
അടൂർ: അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കടന്ന് പ്രതിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ. പോലീസ് സ്റ്റേഷന് അകത്തോ പുറത്തോ ആക്രമണമൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാൽ, സംഘർഷം ഉണ്ടായിട്ടുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ മാത്രമാണ് സ്റ്റേഷന് അകത്തേക്ക് പോയതെന്നും സെല്ലിനകത്തേക്ക് കയറിയിട്ടില്ലെന്നും ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളോട് പറഞ്ഞു.
അടൂർ പോലീസ് സ്റ്റേഷനിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജൂലായ് മാസത്തിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യൂട്യൂബർ രാജൻ ജോസഫിനെ എറണാകുളത്തുനിന്നും അറസ്റ്റ് ചെയ്ത് അടൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
"പോലീസ് സ്റ്റേഷന് അകത്തും പുറത്തും ഒരു ആക്രമണവും ഉണ്ടായിട്ടില്ല. സംഘർഷം ഉണ്ടായിട്ടുണ്ട്. സ്റ്റേഷനകത്തേക്ക് ആരും അതിക്രമിച്ച് കയറിയിട്ടില്ല. പരാതിക്കാരിയെന്ന നിലയിൽ പ്രതിയെ ഐഡന്റിഫൈ ചെയ്യാനാണ് അകത്തേക്ക് പോയത്. സെല്ലിനകത്തേക്ക് കയറിയിട്ടില്ല. 'സുഖമാണോ ചേട്ടാ' എന്ന് ചോദിച്ചു. അത് ഭീഷണിയായിട്ട് തോന്നിയിട്ടില്ല. ഭരണം നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ചിത്തഭ്രമമാണ് അടൂരിൽ സിപിഎം കാണിക്കുന്നത്", ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.
പോലീസ് സ്റ്റേഷനിൽ ചെന്ന് പ്രതിയോട് സംസാരിക്കേണ്ട ആവശ്യം എന്തായിരുന്നു എന്ന ചോദ്യത്തിന് പ്രതിയോട് സംസാരിച്ചെന്നിരിക്കും എന്നായിരുന്നു മറുപടി. "തല്ല് കിട്ടിയിട്ടില്ല എന്ന് രാജൻ തന്നെ പരസ്യമായി സമ്മതിച്ച വിഷയമാണ്. പോലീസ് സ്റ്റേഷനിൽ ഒരുതരത്തിലും മോശമായി പെരുമാറിയിട്ടില്ല. രാജന് തല്ല് കിട്ടിയിട്ടില്ല എന്ന് രാജൻ പറയുന്നു, പക്ഷേ മനോജ് (സിപിഎം ഏരിയ സെക്രട്ടറി) പറയുന്നു രാജന് തല്ലു കിട്ടിയെന്ന്. മനോജിന് തല്ല് കിട്ടിയെന്ന് രാജൻ പറയുന്നു. എന്നാൽ, തല്ല് കിട്ടിയില്ലെന്ന് മനോജ് പറയുന്നു. ഇവർ തമ്മിൽ ആദ്യം ഐക്യം ഉണ്ടാകട്ടെ. എന്നിട്ടല്ലേ പരസ്പരം സഹായിക്കാനിറങ്ങുക? ഞങ്ങൾ അവിടെ ചെല്ലുമ്പോൾ പ്രതി പോലീസ് സംരക്ഷണയിലായിരുന്നു. സ്ത്രീവിരുദ്ധനും ജനപ്രതിനിധികളെ ഏറ്റവും കൂടുതൽ അപമാനിക്കാൻ യാതൊരു വിധ മടിയുമില്ലാത്ത ക്രിമിനലിനെ സംരക്ഷിക്കാൻ സിപിഎമ്മിന്റെ ഏരിയ സെക്രട്ടറി നിലപാടെടുക്കുമ്പോൾ, മുഹമ്മദ് റിയാസും എളമരം കരീമും തമ്മിൽ ഗേ പാർട്ണേഴ്സ് ആണ് എന്ന് പറഞ്ഞ് വീഡിയോ ചെയ്ത രാജനെയാണ് സിപിഎം ഏരിയ സെക്രട്ടറി സംരക്ഷിക്കുന്നത്. രാജന്റെ ആ അഭിപ്രായത്തോട് സിപിഎമ്മിന്റെ ഏരിയ സെക്രട്ടറി മനോജ് യോജിക്കുന്നുവെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്", ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു.
നാട്ടിലെ ക്രമസമാധാനം തകരുന്ന നിലയിൽ പോലീസ് സ്റ്റേഷനകത്ത് ഒരു സംഘം കയറി ആക്രമിച്ച് ഗുണ്ടായിസം നടപ്പിലാക്കുന്നതിന് ഒരു ജനപ്രതിനിധി നേതൃത്വം കൊടുക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി മനോജ് പറഞ്ഞു.
"എളമരം കരീമിനെതിരേയോ റിയാസിനെതിരേയോ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരേയോ ആരെങ്കിലും മോശം പരാമർശം നടത്തുന്നതിനെ ഞങ്ങളാരും പിന്തുണയ്ക്കുന്നവരല്ല. ഒരാളെപ്പറ്റിയും മോശം പരാമർശം നടത്താൻ പാടില്ല എന്ന നിലപാടാണുള്ളത്. ആരെങ്കിലും നിയമലംഘനം നടത്തിയെങ്കിൽ അത് നിയമപരമായാണ് നേരിടേണ്ടത്. അതിനുപകരം, പോലീസ് സ്റ്റേഷനകത്തേക്ക്, പോലീസ് ജീപ്പ് വരുമ്പോൾ അത് തടഞ്ഞുനിർത്തി അരമണിക്കൂറോളം സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസ് വിനീതവിധേയരായി നിൽക്കുന്ന അവസ്ഥയാണ് ഉണ്ടാക്കിയത്. ഇതിനെ എങ്ങനെയാണ് ന്യായീകരിക്കുക? ഇതാണോ ശരി? നാട്ടിലെ ക്രമസമാധാനം തകരുന്ന നിലയിൽ പോലീസ് സ്റ്റേഷനകത്ത് ഒരു സംഘം കയറി അക്രമിച്ച് ഗുണ്ടായിസം നടപ്പിലാക്കുന്നതിന് ഒരു ജനപ്രതിനിധി നേതൃത്വം കൊടുക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കില്ല, ശക്തമായി എതിർക്കും. സന്ന്യാസതുല്യമായ ജീവിതം നയിക്കുന്ന സംസ്ഥാന കമ്മിറ്റിയംഗമായ കെ.പി. ഉദയഭാനുവിനെക്കുറിച്ച് ശ്രീനാദേവി എന്തൊക്കെയാണ് പറഞ്ഞത്. ഉദയഭാനുവിനെതിരേ ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞത് ശരി, രാജൻ ജോസഫ് പറഞ്ഞത് തെറ്റ് എന്ന് പറയാനാകുമോ? രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്", മനോജ് പറഞ്ഞു.
പോലീസ് ജീപ്പ് തടഞ്ഞുനിർത്തി രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും പോലീസ് സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ചു കയറുന്നതും ഇപ്പോൾ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം. ശ്രീനാദേവി കുഞ്ഞമ്മയ്ക്കൊപ്പം കോൺഗ്രസ് നേതാവായ ഫെന്നി നൈനാൻ ഉൾപ്പെടെയുള്ള പ്രവർത്തകരും ഈ അക്രമ ദൃശ്യങ്ങളിലുണ്ട്. പോലീസ് സ്റ്റേഷനുള്ളിലെ സെല്ലിനു മുന്നിൽവെച്ച് രാജൻ ജോസഫിനോട് കോൺഗ്രസ് സംഘം തർക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കൃത്യമായി വ്യക്തമാണ്.
സംഭവം നടന്ന ദിവസം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കണ്ടാലറിയാവുന്ന 20 പേർക്കെതിരെ മാത്രമാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെയോ ഫെന്നി നൈനാന്റെയോ പേരുകൾ എഫ്.ഐ.ആറിൽ രേഖപ്പെടുത്താൻ പോലീസ് തയ്യാറായിരുന്നില്ല.
Content Highlights: CCTV footage emerged showing Congress leaders at Adoor police station., Sreenadevi Kunjamma denied committing any violence inside the station., CPM area secretary criticized the Congress leaders for creating chaos., Controversy surrounds the arrest and alleged targeting of YouTuber Rajan Joseph.
Published: 31 Oct 2026, 04:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented