സംസ്ഥാനത്തെ വൈദ്യുതി വിതരണരംഗം നേരിടുന്ന പ്രതിസന്ധികളെയും അതു മറികടക്കാനുള്ള ശ്രമങ്ങളെയും സാധ്യമായ പരിഹാരങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ മേധാവി ബിജു പ്രഭാകര്‍.

To advertise here,

വൈദ്യുതി വിതരണത്തിലെ ചോര്‍ച്ച തടയാന്‍ ഈയിടെ നടപടികള്‍ ഊര്‍ജിതമാക്കിയല്ലോ. ഈ പ്രശ്‌നത്തിന് പരിഹാരമെന്താണ്.

സ്മാര്‍ട്ട് മീറ്ററാണ് ഒരേയൊരു പരിഹാരം. ട്രാന്‍സ്മിഷന്‍ നഷ്ടം ഏതാണ്ട് പരിധിക്കുള്ളിലാണ്. ഡിസ്ട്രിബ്യൂഷന്‍ സൈഡില്‍ വൈദ്യുതി ചോരുന്ന ട്രാന്‍സ്‌ഫോര്‍മറുകളും സിസ്റ്റങ്ങളും കണ്ടെത്തേണ്ടതുണ്ട്. അതിനായി നിരീക്ഷണ സംവിധാനവും (SCADA ഉള്‍പ്പെടെ) വിവരസാങ്കേതിക വിദ്യയുടെ അടിത്തറയും ശക്തിപ്പെടുത്തണം. അതിന് വിതരണ മേഖലയില്‍ വന്‍ നിക്ഷേപം ആവശ്യമാണ്. ഇപ്പോള്‍ നടന്നുവരുന്ന കേന്ദ്ര പദ്ധതിയായ ആര്‍ഡിഎസ്എസ് (നവീകരിച്ച വിതരണ മേഖല പദ്ധതി) നില മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വൈദ്യുതി മോഷണത്തിന് ഏറെ സാധ്യതകള്‍ നിലവിലുണ്ട്. 1.39 കോടി ഉപയോക്താക്കളാണ് ആകെയുള്ളത്. വൈദ്യുതി ചോര്‍ച്ച നിരീക്ഷിക്കുന്ന മീറ്ററുകളുടെ ഏതാണ്ട് 10 ശതമാനം തുടര്‍ച്ചയായി കേടായിക്കൊണ്ടിരിക്കും. ഒരു ഉപഭോക്താവ് വൈദ്യുതി കൂടുതൽ ഉപയോഗിച്ചിട്ട് മീറ്റര്‍ കേടാണെന്നു പറഞ്ഞാല്‍ അതിലെ കള്ളത്തരങ്ങള്‍ പെട്ടെന്ന് കണ്ടെത്താനാവില്ല. ഇത്തരം പ്രശ്‌നങ്ങളില്‍ ഒരു ചെറിയ വിഭാഗം ജീവനക്കാര്‍ കണ്ണടച്ചു കൊടുക്കുന്നതും മോഷണം പെരുകാന്‍ ഒരു കാരണമാണ്. ഓരോ ട്രാന്‍സ്‌ഫോര്‍മറിനെയും ഓരോ കോസ്റ്റ് സെന്ററാക്കി മാറ്റാനാണ് ബോര്‍ഡിന്റെ ശ്രമം. വിതരണത്തിന് ഏതാണ്ട് 90,000 ട്രാന്‍സ്‌ഫോര്‍മറുകളാണ് ഉള്ളത്. അവയോരോന്നിലും എത്തുന്ന വൈദ്യുതി എത്രയാണ്, ഉപയോക്താക്കള്‍ക്ക് കൊടുക്കുന്നത് എത്രയാണ് എന്നു മനസ്സിലാക്കി നിര്‍ദിഷ്ട പരിധിയില്‍ കവിഞ്ഞ നഷ്ടം കാണുന്നുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിച്ച് മോഷണമുണ്ടോ എന്നു കണ്ടുപിടിക്കുകയും ചെയ്യുന്ന ശാസ്ത്രീയരീതിയിലേക്ക് പോവാനാണ് ശ്രമം. വൈദ്യുതിമോഷണ വിരുദ്ധ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. മോഷണം പതിവാക്കുന്നവരുടെ വൈദ്യുതി ബന്ധം സ്ഥിരമായി വിച്ഛേദിക്കുന്നതും ആലോചിക്കേണ്ടി വരും.

സാധാരണക്കാര്‍ക്ക് നല്‍കുന്ന വൈദ്യുതിയുടെ വില കുറയ്ക്കാനാവുമോ.

വില കുറഞ്ഞ വൈദ്യുതി ലഭ്യമായില്ലെങ്കില്‍ ഇത് ഉടനടി നടപ്പാക്കാനാവില്ല. നമ്മുടെ വൈദ്യുതി ആവശ്യത്തിന്റെ 70 ശതമാനവും പുറത്തു നിന്നാണ് വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പീക്ക് സമയത്തെ വാങ്ങല്‍ നിരക്ക് യൂണിറ്റിന് 14 രൂപ വരെ ഉയര്‍ന്നു. കെഎസ്ഇബിയുടെ ചില മുന്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ജയിലിലായത് പ്രധാന വൈദ്യുതി പദ്ധതികളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ തുടര്‍ന്നായിരുന്നു. ഇതൊക്കെ കാരണം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും മേധാവിമാരും വന്‍ ചെലവ് വരുന്ന ഉത്പാദന പദ്ധതികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് അറയ്ക്കുന്ന സാഹചര്യമുണ്ട്. അടുത്ത ഏഴു വര്‍ഷം 250 മെഗാവാട്ടില്‍ താഴെയുള്ള ജലവൈദ്യുതി പദ്ധതികള്‍ മാത്രമേ കേരളത്തില്‍ കമ്മിഷന്‍ ചെയ്യൂ. ഇത് തീരെ അപര്യാപ്തമാണ്. ഈ കാലയളവില്‍ പ്രധാന പി.എസ്.പി (പംപ്ഡ് സ്‌റ്റോറേജ് പ്ലാന്റ്‌സ്), കാറ്റിനെ അടിസ്ഥാനമാക്കിയ പദ്ധതികള്‍ക്ക് തുടക്കമാകില്ല. എന്നാല്‍ വില കുറഞ്ഞ വൈദ്യുതി ലഭിച്ചാല്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. ഇന്ത്യന്‍ അണുശക്തി കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഏജന്‍സികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പലിശ കുറഞ്ഞ മൂലധനം ലഭിക്കുന്നതിനായി നബാര്‍ഡ്, ഗ്രാമീണ വൈദ്യുതീകരണ കോര്‍പ്പറേഷന്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സ്വകാര്യ, സര്‍ക്കാര്‍ കമ്പനികളുമായുള്ള സംയുക്ത സംരംഭങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. വാങ്ങുന്ന വൈദ്യുതിയ്ക്ക് വിലകുറഞ്ഞാല്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് വില കുറയുകയുള്ളൂ.  

വൈദ്യുതി മേഖലയിലെ സ്വകാര്യ നിക്ഷേപത്തിന് സഹായകമായ സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനെല്ലാം സമയവും വന്‍ മൂലധനവും ആവശ്യമാണ്. അടുത്ത ഏഴുവര്‍ഷം വിലകൂടിയ വൈദ്യുതി വാങ്ങേണ്ടി വന്നേക്കാം. ഈ കാലയളവില്‍ വൈദ്യുതി ലഭ്യമാക്കാന്‍ സോളാര്‍, ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങളില്‍ നിക്ഷേപിക്കുക എന്ന മാര്‍​ഗം മാത്രമേ ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളൂ. (ഇവ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കാവുന്നതാണ്). അതേസമയം ജലവൈദ്യുതി, പി.എസ്.പി സോളാര്‍, കാറ്റ്, കടല്‍ക്കാറ്റ് ടര്‍ബൈനുകള്‍ എന്നിവയില്‍ നിക്ഷേപം നടത്തി മറ്റൊരു 7,000 മെഗാവാട്ട് ഉത്പാദിപ്പിക്കാനുള്ള അടിത്തറ പാകണം. ഈ രീതിയിലുള്ള ശ്രമങ്ങളിലൂടെ 2030-ഓടെ സ്വയംപര്യാപ്തതയും വില കുറഞ്ഞ വൈദ്യുതിയും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2030-ഓടെ 10,000 മെഗാവാട്ട് സ്ഥാപിത ശേഷി കൈവരിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള സ്ഥാപിതശേഷി 3200 മെഗാവാട്ടാണ്.

വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളെ പറ്റി

കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കണമെങ്കില്‍ ഏതാണ്ട് 20,000 മെഗാവാട്ട് വൈദ്യുതി വേണ്ടിവരും. ആ ശേഷി ഉണ്ടാക്കാന്‍ ഏതാണ്ട് 58,000 കോടി രൂപ മാറ്റി വെയ്‌ക്കേണ്ടി വരും. കേരളത്തില്‍ ഗാര്‍ഹിക ഉപയോക്താക്കളാണ് 85 ശതമാനവും. വ്യാവസായിക ഉപയോക്താക്കള്‍ വളരെ കുറവാണ്. വ്യവസായികള്‍ക്കുള്ള വൈദ്യുതി നിരക്ക് കഴിയുന്നത്ര കുറയ്ക്കണം. കാരണം, നമ്മുടെ ചെറുപ്പക്കാര്‍ക്ക് ജോലി കൊടുക്കണമെങ്കില്‍ കേരളത്തിന് വ്യവസായങ്ങൾ ആവശ്യമുണ്ട്. ഭൂപരിഷ്‌കരണമടക്കമുള്ള നയങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തണം. ഭൂമിയും വൈദ്യുതിയും സൗജന്യമായോ സൗജന്യ നിരക്കിലോ ലഭ്യമാക്കാനായാല്‍ കൂടുതല്‍ വ്യവസായങ്ങള്‍ വരും. അത് കൂടുതല്‍ തൊഴിലുണ്ടാക്കും, സമൃദ്ധിയുണ്ടാക്കും, നികുതിവരുമാന വര്‍ധനവുണ്ടാക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്കു കുറച്ചുകൊടുത്താല്‍ കാര്യമായ ഗുണമുണ്ടെന്നു തോന്നുന്നില്ല. അഥവാ കൊടുക്കുകയാണെങ്കില്‍, ഏറ്റവും താഴെത്തട്ടിലുള്ളവര്‍ക്കേ കൊടുക്കാവൂ. വീട്ടില്‍ നാലും അഞ്ചും എസി ഉള്ളവര്‍ക്ക് നിരക്കു കുറയ്‌ക്കേണ്ട കാര്യമില്ല. എന്നാല്‍ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന, തുച്ഛവേതനക്കാരായ കൂലിപ്പണിക്കാര്‍ക്ക് കുറച്ചുകൊടുക്കണം.

ബോര്‍ഡിന്റെ സാമ്പത്തിക സാഹചര്യം

സാമ്പത്തിക സാഹചര്യം വളരെ മോശമാണ്. 13,250 കോടി രൂപയുടെ വൈദ്യുതി കഴിഞ്ഞ വര്‍ഷം വാങ്ങി. അതിനു മുമ്പത്തെ വര്‍ഷം 11,000 കോടി രൂപയ്ക്കു മുകളിലായിരുന്നു വൈദ്യുതി വാങ്ങല്‍ ചെലവ്.  ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ 2030 എത്തുമ്പോള്‍ ഏതാണ്ട് 25,000 കോടി രൂപയുടെ വൈദ്യുതി കേരളം വാങ്ങേണ്ടതായി വരും. അധിക വരുമാനമില്ലാത്ത, കാര്യമായ വ്യവസായവത്ക്കരണം നടക്കാത്ത ഒരു സംസ്ഥാനത്തിന് ഇത് എത്രത്തോളം സാധ്യമാവുമെന്ന് കണ്ടറിയണം. അതിനാല്‍ ഉത്പാദനത്തിലേക്ക് ശ്രദ്ധയും അധ്വാനവും മുഴുവന്‍ കേന്ദ്രീകരിക്കേണ്ട ആവശ്യമുണ്ട്. അതുപോലെ, പ്രസരണനഷ്ടം കുറയ്ക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളണം.

ബോര്‍ഡിന്റെ മൊത്തം ചെലവിന്റെ 20.9 ശതമാനവും പോവുന്നത് മനുഷ്യവിഭവത്തിനു വേണ്ടിയാണ്. ഇത് ഇനിയും വര്‍ധിപ്പിക്കുന്നത് താരിഫ് വര്‍ധനവിന് ഇടവരുത്തും.  അതിനാല്‍ പുതിയ സാങ്കേതികവിദ്യയുടെ കടന്നുവരവിന് അനുസരിച്ച് ജീവനക്കാരുടെ പുനര്‍വിന്യാസവും പുനഃസംഘടനയും അനിവാര്യമാണ്. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മനുഷ്യശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്ന കാര്യക്ഷമമായ കമ്പനിയായി കെ.എസ്.ഇ.ബി മാറണം.  

ബോര്‍ഡിന്റെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 1023 കോടി രൂപയാണ്. പെന്‍ഷന്‍കാര്‍ക്ക് മാസ്റ്റര്‍ട്രസ്റ്റ്  ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 6,500 കോടിയില്‍ അധികം  രൂപ കണ്ടെത്തേണ്ടതുണ്ട്. സ്മാര്‍ട്ട് മീറ്ററിന് 277 കോടി രൂപ ഉടന്‍ ബോര്‍ഡ് കണ്ടെത്തണം. പലയിടത്തും ട്രാന്‍സ്‌ഫോര്‍മറുകള്‍ മാറ്റാറായി. ജനങ്ങളുടെ ആവശ്യത്തിന് അനുസരിച്ച്  പുതിയ സബ്‌സ്റ്റേഷനുകള്‍ സ്ഥാപിക്കേണ്ട ആവശ്യമുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വന്‍തോതിലുള്ള നിക്ഷേപം ആവശ്യമുണ്ട്. എല്ലാത്തിനും കേന്ദ്രത്തെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോവാനാവില്ല. പരിമിതികളുണ്ടെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ഈ മേഖലയില്‍ പരമാവധി നിക്ഷേപം നടത്തിയാലേ മുന്നോട്ടു പോകാനാവൂ. 465 മെഗാവാട്ടിന്റെ വൈദ്യുതി വാങ്ങുന്നതു സംബന്ധിച്ച ദീര്‍ഘകാല കരാര്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കുന്നു. വൈദ്യുതി അപ്പലെറ്റ് ട്രൈബ്യൂണലിനു മുന്നിലെ കേസില്‍ ഇതുവരെ അന്തിമതീരുമാനം വന്നിട്ടില്ല. എങ്കിലും പുതിയ പുതിയ പ്രോജക്ടുകള്‍ കെഎസ്ഇബി മുന്നോട്ടുവെയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കല്ലടയിലെ 50 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതിക്ക് നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടത് ഉദാഹരണം. അതുപോലെ പുതിയ പല പദ്ധതികളില്‍ നിന്നും വിലകുറഞ്ഞ വൈദ്യുതി വാങ്ങുന്നതിന് കേന്ദ്ര ഊര്‍ജ മന്ത്രാലയവുമായും നിരവധി സ്ഥാപനങ്ങളുമായും ചര്‍ച്ച നടന്നുവരുന്നു. കായംകുളത്ത് കൂടുല്‍ നിക്ഷേപം നടത്താമെന്ന് എന്‍.ടി.പി.സി പറഞ്ഞിട്ടുണ്ട്.

പുരപ്പുറ സൗരോര്‍ജ വൈദ്യുതിയും കെ.എസ്.ഇ.ബിയും

പുരപ്പുറ വൈദ്യുതിക്ക് നാട്ടുകാര്‍ വലിയതോതില്‍ നിക്ഷേപം നടത്തിയാല്‍ പകല്‍നേരത്ത് കൂടുതല്‍ വൈദ്യുതി കിട്ടുമെന്നത് ശരിയാണ്. പക്ഷേ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങാന്‍ കരാറുള്ളവരില്‍ നിന്നും ബോര്‍ഡിന് വൈദ്യുതി വാങ്ങാതിരിക്കാന്‍ കഴിയില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏതാണ്ട് 850 മെഗാവാട്ടിന്റെ പുരപ്പുറ വൈദ്യുതി സ്ഥാപിച്ചിട്ടുണ്ട്. വരുന്ന രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് 3,000 മെഗാവാട്ട് വരെ എത്താം. പുരപ്പുറ സൗരോര്‍ജ പദ്ധതിക്കൊപ്പം വൈദ്യുത സംഭരണത്തിനുള്ള BESS (ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം) കൊണ്ടുവരുന്ന കാര്യം ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ പീക്ക് ടൈമിലും ആ വൈദ്യുതി ഉപയോഗിക്കാനാവും, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കാനുമാവും. കൂടുതല്‍ പണം കിട്ടിയാല്‍ കൂടുതല്‍ നിക്ഷേപിക്കാനും അവര്‍ തയ്യാറാവുമല്ലോ.

