ദെഹ്‌റാദൂൺ: ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപ് ക്യാമറയിലേക്ക് നോക്കി പുഞ്ചിരിച്ചു, ശേഷം മഞ്ഞുമൂടിയ ഹിമാലയത്തിന്റെ കാഴ്ച. സമുദ്രനിരപ്പിൽ നിന്ന് 11,000 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബദരീനാഥിൽ നിന്ന് ഡെറാഡൂണിനടുത്തുള്ള സഹസ്രധാരയിലേക്ക് പറന്ന ഹെലികോപ്റ്ററിനുള്ളിൽ നിന്ന് 41 വയസ്സുകാരനായ പ്രതാപ് ബച്ചഹള്ളി ലിംഗരാജു വെള്ളിയാഴ്ച തന്റെ കുടുംബത്തിന് അയച്ച അവസാനത്തെ രണ്ട് വീഡിയോകൾ. പിന്നീട് അവരെ തേടിയെത്തിയത് പ്രതാപിന്റെ മരണവാർത്തയാണ്.

To advertise here,

ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഉണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിൽ പൈലറ്റടക്കം ആറുപേർ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബദരീനാഥിൽ നിന്ന് പുറപ്പെട്ട ട്രാൻസ് ഭാരത് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഹെലികോപ്റ്ററാണ് യാത്രാമധ്യേ തകർന്നുവീണത്. കർണാടക സ്വദേശികളായ പ്രതാപ് ബച്ചഹള്ളി ലിംഗരാജു, സുധീർ കെ, എച്ച്.എസ്. നടരാജ്, ശങ്കരഗൗഡ വി.ബി. എന്നീ യാത്രക്കാരും ഡൽഹി സ്വദേശിയായ പൈലറ്റ് ക്യാപ്റ്റൻ ഹിമാൻഷു സബർവാൾ (48) എന്നിവരാണ് മരിച്ചത്.

ബെംഗളൂരു സിറ്റി പോലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ചിലെ (സി.സി.ബി.) ഇൻസ്‌പെക്ടറാണ് മരിച്ചവരിൽ ഒരാളായ 44-കാരനായ അരുൺ സലുങ്കെ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞാണ് ഹെലികോപ്ടർ ബദരീനാഥിൽനിന്നും പറന്നുയർന്നത്. പിന്നാലെയാണ് പ്രതാപ് യാത്രയുടേയും ഹിമാലയത്തിന്റേയും ദൃശ്യങ്ങൾ പകർത്തി വീട്ടിലേക്കയച്ചത്. ആദ്യ വീഡിയോയിൽ പ്രതാപ് ക്യാമറയിലേക്ക് നോക്കി പുഞ്ചിരിക്കുന്നതാണ് കാണാനാവുക. പുറത്തെ, മഞ്ഞുമൂടിയ മലനിരകളുടെ ദൃശ്യമാണ് രണ്ടാമത്തെ വീഡിയോയിൽ ഉണ്ടായിരുന്നത്.

ഉച്ചയ്ക്ക് 1.12-ഓടെ അയച്ച ഈ സന്ദേശങ്ങളാണ് കുടുംബത്തിന് പ്രതാപിൽനിന്നും അവസാനമായി ലഭിച്ചത്. തൊട്ടുപിന്നാലെയാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. ട്രാൻസ് ഭാരത് ഏവിയേഷൻ പ്രവർത്തിപ്പിച്ചിരുന്ന സ്വകാര്യ ഹെലികോപ്റ്ററിന് ടേക്ക് ഓഫ് ചെയ്ത് രണ്ട് മിനിറ്റിനുള്ളിൽ ബന്ധം നഷ്ടപ്പെട്ടതായി ചമോലി പോലീസ് സൂപ്രണ്ട് സുർജിത് സിങ് പൻവാർ അറിയിച്ചു. VT-HCX എന്ന കോൾ സൈൻ ഉള്ള ഹെലികോപ്റ്റർ ജോഷിമഠ് താഴ്വരയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് ആശയവിനിമയം നഷ്ടപ്പെട്ടത്.

