
സംസ്ഥാനത്ത് ഭരണകൂടത്തില്‍ നേതൃമാറ്റം വേണമെന്നത് മാധ്യമങ്ങളുടെ അജണ്ടയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്‌സഭ തിരഞ്ഞെടുപ്പ്ഫലം വിലയിരുത്തുന്നതിനായി ചേരുന്ന സിപിഐ ജില്ലാ കൗണ്‍സില്‍ യോഗങ്ങളില്‍ ഇടത് മുന്നണിക്കെതിരെ, പ്രത്യേകിച്ച് സിപിഎമ്മിനെതിരേ കടുത്ത വിമര്‍ശമുയരുന്ന പശ്ചാത്തലത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.
സിപിഐ ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശങ്ങള്‍ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ താങ്കള്‍ എങ്ങിനെയാണ് കാണുന്നത്?
പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന യോഗങ്ങളാണിത്. ഇക്കഴിഞ്ഞ ജൂണ്‍ പത്തിന് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലുള്ള വിലയിരുത്തല്‍ വേണമെന്ന് പാര്‍ട്ടിയുടെ ജില്ലാ ഘടകങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ കിട്ടിക്കഴിഞ്ഞാല്‍ ജൂലായ് എട്ട് മുതല്‍ പത്ത് വരെ ചേരുന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. തുടര്‍ന്ന് പാര്‍ട്ടിയുടെ കാഴ്ചപ്പാട് പൊതുജനങ്ങളെയും ഇടത് മുന്നണിയെയും അറിയിക്കും. തുറന്ന ചര്‍ച്ചകള്‍ നടത്തുന്ന പാര്‍ട്ടിയാണ് സിപിഐ. വിമര്‍ശങ്ങളുടെ വാതില്‍ കൊട്ടിയടയ്ക്കുക സിപിഐയുടെ രീതിയല്ല. പക്ഷേ, പാര്‍ട്ടിക്കകത്ത് ഉന്നയിക്കുന്ന വിമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് അംഗീകരിക്കാനാവില്ല.
പാര്‍ട്ടി തുറന്ന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന നിലപാടെടുക്കുമ്പോള്‍ തന്നെ ഇതൊന്നും ജനങ്ങള്‍ അറിയരുത് എന്ന് പറയുന്നതില്‍ വൈരുദ്ധ്യമില്ലേ?
അറിയേണ്ട കാര്യങ്ങള്‍ അറിയിക്കണം. അല്ലാതെ ഒരംഗം പാര്‍ട്ടി ഘടകത്തില്‍ ഉയര്‍ത്തുന്ന വിമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ നിലപാടാണെന്ന രീതിയില്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്തതാണ്.
ഇത്തരം ചോര്‍ച്ചകള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണോ താങ്കള്‍ നല്‍കുന്നത്?
പാര്‍ട്ടി ഇത് ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യും. ഇത് പാര്‍ട്ടിയെ സഹായിക്കുന്ന പ്രക്രിയയല്ല. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന തിരുത്തല്‍ പ്രക്രിയകള്‍ പ്രത്യേക ലക്ഷ്യത്തോടെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയല്ല.
തെറ്റു പറ്റിയിട്ടുണ്ട്, അത് തിരുത്തണം എന്ന് മുന്നണിയിലെ ഏറ്റവും പ്രബല കക്ഷിയായ സിപിഎമ്മിനോട് ആവശ്യപ്പെടുന്നത് ജനാധിപത്യ ധര്‍മ്മമല്ലേ? ഈ പ്രക്രിയയില്‍ സിപിഐ ഏര്‍പ്പെടുന്നുവെന്നത് ജനങ്ങള്‍ അറിയുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയല്ലേ ചെയ്യുന്നത്?
അത് പാര്‍ട്ടി ചെയ്യും. പക്ഷേ, ഒരു പാര്‍ട്ടി അംഗം സ്വന്തം ഘടകത്തില്‍ ഉയര്‍ത്തുന്ന വിമര്‍ശങ്ങള്‍ പാര്‍ട്ടിയുടേതാണെന്ന മട്ടില്‍ ചോര്‍ത്തിക്കൊടുക്കുന്നത് അഭിലഷണീയമല്ല എന്നാണ് ഞാന്‍ പറഞ്ഞത്.
ഇത്തരം വിമര്‍ശങ്ങള്‍ സിപിഐ ഉയര്‍ത്തുന്നത് സിപിഎമ്മിന് പ്രതിസന്ധിയുണ്ടാക്കും എന്ന ചിന്തയാണോ ഈ നിലപാടിന് പിന്നില്‍?
അങ്ങിനെയല്ല. സിപിഎമ്മിനുള്ളിലും ഇത്തരം പ്രക്രിയകള്‍ നടക്കുന്നുണ്ടാവാം, എനിക്കറിയില്ല. ഞങ്ങള്‍ ഇത്തരം വിമര്‍ശങ്ങള്‍ സ്വാഗതം ചെയ്യുന്നവരാണ്. പക്ഷേ, അത് അപ്പോഴപ്പോള്‍ മാധ്യമങ്ങളെ അറിയിക്കുന്നതിന് പിന്നില്‍ സദുദ്ദേശ്യമല്ല ഉള്ളതെന്നാണ് ഞാന്‍ വ്യക്തമാക്കിയത്.
നല്ല പോലെ തോറ്റു, അതിനി ജയിച്ചെന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാനാവില്ലഎന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. സിപിഎം പോളിറ്റ് ബ്യൂറൊ അംഗം പ്രകാശ് കാരാട്ടും കര്‍ശനമായ തിരുത്തല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, വ്യാഴാഴ്ച തിരുവനന്തപുരത്ത് സമാപിച്ച സിപിഎം സംസ്ഥാന സമിതി യോഗം ഈ നിലപാട് ശക്തമായി എടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഈ പശ്ചാത്തലത്തില്‍ സിപിഐ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെയ്ക്കുന്നത് ജനാധിപത്യ കേരളം സന്തോഷത്തോടെയല്ലേ കാണുക?
ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്ന ജൂണ്‍ നാലിന് തന്നെ ജനവിധി ഉള്‍ക്കൊള്ളുന്നുവെന്നും ഈ പരാജയം കണക്കുകള്‍ കൊണ്ടോ വ്യാഖ്യാന പാടവം കൊണ്ടോ ന്യായീകരിക്കാനാവില്ലെന്നും കൃത്യമായി പറഞ്ഞ പാര്‍ട്ടിയാണ് സിപിഐ. ജനവിധി സമഗ്രമായി വിലയിരുത്തണമെന്നും ആവശ്യമായ തിരുത്തലുകള്‍ വേണമെന്നുമുള്ള കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല.
തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നില്‍ സിപിഎം-ബിജെപി പാക്കേജ് ഉണ്ടെന്ന ഗുരുതര വിമര്‍ശം സിപിഐ എറണാകുളം കൗണ്‍സില്‍ യോഗത്തിലുയര്‍ന്നു. ഇതിനോടുള്ള പ്രതികരണം എന്താണ്?
അങ്ങിനെ ഉണ്ടായതായി പത്രത്തില്‍ വായിച്ച അറിവേ എനിക്കുള്ളൂ. ഒരു സഖാവ് ഉയര്‍ത്തിയ വിമര്‍ശം പാര്‍ട്ടിയുടെ നിലപാടായി കാണരുത്. ഇത്തരമൊരു നിഗമനത്തില്‍ എത്തണമെങ്കില്‍ ആഴത്തിലുള്ള പഠനവും വസ്തുതകളുടെ പിന്‍ബലവമുണ്ടാവണം. അല്ലാതെയുള്ള വിമര്‍ശം ഒരാള്‍ ഉയര്‍ത്തുന്ന ആരോപണം മാത്രമാണ്. അത് ഘടകത്തില്‍ പറയാം. ജില്ലാ കമ്മിറ്റികള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സമിതി വിലയിരുത്തും. എന്നിട്ട് അതിന്മേലുള്ള തീരുമാനം ഞങ്ങള്‍ പുറത്ത് പറയും.
