ഉത്തർപ്രദേശ്: എസ്.ഐ.ആറിൽ ജാഗ്രത പാലിക്കാൻ ബി.ജെ.പി പ്രവർത്തകരോട് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിൽ 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച ഇദ്ദേഹം, അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പറഞ്ഞു. വെള്ളിയാഴ്ച നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് നിരവധി ഹിന്ദുവോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിലില്ലെന്ന് യോഗി ആരോപിച്ചത്.

To advertise here,

നിലവിൽ ഏകദേശം 13 കോടി വോട്ടർമാരാണ് ഉത്തർപ്രദേശിൽ ഉള്ളതെന്നും ജനസംഖ്യാ കണക്കുകൾ പ്രകാരം, യഥാർത്ഥത്തിൽ 16 കോടിയിലധികം വോട്ടർമാർ ഉണ്ടാകേണ്ടതാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. 18-19 പ്രായപരിധിയിലുള്ള ഏകദേശം 4.5 ലക്ഷം യുവാക്കളും വോട്ടർപട്ടികയിൽ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് വോട്ടർ പട്ടികയിൽ പേരുള്ള 66 ലക്ഷം ആളുകളുടെ പേരുകൾ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ഇല്ലെന്നും സർക്കാർ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ 55 ലക്ഷം പേർ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ യോഗി, നഗര തദ്ദേശ സ്വയംഭരണ മണ്ഡലങ്ങളിൽ പാർട്ടി ദുർബലമാകാൻ ഇത് ഇടയാക്കുമെന്ന് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി.

വെറും നാല് ലക്ഷം വോട്ടർമാരെ മാത്രമാണ് സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ എസ്.ഐ.ആറിലൂടെ പുതുതായി ചേർത്തതെന്ന് ചൂണ്ടിക്കാട്ടിയ ആദിത്യനാഥ്, പഞ്ചായത്ത് വോട്ടർ പട്ടികയിൽ പേരുള്ള 66 ലക്ഷം ആളുകളുടെ പേരുകൾ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ഇല്ലെന്നും പറഞ്ഞു.

അർഹരായവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനായി ബൂത്ത് ലെവൽ ഓഫീസർമാരുമായി ചേർന്ന് പ്രവർത്തിക്കാൻ ബിജെപി പ്രവർത്തകരോട് അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ, ഈ പ്രക്രിയ കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കാനായി എംപിമാർ, എംഎൽഎമാർ, മറ്റ് പാർട്ടി ഭാരവാഹികൾ എന്നിവർക്ക് ചുമതല നൽകിയിട്ടുണ്ട്. വോട്ടർപട്ടികയിൽനിന്ന് ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന ആരോപണത്തിൽ ആദിത്യനാഥ് മുൻകാലങ്ങളിലും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിനു ശേഷം ഉത്തർപ്രദേശിലെ ആകെ വോട്ടർമാരുടെ എണ്ണം 13,39,84,792 ആയിട്ടുണ്ട്. എസ് ഐ ആറിനുശേഷം സംസ്ഥാനത്തെ വോട്ടർപട്ടികയിൽനിന്ന് 2.04 കോടിയിലധികം വോട്ടർമാരെ നീക്കംചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അതേസമയം, 84 ലക്ഷത്തിലധികം പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതായി രേഖകൾ പറയുന്നു.