1991 മാര്‍ച്ചിലാണ് ജെ.ആര്.ഡി ടാറ്റ ടാറ്റ ഗ്രൂപ്പിനെ രത്തന്‍ ടാറ്റയ്ക്ക് കൈമാറുന്നത്. കമ്പനിയിലെ പല ഉന്നതരും ടാറ്റയുടെ ചെയര്മാന് പദവി പ്രതീക്ഷിച്ചിരുന്നതിനാല്‍ രത്തന്‍ ടാറ്റ ഈ സ്ഥാനത്തേക്ക് വരുമെന്ന് വരുന്നത് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ എല്ലാവരേയും അമ്പരിപ്പിക്കുന്ന വളര്‍ച്ചയാണ് രത്തന്‍ ടാറ്റ സ്ഥാനമേറ്റെടുത്ത ശേഷം ടാറ്റയ്ക്കുണ്ടായത്. ജെആര്‍ഡി ടാറ്റയില്‍ നിന്നുള്ള ഏറ്റെടുക്കലിനെ കുറിച്ച് രത്തന്‍ ടാറ്റ മുമ്പ് വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ഹൃദ്രോഗവുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് കമ്പനിയുടെ ചുമതലകള്‍ തനിക്ക് കൈമാറാന്‍ ജെആര്‍ഡി ടാറ്റ തീരുമാനിച്ചതായി രത്തന്‍ ടാറ്റ പറയുകയുണ്ടായി. രത്തന്‍ ടാറ്റ അന്ത്യശ്വാസം വലിച്ച മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു 33 വര്‍ഷം മുമ്പുള്ള ആ കൈമാറ്റത്തിന്റെ തുടക്കം.
'ഒരു ചടങ്ങിനായി ഞങ്ങള്‍ ഒരുമിച്ച് ജംഷഡ്പുരില് ഉണ്ടായിരുന്നു, മെഴ്സിഡസ് ബെന്‍സുമായുള്ള ചില ചര്‍ച്ചകള്‍ക്കായി എനിക്ക് സ്റ്റട്ട്ഗാര്‍ട്ടിലേക്ക് പോകേണ്ടിവന്നു. തിരികെ വന്നപ്പോള്‍ അറിഞ്ഞത്, അദ്ദേഹത്തിന് ഹൃദ്രോഗ പ്രശ്നമുണ്ടെന്നും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണെന്നും.,അദ്ദേഹം അവിടെ ഒരാഴ്ച ഉണ്ടായിരുന്നു. എല്ലാദിവസം ഞാന്‍ ചെന്ന് കാണും. ഒരു വെള്ളിയാഴ്ച അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്നുള്ള തിങ്കളാഴ്ച അദ്ദേഹത്തെ ഓഫീസില്‍ വെച്ച് ഞാന്‍ കണ്ടു. 'ശരി, എന്താണ് പുതിയത്' എന്ന ആമുഖത്തോടെയാണ് ജെആര്‍ഡി ടാറ്റ എല്ലായ്പ്പോഴും കൂടിക്കാഴ്ചകള്‍ ആരംഭിക്കുക. അന്നും എന്നോട് അങ്ങനെ ചോദിച്ചു. ഞാന്‍ നിങ്ങളെ എന്നും കാണുന്നുണ്ട്, അവസാനമായി കണ്ടതിന് ശേഷം പുതുതായി ഒന്നും ഉണ്ടായിട്ടില്ലെന്ന് മറുപടി നല്കി' രത്തന്‍ ടാറ്റ വിശദീകരിച്ചു.