ഹെലികോപ്റ്ററിന്റെ ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റത്തിൽ ലഭിക്കുന്നില്ലെന്ന് ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് അതോറിറ്റിയും (UCADA) അറിയിച്ചു. പിന്നീട് നടത്തിയ തിരച്ചിലിൽ, ഉച്ചയ്ക്ക് 2.20-ഓടെ, ലക്ഷ്യസ്ഥാനമായ ജോഷിമഠിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ഹെലികോപ്റ്ററിന്റെ തകർന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഡിസ്ട്രിക്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ (DEOC) നൽകുന്ന വിവരമനുസരിച്ച്, ഹാഥി പർവ്വത് മേഖലയിലാണ് ആർമി സിഗ്‌നൽ സെന്റർ സംഘം ഹെലികോപ്റ്റർ കണ്ടെത്തിയത്.

വേഗത്തിൽ താഴേക്ക് പതിക്കുമ്പോൾ അതിൽ നിന്ന് പുക ഉയരുന്നത് കണ്ടിരുന്നതായി ചായ് ഗ്രാമവാസികൾ പറയുന്നു. അവശിഷ്ടങ്ങൾക്ക് സമീപത്തു നിന്നാണ് പൈലറ്റിന്റെയും അഞ്ച് യാത്രക്കാരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ ഇരുട്ടും ദുഷ്‌കരമായ ഭൂപ്രകൃതിയും കാരണം മൃതദേഹങ്ങൾ പെട്ടെന്ന് പുറത്തെത്തിക്കാൻ സാധിച്ചില്ലെന്ന് കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മൃതദേഹങ്ങൾ ശനിയാഴ്ച ജോഷിമഠ് ടൗണിലേക്ക് മാറ്റുമെന്നും അവിടെ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് വിവേക് പ്രകാശ് അറിയിച്ചു.

ഹെലികോപ്റ്റർ കാണാതായെന്ന വിവരം ലഭിച്ച ഉടൻ തന്നെ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), കരസേന എന്നിവരുടെ സംയുക്ത സംഘങ്ങളെ പാണ്ഡുകേശ്വർ, ജ്യോതിർമഠ് എന്നിവിടങ്ങളിൽ നിന്ന് തിരച്ചിലിനായി അയച്ചതായി എസ്.പി പൻവാർ പറഞ്ഞു. ഗോപേശ്വറിലെ ജില്ലാ ആസ്ഥാനത്ത് നിന്ന് ഡ്രോൺ സംഘങ്ങളെയും നിയോഗിച്ചിരുന്നു. അപകടസ്ഥലത്ത് UCADA-യുടെ ഒരു റെക്കി (Recce) ഹെലികോപ്റ്ററും ഒരു റെട്രീവർ (Retriever) ഹെലികോപ്റ്ററും ഉപയോഗിച്ച് വ്യോമ നിരീക്ഷണം നടത്തിയതായി ഡി.ഇ.ഒ.സി. (DEOC) അറിയിച്ചു. സഹസ്രധാരയിൽ നിന്ന് ഒരു എസ്.ഡി.ആർ.എഫ്. സംഘത്തെയും അയച്ചിരുന്നു.

അപകടത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഉത്തരാഘണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചു. സഞ്ചാരികൾക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖമുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാനും ആശ്വാസ നടപടികൾ ഉടനടി ഉറപ്പാക്കാനും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (A-A-I-B) അപകടത്തെക്കുറിച്ച് അന്വേഷിക്കും. അന്വേഷണ സംഘം അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മുൻകരുതൽ നടപടിയെന്ന നിലയിൽ ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ എല്ലാ ഹെലികോപ്റ്ററുകളും താൽകാലികമായി സർവീസ് നടത്തുന്നത് നിർത്തിയതായി യു.സി.എ.ഡി.എ. (UCADA) സി.ഇ.ഒ. പ്രതീക ജെയ്ൻ പിടിഐയോട് പറഞ്ഞു.

ബദരീനാഥ് ക്ഷേത്രത്തിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. ബദരീനാഥിൽ നിന്ന് ദെഹ്റാദൂണിലേക്ക് ഹെലികോപ്റ്ററിൽ ഏകദേശം ഒരു മണിക്കൂർ സമയമെടുക്കും, എന്നാൽ റോഡ് മാർഗം ഏകദേശം 326 കിലോമീറ്റർ ദൂരമാണുള്ളത്. ഉത്തരാഖണ്ഡിലെ ചാർ ധാം മേഖലയിലെ ഹെലികോപ്റ്റർ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നതിനിടെയാണ് ഈ അപകടവും നടന്നിരിക്കുന്നത്. ഈ വർഷം ഏപ്രിലിൽ ക്ഷേത്രനട തുറന്നതിനുശേഷം 21.55 ലക്ഷത്തിലധികം തീർത്ഥാടകരാണ് ബദരീനാഥ് സന്ദർശിച്ചത്. ഈ കാലയളവിൽ ക്ഷേത്രം സന്ദർശിച്ച 87 തീർത്ഥാടകർ നിരവധി അപകടങ്ങളിലായി മരിച്ചിട്ടുണ്ട്.

യമുനോത്രി, ഗംഗോത്രി, കേദാർനാഥ് എന്നിവയ്ക്കൊപ്പം ഉത്തരാഖണ്ഡിലെ ചാർ ധാം സർക്യൂട്ടിന്റെ ഭാഗമായ നാല് ധാമുകളിൽ ഒന്നാണ് ബദരീനാഥ്. തീർത്ഥാടനത്തിനായുള്ള ഹെലികോപ്റ്റർ സേവനങ്ങൾ സാധാരണയായി രണ്ടോ നാലോ ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന പാക്കേജുകളായാണ് നൽകുന്നത്. രണ്ട് ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന പാക്കേജുകൾക്ക് ഒരാൾക്ക് ഏകദേശം ഒരുലക്ഷം മുതൽ 1.15 ലക്ഷം രൂപ വരെയാണ് ചെലവ് വരിക. രണ്ട് തരത്തിലുള്ള പാക്കേജുകളിലും, ഹെലികോപ്റ്റർ ദെഹ്റാദൂണിലേക്ക് മടങ്ങുന്നതിന് മുൻപുള്ള അവസാന ലക്ഷ്യസ്ഥാനം ബദരീനാഥാണ്.

കഴിഞ്ഞ വർഷം ജൂലൈയിൽ സർക്കാർ രാജ്യസഭയിൽ നൽകിയ കണക്ക് പ്രകാരം, രാജ്യത്ത് 2020-നും 2025-നും ഇടയിൽ ഇത്തരം 12 അപകടങ്ങൾ നടന്നിട്ടുണ്ട്, അതിൽ 30 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. ആ അപകടങ്ങളിൽ ഏഴെണ്ണവും ഉത്തരാഖണ്ഡിലാണ് നടന്നിട്ടുള്ളത്. എ.എ.ഐ.ബി  വിശകലനമനുസരിച്ച് 2015-നും 2025-നും ഇടയിൽ ചാർ ധാം മേഖലയിൽ സമാനമായ ഒമ്പത് സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2022 മുതൽ ഓരോ വർഷവും ഈ മേഖലയിൽനിന്ന് കുറഞ്ഞത് ഒരു അപകടമെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2024-ൽ നാല് അപകടങ്ങളാണ് ഉണ്ടായത്, അതിൽ രണ്ട് അപകടങ്ങളിലും ആളുകൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഒരു വർഷത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണിത് എന്നാണ് എ.എ.ഐ.ബി. സൂചിപ്പിക്കുന്നത്. അതേസമയം, ചാർ ധാം യാത്രയിൽ ഹെലികോപ്റ്റർ സർവീസുകളുടെ അധിക നിരീക്ഷണവും സുരക്ഷാ പരിശോധനകളും (Safety Audits) ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ആരംഭിച്ചിട്ടുണ്ടെന്ന് വ്യോമയാന സഹമന്ത്രി മുരളിധർ മോഹോൾ അറിയിച്ചു.