ബോര്‍ഡിനു മുന്നിലെ വെല്ലുവിളികള്‍

ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി പണമില്ലെന്നതാണ്. ഒമ്പതര ശതമാനവും പത്തര ശതമാനവും പലിശയ്ക്ക് പണം കടമെടുക്കുമ്പോള്‍ ഒരു പ്രോജക്ടും ലാഭകരമാവില്ല. പുതിയ പദ്ധതികള്‍ സ്ഥാപിക്കുമ്പോള്‍ തലപ്പത്തുള്ളവരെ അടിയ്ക്കടി മാറ്റുന്നത് വൈദഗ്ധ്യം നേടുന്നത് ബുദ്ധിമുട്ടാക്കുന്നു. ഉത്പാദനത്തില്‍ ഇരിക്കുന്നവര്‍ വിതരണത്തിലേക്കും പ്രസാരണത്തിലേക്കും അതുപോലെ തിരിച്ചും മാറ്റപ്പെടുന്ന സാഹചര്യമാണ്. കെ.എസ്.ഇ.ബിയില്‍ ഉത്പാദന പ്രസരണ വിതരണ മേഖലകളെ മൂന്നു സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുകളായി (എസ്.ബി.ഒ) മാറ്റിയിട്ടുണ്ടെങ്കിലും ഉദ്ദേശിച്ചത്ര ഫലം കണ്ടിട്ടില്ല. സവിശേഷമായ സാങ്കേതിക പരിജ്ഞാനമുള്ളവരെ ഉചിതമായ ഇടങ്ങളില്‍ കമ്പനിയുടെ ആവശ്യപ്രകാരം ഉപയോഗപ്പെടുത്തുന്നതിന് ഉതകുന്ന സ്ഥലമാറ്റ നയങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്.

വൈദ്യുതിയുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക മേഖലകളില്‍ വൈദഗ്ധ്യമുള്ള സ്ഥിരം കേഡര്‍ ഉണ്ടായേ പറ്റൂ. ആ ലക്ഷ്യത്തോടെ ജീവനക്കാര്‍ക്ക് ഉത്പാദനവുമായി ബന്ധപ്പെട്ട മേഖലകളില്‍ സ്ഥിരമായ പോസ്റ്റിങ് നല്‍കുകയും രാജ്യത്തിനകത്തും വിദേശത്തും വിട്ട് പരിശീലനം നല്‍കുകയും സ്വകാര്യ കമ്പനികളുടെ രൂപകല്‍പ്പനാപരിപാടികളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. അങ്ങനെ മറ്റു സംസ്ഥാനങ്ങള്‍ക്കു പോലും വിദഗ്‌ധോപദേശം നല്‍കാന്‍ കഴിയുന്ന ഫെഡോ പോലുള്ള ഒരു വിഭാഗമാക്കി കണ്‍സള്‍ട്ടന്‍സി പ്രോജക്ട് വിഭാഗത്തിനെ വളര്‍ത്തണം എന്നാണ് താത്പര്യം. കെ.എസ്.ഇ.ബി തന്നെ മുന്‍കൈയെടുത്ത് 1,000 മെഗാവാട്ടിന്റെ BESS അടിയന്തിരമായി സ്ഥാപിച്ചില്ലെങ്കില്‍ കേരളത്തിന്റെ കാര്യം കഷ്ടമായിരിക്കും. ഇതിനുള്ള വലിയ പണച്ചെലവ് എങ്ങനെ സാധിക്കും എന്നത് പ്രശ്‌നമാണ്. കൂടാതെ, തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥര്‍ കോടതി കയറിയിറങ്ങേണ്ടി വരുന്ന സാഹചര്യത്തില്‍ ആരു റിസ്‌കെടുക്കുമെന്നതും ചോദ്യചിഹ്നമാണ്.