ന്യൂഡൽഹി: വനിതാസംവരണം നടപ്പാക്കാനുള്ള ഭരണഘടനാഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതോടെ പൊടുന്നനെ മറ്റൊരു നീക്കത്തിനുള്ള രാഷ്ടീയാരോഗ്യം എൻ.ഡി.എ.ക്കില്ല. മേയ് നാലിന് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം വരും. അതിൽ രാഷ്ടീയ കാറ്റ് വീശുന്നത് എങ്ങോട്ടെന്ന് അറിഞ്ഞശേഷമാകും മോദി, അമിത്ഷാ ദ്വയങ്ങളുടെ അടുത്ത നീക്കം. സഭയിൽ ബിൽ പരാജയപ്പെട്ടെങ്കിലും ഭരണ-പ്രതിപക്ഷ സഖ്യങ്ങൾക്ക് ഇത് രാഷ്ട്രീയ ആയുധമായിരിക്കും.

To advertise here,

മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായ ഭരണഘടനാ ഭേദഗതി പാസാക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയാതെയല്ല നാടകീയതകൾ നിറച്ച് പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സർക്കാർ ബിൽ കൊണ്ടുവന്നത്.

ബംഗാളും തമിഴ്നാടും വോട്ടെടുപ്പിലേക്ക് പോകുന്നുവെന്നത് ബി.ജെ.പിയുടെ കണക്കുകൂട്ടലിലെ ചെറിയ ഘടകമാണ്. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പ്രതിഫലനം രാജ്യത്ത് പ്രത്യക്ഷപ്പെട്ടുതുടങ്ങിയതിനാൽ രക്ഷാമാർഗം എന്നനിലയിൽ ഒരു വൈകാരികവിഷയം ബി.ജെ.പിക്ക് അത്യാവശ്യമായിരുന്നു. യു.എസ്.-ഇറാൻ സംഘർഷത്തിൽ ഇന്ത്യക്ക് കാഴ്ചക്കാരുടെ റോളിനപ്പുറം പോകാനായിട്ടില്ല. എപ്സ്റ്റീൻ ഫയലുകൾ മുൻനിർത്തിയുള്ള രാഹുൽഗാന്ധിയുടെ ആരോപണങ്ങളിലെ യാഥാർഥ്യം എന്തായാലും അതിലെ ഉള്ളടക്കം ഭരണനേതൃത്വത്തെ അലോസരപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷം കരുതുന്നു. ഈ സാഹചര്യത്തിൽ ഒരു വൈകാരിക വിഷയം ബി.ജെ.പി ഒരുക്കിയെടുത്തുവെന്നുവേണം കരുതാൻ. വനിതാസംവരണത്തെ പ്രതിപക്ഷം പ്രത്യേകിച്ച് കോൺഗ്രസ് ഇല്ലാതാക്കിയെന്ന പ്രചാരണത്തിന് ബി.ജെ.പി തുടക്കമിട്ടുകഴിഞ്ഞു.

പ്രതിപക്ഷത്തിന് സന്തോഷം

സംയുക്ത പ്രതിപക്ഷത്തിനുമുന്നിൽ ലോക്സഭയിൽ എൻ.ഡി.എ. എത്രമാത്രം പരിമിതിയിലാണെന്ന് വനിതാ സംവരണ നിയമഭേദഗതി ബില്ലിന്റെ പരാജയം വെളിപ്പെടുത്തി. ഒറ്റക്കെട്ടായിനിന്ന് ഭരണപക്ഷത്തിന് രാഷ്ടീയതിരിച്ചടി നൽകിയതിന്റെ ആഹ്ലാദത്തിലാണ് കോൺഗ്രസും പ്രതിപക്ഷവും. വനിതാസംവരണമല്ല, മണ്ഡല പുനർനിർണയമായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്ന ചർച്ച ഉയർത്താൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിഞ്ഞു

പോരിന്റെ രാഷ്ട്രീയം

അസമിലും മറ്റും ചെയ്തതുപോലെ തങ്ങൾക്കനുകൂലമായ രീതിയിൽ മണ്ഡല പുനർനിർണയം നടത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് പ്രാദേശിക പാർട്ടികളെ ബോധ്യപ്പെടുത്താനും മണ്ഡലങ്ങളുടെ കാര്യത്തിലെ വടക്കു-തെക്ക് അനുപാതം ചർച്ചയിലെത്തിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു. ഇക്കാര്യത്തിൽ കർണാടകത്തിൽ ഉൾപ്പടെ ബി.ജെ.പി.ക്ക് വിശദീകരണംനൽകേണ്ടിവരും. ഉത്തരേന്ത്യൻ മേധാവിത്വം തമിഴ്നാട്ടിലും വൈകാരികപ്രശ്‌നമാണ്. വനിതാബില്ലിലെ ഒ.ബി.സി. ഉപസംവരണത്തിൽ ബി.ജെ.പി.യെ പ്രതിരോധത്തിലാക്കാനും പ്രതിപക്ഷം ശ്രമിക്കും.