ആ ദിവസം കുറച്ച് സുപ്രധാനമായ കാര്യം അദ്ദേഹത്തിന് തന്നോട് പറയാനുണ്ടായിരുന്നുവെന്ന് രത്തന്‍ ടാറ്റ ഓര്‍ത്തെടുത്തു,'ജംഷ്ഡ്പുരില് എനിക്ക് സംഭവിച്ച കാര്യങ്ങള്‍ സ്ഥാനമൊഴിയാന്‍ എന്നെ പ്രേരിപ്പിക്കുന്നുണ്ട്. എന്റെ സ്ഥാനം നിങ്ങളെ എല്പ്പിക്കാന് ഞാന്‍ തീരുമാനിച്ചു' ജെആര്‍ഡി ടാറ്റ പറഞ്ഞ കാര്യങ്ങള്‍ രത്തന്‍ ടാറ്റ വെളിപ്പെടുത്തി.
താമസിയാതെ മാര്‍ച്ച് 25ന് നടന്ന ടാറ്റ ഗ്രൂപ്പിന്റെ ബോര്‍ഡ് യോഗത്തില്‍ ഈ തീരുമാനം വന്നു. '40 മുതല്‍ 50 വര്‍ഷം വരെ താന്‍ വഹിച്ചിരുന്ന സ്ഥാനത്ത് നിന്ന് അദ്ദേഹം പടിയിറങ്ങുന്നു എന്നതിനപ്പുറം, അദ്ദേഹം ആ സ്ഥാനം ഉപേക്ഷിച്ചതില്‍ ഒരുപാട് വികാരങ്ങള്‍ ഉണ്ടായിരുന്നു. ആ മീറ്റിംഗില്‍ അദ്ദേഹം വര്ഷങ്ങളോളമുള്ള അനുഭവങ്ങള്‍ അനുസ്മരിച്ചു, എനിക്ക് അത് വൈകാരികമായോ മറ്റോ പുനര്‍നിര്‍മ്മിക്കാന്‍ കഴിയില്ല, പക്ഷേ ആ മീറ്റിംഗ് ടാറ്റയിലെ അദ്ദേഹത്തിന്റെ എല്ലാ ദിവസങ്ങളുടെയും ഒരു പുരാരേഖ പോലെ തുടര്‍ന്നു. ഒരിക്കലും സ്വന്തം പുകഴ്ത്തലായിരുന്നില്ല അത്, മറിച്ച് അദ്ദേഹം കടന്നുപോയ അനുഭവങ്ങള്‍. അതിനൊരു ചരിത്രമുണ്ട്, ഞങ്ങള്‍ എല്ലാവരും വളരെ ആവേശത്തോടെ പുറത്തിറങ്ങി' രത്തന്‍ ടാറ്റ വെളിപ്പെടുത്തി.
ജെആര്‍ഡി ടാറ്റ അദ്ദേഹത്തിന് ബാറ്റണ്‍ കൈമാറി രണ്ട് വര്‍ഷത്തിന് ശേഷം, സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ അദ്ദേഹം അന്തരിച്ചു.
പതറാത്ത ആത്മവീര്യം
ജെ. ആർ.ഡി. ടാറ്റയുടെ പഴയ സാമ്രാജ്യം സ്റ്റീൽ, രാസവ്യവസായം, തേയില എന്നിങ്ങനെ പ്രധാനമായും വാണിജ്യചരക്കുകളിലായിരുന്നു. എൻജിനിയറിങ് മികവുമായി ടെൽക്കോ വേറിട്ടുനിന്നെങ്കിലും മറ്റൊന്നും അത്തരത്തിലായിരുന്നില്ല. ഉപഭോക്തൃ ഉത്പന്നങ്ങളുടെ കാര്യത്തിൽ ഗ്രൂപ്പ് മുൻനിരയിലായിരുന്നില്ല അപ്പോൾ. ടെക്സ്റ്റൈൽ മില്ലുകൾ, ടാറ്റ ഓയിൽ, നെൽക്കോ എന്നിവയ്ക്കെല്ലാം വിപണിക്കായി പോരാടേണ്ടി വന്നു.