ഈ തീരുമാനം ഇടത് മുന്നണിയിലും സിപിഐ അവതരിപ്പിക്കില്ലേ?
തീര്‍ച്ചയായും. ഇടതമുന്നണിക്കോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ഇത് ആദ്യത്തെ പരാജയമല്ല. പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി തിരുത്തുക എന്നതാണ് കമ്മ്യൂണിസ്റ്റ് മാര്‍ഗം.
ശരിയാണ്. നേരത്തെയും തിരിച്ചടികളുണ്ടായിട്ടുണ്ട്. പക്ഷേ, 2019 ല്‍ സിപിഎം നേതൃത്വം നല്‍കുന്ന പിണറായി സര്‍ക്കാരിന് ഇന്നത്തേത് പോലൊരു പ്രതിച്ഛായ പ്രതിസന്ധിയുണ്ടായിരുന്നില്ല?
ഞങ്ങളുടെ വിലയരുത്തലില്‍ ഭരണകൂടത്തിന്റെ പ്രകടനവും പാര്‍ട്ടികളുടെ ചെയ്തികളും നേതാക്കളുടെ ജീവിതവുമൊക്കെത്തന്നെ ഉള്‍പ്പെടും. സമഗ്രമായ തിരുത്തല്‍ പ്രക്രിയയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

കാതലായ തിരുത്തല്‍ വേണമെന്ന് പറയുമ്പോള്‍ ആത്യന്തികമായി അത് ഭരണ നേതൃത്വത്തില്‍ മാറ്റം വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാറണമെന്നും തന്നെയല്ലേ?
അത് മാധ്യമങ്ങളുടെ കണ്ടുപടിത്തവും വ്യാഖ്യാനവുമല്ലേ? അതിനൊപ്പം നിന്നുതരാന്‍ ഞങ്ങളെ കിട്ടില്ല. ഞങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങള്‍ ഞങ്ങള്‍ എടുത്തോളാം. അതിന് നിങ്ങള്‍ ബുദ്ധിമുട്ടേണ്ടതില്ല.
തിരുത്തല്‍ വേണമെന്ന് പറയുന്നതല്ലാതെ എന്താണ് തിരുത്തേണ്ടത്, ആരാണ് തിരുത്തേണ്ടത് എന്നതില്‍ ഒരു വ്യക്തതയുമില്ലല്ലോ?
തിരുത്തല്‍ എന്നാല്‍ അത് പല തലങ്ങളില്‍ നടക്കേണ്ടതാണ്. അതിന് ഒറ്റ അര്‍ത്ഥമേയുള്ളു എന്നത് നിങ്ങളുടെ കാഴ്ചപ്പാടാണ്.
സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലില്‍ നിന്നുയര്‍ന്ന ഒരാവശ്യം വേണ്ടി വന്നാല്‍ സിപിഐ ഇടത് മുന്നണി വിടണം എന്നതാണ്. അങ്ങിനെയൊരു ആലോചന പാര്‍ട്ടിക്കുണ്ടോ?
ഇത്തരം വാര്‍ത്തകളോടൊന്നും പ്രതികരിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല.
അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു സിപിഐ എന്നത് പാര്‍ട്ടിയെ എന്നും പിന്തുടരുന്ന ഒരു നിഴലാണ്. പക്ഷേ, അന്നത്തെ കോണ്‍ഗ്രസ് അല്ല ഇന്നത്തെ കോണ്‍ഗ്രസ്. നെഹ്രൂവിയന്‍ സോഷ്യലിസത്തിന്റെ വഴിയിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ സഞ്ചാരം. ദേശീയതലത്തില്‍ സിപിഐ ഇന്ത്യ മുന്നണിയിലുണ്ട്. അപ്പോള്‍ പിന്നെ കേരളത്തില്‍ അത്തരമൊരു സഖ്യം നിഷിദ്ധമാകേണ്ടതുണ്ടോ?
പാര്‍ട്ടിയുടെ നയങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസിലാണ്. ഇടുക്കി ജില്ലാ കൗണ്‍സിലോ കേരള സംസ്ഥാന സമിതിയോ അല്ല ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് കാതലായ തിരുത്തല്‍ ഉണ്ടാവുമന്നെ് താങ്കള്‍ പ്രതീക്ഷിക്കുന്നുണ്ടോ?
വേണ്ട സമയത്ത് തിരുത്തുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിസ്ഥാനസ്വഭാവമാണ്. അത് ദൗര്‍ബല്ല്യമോ പരാജയമോ അല്ല. വിജയത്തിലേക്കുള്ള വഴിയാണത്. സിപിഐയെ പോലെതന്നെ സിപിഎമ്മിനും ബോദ്ധ്യമുള്ള സംഗതിയാണത്.

ഭരണത്തില്‍ നേതൃമാറ്റം അനിവാര്യമാണ് എന്നൊരു നിഗമനമുണ്ടായാല്‍ അത് സിപിഐ ഇടത് മുന്നണിയില്‍ ഉന്നയിക്കുമോ?
ഇത്തരമൊരു ഏക അജണ്ട നിങ്ങളുടേതാണ്. അത് സിപിഐയ്ക്ക് അങ്ങിനെ ഒരു നിലപാടില്ല, ഇല്ല, ഇല്ല.
പിപി. സുനീറിനെ രാജ്യസഭാ എംപിയായി തീരുമാനിച്ചത് അദ്ദേഹം ന്യൂനപക്ഷ സമുദായാംഗം ആയതുകൊണ്ടു കൂടിയാണെന്ന താങ്കളുടെ പരാമര്‍ശം വിവാദമായിട്ടുണ്ട്. എന്താണ് താങ്കളുടെ പ്രതികരണം?
സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുത്തിട്ടുണ്ട്. ന്യൂനപക്ഷ, ദളിത്, ആദിവാസി , പിന്നാക്ക സമൂഹങ്ങളില്‍ നിന്നുള്ളവരെ പ്രോത്സാഹിപ്പിക്കണം, കൈപിടിച്ചുയര്‍ത്തണം എന്നത് പാര്‍ട്ടിയുടെ ഔദ്യോഗിക നയമാണ്. ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐ. പക്ഷേ, ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കൊപ്പം ഞങ്ങളുണ്ടാവില്ല. പി.പി.സുനീര്‍ പാര്‍ട്ടിക്ക് വേണ്ടി ഒരു പാട് അദ്ധ്വാനിക്കുന്ന വ്യക്തിയാണ്. തോല്‍ക്കുമെന്നുറപ്പുള്ള പല തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി പറഞ്ഞിട്ട് മത്സരിച്ചിട്ടുള്ളയാളാണ്. മലപ്പുറം പോലൊരിടത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ സുനീര്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. അങ്ങിനെയൊരു നേതാവിനെ രാജ്യസഭയിലേക്ക് വിടുന്നത് ഒരു അപരാധമല്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുസ്ലിങ്ങളുടെ പ്രാതിനിധ്യം വല്ലാതെ ശുഷ്‌കമാവുന്ന കാലമാണിത്. ബിജെപിക്ക് ഒരു എംപി പോലും പാര്‍ലമെന്റില്‍ ഇല്ല എന്ന് വിസ്മരിക്കരുത്. 543 അംഗ ലോക്‌സഭയില്‍ 24 പേര്‍ മാത്രമാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ളത്. അതായത് മൊത്തം അംഗബലത്തിന്റെ വെറും 4.4 ശതമാനം. ഇന്ത്യന്‍ ജനതയില്‍ പതിനാല് ശതമാനം വരുന്ന ജനവിഭാഗത്തോടാണ് ഈ അനീതി എന്ന് മറക്കരുത്.
Content Highlights: binoy viswam, cpi, ldf, pp suneer, rajyasabha election, pinarayi vijayan, suresh gopi
Published: 21 Jun 2024, 02:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented