രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ശബരിമല സ്വർണക്കൊള്ള ഉള്‍പ്പടെ മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടികൊണ്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന് തദ്ദേശതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും അടൂര്‍ പ്രകാശ് പറയുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സാധ്യതകളെക്കുറിച്ച് അടൂര്‍ പ്രകാശ് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.

To advertise here,

തദ്ദേശ തിരഞ്ഞെടുപ്പിലെ ഒരുക്കങ്ങളില്‍ തൃപ്തനാണോ, എന്തായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ നേതൃത്വം നല്‍കിയ ഏകോപന പ്രവര്‍ത്തനങ്ങള്‍?

തിരഞ്ഞെടുപ്പിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് യുഡിഎഫ് തയാറെടുത്തത്. യുഡിഎഫിനെ ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞുവെന്ന് അഭിമാനത്തോടെ പറയാം. തിരഞ്ഞെടുപ്പ് ആകുമ്പോള്‍ മത്സരിക്കണമെന്ന് ഒരുപാട് പേര്‍ക്ക് ആഗ്രഹമുണ്ടാകും. പക്ഷേ, ഈ തിരഞ്ഞെടുപ്പില്‍ നമ്മള്‍ അതിനുള്ള സംവിധാനം നേരത്തെ ഒരുക്കി. വാര്‍ഡ് തലത്തില്‍ ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ഥികളെ നിശ്ചയിക്കാം എന്ന തീരുമാനം നേരത്തെ കൈകൊണ്ടു. അത് നടപ്പാക്കാന്‍ പ്രത്യേക സര്‍ക്കുലര്‍ ഘടകകക്ഷികള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും നല്‍കി. പരാതികള്‍ വളരെ വിരളമായിരുന്നു. പരാതികള്‍ ഉന്നയിച്ചത് എല്ലാം പരിഹരിക്കാനും സാധിച്ചു.

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്, ഈ തിരഞ്ഞെടുപ്പില്‍ എവിടെയാണ് പാര്‍ട്ടിയുടെ സ്ഥാനം?

മൂന്നാമത് നില്‍ക്കുന്ന പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയതില്‍ പ്രത്യേക കാരണങ്ങളുണ്ട്. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ ആ കാരണങ്ങള്‍ എന്താണെന്നും എനിക്കറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് കെപിസിസി പ്രസിഡന്റ് ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്തെ കാര്യങ്ങള്‍ പരിശോധിക്കാനും നേതൃത്വം നല്‍കാനും എന്നെ ചുമതലപ്പെടുത്തി. അതനുസരിച്ച് പല യോഗങ്ങളും ഞാന്‍ വിളിച്ച് ചേര്‍ത്തു. ഇവിടുള്ള നേതാക്കന്മാര്‍ ഒരു തരത്തിലും അംഗീകാരമില്ലാത്ത ആളുകളെ കൊണ്ടുവന്ന് കോര്‍പ്പറേഷനില്‍ മത്സരിപ്പിക്കാന്‍ തിടുക്കം കാണിക്കുന്നുവെന്ന് മനസ്സിലായി. ആ തിടുക്കം വലിയ അപകടത്തിലേക്ക് നയിക്കുമെന്നും മനസ്സിലായി.

പത്തില്‍ താഴെ ആളുകളേ വിജയിക്കൂ എന്നാണ് ഞാന്‍ കെപിസിസി പ്രസിഡന്റിന് റിപ്പോര്‍ട്ട് നല്‍കിയത്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കി മറ്റാര്‍ക്കെങ്കിലും നല്‍കണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. പിന്നീട് മറ്റ് മേഖലകളിലെ പ്രവര്‍ത്തനത്തില്‍ ഞാന്‍ ശ്രദ്ധിച്ചു. ഇത്തവണ തിരുവനന്തപുരത്ത് ആശ്വാസ്യകരമായ ഫലം ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഭരണം പിടിക്കുമെന്ന് ഞാന്‍ നൂറുശതമാനം പറയുന്നില്ല. നേരത്തെ തന്നെ ഞങ്ങള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുന്‍ എംഎല്‍എ ശബരീനാഥനെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

വൈഷ്ണ സുരേഷിനെ ചുറ്റിപ്പറ്റി നടന്ന വിവാദങ്ങളെ എങ്ങനെ കാണുന്നു?

ഏറ്റവും പ്രായം കുറഞ്ഞ ഞങ്ങളുടെ സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഗുണം ചെയ്യും. അവരുടെ പേര് വെട്ടിമാറ്റി. വൈഷ്ണയെ സ്ഥാനാര്‍ഥി ആക്കാതിരിക്കാനുള്ള നീക്കം നടത്തി. അവര്‍ക്കെതിരെ സിപിഎം ആസൂത്രിതമായ ശ്രമം നടത്തി. വൈഷ്ണ വിജയിക്കരുതെന്ന് സിപിഎം കരുതി. ചെറിയ പ്രായത്തില്‍ ഒരാള്‍ ഈ പ്രസ്ഥാനത്തിലേക്ക് വന്നുകൂടെന്ന് കരുതി സംഘടിതമായി പ്രവര്‍ത്തിച്ചു. ഈ വിഷയത്തില്‍ തീര്‍ച്ചയായും കോര്‍പ്പറേഷന്റെ ഇടപെടല്‍ ഉണ്ടായി. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വൈഷ്ണ വീണ്ടും സ്ഥാനാര്‍ഥിയായി വരുന്നത്.

ആര്യ രാജേന്ദ്രന്‍ മേയറായിരുന്ന സമയത്തെ കോര്‍പ്പറേഷന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?

എന്ത് ധിക്കാരവും കാണിക്കാമെന്നും തനിക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന മനോഭാവമായിരുന്നു ആര്യ രാജേന്ദ്രന്. ഒരു ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തി. അവരുടെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. ഒരു സ്ഥാനത്ത് ഇരിക്കുന്നവര്‍ സമയോചിതമായി കാണിക്കേണ്ട ചില കാര്യങ്ങളുണ്ട്. എടുത്തുചാട്ടം എപ്പോഴും അപകടം ചെയ്യും. സാഹചര്യത്തിന് അനുയോജ്യമായി പ്രവര്‍ത്തിക്കുക എന്നതാണ് മുന്നോട്ട് പോകാന്‍ ഏറ്റവും നല്ലതെന്നാണ് ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത്.

കുറ്റപത്രത്തില്‍ നിന്ന് അവരെ ഒഴിവാക്കിയത് സ്വാഭാവികമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ഇങ്ങനെയല്ലേ സംഭവിക്കൂ. ആരെയൊക്കെ ഒഴിവാക്കണമെന്ന നിര്‍ദേശം പോലീസിന് നല്‍കുകയാണ്. ചിലപ്പോള്‍ മുഖ്യമന്ത്രി പോലും അറിയാത്ത കാര്യങ്ങളുണ്ടാകും. അദ്ദേഹത്തിന്റെ ഓഫീസ് പോലീസിനെ നിയന്ത്രിക്കുന്നുണ്ട്.

രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതില്‍ മുഖ്യമന്ത്രിക്കെതിരെ നിരന്തരമായി വിമര്‍ശനം ഉന്നയിക്കുന്നുണ്ടല്ലോ?

ഒരു പ്രതിയുണ്ടെന്ന് കൃത്യമായി അറിയാന്‍ സാധിക്കുന്ന ഒരാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിച്ച് അദ്ദേഹം മുന്നോട്ട് പോവുകയാണ്. അതിന് കൃത്യമായ കാരണമുണ്ട്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മറ്റ് കാര്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം വിലയിരുത്തല്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്.

കേരളത്തിന്റെ പോലീസ് അത്ര മോശക്കാരൊന്നുമല്ല. വളരെ വൈദഗ്ധ്യമുള്ള ആളുകളാണ് കേരള പോലീസിലുള്ളത്. ഒരു പ്രതി എവിടെയുണ്ടെന്ന് ഗവേഷകരെപ്പോലെ നടന്ന് കണ്ടുപിടിക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥരുണ്ട്. ആ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നതെന്ന് പറയപ്പെടുന്നു. പക്ഷേ, അവര്‍ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന പുകമറ സൃഷ്ടിക്കുന്നത്.

രാഹുല്‍ എവിടെയെന്ന് കോണ്‍ഗ്രസുകാര്‍ക്ക് അറിയാമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കോണ്‍ഗ്രസുകാരെക്കാളും നന്നായി മുഖ്യമന്ത്രിക്ക് അറിയാം. ഇത് അറിയാവുന്ന ആളാണ് കോണ്‍ഗ്രസുകാരെ ആക്ഷേപിക്കുന്നത്. മുഖ്യമന്ത്രി എല്ലാം മറച്ചുവെച്ച് മുന്നോട്ട് പോകുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലേ? മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് രാഹുലിനെ പുറത്താക്കുന്നത്. തീരുമാനം വൈകിപ്പോയോ?

ആ വിഷയമൊക്കെ പോയി. ഒരിക്കലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല.  ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ. അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ല. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് ഒരു സംരക്ഷണവുമില്ല. രാഹുല്‍ വിഷയം അവസാനിച്ച് കഴിഞ്ഞു. ആക്ഷേപം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുമായി ചേര്‍ന്ന് എടുക്കേണ്ട ചില തീരുമാനങ്ങളുണ്ട്. എം.വി. ഗോവിന്ദനൊക്കെ ഇവിടെനിന്ന് തീരുമാനിക്കുന്നത് പോലെ ഞങ്ങള്‍ക്ക് ചെയ്യാനാകില്ല.

മുന്‍കൂര്‍ ജാമ്യം തള്ളിയത് കൊണ്ടല്ല രാഹുലിനെ പുറത്താക്കിയത്. ഞങ്ങള്‍ അത് നേരത്തെ തീരുമാനിച്ചതാണ്. ഏത് പാര്‍ട്ടിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്. സിപിഎമ്മിന് വലിയ ചരിത്രം തന്നെയുണ്ട്. ഇതുപൊലെയുള്ള കേസില്‍പ്പെട്ട ആളുകള്‍ നിയമസഭയിലുണ്ട്. ഇത്തരം ആളുകള്‍ അപ്പുറത്ത് ഉള്ളപ്പോഴാണ് ഞങ്ങളെ ആക്ഷേപിക്കുന്നത്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് തീരുമാനം എടുക്കുന്നത്.

തദ്ദേശത്തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കരുതുന്ന പ്രധാന ഘടകങ്ങള്‍?

ഇത്തവണ തിരഞ്ഞെടുപ്പില്‍ ബാധിക്കുന്ന പ്രധാന ഘടകം അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ച സംഭവമാണ്. സ്വര്‍ണം മോഷ്ടിക്കാന്‍ വഴിയൊരുക്കിയവര്‍ ജയിലില്‍ കിടക്കുകയാണ്. ദേവസ്വം ബോര്‍ഡിന്റെ രണ്ട് പ്രസിഡന്റുമാരാണ് ജയിലില്‍ കിടക്കുന്നത്. ഉദ്യോഗസ്ഥരുടെ പങ്ക് എന്തെന്ന് അറിയാന്‍ വിശ്വാസ സമൂഹത്തിന് അധികാരമുണ്ട്. അയ്യപ്പ ഭക്തനായ വിജയ് മല്യ തനി തങ്കമാണ് സമര്‍പ്പിച്ചത്. ആ സ്വര്‍ണമൊക്കെ പോയി.

പദ്മകുമാറും വാസുവും ജയിലില്‍ കിടക്കുന്നു. ഇതിന് പിന്നില്‍ സിപിഎം എന്ന പ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്. ഇനിയും വലിയ പേരുകള്‍ പുറത്തുവരും. സിബിഐയുടെ നേതൃത്വത്തില്‍ അന്വേഷണം വരണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. കോടതിയുടെ നിരീക്ഷണത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വരുമെന്ന് പറഞ്ഞതിനാലാണ് ഞങ്ങള്‍ അംഗീകരിച്ചത്. പക്ഷേ, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ പിറകോട്ട് വലിഞ്ഞ അവസ്ഥയിലാണ്. തിരഞ്ഞെടുപ്പ് കഴിയുംവരെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളും വരാന്‍ പാടില്ല. അതുകൊണ്ട് വളരെ ആസൂത്രിതമായാണ് ഇവര്‍ മുന്നോട്ട് പോകുന്നത്. ഞങ്ങള്‍ ജനങ്ങളെ ഇത് ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തും.

കേരളത്തിലെ ബിജെപിയുടെ വേരോട്ടത്തെ എങ്ങനെ നോക്കിക്കാണുന്നു?

കേരളത്തിലെ ബിജെപിയും ഇടതുപക്ഷ പ്രസ്ഥാനവും ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളാണ്. ഇവിടെ സിപിഎമ്മിന് ഏതെങ്കിലും തരത്തില്‍ പ്രശ്‌നം ഉണ്ടാകുമെന്ന് തോന്നിയാല്‍ ബിജെപിയുടെ ഇടപെടല്‍ ഉണ്ടാകും. ശബരിമലയിലെ ചര്‍ച്ചകള്‍ ഭക്തരുടെ ഇടയിലേയ്ക്ക് പോകുമെന്ന് തോന്നുമ്പോള്‍ ബിജെപി ഇടപെടും. അതിന് തടയിടാനാണ് ഇഡിയുടെ അന്വേഷണം വരുന്നത്. സിപിഎമ്മിനെ സഹായിക്കാനാണ് കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകാന്‍ ബിജെപി അവസരം ഉണ്ടാക്കിയത്. പരസ്പരം സഹായകരമായ നിലപാടാണ് ഇരുവരും സ്വീകരിക്കുന്നത്.

ദേശീയ പാത പലയിടത്തും തകര്‍ന്ന് വീഴുകയാണ്. കൊട്ടിയത്ത് ദേശീയ പാത തകര്‍ന്നിടത്ത് തലനാരിഴയ്ക്കാണ് സ്‌കൂള്‍ കുട്ടികള്‍ രക്ഷപ്പെട്ടത്. ദേശീയ പാത നിര്‍മിക്കുമ്പോള്‍ സുരക്ഷ പ്രധാനമാണ്. ദേശീയ പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയാണ് എല്ലാവര്‍ക്കും. ശാസ്ത്രീയ പഠനം കൃത്യമായി നടത്തിയിട്ട് വേണ്ടേ സ്ഥലം അനുവദിക്കാന്‍. കേന്ദ്രം ഒരുഭാഗത്തും പൊതുമരാമത്ത് മന്ത്രി മറുഭാഗത്തും ദേശീയ പാതയ്ക്കായി അവകാശവാദം ഉന്നയിക്കുന്നു. ദേശീയ പാതയുടെ അപകടസ്ഥിതിയെക്കുറിച്ച് കേന്ദ്രവും സംസ്ഥാനവും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തി, ഓണറേറിയം വര്‍ധിപ്പിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പ് നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്. ജനങ്ങള്‍ ഏറ്റെടുക്കുന്ന പ്രഖ്യാപനങ്ങളായിരുന്നു പലതും. ഈ പ്രഖ്യാപനങ്ങള്‍ വോട്ടായി മാറില്ലേ ?

ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ വേണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ എല്ലാം. പ്രഖ്യാപനം കൊണ്ടുമാത്രം വോട്ടു വീഴില്ല. പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് അഞ്ചുവര്‍ഷം വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. അന്ന് 2500 ആയി വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോഴിതാ പെന്‍ഷന്‍ 2000 ആക്കുമെന്ന് പ്രഖ്യാപനം വന്നു.

കേരളത്തിന്റെ ജനങ്ങളുടെ വികാരം മനസ്സിലാക്കി അത് വോട്ടാക്കി മാറ്റാനുള്ള പ്രഖ്യാപനങ്ങളാണ് നടക്കുന്നത്. ഇനി അടുത്ത തിരഞ്ഞെടുപ്പ് എത്തുമ്പോള്‍ പെന്‍ഷന്‍ വീണ്ടും വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം വരും. കടമെടുത്താലും കേരളത്തിന്റെ ഖജനാവ് എങ്ങനെ പോയാലും പ്രശ്‌നമില്ല എന്ന തരത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 

സിപിഎം - സിപിഎം തര്‍ക്കം മൂര്‍ച്ഛിച്ച് നില്‍ക്കവേയാണ് യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് സിപിഐ എന്ന് പറഞ്ഞുകൊണ്ട് അവരെ അങ്ങ് യുഡിഎഫിലേയ്ക്ക് ക്ഷണിച്ചത്. അവരുടെ തര്‍ക്കം തത്കാലം അവസാനിച്ചുവെന്ന് കരുതാം. തിരഞ്ഞെടുപ്പിന് മുന്‍പ് ഇനി ചര്‍ച്ചയുണ്ടാകുമോ? യുഡിഎഫിന്റെ മൊത്തത്തിലുള്ള നിലപാടാണോ ഇത്, അതോ താങ്കളുടെ മാത്രം വാക്കുകളായി കാണാനാകുമോ ?

സിപിഐയിലെ കുറെയധികം ആളുകള്‍ ഞങ്ങള്‍ക്കൊപ്പം വന്നുകഴിഞ്ഞു. പ്രമുഖരായ ഒരുപാടുപേര്‍ കോണ്‍ഗ്രസിലേക്ക് വന്നുകഴിഞ്ഞു. ചര്‍ച്ചകള്‍ ഞങ്ങള്‍ തുടരും. പാര്‍ട്ടിയുടെ നിലപാടാണോ ഇതെന്നുള്ളതിലല്ല കാര്യം. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയിലുള്ള എന്റെ അഭിപ്രായം പൊതുസമൂഹത്തിലേയ്ക്ക് ഞാന്‍ ഇട്ടുകൊടുക്കുകയാണ് ചെയ്തത്. അത് ചര്‍ച്ചയായതിന്റെ അടിസ്ഥാനത്തിലാണ് നിരവധിയാളുകള്‍ കോണ്‍ഗ്രസിലേയ്ക്ക് എത്തുന്നത്. മീനാങ്കല്‍ കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തി. പ്രധാനപ്പെട്ട ആളുകള്‍ പാര്‍ട്ടി വിട്ട് ഇങ്ങോട്ട് വരുന്നത് നല്ലൊരു സൂചനയായി കാണുന്നു.

മുസ്ലീം ലീഗ് തങ്ങളുടെ സീറ്റ് ഭദ്രമാക്കുന്നുണ്ട്. കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടാല്‍ ഒരു പ്രതിസന്ധിയാവില്ലേ. യുഡിഎഫില്‍ മുസ്ലീം ലീഗ് കൂടുതല്‍ ശക്തമായ പങ്ക് വഹിക്കുന്നുണ്ടെന്ന ഒരു പൊതുധാരണ വളര്‍ന്നുവരുന്നുണ്ട്. താങ്കള്‍ ഈ വിലയിരുത്തലിനോട് യോജിക്കുന്നുണ്ടോ?

സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ല. അത്തരം കാര്യങ്ങള്‍ ലീഗുമായി സൗമ്യമായി തന്നെ ചര്‍ച്ച ചെയ്യും. വളരെ വേഗത്തില്‍ അതില്‍ തീരുമാനം എടുക്കും. ഏത് പാര്‍ട്ടി ആണെങ്കിലും അവരുടെ ശക്തി എത്രമാത്രം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നത് അവരുടെ ഉത്തരവാദിത്വമാണ്. അവര്‍ ആ കാര്യങ്ങള്‍ ചെയ്യും. അത് തെറ്റാണെന്ന് ഞാന്‍ പറയില്ല. യുഡിഎഫില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കും.

സാമുദായിക നേതാക്കളുമായി നല്ല ബന്ധമാണോ നിലവില്‍ യുഡിഎഫിനുള്ളത്?

സാമുദായിക നേതാക്കളുമായി ഞങ്ങള്‍ക്ക് അഭിപ്രായ ഭിന്നതകള്‍ ഒന്നുമില്ല. സാമുദായിക നേതാക്കള്‍ അവരുടെ അഭിപ്രായങ്ങള്‍ പറയാറുണ്ട്. അത് പുറത്തുനിന്ന് ഞങ്ങള്‍ കേള്‍ക്കാറുമുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ തെറ്റാണെന്നൊന്നും ഞാന്‍ പറയില്ല. അവര്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, അത് അവര്‍ ഉപയോഗിക്കുന്നു. അവര്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അല്ലാതെ ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ എന്താണ് വേണ്ടതെന്ന് ഞങ്ങള്‍ ആലോചിക്കും.

സമീപകാലത്തുണ്ടായ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റേയും സമരരീതിയെ എങ്ങനെ വിലയിരുത്തുന്നു, നേതൃത്വം തൃപ്തരാണോ? പ്രതികരണം വാര്‍ത്ത സമ്മേളനങ്ങളില്‍ മാത്രം ഒതുങ്ങുന്നുവെന്ന ആക്ഷേപമുണ്ടല്ലോ?

കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുന്നുണ്ട്. അതില്‍ സംശയമൊന്നുമില്ല. ഞങ്ങള്‍ സമരരീതിയില്‍ തൃപ്തരാണ്. വാര്‍ത്തസമ്മേളനങ്ങള്‍ നടത്തുന്നതിനൊപ്പം പൊതുരംഗത്തെ പ്രവര്‍ത്തനങ്ങളും നേതൃത്വം നല്‍കുന്നുണ്ട്.

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്കുള്ള കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ ഏതുവരെയായി? ബിജെപി അധ്യക്ഷന്‍ നേമത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ നടത്തിയല്ലോ?

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം നിയമസഭ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം എന്ന് യുഡിഎഫ് കൂട്ടായി ആലോചിക്കും. അതിനുള്ള വഴികള്‍ ഒരുക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാകും നടക്കുക. ബിജെപിക്ക് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാം. അവര്‍ സിപിഎമ്മിന്റെ സഹായം കിട്ടുന്നതിന് വേണ്ടിയുള്ള തയാറെടുപ്പുമായി നില്‍ക്കുന്ന ആളുകളാണ്. അവര്‍ കാലേകൂട്ടി ചില കാര്യങ്ങള്‍ പറഞ്ഞുവെന്നേയുള്ളൂ. യുഡിഎഫിന് ഒരു കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാട് അനുസരിച്ച് ഞങ്ങള്‍ കൂട്ടായി തീരുമാനിക്കും. ഒന്നോ രണ്ടോ ആളുകളല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. യുഡിഎഫിലുള്ള ഘടകകക്ഷികളും കോണ്‍?ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുമായും ഒക്കെ ചര്‍ച്ച ചെയ്ത് ഞങ്ങള്‍ തീരുമാനമെടുക്കും. തദ്ദേശത്തിരഞ്ഞെടുപ്പ് ഫലം നിയമസഭയില്‍ പ്രതിഫലിക്കും, യുഡിഎഫിന് ശുഭപ്രതീക്ഷയുണ്ട്.

നടിയെ ആക്രമിച്ച കേസിലെ പ്രതികരണം വിമര്‍ശനങ്ങള്‍ നേരിടുന്നല്ലോ, താങ്കളുടെ നിലപാട് ശരിയായില്ലെന്ന് കെപിസിസിയില്‍ നിന്ന് നിര്‍ദേശം വന്നിരുന്നോ?

അത്തരത്തിലൊരു നിര്‍ദേശവും എനിക്ക് ലഭിച്ചിട്ടില്ല. ഞാന്‍ പറഞ്ഞ എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തില്ല. ഞാന്‍ പറഞ്ഞ കുറച്ചു കാര്യങ്ങള്‍ മാത്രം സംപ്രേഷണം ചെയ്തു കൊണ്ടാണ് അങ്ങനെയൊരു തെറ്റിദ്ധാരണ വന്നത്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. ഒരു വിധി വരുമ്പോള്‍ കോടതിയെ തള്ളിപ്പറയുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് അതിജീവിതയ്ക്ക് നീതി കിട്ടിയില്ല, നീതി കിട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കണം എന്ന് പറഞ്ഞത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് ഗവണ്‍മെന്റ് ഉരുണ്ട് കളിച്ചിട്ട് കാര്യമില്ല. പ്രോസിക്യൂഷന്റെ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് പറയണം. കോണ്‍ഗ്രസും യുഡിഎഫും അതിജീവിതയ്‌ക്കൊപ്പം. സര്‍ക്കാര്‍ അപ്പീല്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ്സ് അല്ല.