
തിരുവനന്തപുരത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കിയ ഓപ്പറേഷന്‍ അനന്തയുടെ അമരക്കാരനായിരുന്നു മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ആമയിഴഞ്ചാന്‍തോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പഴയകാല അനുഭവവും പുതിയ നിർദേശങ്ങളും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം.
ഓപ്പറേഷന്‍ അനന്ത പാതിവഴിക്ക് നിര്‍ത്തി വെച്ചതിലൂടെ ആമയിഴഞ്ചാന്‍ തോട്ടിലുണ്ടായ ദുരന്തം വരുത്തിവക്കുകയായിരുന്നില്ലേ.
ആമയിഴഞ്ചാന്‍ തോട് എന്ന് ഇപ്പോൾ വിളിക്കുന്നത് ഒബ്‌സര്‍വേറ്ററി കുന്നില്‍നിന്നും കണ്ണമ്മൂല പാലം വരെ ഒഴുകുന്ന പഴവങ്ങാടി തോടാണ്. അത് ആമയിഴഞ്ചാന്‍ തോടല്ല. 11.26 കിലോമീറ്റര്‍ ദൂരം. കണ്ണമ്മൂലയില്‍നിന്നും ഇടത്തറ കിംസ് ആശുപത്രി വഴി ആക്കുളം കായലിലേക്കെത്തുന്ന തോടിന് 15.43 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഇതാണ് ആമയിഴഞ്ചാന്‍ തോട് എന്നറിയപ്പെടുന്നത്. ഈ തോടില്‍ പല കൈത്തോടുകള്‍ വന്നുചേരുന്നുണ്ട്- ബാര്‍ട്ടണ്‍ ഹില്ലില്‍നിന്ന് എത്തുന്ന ഏതാണ്ട് മൂന്നു കിലോമീറ്റര്‍ നീളമുള്ള കുന്നുകുഴിത്തോട്, കുടപ്പനക്കുന്നില്‍ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരം ഒഴുകിയെത്തുന്ന പട്ടം തോട്, പോത്തന്‍കോട്ടുനിന്ന് ആരംഭിക്കുന്ന ഏകദേശം അഞ്ചുകിലോമീറ്റര്‍ നീളമുള്ള ഉള്ളൂര്‍ തോട് (ഇത് പട്ടം തോടില്‍ ചെന്നു ചേരും) എന്നിവ ഇതില്‍ പ്രധാനം.
വേറെയും നിരവധി ചെറിയ ചെറിയ തോടുകളുണ്ട്. ഇവയൊക്കെ സ്ലാബിട്ടു മൂടിയിരിക്കുന്നതിനാല്‍ ശരിക്കും കാണാന്‍ കഴിയുന്നില്ല. ഇവയെ എല്ലാംകൂടി ആമയിഴഞ്ചാന്‍ എന്നു പറയുന്നത് ശരിയല്ല. എങ്കിലും പ്രധാനമായും കണ്ണമ്മൂലയില്‍നിന്ന് ആക്കുളം കായലില്‍ ചെന്നു ചേരുന്ന തോടിനാണ് പൊതുവേ ആമയിഴഞ്ചാന്‍ എന്നു പറയുന്നത്. ഒഴുക്കിന് വേഗക്കുറവ് എന്ന അര്‍ഥത്തിലാവാം ഈ പേര്.

റെയില്‍വേയുടെ തുരങ്കത്തിന് 117 മീറ്ററാണ് നീളം. റെയില്‍വേയുടെ അധീനതയിലുള്ള വസ്തുവില്‍ കൂടി ഒഴുകുന്ന തോട്ടിന്റെ നീളം, ഈ തുരങ്കമുള്‍പ്പെടെ, ഏതാണ്ട് 140 മീറ്ററാണ്. ഈ ഭാഗത്തെ ശുചീകരണത്തിലെ പ്രശ്‌നമാണ് എല്ലാ കുഴപ്പത്തിനും കാരണം എന്നു പറയാനാവുമോ? നാടിന്റെ നാനാഭാഗത്തുനിന്നും ഒഴുകിയെത്തുന്ന മാലിന്യമെല്ലാം ആമയിഴഞ്ചാന്‍ തോട്ടിലേക്കു വരുന്നതാണ് ദുരന്തകാരണം. ഓപ്പറേഷന്‍ അനന്തയില്‍ ഏതാണ്ട് 30 കിലോമീറ്റര്‍ ദൂരത്തിലെ തോടുകള്‍ മാത്രമേ വൃത്തിയാക്കിയിട്ടുള്ളൂ. ബാക്കിയുള്ള തോടുകള്‍ കൂടി വൃത്തിയാക്കിയാല്‍ മാത്രമേ ഉദ്ദേശിക്കുന്ന ഫലമുണ്ടാവൂ. അന്ന് തോടുകളുടെ നീളവും വീതിയും കൂട്ടി, വയര്‍ മെഷ് വെച്ച് സംരക്ഷിച്ചു. അത് തുടരേണ്ടതായിരുന്നു. 2015-ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഏതാണ്ട് അഞ്ചുമാസം തുടര്‍ച്ചയായി തോടുകള്‍ വൃത്തിയാക്കി. അടുത്ത വര്‍ഷം പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ അന്നത്തെ ജില്ലാ കളക്ടര്‍ വാസുകി, പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പ്രൊപ്പോസല്‍ കൊടുത്തെങ്കിലും പിന്നെ അതേക്കുറിച്ചൊന്നും കേട്ടില്ല.

ഓപ്പറേഷന്‍ അനന്ത നിര്‍ത്തിവെക്കാനുള്ള കാരണം?
ഓപ്പറേഷന്‍ അനന്ത നിലയ്ക്കാന്‍ രണ്ടു കാരണങ്ങളുണ്ടാവാം. 2016-ല്‍ അധികാരത്തിലെത്തിയ ഇടതു മുന്നണി സര്‍ക്കാര്‍ പദ്ധതിയുടെ ഒന്നാംഘട്ടം പരാജയമാണെന്ന് കണ്ട് രണ്ടാംഘട്ടം വേണ്ടെന്നു വച്ചതാവാം. അല്ലെങ്കില്‍ ആദ്യഘട്ടം വന്‍വിജയമായിരുന്നതിനാല്‍ പദ്ധതി തുടരുന്നതിന്റെ ക്രെഡിറ്റ് യു.ഡി.എഫിനു പോവും എന്ന ചിന്തയുമാവാം.
തലസ്ഥാനത്തെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാന്‍ ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങളും ആസൂത്രണവും പര്യാപ്തമാണോ.
കഴിഞ്ഞ എട്ടു വര്‍ഷം കോടിക്കണക്കിന് രൂപ ചെലവാക്കിയിട്ടും പഴയതിനെക്കാള്‍ മോശമായെന്ന് വേണമല്ലോ മനസ്സിലാക്കേണ്ടത്. പരിഹാരത്തിന് കുറ്റമറ്റ ആസൂത്രണം വേണം. അതിന് ആദ്യം വേണ്ടത് ഒരു ഡ്രെയിനേജ് മാപ്പാണ്. തോട് ഏതൊക്കെ വഴികളിലൂടെയാണ് ഒഴുകുന്നതെന്ന് കൃത്യമായി പറയാന്‍ കഴിയണം. അതിനെ അടിസ്ഥാനമാക്കി വേണം കാര്യങ്ങള്‍ നീക്കാന്‍.
ഞങ്ങള്‍ തുടങ്ങുമ്പോള്‍ അങ്ങനെയൊരു ഭൂപടമില്ലായിരുന്നു. രാജഭരണ കാലത്ത് ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ നഗരത്തില്‍ ഒരിക്കലും വെള്ളക്കെട്ടുണ്ടാകാതിരിക്കാനും വെള്ളമെല്ലാം കടലിലേക്ക് ഒഴുകിപ്പോവുന്നതിനുമായി ഒരു പ്ലാന്‍ തയ്യാറാക്കാന്‍ ചീഫ് എന്‍ജിനീയറോട് നിര്‍ദ്ദേശിച്ചിരുന്നു. ആ പ്ലാന്‍ ആര്‍ക്കൈവ്‌സ് വകുപ്പില്‍ നിന്നെടുത്താണ് ഞങ്ങള്‍ പല തോടുകളും വലുതാക്കിയത്. ഇനി അതിന്റെ ആവശ്യമില്ല. നമുക്ക് വേണ്ടത് കുറ്റമറ്റ ഒരു മാപ്പാണ്. അതു നോക്കുമ്പോള്‍ തോടുകള്‍ പലതും കയ്യേറിയിരിക്കുന്നു, പലതും എലിവാലു പോലെ മെലിഞ്ഞിരിക്കുന്നു, വെള്ളം തീരെ ഒഴുകാത്ത സാഹചര്യമുണ്ട് എന്നൊക്കെ കണ്ടെത്താനാവും. ഇതെല്ലാം പരിഹരിക്കണം. ഈ ജോലി മുഴുവന്‍ നഗരസഭയുടെ തലയില്‍ കെട്ടിവെക്കരുത്. അവരുടെ അധീനതയില്‍ വരുന്ന പ്രദേശത്തേ അവര്‍ക്കു ചെയ്യാനാവൂ. റെയില്‍വേ, നാഷണല്‍ ഹൈവേ, ജലസേചന വകുപ്പ്. അങ്ങനെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ ഓടകളില്‍ കൂടി പലതരം കേബിളുകള്‍ പോവുന്നുണ്ട്. തോടുകള്‍ വലുതാക്കണമെങ്കില്‍ ഇവയും മാറ്റേണ്ടി വരും. ചിലയിടത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളുമുണ്ട്.
ഈ തടസ്സങ്ങളൊക്കെ മാറ്റണമെങ്കില്‍ ഒരു ഉന്നതാധികാര സമിതി ഉണ്ടാവണം. അതിനായി പ്രത്യേക സമിതി വേണ്ട. 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം സംസ്ഥാനത്ത് ദുരന്തനിവാരണ അതോറിറ്റിയുണ്ട്. മുഖ്യമന്ത്രിയാണ് അധ്യക്ഷന്‍. നിലവിലെ സംവിധാനം തന്നെ മതിയാവും. അതിശക്തമായ നിയമമാണിത്. അതോറിറ്റി എടുക്കുന്ന നടപടികള്‍ക്കൊക്കെ നിയമ പരിരക്ഷയുണ്ട്, ചോദ്യംചെയ്യാനാവില്ല. അപ്പീല്‍ നല്‍കണമെങ്കില്‍ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ പോകണം. അതിനാല്‍ ഇതിന്‍പ്രകാരം നടപടിയെടുക്കുമ്പോള്‍ കാലതാമസം ഉണ്ടാവേണ്ട കാര്യമില്ല. ഈ നിയമം ദുരന്തം വന്നതിനുശേഷം പ്രയോഗിക്കാനുള്ളതല്ല, വരുംമുമ്പ് ഉപയോഗിക്കേണ്ടതാണ് എന്ന കാരം ഓര്‍മിക്കണം.
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യപ്രശ്‌നത്തില്‍ റെയില്‍വേയുടെ റോള്‍ എന്താണ്? നഗരസഭ അവരെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമുണ്ടോ?
റെയില്‍വേയുടെ കുറ്റം കൊണ്ടാണ് ഈ പ്രശ്‌നമുണ്ടാവുന്നതെന്നു പറയുന്നത് ഒട്ടും ശരിയല്ല. അതിനടിയിലുള്ള തോട്ടിലേക്ക് ഇത്രയധികം മാലിന്യമെങ്ങനെ എത്തി എന്ന് കണ്ടുപിടിക്കണം. ജോയിയുടെ മൃതദേഹം കണ്ടത് മൂന്നാം ദിവസമാണ്. പക്ഷേ, എന്റെ വിചാരം അന്നുരാത്രി തന്നെ ജഡം ഒഴുകി ഈ പ്രദേശത്ത് വന്നിട്ടുണ്ടാവണം. ഈ മാലിന്യം കാരണം മുന്നോട്ടു പോകാനായിക്കാണില്ല. ആരും ശ്രദ്ധിച്ചുമില്ല. അവിടെ കിടന്ന് ജഡം ചീഞ്ഞളിഞ്ഞിട്ടുണ്ടാവണം എന്ന് ഞാന്‍ ഊഹിക്കുന്നു. ആ ഭാഗത്ത് എന്തുമാത്രം മാലിന്യമുണ്ടായിരുന്നു! അത് റെയില്‍വേയുടെ കുറ്റം കൊണ്ടാണോ? ഇനി, റെയില്‍വേ പ്രശ്‌നമുണ്ടാക്കിയാല്‍ തന്നെ പരിഹരിക്കാന്‍ എന്തെളുപ്പമാണ്! ഞങ്ങള്‍ ശുചീകരണത്തിനിറങ്ങിയപ്പോള്‍ റെയില്‍വേ ചില ഉടക്കുകളൊക്കെ പറഞ്ഞു. 'ഇത് ഞങ്ങളുടെ ജോലിയാണ് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നത്, ചെയ്‌തേ പറ്റൂ. അനുമതിയോടെ മാത്രമേ നിങ്ങളുടെ സ്ഥലത്ത് കയറൂ. പക്ഷേ, നിങ്ങള്‍ ശുചീകരണം നടത്തിയില്ലെങ്കില്‍ ഞങ്ങള്‍ ചെയ്യും.' എന്ന് ഞാന്‍ പറഞ്ഞു. അവരുടെ മുമ്പില്‍ വെച്ചുതന്നെ റെയില്‍വേ ചെയര്‍മാന്റെ വിളിച്ച് അനുവാദം ചോദിച്ചു, അദ്ദേഹം പൂര്‍ണമായി സഹകരിച്ചു.

ജനുവരിയിലും ഫെബ്രുവരിയിലും റെയില്‍വേയ്ക്ക് കത്തയച്ചു. പക്ഷേ, ആറുമാസം വേണോ മറുപടിക്ക്? ഡി.ആര്‍.എം. തടസ്സം പറഞ്ഞാല്‍ അവര്‍ക്കു മേലേ ഉദ്യോഗസ്ഥരില്ലേ? അവരുമായി ബന്ധപ്പെടാന്‍ എന്താണ് തടസ്സം? ഇവിടെ ഒന്നും നടന്നില്ലെങ്കില്‍ ഡല്‍ഹിയില്‍ ക്യാബിനറ്റ് റാങ്കുള്ള ഒരു മുന്‍മന്ത്രി കേരള സര്‍ക്കാരിന്റെ പ്രതിനിധിയായിട്ടുണ്ടല്ലോ. കേരളാ ഹൗസില്‍നിന്ന് റെയില്‍ ഹൗസിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ. കേന്ദ്ര സര്‍ക്കാരുമായി നല്ല ബന്ധമുള്ള അദ്ദേഹത്തിന്റെ സേവനം എന്തുകൊണ്ട് ഉപയോഗിച്ചില്ല.? അതുകൊണ്ട്, തീര്‍ച്ചയായും അവരെ കുറ്റപ്പെടുത്താനാവില്ല.
ഓപ്പറേഷന്‍ അനന്ത തുടങ്ങാന്‍ കാരണം?
2015-ല്‍ തുടര്‍ന്ന് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കമാണ് ഓപ്പറേഷന്‍ അനന്തയ്ക്ക് പ്രേരകമായത്. ഔദ്യോഗിക കാറില്‍ ഓഫീസിലേക്കു പോവുകയായിരുന്നു ഞാന്‍. കൊച്ചാര്‍ റോഡ്, ഇടപ്പഴിഞ്ഞി വഴി വഴുതയ്ക്കാട് കയറാനായിരുന്നു ശ്രമം. കനത്ത മഴ കാരണം റോഡ് മുഴുവന്‍ വെള്ളത്തിലായിരുന്നു. ഒരടി മുന്നോട്ടു പോകാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു, പി.ടി.പി നഗറിലേക്ക് പോകാമെന്ന്. ഉയരമുള്ള പ്രദേശമായതിനാല്‍ അവിടെ വെള്ളക്കെട്ടുണ്ടാവില്ലല്ലോ. വണ്ടി തിരിക്കാന്‍ തുടങ്ങുമ്പോള്‍ ഫോണ്‍ വന്നു, വിളിച്ചതാരാണെന്ന് എനിക്കറിയില്ല. താന്‍ കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയാണ്, അവിടെ കഴുത്തറ്റം വെള്ളമാണ്, ചത്ത എലികളും അമേദ്യവുമൊക്കെ ഒഴുകി നടക്കുന്നു, പാറ്റകള്‍ കൂട്ടത്തോടെ ആക്രമിക്കുന്നു, ഒരു സ്ത്രീ ഛര്‍ദിച്ച് വെള്ളത്തില്‍ വീണു, പൊക്കിയെടുക്കാന്‍ ശ്രമിച്ച തങ്ങളും ഛര്‍ദിക്കുന്നു. ഈ ദുരിതത്തിന് പരിഹാരമുണ്ടാക്കാന്‍ സാര്‍ എന്തെങ്കിലും ചെയ്യണം, സാറില്‍ വലിയ പ്രതീക്ഷയുണ്ട് എന്ന്. സെക്രട്ടേറിയറ്റില്‍ ചെന്നയുടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അടിയന്തിരമായി എന്റെ മുറിയിലേക്ക് വിളിപ്പിച്ചു.

എന്റെ കാറിനു പിന്നാലെ വരാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു. പൊതുസമ്പര്‍ക്ക വകുപ്പിനോട് ഈ യാത്ര റെക്കോഡ് ചെയ്യാനും പറഞ്ഞു. ഓരോ തോട്ടിലെയും ഒഴുക്ക് നേരില്‍ കണ്ടു. പലയിടത്തും കയ്യേറ്റം കാരണം തോടു കാണാനില്ല. അതില്‍ രാഷ്ട്രീയ പാര്‍ട്ടികളും ക്ലബ്ബുകളും കുരിശും ക്ഷേത്രവുമൊക്കെയുണ്ട്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന്റെ ശ്രീകോവില്‍ നിറയെ മലിനജലമായിരുന്നു. അമ്പലത്തില്‍ തേങ്ങ പൊട്ടിക്കുമ്പോള്‍ ഒഴുകുന്ന വെള്ളം ചെന്നുചേരേണ്ട തോട് തേങ്ങാക്കച്ചവടക്കാര്‍ കയ്യേറിയിരുന്നു. അതിന്റെ പിന്നില്‍ തോടിനു മീതെ സ്ലാബിട്ട് ഷെഡുണ്ടാക്കി അവിടെ തൊഴിലാളികളെ താമസിപ്പിച്ചിരുന്നു ഒരു ടെക്‌സ്റ്റൈല്‍ മുതലാളി. അഭേദാശ്രമത്തിനു മുന്നിലെ കൂറ്റന്‍ ആല്‍മരം കാരണം ഒഴുക്കു തടസ്സപ്പെടുന്നു. അങ്ങനെ എവിടെയും തടസ്സങ്ങള്‍. ഇതെല്ലാം വിഡിയോയിലാക്കി. പിറ്റേന്ന്, ബുധനാഴ്ച, ക്യാബിനറ്റ് മീറ്റിങ്ങിന് മുമ്പ് അടിയന്തിര പ്രാധാന്യമുള്ള ഒരു കാര്യത്തിനായി പതിനഞ്ചുമിനിറ്റ് സമയം വേണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. സമ്മതിച്ച അദ്ദേഹത്തിനും മന്ത്രിമാര്‍ക്കും മുന്നില്‍ ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. നമ്മുടെ സംസ്ഥാനത്താണോ ഇതൊക്കെ നടക്കുന്നതെന്ന് അവര്‍ അത്ഭുതപ്പെട്ടു. സെക്രട്ടേറിയറ്റിന്റെ മൂക്കിനു താഴെയാണ് ഈ കാര്യങ്ങളെന്ന് അവരോട് വിശദീകരിച്ചു.
ഒരു വീട്ടില്‍ ചെന്നപ്പോള്‍ പാവപ്പെട്ട ഒരു മനുഷ്യന്‍ 'ഞങ്ങള്‍ക്ക് മെട്രോയും കുട്രോയും ഒന്നും വേണ്ട, കുടിക്കാന്‍ കുറച്ചു നല്ല വെള്ളം തരുമോ, പ്ലീസ്!' എന്നു കരഞ്ഞു പറഞ്ഞു. എങ്ങനെയാണ് ഹൃദയഭേദകമായ ഈ അനുഭവം മറക്കാനാവുക? ഞാനത് അതുപോലെ ക്യാബിനറ്റില്‍ പറഞ്ഞു. അവര്‍ പറഞ്ഞു, ഇത് അന്യായമാണ്, തോടുകള്‍ ഉടന്‍ ശുചീകരിക്കണം. അതാരു ചെയ്യുമെന്നായി പിന്നീട്. ഒട്ടും ഗ്ലാമറസ് പരിപാടി അല്ലല്ലോ മാലിന്യം നീക്കല്‍. പൂര്‍ണ പിന്തുണ തന്നാല്‍ ഞാന്‍ തന്നെ ചെയ്യാം. പക്ഷേ, ഒരു മന്ത്രിയും ഇതിലിടപെടാന്‍ പാടില്ലെന്നു പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അതുറപ്പു തന്നു, എന്തു സഹായം വേണമെങ്കിലും തരാമെന്നും വാഗ്ദാനം ചെയ്തു. അങ്ങനെയാണ് ഓപ്പറേഷന്‍ അനന്ത തുടങ്ങിയത്.