ജെ.ആർ.ഡി. ടാറ്റ പിൻഗാമിയായി രത്തനെ തിരഞ്ഞെടുത്തപ്പോൾ തീരുമാനത്തിനെതിരേ കുറ്റപ്പെടുത്തലുകൾ വ്യാപകമായിരുന്നു. 1971-ൽ നെൽകോയുടെ ചുമതല ഏൽപ്പിച്ചെങ്കിലും രത്തന്‍ അത് വിജയത്തിലെത്തിക്കാനായിരുന്നില്ല. ടെലിവിഷൻ നിർമാണത്തിൽ ബി.പി.എൽ., വീഡിയോകോൺ, ഒനിഡ തുടങ്ങിയ പുതുമുഖങ്ങൾ നെൽകോയെ തറപറ്റിച്ചു മുന്നേറി. അതേസമയം, ഉന്നത സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ടാറ്റ ഗ്രൂപ്പിന് ഒരു പുതിയ മുഖച്ഛായ സൃഷ്ടിക്കാനുള്ള ദീർഘവീക്ഷണം ഇതിനകം അദ്ദേഹം പ്രദർശിപ്പിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തുടക്കം മോശമായിരുന്നു. കംപ്യൂട്ടർ നിർമാണത്തിനായി എലെക്്സി, ബയോ ടെക്നോളജിക്കായി പ്ലാന്റെക് തുടങ്ങിയ ഹൈടെക് സംരംഭങ്ങൾ വിദേശത്തു തുടങ്ങാനുള്ള അനുമതി ജെ.ആർ.ഡി. രത്തനു നൽകി. രണ്ടും പരാജയപ്പെട്ടു. കുറ്റപ്പെടുത്തലുകളും പരിഹാസവും കൂടി.
സുമന്ത് മുൾഗോക്കറിനുശേഷം ടെൽക്കോയിൽ രത്തന്‍ ഉയർന്ന ജോലി നൽകിയപ്പോഴും പലരും ദുരന്തമാണ് പ്രതീക്ഷിച്ചത്. താമസിയാതെ വലിയൊരു വെല്ലുവിളി ടെൽക്കോയിൽ ഉയർന്നു. ചിലപ്പോഴൊക്കെ അക്രമത്തിലേക്കു നീങ്ങിയ തൊഴിലാളി നേതാവായിരുന്ന രാജൻനായരുടെ നേതൃത്വത്തിൽ നടത്തിയ പണിമുടക്കിന്റെ രൂപത്തിൽ. ദത്താ സാമന്തിനെപ്പോലെ അക്രമാസക്തരായ ട്രേഡ് യൂണിയൻ നേതാക്കൾ ധാരാളമുണ്ടായിരുന്നതിനാൽ വിട്ടുവീഴ്ച്ച ചെയ്യാൻ പലരും രത്തനെ ഉപദേശിച്ചു. എന്നാൽ, അദ്ദേഹം ഒത്തുതീർപ്പിന് തയ്യാറായില്ല. അവസാനം ദീർഘകാല സമരം പരാജയപ്പെട്ടു. ഇതായിരുന്നു രത്തന്റെ ആദ്യത്തെ പ്രധാനജയം. അതോടെ കളിയാക്കലുകൾ പലതും പ്രശംസകളായി. ചെറുവാണിജ്യ വാഹനങ്ങളുടെ വിപണിയിൽ ടെൽക്കോ പ്രാദേശികമായി വികസിപ്പിച്ചെടുത്ത മോഡലുകൾ ഡി.സി.എം. ടൊയോട്ട, നിസാൻ-ആൽവിൻ, സ്വരാജ് മസ്ദ തുടങ്ങിയ ജപ്പാൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയവയെ എല്ലാം പരാജയപ്പെടുത്തി. സാങ്കേതികവിദ്യയിലൂന്നിയുള്ള അദ്ദേഹത്തിന്റെ വിജയമായിരുന്നു ഇത്.
Content Highlights: You should take my place- When JRD Tata handed over firm's reins to Ratan Tata
Published: 10 Oct 2024, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented