തിരുവനന്തപുരം: കേരളത്തിന്റെ പച്ചപ്പുനിറഞ്ഞ സൗന്ദര്യം, സംസ്‌കാരം, ഭക്ഷണവൈവിധ്യം എന്നിവയൊക്കെ വിസ്മയിപ്പിച്ചെന്ന് ബ്രിക്‌സ് രാജ്യങ്ങളിൽ നിന്നെത്തിയ സാമൂഹികമാധ്യമ പ്രവർത്തകർ. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മടങ്ങും മുൻപ് ഒന്നുകൂടി അവർ പറഞ്ഞു- 'സിമ്പിൾ ചീഫ് മിനിസ്റ്റർ'. 19 രാജ്യങ്ങളിൽനിന്നുള്ള 35 പേരടങ്ങുന്ന വ്‌ളോഗർമാരുടെയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരുടെയും സംഘം മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആതിഥേയത്വത്തിനു നന്ദി അറിയിക്കുകയും കേരളത്തിൽ വീണ്ടുമെത്താനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയായിരുന്നു സന്ദർശനം. ചൈനയിലെ വ്‌ലോഗർ ചെൻ യോങ്‌സിക്ക് കേരളത്തിന്റെ സംസ്‌കാരം, ഭക്ഷണം, പച്ചപ്പ്, സ്വീകരണം എന്നിവയാണിഷ്ടപ്പെട്ടത്. 32 വിഭവങ്ങളടങ്ങിയ ഇലയിലെ സദ്യ മികച്ച ഭക്ഷണാനുഭവമായിരുന്നുവെന്ന് അവർ പറഞ്ഞു. ഇവിടത്തെ പ്രകൃതിസൗന്ദര്യവും പ്രകൃതിയോടിണങ്ങിയ ജീവിതരീതിയും റഷ്യൻ വ്‌ലോഗർ എലിന പെർവേസിവയെ ആകർഷിച്ചു.

To advertise here,

ഇന്ത്യയിൽ തനിക്കേറ്റവും പ്രിയപ്പെട്ട സംസ്ഥാനം കേരളമാണെന്ന് സൗദി വ്‌ളോഗർ ഇമാൻ മുഹമ്മദ് സമീർ പറഞ്ഞു. യു.എ.ഇ.യിൽനിന്നുള്ള നൂറ അബ്ദുള്ള അൽഹെലാലിന് ആതിഥേയത്വവും പാരമ്പര്യവും ഏറെയിഷ്ടപ്പെട്ടു. സാമൂഹികമാധ്യമങ്ങളിൽ കണ്ടതിനേക്കാൾ മനോഹരമാണ് നേരിൽക്കണ്ട കേരളമെന്ന് യു.എ.ഇ. ഇൻഫ്‌ലുവൻസർ അഹമ്മദ് മൗസ്തഫ എൽവദി പറഞ്ഞു. സിനിമകളിലും വീഡിയോകളിലും കണ്ട കേരളത്തിന്റെ പ്രകൃതിഭംഗി ഗ്രാഫിക്‌സല്ലെന്നും യാഥാർഥ്യമാണെന്നും നേരിൽ കണ്ടപ്പോഴാണ് ബോധ്യമായതെന്ന് എത്യോപ്യൻ വ്‌ളോഗർ കസിം മേക്ക പറഞ്ഞു. ഈജിപ്തിലെ ഫാത്തിമ എൽസഹ്‌റയും മറിയ അബ്ദുള്ള മുഹമ്മദും കേരളത്തിന്റെ വൃത്തിയും ക്രാഫ്റ്റ് ബസാറുകളും വിനോദസഞ്ചാര സാധ്യതകളും പ്രശംസനീയമെന്ന് പറഞ്ഞു. തുറമുഖം, വിനോദസഞ്ചാരം, ആരോഗ്യം, ഐ.ടി. മേഖലകളുടെ വികസനത്തിലൂടെ കേരളത്തെ മികച്ച നിക്ഷേപകേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശകരോട് പറഞ്ഞു. പോർട്ട് സിറ്റി, ഏവിയേഷൻ ഹബ്ബ് വികസനം തുടങ്ങിയ വികസനപദ്ധതികളും വിശദീകരിച്ചു.