കുന്ന ചിത്രം, രാജരാജേശ്വരി ചിത്രം എന്നീ സ്ത്രീകഥാപാത്രങ്ങള്‍ വിവിധ ക്ഷേത്രങ്ങളിലായുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അന്നപൂര്‍ണേശ്വരി, പാര്‍വതി എന്നിങ്ങനെയുള്ള സ്ത്രീകഥാപാത്രങ്ങളെ നിലവിലുള്ളൂ.

placeholder

ഗുരുവായൂരില്‍ പുരാണകഥയല്ലാതെ ആനക്കഥകളും ചുമര്‍ചിത്രത്തിലുള്‍പ്പെടുത്തിയിട്ടുണ്ടോ? പരമ്പരാഗത രീതിയല്ലാത്ത ഈ പ്രത്യേക ചിത്രങ്ങളുടെ കഥ എന്താണ്.

ദൈവികപരിവേഷമുള്ള ആനകളായിരുന്നു ഗുരുവായൂര്‍ കേശവനും പത്മനാഭനും. ഇവരുടെ ശില്പങ്ങള്‍ ഗുരുവായൂരില്‍ രണ്ട് സ്ഥലങ്ങളിലായി പ്രതിഷ്ഠിച്ചിട്ടുണ്ട്. കേശവന്റെ ശില്പത്തിന് മുന്നില്‍ കേശവന്റെ കഥകളും പത്മനാഭന്റെ മുന്നിലുള്ള ചുമരില്‍ പത്മനാഭന്റെ കഥകളും വരച്ചിട്ടുണ്ട്. ഇവിടെയൊന്നും പരമ്പരാഗതരീതിയിലല്ല വരച്ചിരിക്കുന്നത്, പുറമെ മഴയും വെയിലുമെല്ലാമേല്‍ക്കുന്ന ചുമരായതിനാല്‍ സിന്തറ്റിക് അക്രിലിക് കളറിലാണ് രണ്ട് ചുമരിലും വരച്ചിരിക്കുന്നത്. 

placeholder
ഗുരുവായൂര്‍ കേശവന്‍ എന്ന ആനയുടെ കഥ ചുമര്‍ചിത്ര പഠനകേന്ദ്രം വിദ്യാര്‍ഥികള്‍ ആവിഷ്‌കരിച്ചത്

പുരാതന ക്ഷേത്രങ്ങളിലെ ചുമര്‍ചിത്രങ്ങള്‍ മങ്ങിയാലും അതേപടി നിലനിര്‍ത്തലാണ് ശരി എന്നും റീ പെയിന്റ്  ചെയ്താല്‍ അത് തനിമ നഷ്ടപ്പെടുത്തുമെന്നും രണ്ടു വാദങ്ങള്‍ കേട്ടിട്ടുണ്ട്. അതേക്കുറിച്ച് എന്താണ് അഭിപ്രായം.

പുരാതന ചിത്രങ്ങള്‍ റീവര്‍ക്ക് ചെയ്ത് നശിപ്പിക്കുന്ന രീതി പണ്ടും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് അംഗീകരിക്കാനാവില്ല. പഴയകാല ചിത്രത്തില്‍ റീടച്ച് ചെയ്യാതെ മുഴുവന്‍ അടര്‍ത്തിമാറ്റി ചെയ്യുന്നത് ചരിത്രത്തെത്തന്നെ മാറ്റുകയാണ്. ടച്ച് ചെയ്ത് ചിത്രത്തെ അതേപോലെ നിലനിര്‍ത്തുന്നതാണ് ശരി. ചരിത്രത്തെ തിരുത്താന്‍ പാടില്ല എന്നതാണ് ശരിയായ രീതി. ഇവിടുന്ന പഠിച്ചിറങ്ങുന്ന കുട്ടികളോടും അതെപ്പോഴും പറഞ്ഞുകൊടുക്കാറുമുണ്ട്. പണ്ട് ഒരാള്‍ വരച്ച ചിത്രം മാറ്റി വരക്കുമ്പോള്‍ അത് പുതുതായി വരയ്ക്കുന്ന ആളുടെ പേരിലാണ് അറിയപ്പെടുക. അത് ശരിയല്ല. 

ഗുരുവായൂരില്‍ ചുമര്‍ചിത്രകലാ അധ്യാപകനായിരുന്ന താങ്കള്‍ ഇപ്പോള്‍ പ്രിന്‍സിപ്പലാണ്. ഇക്കാലത്തിനിടെ നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്.