അനന്തയുടെ നടപ്പാക്കലും വെല്ലുവിളികളും.
കയ്യേറി വെച്ചിട്ടുള്ള പാര്‍ട്ടി ഓഫീസുകളൊക്കെ ഇടിച്ചു കളയാന്‍ തീരുമാനിച്ചു. കയ്യേറി നിര്‍മിച്ച കെട്ടിടങ്ങളില്‍ 24 മണിക്കൂറിനകം നീക്കം ചെയ്തില്ലെങ്കില്‍ ഉണ്ടാവുന്ന നഷ്ടത്തിന് നിങ്ങള്‍ ഉത്തരവാദിയാവുന്നതും നഷ്ടം നിങ്ങളില്‍നിന്ന് ഈടാക്കുന്നതുമായിരിക്കും എന്നു കാണിച്ച് നോട്ടീസ് പതിപ്പിച്ചു. 24 മണിക്കൂര്‍ തികയുന്ന നിമിഷം അവ ഇടിച്ചുകളയാന്‍ കളക്ടര്‍ ബിജു പ്രഭാകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബുള്‍ഡോസറുകളും മറ്റും തയ്യാറാക്കി നിര്‍ത്തി. വെറും ഭീഷണിയല്ല, കളി കാര്യമാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി. രാവിലെ തന്നെ പൊളിച്ചുമാറ്റല്‍ തുടങ്ങി. ജനങ്ങള്‍ നല്ല പിന്തുണയാണ് തന്നത്. അതുകൊണ്ട് രാഷ്ട്രീയക്കാര്‍ ഒരക്ഷരം മിണ്ടാതെ സ്ഥലംവിട്ടു. അഭേദാശ്രമത്തിനു മുന്നിലെ ആല്‍മരം മുറിച്ചുമാറ്റാന്‍ ചെന്നപ്പോള്‍ അത് ദിവ്യത്വമുള്ളതാണ്, മുറിച്ചു മാറ്റാന്‍ അനുവദിക്കില്ല എന്നു പറഞ്ഞ് ചില വി.എച്ച്.പിക്കാര്‍ വന്നു. പൂജാരിയെ വിളിച്ച് അന്വേഷിച്ചപ്പോള്‍ മരത്തിന് യാതൊരു ദിവ്യത്വവുമില്ലെന്നും പറ്റുമെങ്കില്‍ വേരോടെ പിഴുതു കളയണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ മരം ഒഴുക്കു തടയുന്നതു കാരണം മാലിന്യമൊക്കെ പത്മതീര്‍ത്ഥക്കുളത്തിലേക്കു വീഴുകയാണ്! അങ്ങനെ മരം മുറിച്ചു. അത്തരം നടപടികളിലൂടെയാണ് ഓപ്പറേഷന്‍ അനന്ത മുന്നേറിയത്. ഏറ്റവും വലിയ എതിര്‍പ്പുണ്ടായത് കിഴക്കേകോട്ടയ്ക്കകത്തെ ബിജു രമേശിന്റെ കെട്ടിടം തോടിന്റെ ഒഴുക്കു തടയുന്നതിനാല്‍ നീക്കണം എന്നു പറഞ്ഞപ്പോഴാണ്. തന്റെ കെട്ടിടത്തിന്റെ അടിയില്‍ രണ്ടു തോടുകള്‍ ഒഴുകുന്നുണ്ട്, പക്ഷേ, ഒഴുക്കു തടഞ്ഞിട്ടില്ല എന്ന് വാദിച്ച അദ്ദേഹം കേസുകൊടുത്തു. സുപ്രീം കോടതി ഞങ്ങളുടെ നടപടി സ്റ്റേ ചെയ്തു. 2024 ആയിട്ടും സ്റ്റേ തുടരുകയാണ്.
Content Highlights: former chief secretary jiji thomson on amayizhanjan canal garabage issue interview
Published: 19 Jul 2024, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented