ഴുതണമെന്ന് തോന്നിയ എല്ലാക്കാര്യങ്ങളും തന്റെ പുസ്തകത്തിലുണ്ടെന്ന് മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും വി.എസിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്ന കെ. സുരേഷ്‌കുമാർ. ആരെയും ഭയന്ന് താൻ ഒന്നും എഴുതാതിരുന്നില്ലെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. 'വി.എസിനൊപ്പം എന്റെ ദിനങ്ങൾ' എന്ന പുസ്തകത്തിലൂടെ കെ. സുരേഷ്‌കുമാർ നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

To advertise here,

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന ഫയലുകൾ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രൻ, പൊളിറ്റിക്കൽ സെക്രട്ടറി കെ.എൻ. ബാലഗോപാൽ, സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എൻ. ചന്ദ്രശേഖരപ്പണിക്കർ എന്നിവർ വീതിച്ചെടുത്തിരുന്നുവെന്നും ഇതിലേതെല്ലാം ഫയലുകൾ മുഖ്യമന്ത്രിക്കയക്കണം എന്നു തീരുമാനിച്ചിരുന്നത് എ.കെ.ജി. സെന്ററിൽ ആയിരുന്നുവെന്നും സുരേഷ്‌കുമാർ പറയുന്നു. മൂന്നാർ ദൗത്യം അട്ടിമറിക്കാൻ അന്നത്തെ ദേവികുളം സബ് കളക്ടറായിരുന്ന രത്തൻ യു കേൽക്കർ പലതവണ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.എസിനൊപ്പമുണ്ടായിരുന്ന നിമിഷങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു.

'വി.എസിനൊപ്പം എന്റെ ദിനങ്ങൾ' എന്ന പുസ്തകത്തിന്റെ തുടക്കം എങ്ങനെയായിരുന്നു ?

ഞാൻ കണ്ട വിഎസ്സിനെ ഒന്ന് ചിത്രീകരിക്കാനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം. ഞാൻ മൂന്നാറിൽ നിന്ന് വന്ന ഉടനെ തന്നെ ഇങ്ങനെ ഒരു പുസ്തകം എഴുതണമെന്ന് പറഞ്ഞുകൊണ്ട് ചില പബ്ലിഷേഴ്‌സ് എന്നെ സമീപിക്കുകയും ഞാൻ അത് സമ്മതിക്കുകയും ചെയ്തിരുന്നു. അന്ന് ആദ്യത്തെ രണ്ടുമൂന്ന് അധ്യായങ്ങൾ എഴുതി വയ്ക്കുകയും ചെയ്തു. പിന്നീട് എഴുത്ത് മുന്നോട്ട് പോയില്ല. ഒരു സ്‌കൂൾ തുടങ്ങുക എന്നത് എന്റെ ഒരു പഴയ ആഗ്രഹമായിരുന്നു. ഒരു സ്‌കൂൾ തുടങ്ങി അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. വി എസ് മരിച്ച സമയത്താണ് പുസ്തകം പൂർത്തിയാക്കണെന്ന ചിന്ത വീണ്ടും വന്നത്.

പുസ്തകത്തിന്റെ ഔട്ട്‌ലൈനും വിശദാംശങ്ങളും എന്റെ പക്കലുണ്ടായിരുന്നു. എന്റെ പേഴ്‌സണൽ ഡയറിയിൽ ഡാറ്റകളെല്ലാമുണ്ടായിരുന്നു. ആ സമയത്തെ പത്ര കട്ടിങ്ങുകൾ ഒരു സുഹൃത്ത് മുഖേന ശേഖരിച്ചു. മറ്റ് വിശദാംശങ്ങൾ ഒക്കെ എന്റെ ഓർമയിൽ നിന്നും പക്കലുണ്ടായിരുന്ന രേഖകളിൽ നിന്നുമാണ്.

ഒരുപാട് വിവാദങ്ങൾ ഉണ്ടാകുന്ന കാര്യങ്ങൾ പുസ്തകത്തിലുണ്ട്. എഴുതുന്ന സമയത്ത് നിയമപരമായ പ്രശ്‌നങ്ങളെ പറ്റി ചിന്തിച്ചിരുന്നില്ലേ ?

വി എസ് എന്ന് പറയുന്ന വ്യക്തിയെ ചിത്രീകരിക്കലായിരുന്നു എന്റെ ലക്ഷ്യം. വി എസിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയക്കാരുണ്ട്, മാധ്യമപ്രവർത്തകരുണ്ട്, ബ്യൂറോക്രാറ്റ്‌സ് ഉണ്ട്, കോടതികൾ ഉണ്ട്, ജഡ്ജിമാർ ഉണ്ട്. ഇവരെയെല്ലാം കണ്ടില്ല എന്ന് നടിച്ചുകൊണ്ട് പുസ്തകം എഴുതാൻ സാധിക്കില്ല.

എല്ലാം തുറന്ന് എഴുതണം എന്ന് വി എസ് തന്നെയാണ് എന്നോട് പറഞ്ഞത്. നാട്ടുകാർ അറിയട്ടെ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിവാദങ്ങൾ വരും എന്നത് എന്നെ തടസ്സപ്പെടുത്തിയാൽ സത്യസന്ധമാകാൻ പറ്റത്തില്ല. നമ്മൾ ഡിപ്ലോമാറ്റിക് ആയിട്ട് ഇങ്ങനെ ഒരു കഥ പറയാൻ പറ്റില്ല. ഞാൻ പറയുന്നത് ഉത്തമമായിട്ടും ബോധ്യമുള്ള കാര്യങ്ങളാണ്. എനിക്ക് ഉറപ്പുള്ള കാര്യങ്ങളാണ് ഇതെല്ലാം. വിവാദങ്ങളോ നിയമ നടപടികളോ വന്നാൽ ഞാൻ നേരിടും. അറിയാതെ എഴുതി പോയി, അറിയില്ല എന്നൊന്നും ഞാൻ പറയില്ല. ഞാൻ അറിഞ്ഞ കാര്യങ്ങൾ തന്നെയാണ് പുസ്തകത്തിലെ ഓരോ വാക്കുകളും. അതിൽ ഉറച്ചു നിൽക്കുകയും ചെയ്യും.

ലോട്ടറി ഡയറക്ടർ ആയിരുന്ന സമയത്താണല്ലോ പ്രതിപക്ഷ നേതാവായിരുന്ന വി എസ്സുമായിട്ടുള്ള ബന്ധം ആരംഭിക്കുന്നത്. എന്തായിരുന്ന ആദ്യ കൂടിക്കാഴ്ചയിലെ അനുഭവം?

കേരള ലോട്ടറിയുടെ വിൽപന കുറയുകയും അന്യ സംസ്ഥാനങ്ങളുടെ ലോട്ടറികൾക്ക് കച്ചവടം വർധിക്കുകയും ചെയ്യുന്ന സമയമായിരുന്നു അത്. എന്തുകൊണ്ടാണ് കേരള ലോട്ടറി ടിക്കറ്റിന്റെ വിൽപന കുറയുന്നത് എന്നത് കണ്ടെത്തലായിരുന്നു ലോട്ടറി ഡയറക്ടർ എന്നുള്ള നിലയ്ക്ക് എന്റെ ആദ്യ ദൗത്യം. അതിനെക്കുറിച്ച് അന്വേഷിച്ചു വന്നപ്പോഴാണ് അന്യ സംസ്ഥാന ലോട്ടറികൾ കേരള സർക്കാരിന്റെ നിയമപരമായ അനുമതി വാങ്ങിയിട്ടല്ല വിൽക്കുന്നത് എന്ന് മനസ്സിലാക്കുന്നത്. അടുത്ത ഘട്ടത്തിൽ സൂക്ഷ്മമായ പരിശോധന നടത്തിയപ്പോൾ ഇതിൽ ഒരുപാട് നിയമലംഘനങ്ങൾ നടക്കുന്നുവെന്നും കേന്ദ്ര ലോട്ടറി നിയമത്തിലെ നിബന്ധനകൾ പാലിക്കുന്നില്ലെന്നും മനസ്സിലായി.

അന്യ സംസ്ഥാന ലോട്ടറികളിലും ഓൺലൈൻ ലോട്ടറികളിലും അഡിക്റ്റഡ് ആയി 140-150 പേരുടെ ആത്മഹത്യയാണ് റിപ്പോർട്ട് ചെയ്തത്. ഈ ലോട്ടറികളിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കണം എന്നുള്ള ഒരു ഉദ്ദേശത്തോടെയാണ് തുടങ്ങുന്നത്. തുടക്കത്തിൽ ഞാനൊരു ഒരു പബ്ലിക് നോട്ടിഫിക്കേഷൻ കൊടുത്തു. ഇതിന്റെ നിയമ സാധുത പരിശോധിക്കപ്പെട്ടിട്ടുള്ളതല്ല എന്നും ജനങ്ങൾ വഞ്ചിക്കപ്പെടാൻ സാധ്യത ഉണ്ടെന്നും പബ്ലിക്കിന് ഒരു നോട്ടീസ് കൊടുത്തു. ജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കുക എന്നതിലുപരി അന്യസംസ്ഥാന ലോട്ടറിക്ക് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരിക എന്നതായിരുന്നു ഉദ്ദേശം. വിചാരിച്ചതുപോലെ ഹൈക്കോടതിയിൽ പെറ്റീഷനുമായിട്ട് യഥാർത്ഥ ആൾക്കാർ വന്നു. സിംഗിൾ ബെഞ്ചിന്റെ വിധി നമുക്ക് അനുകൂലമായിട്ട് തന്നെയാണ് വന്നത്.

ഈ ഘട്ടത്തിലാണ് ഒരു ദിവസം കെഎം ഷാജഹാൻ എന്നെ കാണാനായിട്ട് ലോട്ടറീസ് ഡയറക്ടറേറ്റ് ഓഫീസിൽ വന്നത്. ലോട്ടറി കേസുകളുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിന്റേയും മറ്റും പകർപ്പ് വി എസിന് വേണമെന്നും അദ്ദേഹത്തിന് പത്രത്തിൽ ഒരു കോളം എഴുതാൻ ആണെന്നും ഷാജഹാൻ പറഞ്ഞു. നാട്ടുകാരെ കാര്യം ബോധിപ്പിക്കുകയാണ് വി എസിന്റെ ഉദ്ദേശം. പ്രതിപക്ഷ നേതാവ് രേഖാമൂലം ചോദിച്ചാൽ ഞാൻ കൊടുക്കാൻ ബാധ്യസ്ഥനാണ്. എഴുതിയ റിക്വസ്റ്റ് ആയിട്ട് ഷാജാൻ വന്നപ്പോൾ ഞാൻ രേഖകൾ കൊടുത്തു.

കൊടുത്ത രേഖകൾ ഒക്കെ വെച്ചിട്ട് ഷാജഹാൻ വി എസ്സിന് ബ്രീഫ് ചെയ്തുകാണും. വി എസിനെ കാര്യങ്ങൾ ബ്രീഫ് ചെയ്യൽ എന്ന് പറയുന്നത് അത്ര എളുപ്പമല്ല. വളരെ സൂക്ഷ്മമായ ചോദ്യങ്ങൾ നമ്മൾ ഫേസ് ചെയ്യണം, അത് ഏത് വിഷയമാണെങ്കിലും അങ്ങനെതന്നെ. ഷാജഹാന് കൃത്യമായ ഉത്തരം പറയാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടായതുകൊണ്ടായിരിക്കാം എന്നെ അദ്ദേഹം അങ്ങോട്ട് ചെല്ലാൻ ആവശ്യപ്പെട്ട് വിളിച്ചു.

വി എസിന് അതിൽ വേറെ ചില സംശയങ്ങളും കാര്യങ്ങളും ചോദിച്ചറിയാനാണെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ അദ്ദേഹത്തെ പോയി കാണുന്നത്. ഒരുപാട് കള്ളപ്പണവും അഴിമതിയും ഉള്ളൊരു കേസ് ആണിത്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആയിരിക്കും വി എസ്സിന് ചോദിക്കാൻ ഉള്ളതാണ് ഞാൻ വിചാരിച്ചത്. പക്ഷേ അവിടെ ചെല്ലുമ്പോൾ ഞാൻ സർപ്രൈസ് അയിപ്പോയി. ഞാൻ പ്രതീക്ഷിച്ച കാര്യങ്ങളൊന്നുമല്ല അദ്ദേഹം ചോദിച്ചത്. സാധാരണ ചുമട്ടു തൊഴിലാളിയേയും ഓട്ടോറിക്ഷ തൊഴിലാളിയേയും ഒക്കെ ഇത് എങ്ങനെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്നതെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്.

വളരെ കർക്കശക്കാരനായിട്ടുള്ള ഒരാളാണ് വി എസ് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. ആത്മഹത്യ ചെയ്ത ആൾക്കാരെക്കുറിച്ചും പാവപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന്റെ അവസ്ഥയും ഒക്കെ പറയുമ്പോൾ വി എസ് വളരെയധികം വേദനിച്ചതായി തോന്നി. വളരെ ജനുവിൻ ആയിട്ടാണ് എന്നോട് സംസാരിച്ചത്. കരുനാഗപ്പള്ളിയിലെ ഓട്ടോ ഡ്രൈവറിന്റെ ആത്മഹത്യയെക്കുറിച്ചൊക്കെ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ തൊണ്ട ഇടറിയോ എന്ന് എനിക്ക് തോന്നി.

സാൻഡിയോഗോ മാർട്ടിൻ ഉൾപ്പെടെയുള്ളവരുടെ ഭീഷണി കോൾ വന്നതിനെക്കുറിച്ച് പുസ്തകത്തിൽ പറയുന്നുണ്ടല്ലോ. പിന്നീട് ഭീഷണികൾ ആവർത്തിച്ചോ ?

സൂക്ഷിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് എനിക്ക് ഒരു കോൾ വന്നത്. വളരെ സ്‌നേഹപൂർവ്വം എന്നെ ഉപദേശിക്കുന്നതായിട്ടാണ് ആ അപരിചിതന്റെ കോൾ വന്നത്. പിന്നീട് എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് ഒരു സംഭവമുണ്ടായി. അവിടുത്തെ ഓഫീസിൽ ഇരുന്നാണ് സത്യവാങ്മൂലങ്ങൾ ഒക്കെ തയാറാക്കുന്നത്.

രാവിലെ മുതൽ റോഡിന്റെ പുറത്ത് ഒരു മോട്ടോർ ബൈക്കിലിരുന്ന് ഒരാൾ മുറിയുടെ അകത്തേക്ക് നോക്കുന്നുണ്ടെന്ന് ഗസ്റ്റ് ഹൗസിലെ ഒരു ജീവനക്കാരൻ വന്ന് പറഞ്ഞു. ഇത് കേട്ട ഉടനെ എന്റെയൊപ്പം ഉണ്ടായിരുന്ന അജിത്ത് പ്രകാശ് ചാടി ഇറങ്ങി പോയി നോക്കി. അജിത്തിനെ കണ്ടതും അയാൾ ബൈക്ക് എടുത്ത് പോയി, പക്ഷേ വണ്ടിയുടെ നമ്പർ കിട്ടി. ഞാൻ ഉടനെ പരിചയമുണ്ടായിരുന്ന ഒരു ഡിവൈഎസ്പിയെ വിളിച്ച് ഈ നമ്പർ ട്രേസ് ചെയ്യാമോ എന്ന് ചോദിച്ചു. തമ്മനം ഷാജി എന്നയാളുടെ കൂട്ടവുമായി ബന്ധപ്പെട്ട ആരുടേയോ വാഹനമാണെന്ന് പോലീസ് കണ്ടുപിടിച്ചു. പക്ഷേ ആരാണ് അയാളെ അവിടെ നിയോ?ഗിച്ചതെന്ന് പോലീസ് പറഞ്ഞില്ല. പക്ഷേ എന്നോട് ഒന്ന് സൂക്ഷിക്കണമെന്ന് പോലീസ് ഉപദേശിച്ചു.

സാധാരണ കാണാറുള്ള മന്ദഗതി മൂന്നാറിലെ ഒഴിപ്പിക്കൽ ദൗത്യത്തിൽ കാണാനായില്ല. എന്താണ് അന്ന് വി എസ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം?

മൂന്നാറിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്നും എല്ലാ അനധികൃത കെട്ടിടങ്ങളും നീക്കം ചെയ്യണമെന്നുമായിരുന്നു മന്ത്രിസഭയുടെ തീരുമാനം. ആ തീരുമാനം വന്നപ്പോൾ തന്നെ എനിക്കറിയാമായിരുന്നു ഇത് വളരെ കുറച്ചു ദിവസം മാത്രമേ മുന്നോട്ട് പോകുകയുള്ളൂ എന്ന്. ഈ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക എന്ന് പറയുന്നത് ഒരു വകുപ്പിന്റെ മാത്രം ഉത്തരവാദിത്വം അല്ല.

ഒരു 75% എങ്കിലും അത് ചെയ്യേണ്ടത് റവന്യൂ ഡിപ്പാർട്ട്‌മെന്റ് ആണ്. റവന്യൂ പുറമ്പോക്കിലാണ് കൂടുതൽ കയ്യേറ്റങ്ങൾ ഉണ്ടായിരുന്നത്.

വിവിധ വകുപ്പുകൾ ചേർന്ന് ചെയ്യേണ്ടുന്ന കാര്യമാണിത്. ഇതിനെ ഏകോപിപ്പിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

എല്ലാ വകുപ്പും ആ വകുപ്പിന്റെ മന്ത്രി, മന്ത്രിയുടെ സെക്രട്ടറി, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ആ വകുപ്പുമായി ബന്ധപ്പെട്ട കോൺട്രാക്ടർമാർ, അതിലെ അഴിമതി, അത് ഞങ്ങളുടെ സാമ്രാജ്യം എന്ന മനോഭാവമാണ്. ഏത് കൂട്ടുകക്ഷി മന്ത്രി സഭയാണെങ്കിലും ഇടതിന്റെ ആണെങ്കിലും വലതിന്റെ ആണെങ്കിലും ഇതുതന്നെ അവസ്ഥ. ഇവരെ ഏകോപിപ്പിച്ച് ചെയ്യാം എന്ന് പറയുന്നത് ഒരു പരിധിക്കപ്പുറം മുമ്പോട്ട് പോകാൻ പോകുന്നില്ല എന്ന് എനിക്ക് നന്നായിട്ട് അറിയാമായിരുന്നു. ഇത് വളരെ വേഗം തന്നെ തുടങ്ങണം എന്ന് വി എസ് പറഞ്ഞത് എന്താണെന്ന് എനിക്ക് ആദ്യം അറിയില്ലായിരുന്നു, പിന്നെയാണ് കാര്യം മനസ്സിലാകുന്നത്.

സ്‌പെഷ്യൽ ഓഫീസർ ആയിട്ട് എന്റെ പേര് മന്ത്രിസഭയിൽ മുന്നോട്ട് വെക്കുന്നത് വി എസ് ആണ്. എന്റെ പേര് വന്നതോടെ ഔദ്യോഗികപക്ഷം വളരെ രൂക്ഷമായിട്ട് പ്രതികരിച്ചു എന്നാണ് അറിഞ്ഞത്. പിണറായി വിജയന് ഞാൻ വന്നത് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. ഞാൻ ആ മന്ത്രിസഭയിൽ ഒരു മന്ത്രിയുടെ കീഴിലും വർക്ക് ചെയ്തിട്ടില്ല. എന്നെ സ്വാധീനിക്കാൻ മന്ത്രിമാർക്ക് ആർക്കും സാധ്യമല്ലെന്ന് തോന്നലുള്ളത് കൊണ്ടാവാം എതിർപ്പുണ്ടായത്. ഞാൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാമെന്നും ശരിയായില്ലെങ്കിൽ മാറ്റാമല്ലോ എന്നുമായിരുന്നു വി എസ് അവരോടൊക്കെ പറഞ്ഞത്.