ഞാന്‍ അധ്യാപകനായി വന്നപ്പോള്‍ മുതല്‍ കുറെയധികം വര്‍ക്കുകള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. പൂന്താനം ഓഡിറ്റോറിയം, ശ്രീവത്സം അനക്‌സ്, പത്മനാഭന്റെയും കേശവന്റെയും മുന്നിലെ ചുമരില്‍ വരച്ച ആനക്കഥകളുടെ ചിത്രങ്ങള്‍, പാഞ്ചജന്യം, പിന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തന്നെ മൂന്ന് തവണ റീടച്ച് ചെയ്തിട്ടുമുണ്ട്. 

placeholder
ഗുരുവായൂര്‍ കേശവന്‍ എന്ന ആനയുടെ കഥ ചുമര്‍ചിത്ര പഠനകേന്ദ്രം വിദ്യാര്‍ഥികള്‍ ആവിഷ്‌കരിച്ചത്

കോവിഡ് കാലത്ത് ആരും ക്ഷേത്രത്തില്‍ പ്രവേശിക്കാതിരുന്ന, പൂജകളൊക്കെ പെട്ടെന്ന് തീര്‍ത്തിരുന്ന സമയത്ത് ഭരണസമിതി റീടച്ച് ചെയ്യാന്‍ ഏല്‍പിച്ചു. ശ്രീകോവിലിനുചുറ്റും ഞങ്ങളുടെ വിദ്യാർഥികളുമായി റീടച്ച് ചെയ്യാനുള്ള അവസരം കിട്ടിയിരുന്നു. അത് ഒരു ഭാഗ്യമായാണിപ്പോള്‍ കാണുന്നത്. 

ഗുരുവായൂര്‍ പരിസരത്ത് ഇതേപോലെ ശ്രദ്ധേയമായ ചിത്രങ്ങള്‍ വേറെ ഉണ്ടോ.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആധ്യാത്മിക ഹാളുകളിലെ ചുമരുകളിലെല്ലാം കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിക്കാന്‍ സാധിച്ചു. അവിടെയുള്ള തൂണുകളില്‍ രുക്മിണീസ്വയംവരം, ശുകന്റെ കഥ അങ്ങിനെ കുറെയധികം ചിത്രങ്ങള്‍ വരയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 

placeholder
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആധ്യാത്മിക ഹാളിലെ ചുമര്‍ചിത്രം

ഗുരുവായൂര്‍ ചുമര്‍ചിത്രകലാപഠന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ ഒന്ന് വിശദമാക്കാമോ.

അഞ്ച് വര്‍ഷ കോഴ്‌സാണ് പഠനകേന്ദ്രത്തിലുള്ളത്. എസ്എസ്എല്‍സി പാസായ വിദ്യാർഥികളെയായിരുന്നു ആദ്യകാലത്ത് പഠിപ്പിച്ചിരുന്നത്, 2019 മുതല്‍ പ്ലസ്ടു പാസായ വിദ്യാർഥികള്‍ക്കാണ് അഡ്മിഷന്‍ നല്‍കിവരുന്നത്. ചിത്രകലാഭിരുചി ടെസ്റ്റ് നടത്തി 25 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. കുട്ടികള്‍ക്ക് താമസവും ഭക്ഷണവും സ്റ്റൈപ്പന്‍ഡും നല്‍കുന്നുണ്ട്. കേരള പരീക്ഷാഭവന്‍ നടത്തുന്ന പരീക്ഷയും തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റും നല്‍കിവരുന്നു.

placeholder
ചുമര്‍ചിത്രപഠനകേന്ദ്രം ക്ലാസ്

പഠിക്കുന്ന കുട്ടികള്‍ക്ക് ലളിതകലാ അക്കാദമിയുടെ സെമിനാറുകള്‍, ക്യാമ്പുകള്‍, വിവിധ പ്രോഗ്രാമുകള്‍ എന്നിവയില്‍ പങ്കാളിത്തം ഉറപ്പിക്കാന്‍ സാധിക്കാറുണ്ട്. തിരുനാവായ ക്ഷേത്രത്തില്‍ ദേവിയുടെ ശ്രീകോവിലിലും ഗണപതിയുടെ ശ്രീകോവിലിലും വരയ്ക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. 2009 ല്‍ ഒരു ഭക്തന്റെ വഴിപാടായി ഗുരുവായൂര്‍ ദേവസ്വത്തിന്റെ അനുമതിയോടെ ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ ശ്രീകോവിലിന് ചുറ്റും പ്രകൃതിദത്തമായ നിറങ്ങളില്‍ പഠനകേന്ദ്രത്തിന് ചെയ്യാന്‍ സാധിച്ചു. ഇതെല്ലാം വിദ്യാർഥികള്‍ക്ക് ഒരു ആര്‍ട്ട് എക്‌സ്പീരിയന്‍സ് ആയിരുന്നു.

ചുമര്‍ചിത്രകലയിലേക്ക് അധികം പെണ്‍കുട്ടികള്‍ കടന്നുവരാറുണ്ടോ? കേരളത്തില്‍ ശാസ്ത്രീയമായ ചുമര്‍ചിത്രങ്ങള്‍ ക്ഷേത്രച്ചുമരുകളില്‍ ചെയ്ത, ചെയ്യുന്ന സ്ത്രീകള്‍ ഉണ്ടോ.

ആദ്യകാലത്ത് പെണ്‍കുട്ടികള്‍ അധികം ഉണ്ടായിരുന്നില്ല. പിന്നീട് തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനായി വന്ന ഭരണസമിതി 2009-10 സമയത്ത് പുതിയ ബാച്ചിനായി വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുമ്പോഴാണ് അന്നത്തെ ഭരണസമിതി അംഗമായിരുന്നു പ്രൊഫ.ടി.ആര്‍ ഹാരി മാഷ് 'എന്തുകൊണ്ട് പെണ്‍കുട്ടികളെ എടുത്തുകൂട? എന്ന് ചോദിച്ചത്. ആ ബാച്ചില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ആദ്യമായി അഡ്മിഷന്‍ കൊടുത്തു. ഒരുപാട് പെണ്‍കുട്ടികള്‍ ഇപ്പോള്‍ അഡ്മിഷനായി വരുന്നുണ്ട്. ഇപ്പോഴത്തെ നാല്, അഞ്ച് വര്‍ഷ ബാച്ചുകളിലും പെണ്‍കുട്ടികളുണ്ട്. കോഴ്‌സ് കഴിഞ്ഞുപോയവരില്‍ പല പെണ്‍കുട്ടികളും ഇപ്പോള്‍ കലാധ്യാപകരായും ക്ഷേത്രങ്ങളില്‍ ചുമര്‍ചിത്രം വരയ്ക്കുന്നവരായും പ്രവര്‍ത്തിച്ചുവരുന്നു.

placeholder
ചുമര്‍ചിത്ര പഠനകേന്ദ്രം വിദ്യാര്‍ഥികളായ അഭിജിത്ത്, സ്‌നേഹ എന്നിവര്‍ ചിത്രം വരയ്ക്കുന്നു

ഗുരുവായൂരില്‍ ചുമര്‍ചിത്രങ്ങള്‍ക്കായി പുതുതായി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടോ.

പുതിയ പദ്ധതികള്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ചുമര്‍ചിത്രകല പഠനകേന്ദ്രം കൃഷ്ണനാട്ടം, വാദ്യവിദ്യാലയം, ജ്യോതിഷപഠനകേന്ദ്രം ഉള്‍പ്പെടെ ചേര്‍ത്ത് വേദിക് ആന്‍ഡ് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയിട്ടുണ്ട്. അതിലൂടെ വിപുലീകരിച്ച് എല്ലാ സ്ഥാപനത്തെയും ഒരുമിപ്പിച്ച് ഒരു യൂണിവേഴ്‌സിറ്റി എന്ന നിലയില്‍ ആക്കുന്നതിനായി ദേവസ്വം ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഹയര്‍ സ്റ്റഡീസിനുമെല്ലാം അതൊരു സാധ്യതയാണ്.

placeholder
ഗുരുവായൂര്‍ ദേവസ്വം മ്യൂറല്‍ ആര്‍ട്ട് ഗാലറി | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

ക്ഷേത്രത്തിലെ ചിത്രങ്ങള്‍ റീടച്ച് ചെയ്യണമെന്ന തീരുമാനം കൂടി ദേവസ്വം നടത്താന്‍ ശ്രമിക്കുന്നുണ്ട്. കോഴ്‌സ് പഠിച്ചിറങ്ങിയ ആദ്യത്തെയും രണ്ടാമത്തെയും ബാച്ചിലെ ചില കലാകാരന്മാരെ ഉള്‍പ്പെടുത്തി ശ്രീകോവിലിനു ചുറ്റുമുള്ള പൂര്‍ണമായും കേടുപാടുകള്‍ തീര്‍ത്ത് റീടച്ച് ചെയ്യണമെന്ന് ദേവസ്വം ഉപ്പോള്‍ തീരുമാനമെടുത്തിട്ടുണ്ട്.