മൂന്നാറിൽ ഒരുപാട് കയ്യേറ്റങ്ങൾ ഉണ്ടെന്ന മാധ്യമ റിപ്പോർട്ട് വന്നതിന് പിന്നാലെ റവന്യൂ മന്ത്രിയായിരുന്ന കെ പി രാജേന്ദ്രനോടും വനം വകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിനോടും വി എസ് ദേഷ്യപ്പെട്ടു. ആദ്യമായിട്ടാണ് തന്റെ മന്ത്രിസഭയിൽ ഒരു വലിയ അഴിമതി ആരോപണം വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവരെ രണ്ടുപേരെയും വി എസ് മൂന്നാറിലേയ്ക്ക് വിട്ടു. രണ്ടുമൂന്ന് കാര്യങ്ങളാണ് അവിടെ എത്തിയതിന് ശേഷം ഇവർ ചെയ്തത്. ഒന്നാമത് രത്തൻ കേൽക്കർ ഒഴികെയുള്ള ഉദ്യോഗസ്ഥരെ മുഴുവൻ ട്രാൻസ്ഫർ ചെയ്തു. രണ്ടാമത് റവന്യൂ വകുപ്പിലെ നിവേദിത പി ഹരണിനെ മൂന്നാറിലെ കയ്യേറ്റങ്ങളുടെ കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്താൻ തീരുമാനിച്ചു. ഇതിനിടയ്ക്ക് പിസി ജോർജ് വി എസിനെ വന്ന് കണ്ട് ചില കാര്യങ്ങൾ ധരിപ്പിച്ചു. മന്ത്രിമാർ ചില കൈയ്യേറ്റ റിസോർട്ടുകൾ കണ്ടുവെന്നും ഇവർ പോകാത്ത റിസോർട്ടുകൾ വി എസ് കൂടെവന്നാൽ കാണിച്ചുതരാമെന്ന് അറിയിച്ചു. നിവേദിതയുടെ റിപ്പോർട്ട് സൂക്ഷിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സിപിഐക്ക് വേണ്ടി നിൽക്കുന്ന ഒരു ഉദ്യോഗസ്ഥയായിരുന്നു അവരെന്നതാണ് കാരണം.

നിവേദിതയുടെ റിപ്പോർട്ട് വരുമ്പോൾ അത് പഠിക്കണമെന്നും അതിന്മേൽ എന്ത് നടപടി എടുക്കണമെന്നും വി എസ് നിർദേശിച്ചു. വി എസിന്റെ ഓഫീസിൽ എന്ത് കടലാസ് വന്നാലും അത് ആരെങ്കിലും മുക്കും. ഈ റിപ്പോർട്ട് കുറച്ച് നേരത്തെ തന്നെ അവിടെ വന്നിരുന്നതാണ്. അത് രാജേന്ദ്രന്റെ കയ്യിൽ ഉണ്ടായിരുന്നു. വി എസ് വലിയ പ്രശ്‌നം ഉണ്ടാക്കിയിട്ടാണ് റിപ്പോർട്ട് പുറത്തു വരുന്നത്. ഞാനും അജിത്തും അനിലും ഗസ്റ്റ് ഹൗസിൽ ഇരുന്നാണ് റിപ്പോർട്ട് പഠിച്ചത്.

വി എസിന്റെ പിറന്നാളിന്റെ അന്നാണ് മൂന്നാറിലെ കയ്യേറ്റങ്ങളെ കുറിച്ച് ഞങ്ങൾ അദ്ദേഹവുമായി സംസാരിക്കുന്നത്. സിപിഐയെ സംരക്ഷിക്കാൻ വേണ്ടി ഒരു റിപ്പോർട്ട് തയ്യാറാക്കിയാൽ അതിൽ എന്തെല്ലാം ഒളിച്ചു വയ്ക്കാൻ സാധ്യത ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. 10-32 പേജ് ഉള്ള റിപ്പോർട്ട് പഠിച്ചപ്പോൾ അതിൽ ഒഴിവാക്കലുകളുണ്ടെന്ന് മനസ്സിലായി. മൂന്നാറിൽ ഏറ്റവുമധികം സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നത് ടാറ്റ ആണ്. ടാറ്റയുടെ കൈയിലുള്ള പതിനായിരക്കണക്കിന് ഏക്കർ ഭൂമിയെ കുറിച്ച് ഒരു വാചകം പോലും ആ റിപ്പോർട്ടിൽ ഇല്ലായിരുന്നു. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് കേൾക്കാത്ത ആരും ഇല്ല. പക്ഷേ റവന്യൂ സെക്രട്ടറി കേട്ടിരുന്നില്ല. പിന്നെയുള്ളത് ഏലമലക്കാടുകളാണ്. യഥാർഥത്തിൽ ഏലമലക്കാടുകളല്ല, അത് വനം ആണ്. വന വൃക്ഷങ്ങളെ പൂർണമായും സംരക്ഷിച്ചുകൊണ്ട് അതിന്റെ തണലിൽ ഏലകൃഷി ചെയ്യാനാണ് നിയമം പറയുന്നത്. പാട്ടമായിട്ടാണെങ്കിലും പട്ടയമാണെങ്കിലും ഏലക്കൃഷി അല്ലാത്ത വേറെ എന്തെങ്കിലും ചെയ്താൽ അത് നിയമവിരുദ്ധമാണ്. അപ്പോൾ ആ പട്ടയം റദ്ദാക്കി ഭൂമി എടുക്കാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട്.

അവിടെയുണ്ടായിരുന്ന നല്ലൊരു ഏലകർഷകൻ മമ്മൂട്ടിയാണെന്ന് പുസ്തകത്തിൽ പരാമർശമുണ്ടല്ലോ ?

മമ്മൂട്ടിയുടെ ഏലകൃഷി ഞാൻ നേരിട്ട് കണ്ടതാണ്. പള്ളിവാസൽ ഏരിയയിലാണ് ഏലക്കൃഷി ഒരുപാട് വരുന്നത്. നമ്മൾ കാണുന്നത് എല്ലാം വളരെ വികൃതമായ രീതിയാണ്. ഏക്കറുകണക്കിന് വനഭൂമിയിൽ ഏലകൃഷി ചെയ്യുന്നവരുണ്ട്. എല്ലാ വൃക്ഷങ്ങളെയും വെട്ടി നീക്കും. ആ പ്രോപ്പർട്ടിയുടെ അകത്ത് തന്നെ നിയമവിരുദ്ധമായി നാലോ അഞ്ചോ ക്വാറികളുണ്ടാകും. അതിൽ നിന്ന് പാറ പൊട്ടിച്ച് അതുപയോഗിച്ച് കോട്ടേജുകൾ പണിയാം. അതിലൂടെ പോകുന്ന അരുവിയെ തടഞ്ഞു വെച്ച് ആ വെള്ളം ഈ റിസോർട്ടിന് വേണ്ടി ഉപയോഗിക്കാം. ഇത്തരത്തിലുള്ള ഒരുപാട് റിസോർട്ടുകൾ അവിടെ കണ്ടു. അതിൽ മൂന്നാലെണ്ണം ആദ്യമേ തന്നെ ഒഴിപ്പിച്ചു. ആ കൂട്ടത്തിലാണ് മമ്മൂട്ടിയുടെ ഒരു റിസോർട്ട് ശ്രദ്ധയിൽപ്പെടുന്നത്.

അവിടെ ഒരു ഏലത്തോട്ടം ഉണ്ട്. ഒരു ദിവസം ഞാൻ പോയി നോക്കി. അപ്പോൾ ആ പ്രദേശത്ത് ഏലപ്പാട്ട നിയമ ചട്ടങ്ങൾ വളരെ കൃത്യമായി പാലിക്കുന്ന, ഏലകൃഷി മാത്രം ചെയ്യുന്ന ഒരേയൊരു റിസോർട്ട് അതായിരുന്നു. വേറെ ഒന്നും അവിടെ വളർത്തുന്നില്ല. ഈ ഭൂമിയിൽ ഒരു കോട്ടേജ് അവർക്ക് മെയിന്റയിൻ ചെയ്യാം. ഇവിടെ ഇത്തരത്തിൽ വൃത്തിയായിട്ട് സൂക്ഷിക്കുന്ന ഒരു കോട്ടേജ് ഉണ്ട്. ഇവിടെ ഇടയ്ക്കിടയ്ക്ക് മമ്മൂട്ടിയും കുടുംബവും വന്ന് താമസിക്കും. അടുത്തുള്ള ഒരു പള്ളിയിൽ അദ്ദേഹം പോകാറുമുണ്ട്. നാട്ടുകാരൊക്കെ ഭയങ്കര സ്‌നേഹത്തോടെയാണ് മമ്മൂട്ടിയുടെ വരവിനെക്കുറിച്ച് പറയുന്നത്. അപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. ഞാൻ ഇത് പിന്നീട് വി എസിനോട് പറഞ്ഞു. വനമാണ്, അതിന് പാരിസ്ഥിതികമായ പ്രശ്‌നങ്ങളുണ്ട്, കർക്കശമായ നിയമങ്ങളുണ്ട്. അത് പാലിച്ച് ചെയ്യുന്ന ഒരെണ്ണമേ ഞാൻ കണ്ടുള്ളൂ, അത് മമ്മൂട്ടിയുടേതായിരുന്നു.

അന്നത്തെ ദേവികുളം സബ് കളക്ടറായ രത്തൻ കേൽക്കറിനെതിരെ പുസ്തകത്തിൽ കടുത്ത വിമർശനമുണ്ട്. ഇന്നദ്ദേഹം മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ്. പുസ്തകത്തിലെ പരാമർശത്തിലുപരി അന്ന് എന്താണ് സംഭവിച്ചത് ?

രത്തൻ കേൽക്കർ വളരെ ജൂനിയർ ആയ ഒരു ഉദ്യോഗസ്ഥനായിരുന്നു അന്ന്. അദ്ദേഹം പിന്നീട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആകുമെന്നോ അതിനുശേഷം മുഖ്യമന്ത്രിയുടെ സെക്രട്ടറി ആകുമെന്നോ ഒന്നും ഒരു ധാരണയും ഇല്ലല്ലോ. ഞാൻ അന്ന് കാണുന്ന കാര്യങ്ങൾ അതുപോലെ എഴുതുകയാണ് ചെയ്തത്.

എനിക്ക് വളരെ സൂക്ഷ്മമായിട്ട് ഫയലുകൾ കാര്യങ്ങൾ നോക്കേണ്ടതുണ്ടായിരുന്നു. കാരണം ഞാൻ വർക്ക് ചെയ്യുന്നത് റവന്യൂ ഡിപ്പാർട്ട്‌മെന്റിന്റെ അകത്താണ്. അവർ ചെയ്ത കാര്യങ്ങൾ മതിയാകാത്തതുകൊണ്ടാണ് എന്നെ ആ ചുമതല ഉൾപ്പടെ ഏൽപ്പിച്ചത്. നിയമലംഘനങ്ങൾ ഉടലെടുത്തതിൽ ഇവരുടെ വീഴ്ചകൾ കൂടി ഞാൻ നോക്കുന്നുണ്ടായിരുന്നു. റിസോർട്ടുകളുമായി ബന്ധപ്പെട്ട ഫയലുകൾ ഞാൻ നോക്കി. ആ ഫയലുകളിൽ ഈ റിസോർട്ടുകൾക്ക് അനുകൂലമായ നിലപാടുകൾ എടുക്കുന്ന ഒരു ട്രെൻഡ് കാണാൻ സാധിച്ചു.

റിസോർട്ട് മാഫിയയുടെ തലവന്മാരായ വമ്പന്മാർ രാത്രികാലങ്ങളിൽ കേൽക്കറിന്റെ വീട്ടിൽ സമ്മേളിക്കുന്നു എന്ന ഐബി റിപ്പോർട്ട് ഉണ്ടെന്ന് അന്ന് പത്രവാർത്തയുണ്ടായിരുന്നു. സംശയത്തോടെയല്ലാതെ എങ്ങനെയാണ് ഞാൻ ആ മനുഷ്യന്റെ പ്രവർത്തികൾ നോക്കുന്നത്. കളക്ടർ തൊട്ട് വില്ലേജ് ഓഫീസർ വരെയുള്ളവരെ ഇടുക്കി ജില്ലയിൽ നിന്ന് മാറ്റിയിട്ടും കേൽക്കറിനെ മാത്രം മാറ്റിയില്ല. ഈ സമയത്താണ് സ്ലാബ് ഇടിച്ച സംഭവമുണ്ടാകുന്നത്.

നാഷണൽ ഹൈവേ അധികൃതർ ഒരു കെട്ടിടത്തിന്റെ സ്ലാബ് മാറ്റുന്നത് അറിയിക്കാൻ അന്ന് വൈകുന്നേരം സബ് കളക്ടർ രത്തൻ കേൽക്കർ എന്നെ വിളിച്ചിരുന്നു. നാഷണൽ ഹൈവേയിലേക്ക് ഒരു സ്ലാബ് തള്ളി നിൽക്കുകയായിരുന്നു. രണ്ട് ആഴ്ച മുമ്പ് നാഷണൽ ഹൈവേ എക്‌സിക്യൂട്ടീവ് ഏജൻസി തന്നെ നോട്ടീസ് കൊടുത്തിരുന്നു. അതുകൊണ്ടായിരിക്കാം അവർ നീക്കം ചെയ്യുന്നുണ്ട്. പക്ഷേ കുറച്ച് ആൾക്കാരൊക്കെ കൂടി മുദ്രാവാക്യം വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും നോട്ടീസ് കൊടുത്തതല്ലേ എന്ന് ഞാൻ ഓർത്തു.

അതിനിപ്പോ ഞാൻ അങ്ങോട്ട് വരേണ്ട കാര്യം ഇല്ലല്ലോ എന്ന് ഞാൻ പറഞ്ഞു. സിപിഐ ഓഫീസ് എന്ന് വിളിക്കപ്പെടുന്ന അഞ്ചു നില ഹോട്ടൽ ആണ് ഇതെന്ന് ഒരു ഘട്ടത്തിലും അദ്ദേഹം എന്നോട് പറഞ്ഞില്ല. ആ കെട്ടിടത്തിന് തന്നെ ഒരുപാട് കഥകളുണ്ട്. ഞാൻ പിന്നീട് അതിന്റെ ഫയലുകൾ നോക്കിയപ്പോൾ പി.കെ. വാസുദേവൻ നായരുടെ പേരിലാണ് പട്ടയം. അദ്ദേഹവും ഭാര്യയും ഈ പുറമ്പോക്ക് ഭൂമിയിൽ കുടിലുകെട്ടി താമസിച്ചു വരുന്നു എന്നാണ് എഴുതിയിരിക്കുന്നത്. അന്ന് അദ്ദേഹം മുഖ്യമന്ത്രിയാണ്, ക്ലിഫ് ഹൗസിൽ താമസിക്കുകയാണ്. ഏതോ ഉദ്യോഗസ്ഥൻ അങ്ങനെ ഒരു മഹസിർ എഴുതിയതിന്റെ ഒരു ഒരു വൃത്തികേട് ഒന്ന് ആലോചിക്കണം. അറിയപ്പെടുന്ന ഒരു സീനിയർ നേതാവല്ലേ അഇദ്ദേഹം. ഇനി പട്ടയം കിട്ടിയത് പി.കെ. വാസുദേവൻ നായർക്ക് തന്നെയെന്ന് വെച്ചോളൂ. അങ്ങനെയെങ്കിൽ പോലും അവിടെ ഒരു വീട് വെച്ച് താമസിക്കാം എന്നല്ലാതെ ഒരു അഞ്ചു നില കെട്ടിടം പണിഞ്ഞ് അത് ഹോട്ടൽ ആക്കി പ്രവർത്തിക്കുന്നത് നിയമലംഘനമാണ്. ആ ഹോട്ടൽ ഇന്നും അവിടെ ഉണ്ട്. ദിവസേന 6000 രൂപയോ 8000 രൂപയോ ആണ് വാടക.

പുസ്തകത്തിലൂടെയാണ് ഇക്കാര്യങ്ങൾ ആദ്യമായി പുറത്ത് പറയുന്നത്. ബുക്ക് റിലീസ് ചെയ്യുന്ന സമയത്ത് എന്റെ അടുത്ത സുഹൃത്തുക്കൾ പലരും വന്നു ഒരു കാര്യം ചോദിച്ചു. നിങ്ങൾ ആ പാർട്ടി ഓഫീസിൽ ചെന്ന് കൈവെച്ചതോടെയാണ് ദൗത്യം പൂട്ടുവീണതല്ലേ എന്ന്? യഥാർത്ഥത്തിൽ അങ്ങനെയല്ല. ഇത് രണ്ടാം ദിവസം മറ്റോ നടന്ന സംഭവമാണ്. ഇത് കഴിഞ്ഞാണ് ഞങ്ങൾ 92 കെട്ടിടങ്ങൾ ഇടിച്ചിട്ടത്.

സബ് കളക്ടർ ആയിട്ട് ഇരുന്ന സമയത്ത് ദൗത്യം അട്ടിമറിക്കാനുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തു. സ്ലാബ് പൊളിച്ചതിനെക്കാളും ഗുരുതരമായ മറ്റൊരു കാര്യം അവർ ചെയതു. ചെറിയ കോളനികളിലും വളരെയേറെ ദാരിദ്ര്യമുള്ള ആൾക്കാരുടെ പെട്ടിക്കടകളിലും ഒക്കെ കൊണ്ടുപോയി നോട്ടീസ് കൊടുത്തു. നിങ്ങളുടെ രേഖകളും കാര്യങ്ങളുമായി എത്തണമെന്ന് അറിയിക്കും. അപ്പോൾ ഈ പാവങ്ങൾ പേടിക്കും. ചെറിയ കുടിലുകളിലോ പെട്ടിക്കടകളിലോ ഒഴിപ്പിക്കില്ല എന്നത് തുടക്കം മുതലുള്ള സർക്കാർ നിലപാടാണ്. അതുകൊണ്ടാണ് ഞങ്ങൾ വമ്പന്മാരിൽ നിന്നും തുടങ്ങിയത്.

രാജേന്ദ്രൻ എംഎൽഎയെ കുറിച്ചുള്ള പരാതികൾ വി.എസ് അന്വേഷിച്ചിരുന്നുവല്ലോ. അന്ന് അദ്ദേഹം ഒരു സംഘമായി വീട്ടിലെത്തിയ സംഭവം എന്തായിരുന്നു ?

ഒരു ദിവസം വൈകുന്നേരം ഗസ്റ്റ് ഹൗസിൽ ഇരിക്കുമ്പോഴാണ് രാജേന്ദ്രന്റെ നേതൃത്വത്തിൽ ഒരു എട്ടു പത്ത് ആൾക്കാർ എന്നെ കാണാനായി വരുന്നത്. ദേശീയ പാതയിൽ റിസോർട്ടുള്ള നാല് പേരും ഇക്കൂട്ടത്തിലുണ്ട്. ഞാൻ ഇവിടെ എത്തുന്നതിനും ദിവസങ്ങൾക്ക് മുൻപ് നാഷണൽ ഹൈവേക്കാർ ഇവർക്ക് നോട്ടീസ് കൊടുത്തതാണ്. സ്വയം ഒഴിഞ്ഞു മാറുന്നതാണ് നല്ലതെന്ന് ഞാൻ അവരോട് പറഞ്ഞു. അവർക്ക് കാര്യം മനസ്സിലായി. കൂടെയുള്ളവർ പോയിക്കഴിഞ്ഞപ്പോൾ രാജേന്ദ്രൻ രഹസ്യമായി എന്നോട് ഒരുകാര്യം ചോദിച്ചു. തത്കാലം ആ കെട്ടിടത്തിന് കുഴപ്പമില്ലെന്ന് പറഞ്ഞു. ആ ഭൂമിയും കയ്യേറ്റം ആണെന്ന് ചൂണ്ടിക്കാണിച്ച് തന്നത് എംഎൽഎ തന്നെയാണ്. ഞാൻ പോയതിന് ശേഷം പിന്നീട് ആ കെട്ടിടം പൊളിച്ച് മാറ്റിയിരുന്നു.

അടുത്ത ദിവസം ഏത് കെട്ടിടമാണ് പൊളിക്കാൻ പോകുന്നതെന്ന് ആരോടും ഞാൻ പറയാറില്ല. വളരെ സെൻസിറ്റീവ് ആയിട്ടുള്ള വിഷയമാണ്. നമ്മൾ പോകുന്ന സ്ഥലം ആരെങ്കിലും അറിഞ്ഞാൽ അങ്ങോട്ട് എത്തുന്നതിന് മുൻപ് തന്നെ കോടതിയിൽ നിന്ന് ഒരു സ്റ്റേ വാങ്ങാം. അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ അട്ടിമറിക്കാം. ഞങ്ങൾ മൂന്നാർ പോലീസ് സ്റ്റേഷനിൽ രാവിലെ ഒത്തുകൂടും. ഋഷിരാജ് സിങ്ങും അവിടെ എത്തും. റവന്യൂവിന്റെ ഉദ്യോഗസ്ഥന്മാരും പോലീസുകാരും എല്ലാം ഒരുമിച്ച് അവിടെ സമ്മേളിക്കും. ഇന്ന് എവിടെയാണ് പോകുന്നതെന്ന് ഞാൻ പറയുന്നതിനു മുമ്പ് ഞാനുൾപ്പടെയുള്ള എല്ലാവരുടേയും ഫോൺ ഓഫ് ചെയ്യും. അത് കഴിഞ്ഞിട്ടാണ് നമ്മൾ ഇന്ന് എവിടേക്കാണ് പോകുന്നതെന്ന്. പോകുന്ന വഴിക്ക് ഒരു മന്ത്രി വിളിച്ചെന്ന് പറഞ്ഞും ഒരു പ്രശ്‌നവും ഉണ്ടാകരുത്. ഒരു സ്ഥലത്ത് പൊളിക്കാൻ എത്തുമ്പോൾ അവിടെയുള്ളവർ രാജേന്ദ്രൻ എംഎൽഎയെ വിളിക്കും. അദ്ദേഹം ഞങ്ങളെ വിളിക്കുമ്പോൾ ആരെയും കിട്ടാറില്ല. ഇതായിരുന്നു പുള്ളിയുടെ പ്രശ്‌നം.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അത് വലിയ വിഷയമാക്കിയിട്ട് പുള്ളി മുഖ്യമന്ത്രിക്ക് ഒരു നിവേദനം കൊടുത്തു. സ്‌പെഷ്യൽ ഓഫീസർ ജനപ്രതിനിധികളുടെ ഭാഗം കേൾക്കുന്നില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ പോലും തയ്യാറാകുന്നില്ല എന്നും പറഞ്ഞിട്ടാണ് ഒരു പരാതി മുഖ്യമന്ത്രിക്ക് കൊടുത്തത്. ആ പരാതിയുടെ പകർപ്പ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പത്രക്കാരെ വിളിച്ച് വിതരണം ചെയ്യുകയും ചെയ്തു. രാജേന്ദ്രനുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് വി എസ് ചോദിച്ചു. രണ്ട് ദിവസം മുമ്പ് ഗസ്റ്റ് ഹൗസിൽ സംഭവിച്ച കാര്യം ഞാൻ പറഞ്ഞു. ഇത് കേട്ടപ്പോൾ വി എസിന് ചിരി വന്നു. അടുത്ത ദിവസം പത്രക്കാരെ ഒക്കെ ഒന്ന് വിളിച്ചു കൂട്ടിട്ട് ഇതങ്ങ് അവരോട് പറഞ്ഞേക്ക് എന്ന് നിർദേശിച്ചു. ആ കർട്ടൻ പൊക്കിയ ഭാഗം പറയേണ്ടെന്നും പറഞ്ഞു.

പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന ബാലഗോപാലിനെതിരെ പുസ്തകത്തിൽ ഉന്നയിച്ച വിമർശനങ്ങളുടെ കാതൽ എന്താണ്? എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയലുകളിൽ മറ്റുള്ളവർക്ക് ഇത്രത്തോളം കൃത്രിമം കാണിക്കാൻ സാധിച്ചത് ?

വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ലോട്ടറി കാര്യങ്ങളുമായിട്ട് ബന്ധപ്പെട്ട് അവിടേയ്ക്ക് പലവട്ടം പോകാറുണ്ടായിരുന്നു. അവിടെ വെച്ചാണ് ഷാജഹാൻ, ശക്തിധരൻ, വേണു, ജോസഫ് മാത്യു എന്നിവരെയൊക്കെ കാണുന്നത്. ഇവരുടെ കൂട്ടത്തിൽ ബാലഗോപാലിന്റെ ചേട്ടൻ ഹരിലാലും ഉണ്ടാകും. ആ പരിഗണന കൊണ്ടാകാം ബാലഗോപാലിനേയും ഉൾപ്പെടുത്തിയത്. അന്ന് ബാലഗോപാൽ ഡിവൈഎഫ്‌ഐയുടെ കുഞ്ഞ് നേതാവാണ്. ആ പരിസരത്ത് പോലും അദ്ദേഹത്തിനെ കാണാൻ കിട്ടാറില്ലായിരുന്നു. അന്നത്തെ ചർച്ചകളിലൊന്നും ബാലഗോപാൽ ഉൾപ്പെട്ടിരുന്നില്ല. വി എസ് മുഖ്യമന്ത്രിയായപ്പോൾ ബാലഗോപാൽ പൊളിറ്റിക്കൽ സെക്രട്ടറിയായി.

അന്ന് സെക്രട്ടറി ടു സിഎം ആയിട്ട് ചിലരെ പരിഗണിച്ചിരുന്നു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ആൾക്കാരെക്കാളും നല്ലത് ഷീല തോമസ് മാഡം ആണെന്ന് ഞാൻ ധരിപ്പിച്ചു. ഷീല തോമസ് ചുമതലയേറ്റ് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെ അവസ്ഥ ഗുരുതരമാണെന്ന ഫീഡ്ബാക്ക് കിട്ടി. കാരണം ഫയലുകൾ അവിടേയ്ക്ക് എത്തുന്നില്ല. അന്ന് മന്ത്രിമാരുടെ ഓഫീസിലെ ഫയലുകൾ ട്രാക്ക് ചെയ്യുന്ന ഒരു സമ്പ്രദായം എല്ലായിടത്തും എടുത്തു ഉണ്ട്, ഇവിടെ മാത്രമില്ല. ഫയലുകൾ നേരെ എകെജി സെന്ററിലേയ്ക്ക് പോവുകയാണ്. ഷീല തോമസ് ഒന്നും ചെയ്യാനാകാതെ നിസ്സഹായയാണ്. മാത്രവുമല്ല ഷീല തോമസ് അഴിമതിക്കാരിയാണെന്ന് പറഞ്ഞ് ആരോ വി എസിനെ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് ഞാൻ ഇടപെട്ടാണ് ആ തെറ്റിദ്ധാരണ മാറ്റുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന ഫയലുകൾ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രൻ, പൊളിറ്റിക്കൽ സെക്രട്ടറി കെ.എൻ. ബാലഗോപാൽ, സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എൻ. ചന്ദ്രശേഖരപ്പണിക്കർ എന്നിവരുടെ പക്കലായിരുന്നു. ഷീലാ തോമസ് മുഖ്യമന്ത്രിയുടെ മുറിയിൽ എത്തുമ്പോൾ ഇവരെന്താണ് സംസാരിക്കുന്നത് എന്നു കേൾക്കാൻ പണിക്കരും രാജേന്ദ്രനും എത്തും. ആദ്യമൊക്കെ ഇവരെ നോക്കാതെ വി.എസ്. എന്തെങ്കിലുമൊക്കെ സംസാരിക്കുമായിരുന്നു. പിന്നെ വി.എസ്. സംസാരം നിർത്തി. ഞാൻ മുഖ്യമന്ത്രിയെ കാണാൻ അദ്ദേഹത്തിന്റെ മുറിയിൽ എത്തുമ്പോഴും പണിക്കരും രാജേന്ദ്രനും വി.എസിന്റെ ഇരുവശത്തും നിലയുറപ്പിക്കും. പലപ്പോഴും വി എസ് എന്നെ ഫോണിൽ വിളിച്ച് കാണാനായി ക്ലിഫ്ഹൗസിൽ വരണം എന്ന് പറയും.

രാജേന്ദ്രന്റെയും ബാലഗോപാലിന്റെയും മുറിയിലെ മേശയിൽ ഫയലുകളുടെ കൂമ്പാരം ഇരിക്കുന്നത് കാണാം. ഓരോ ഫയലുകളും ഓരോ ജീവനാണല്ലോ. ഇവർ അതെല്ലാം ചവിട്ടി വെച്ചിരിക്കുകയാണ്. ഏത് അനങ്ങണം, ഏത് അനങ്ങരുത് എന്നുള്ള തീരുമാനങ്ങൾ എകെജി സെന്ററിൽ നിന്നും എടുക്കും. ഞാൻ പാർട്ടി പാർട്ടി വിരുദ്ധ നടപടികൾ ചെയ്യുന്നുവെന്ന് ബാലഗോപാപാൽ കത്ത് നൽകിയിട്ടുണ്ട്. സ്മാർട് സിറ്റി കരാർ നടക്കാതിരിക്കാൻ സുപ്രധാന ഫയലുകൾ ഫയലുകൾ ബാലഗോപാലും രാജേന്ദ്രനും മുക്കിയിട്ടുണ്ട്.

വി എസ് രണ്ടാമൂഴം ആഗ്രഹിച്ചുരുന്നോ ? തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം 13 മണ്ഡലങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞതായി പുസ്തകത്തിൽ പറയുന്നുണ്ടല്ലോ ?

വി എസിന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ കൂടെയുണ്ടായിരുന്ന ഞങ്ങളെല്ലാം ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ കുറെ നാളിൽ അഴിമതി ആരോപണമൊന്നുമില്ലാത്ത ഭരണം വി എസിന്റേതായിരുന്നു. തുടർഭരണം ഞങ്ങൾക്ക് ഉറപ്പായിരുന്നു. പിന്നാലെ വന്ന യുഡിഎഫ് സർക്കാരിലും അഴിമതി ആരോപണങ്ങളും കേസുമൊക്കെ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ഞങ്ങളെല്ലാവരും വിഎസിന്റെ വീട്ടിൽ ഉണ്ട്. ഈ സർക്കാർ തുടങ്ങുന്നതേയുള്ളൂ എന്നൊരു മൂഡ് ആയിരുന്നു. ഫലം വന്നതിന് ശേഷം ഞാൻ വി എസിനെ കണ്ടു. അപ്പോഴാണ് പാർട്ടി തോൽക്കാനായി നിർത്തിയ 13 സ്ഥാനാർഥികളെക്കുറിച്ച് അദ്ദേഹം പറയുന്നത്.

പിണറായി വിജയന്റെ ഫസ്റ്റ് ടേമിൽ വി എസ് ഒപ്പമുണ്ട്. കേരള ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയർമാൻ എന്ന ദൗത്യം വി എസ് എടുക്കരുതായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അനാരോഗ്യം കൊണ്ട് എന്നെ മുഖ്യമന്ത്രി ആക്കാൻ പറ്റില്ല. പക്ഷേ ക്യാംപെയിൻ ലീഡ് ചെയ്യാൻ വിടാം. ഈ കാര്യങ്ങൾ ഒക്കെ നാട്ടുകാർ അറിയണം എന്ന് വി എസ്സിന് ഉണ്ടായിരുന്നു. വി എസ് മുഖ്യമന്ത്രിയാരുന്നപ്പോൾ നേരിട്ടത്രയും പ്രതിസന്ധികൾ മറ്റാരും നേരിട്ട് കാണില്ല. ഒരിക്കൽക്കൂടി വി എസ് മുഖ്യമന്ത്രി ആയാൽ ഔദ്യോഗികപക്ഷത്തിന്റെ ശക്തി ക്ഷയിക്കുമെന്ന് ഉറപ്പായിരുന്നു. പിണറായി ഗ്രൂപ്പ് അങ്ങനെ ചിന്തിച്ചിട്ടുണ്ടാകാം. അഞ്ചുവർഷം മറ്റവർ ഭരിക്കട്ടെ, അപ്പോഴത്തേക്ക് വി എസിന് പ്രായം കൂടുമെന്ന് ഇവർ കരുതിക്കാണും. അവരുടെ കണക്കുകൂട്ടലുകൾ ശരിയായി. പ്രായം കൂടിയതിനാൽ വി എസിനെ മാറ്റിനിർത്തി. തിരഞ്ഞെടുപ്പ് തോൽവിയെക്കാളും അതോടെയാണ്. വി എസ് നിരാശനാകുന്നത്. അപ്പോഴാണ് എല്ലാം തുറന്നെഴുതണമെന്ന് അദ്ദേഹം പറയുന്നത്.